•  4 Sep 2025
  •  ദീപം 58
  •  നാളം 26
ബാലനോവല്‍

പിങ്ക്‌ളാങ്കിയും അഞ്ച് മാലാഖമാരും

    ഇതിനിടയില്‍, സ്‌കൂളില്‍ നിന്നെത്തിയ വിശാല്‍ ഐവാന്റെ അമ്മയെ ഫോണില്‍ വിളിച്ചു:
''ആന്റീ, ഐവാനെന്തു പറ്റി? ഇന്നു സ്‌കൂളില്‍ വന്നില്ല, കുറെ ഹോംവര്‍ക്‌സ് തന്നിട്ടുണ്ട്.''
''എന്താ പറഞ്ഞത്, അവന്‍ സ്‌കൂളില്‍ എത്തിയില്ലന്നോ, സത്യമാണോ നീ പറയുന്നത്?''
''അതെ ആന്റീ, അവന്‍ ഇന്നു വന്നില്ല, ഞാന്‍ ഓര്‍ത്തു അവനു പനിയാണെന്ന്.''
''ഞാന്‍ ഹിന്ദി റ്റിയൂഷന്‍ സെന്ററിലേക്കു പോകാന്‍ തുടങ്ങുകയായിരുന്നു, അയ്യോ എന്റെ കുഞ്ഞിനെന്തു പറ്റി?''
ആശ കരഞ്ഞോണ്ട് ഫിലിപ്പിനെ വിളിച്ചു, അയാളുടെ ഫോണ്‍ ബിസി! അവര്‍ പിന്നെയും വിളിച്ചുകൊണ്ടേയിരുന്നു.
കൈയും കാലും കുഴഞ്ഞഅവര്‍, നിലത്തിരുന്നു.
വിവരം അറിഞ്ഞ ഫിലിപ്പ് ഓടിയെത്തി, രണ്ടുപേരുംകൂടെ കോട്ടയം പൊലീസ് സ്റ്റേഷനിലേക്ക് പോയി.
ഇന്‍സ്‌പെക്ടറെ കണ്ടു വിവരം പറഞ്ഞു, അദ്ദേഹം ക്ഷമയോടെ എല്ലാം കേട്ടു.
മാതാപിതാക്കളോടും ചില ചോദ്യങ്ങള്‍ ചോദിച്ചു: 
പരീക്ഷയ്ക്കു തോറ്റോ? വീട്ടില്‍ അടിച്ചോ, തുടങ്ങിയവ.
സ്‌കൂളിന്റെ അടുത്തുള്ള സി സി ടി വി നോക്കാന്‍ ഒരു കോണ്‍സ്റ്റബിളിനെ പറഞ്ഞുവിട്ടു.
ആരെങ്കിലും കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുമോ എന്നാണ് അവര്‍ സംശയിച്ചത്. ഇപ്പോള്‍ അങ്ങനെയുള്ള സംഭവങ്ങള്‍ സാധാരണമാണ്.
ആശയെയും ഫിലിപ്പിനെയും, അവര്‍ ആശ്വസിപ്പിച്ചു.
''നിങ്ങള്‍ വിഷമിക്കാതെ, നമ്മള്‍ അവനെ കണ്ടുപിടിക്കും.''
സ്‌കൂളിലേക്കു കയറാതെ ഐവാനും മറ്റൊരു പയ്യനും കൂടെ സ്‌കൂളിന്റെ അടുത്തുള്ള സ്റ്റാന്‍ഡില്‍നിന്നു ബസ്സ് കയറുന്നതു സിസിടിവിയില്‍ കണ്ടു. അമ്മയ്ക്കു പേര് അറിയില്ലെങ്കിലും, സ്‌കൂള്‍ ബസ്സില്‍ അവനെ പലതവണ കണ്ടിട്ടുണ്ട്.
ആ സമയം, പ്രസാദിന്റെ അമ്മ അവന്‍ സ്‌കൂള്‍ വിട്ട് എത്തിയില്ല എന്നു പറഞ്ഞു സ്റ്റേഷനില്‍ എത്തി. വൈകുന്നേരം ആറുമണിയായിട്ടും വീട്ടില്‍ എത്താത്തതിനാല്‍ ക്ലാസ്സ് റ്റീച്ചറിനെ വിളിച്ചപ്പോള്‍, ഇന്ന് സ്‌കൂളില്‍ എത്തിയില്ല എന്നു കേട്ടതും അവരും പരാതിയുമായി വന്നതാണ്. അമ്മൂമ്മ അമ്മയെ പേടിച്ചു പൈസ കൊടുത്ത കാര്യം പറഞ്ഞില്ല.
സമയം അപ്പോള്‍ ഏഴാകാറായി. നേരം ഇരുട്ടിത്തുടങ്ങി. 
എല്ലാവര്‍ക്കും ഒരു കാര്യം മനസ്സിലായി, ഐവാനും പ്രസാദും കൂടെ എവിടെയോ പോയി. സിനിമയ്ക്ക് ആയിരിക്കുമോ? ദിവസം മുഴുവനും സിനിമ കാണില്ലല്ലോ?
സമയം പോയിക്കൊണ്ടിരുന്നു.
അമ്മമാര്‍ രണ്ടും, അവിടെ കണ്ട ഒരു ബെഞ്ചില്‍ ഇരുന്നു.
പ്രസാദിന്റെ അമ്മ പറഞ്ഞു: ''അവന്റെ അച്ഛന്‍ ഇവിടെ ഇല്ല, എന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് കൊച്ചു പോയെതെന്നു പറയും, സിനിമയ്ക്കു പോയാലും.''
അവര്‍ പരസ്പരം, പല ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.
കോട്ടയം റെയില്‍വേസ്റ്റേഷന്‍ഭാഗത്തു കുട്ടികളെ കണ്ടതായി പൊലീസിനു മനസ്സിലായി, പക്ഷേ, ട്രെയിനില്‍ കയറിയിട്ടില്ല.
പലരോടും ചോദിച്ചും, സി സി ടി വി യില്‍ നിന്നും, കുട്ടികള്‍ മുരളി എന്ന ഡ്രൈവറോടു സംസാരിക്കുന്നതു കണ്ടുപിടിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ വണ്ടി ഇടുന്ന മറ്റൊരു ഡ്രൈവര്‍ മുരളിയുടെ മകള്‍ സ്റ്റേഷന്റെ അടുത്തുള്ള മെഡിക്കല്‍ സെന്റര്‍ ഹോസ്പിറ്റലില്‍ ഉണ്ടെന്നു പറഞ്ഞു: അയാളുടെ ഫോണ്‍ നമ്പറും കൊടുത്തു.
മുരളിയെ പൊലീസ് ചോദ്യം ചെയ്തപ്പോളാണ്  കുട്ടികള്‍ രണ്ടുപേരും അമ്പലവയലിലേക്കു പോയെന്നു മനസ്സിലാക്കിയത്.
പൊലീസിന്റെ ശകാരം വേണ്ടുവോളം കിട്ടി. രണ്ടു ചെറിയ കുട്ടികള്‍, അവര്‍ പറഞ്ഞ കഥ എന്തുമാകട്ടെ, വീട്ടില്‍ ചോദിക്കേണ്ട ചുമതല അയാള്‍ക്കുണ്ട്. അയാള്‍ കൂടെ പോയതുമില്ല, വേറെ ആരെയോ കുട്ടികളെ ഏല്പിച്ചുവിട്ടു.
മുരളിയും പൊലീസും ബിനോയിയെ, പലതവണ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച്ഡ് ഓഫ്.
അവന്‍ കുട്ടികളെ എവിടെ കൊണ്ടുപോയി? 
അയാളുടെ വീട് കണ്ടുപിടിച്ചവര്‍ എത്തിയെങ്കിലും, അവിടെ ഭാര്യയും കുഞ്ഞും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രാവിലെ ഓട്ടം പോയതാണ്, ഇതുവരെ വന്നില്ല എന്നു പറഞ്ഞു.
വന്നാലുടന്‍ സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞ് അവിടെനിന്ന് അവര്‍ യാത്രയായി.
അമ്പലവയല്‍ എന്നു കേട്ടതും ആശയ്ക്കു മനസ്സിലായി, മാലാഖമാരുടെ പള്ളിയിലേക്കാണ് കുട്ടികള്‍ പോയിരിക്കുന്നതെന്ന്. ആശ ജോസിച്ചായനെ വിളിച്ച് പള്ളിയിലെ അച്ചനോട് കുട്ടികള്‍ അവിടെ എത്തിയോ എന്ന് അന്വേഷിച്ചപ്പോള്‍, എത്തിയിട്ടില്ല എന്നു പറഞ്ഞു, വന്നാല്‍ തിരികെ വിളിക്കാമെന്നറിയിച്ചു.
സുല്‍ത്താന്‍ബത്തേരി പൊലീസ്‌സ്റ്റേഷനിലും വിവരം അറിയിച്ചു. എന്നാലും മാതാപിതാക്കളുടെ സങ്കടം കണ്ട് ഒരു പൊലീസ് കോണ്‍സ്റ്റബിളിനെ അവരുടെ കൂടെ വിടാമെന്ന് ഇന്‍സ്പെക്ടര്‍ സമ്മതിച്ചു. അപ്പോള്‍ സമയം എട്ടു കഴിഞ്ഞു, രാത്രി ഇരുട്ടിത്തുടങ്ങിയിരുന്നു. ഇടിവെട്ടോടെ, നല്ല മഴയും.
ബിനോയിയുടെ കാര്‍, കണ്ടുപിടിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു, പക്ഷേ, വിവരം കിട്ടിയില്ല, ഉച്ചയോടെ തൃശ്ശൂര്‍ ബൈപ്പാസ് കടന്നു എന്നു മാത്രം അറിഞ്ഞു, കുഴപ്പമെന്നും സംഭവിച്ചില്ലെങ്കില്‍ അമ്പലവയല്‍ എത്താനുള്ള സമയമായി.
ബിനോയ് കുട്ടികളെ എന്തെങ്കിലും ചെയ്തിരിക്കുമെന്ന ആശങ്ക എല്ലാവരിലും ഉണ്ടായി.
അങ്ങനെ മാതാപിതാക്കള്‍, അമ്പലവയലിലേക്കു പുറപ്പെട്ടു മറ്റൊരു വണ്ടിയില്‍ ആശയുടെ അച്ചായന്മാരും.
ആശ ഓര്‍ക്കുകയായിരുന്നു, എത്ര പ്രാവശ്യം അവന്‍ ആ പള്ളിയില്‍ ഒന്നു കൊണ്ടുപോകാന്‍ ചോദിച്ചു, നടക്കാത്ത കാര്യം ഒന്നുമല്ല ചോദിച്ചത്, ഒരുപാട് കുട്ടികളെവച്ചുനോക്കുമ്പോള്‍ അവന്‍ ശാഠ്യം ഒന്നുമില്ലാത്ത കുട്ടിയാണ്.
ക്രിസ്മസിന് കൊണ്ടുപോകാമെന്നു വാക്കു പറഞ്ഞെങ്കിലും, പിന്നെ അതു മാറ്റിയത് അവനു വിഷമമായിക്കാണും. ഒറ്റ ദിവസത്തെ കാര്യമേ ഉണ്ടായിരുന്നുള്ളു. എന്നിട്ടും അതു ചെവിക്കൊണ്ടില്ല.
ദൈവമേ, എന്റെ കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ, കാവല്‍മാലാഖമാരേ, അവനെ കാത്തുകൊള്ളണമേ.
പ്രസാദിന്റെ അമ്മ മനസ്സില്‍ ചിന്തിച്ചു. ജോലിയും വീട്ടുകാര്യങ്ങളും മാത്രമേ താന്‍ ശ്രദ്ധിച്ചൊള്ളൂ. സ്‌കൂള്‍വിട്ടുവന്നാല്‍, അവനോടു സംസാരിക്കുന്നതു പോലും വിരളം. 
ഹോംവര്‍ക് ചെയ്‌തോ എന്നു ചോദിക്കും, രാത്രി കഴിക്കാന്‍ എന്തു വേണമെന്നും.
അവന്‍ ഒന്നുകില്‍ അമ്മയുടെ ഫോണില്‍ ഗെയിം കളിക്കും, അല്ലെങ്കില്‍ ടി വി നോക്കിയിരിക്കും. 
ഭര്‍ത്താവിനോടുള്ള അകല്‍ച്ച, അത് എന്തുമാകട്ടെ, മകനെ ചേര്‍ത്തുപിടിക്കേണ്ടതായിരുന്നു. മകന് എന്തെങ്കിലും സംഭവിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍കൂടെ വയ്യാ. തനിക്കറിയാവുന്ന എല്ലാ ദൈവങ്ങളെയും അവര്‍ വിളിച്ചു.
ബസ്സില്‍ കുട്ടികള്‍ രണ്ടുപേരും ഉറങ്ങിപ്പോയി. ആ അമ്മ പരിചയമില്ലാത്ത ആ കുട്ടികള്‍ക്ക് ടിക്കറ്റ് എടുത്തുകൊടുത്തു. ബസ് മലകയറയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. അവര്‍ അവരെ താഴെ വീഴാതെ ചേര്‍ത്തുപിടിച്ചു.
ഏകദേശം എട്ടുമണിയായപ്പോള്‍ ബസ് ബത്തേരി എത്തി. രണ്ടുപേര്‍ക്കും ആ അമ്മ അവിടെനിന്നു ബണ്ണും ചായയും വാങ്ങിക്കൊടുത്തു, സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഒരു ഓട്ടോയില്‍ കയറ്റി, പള്ളിയുടെ അവിടെ ഇറക്കാന്‍ പറഞ്ഞു. അതിന്റെ പൈസയും കൊടുത്തു.
പ്രസാദ് ആ ആന്റിയുടെ നമ്പര്‍ വാങ്ങി. 
സൈനബ. അതാണ് അവരുടെ പേര്. ഒരു കടലാസ്സില്‍ തന്റെ നമ്പര്‍ അവര്‍ എഴുതിക്കൊടുത്തു.
''മക്കളേ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതി.'' എന്നിട്ട് ഓട്ടോക്കാരനോടായി പറഞ്ഞു:
''ഇവരെ പള്ളിയില്‍ കൊണ്ടാക്കണം കേട്ടോ, അവിടെ എത്തിയിട്ട്, എന്നെ ഒന്നു വിളിക്കണം.''
ഓട്ടോറിക്ഷ അമ്പലവയല്‍ ലക്ഷ്യമാക്കി പോയി.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)