വഴിയില്‍ മിക്കയിടവും ഇരുട്ടാണ്, റോഡ് വളഞ്ഞാണു പോകുന്നത്. കുട്ടികള്‍ രണ്ടുപേരും കൈകള്‍ കോര്‍ത്തുപിടിച്ചിരുന്നു. ആകെ ക്ഷീണിച്ചിരിക്കുന്നു. സാധാരണ നാല്പതു മിനിട്ടു മതി അവിടെയെത്താന്‍ ഇരുട്ടും ചാറ്റല്‍മഴയും കാരണം പള്ളിയെത്തിയപ്പോള്‍ ഒന്‍പതു കഴിഞ്ഞു.
പള്ളിയും ചുറ്റുപാടും വിജനം, മുമ്പില്‍ ഒരു ലൈറ്റ് കത്തുന്നുണ്ട്. പള്ളിയില്‍ എത്തിയതും കുട്ടികള്‍ രണ്ടുപേരും ചാടിയിറങ്ങി.
''നിങ്ങള്‍ അകത്തുകയറി പൊക്കോ, അച്ചനു നിങ്ങള്‍ വരുന്നത് അറിയാമല്ലോ ഇല്ലേ?''
അറിയാമെന്നു തലയാട്ടിഅവര്‍.
അവര്‍ നടന്നുനീങ്ങിയതും അയാള്‍ ചോദിച്ചു:
''ഞാന്‍ കൂടെ അകത്തേക്കു വരണോ, അച്ചന്‍ താമസിക്കുന്നത് ഇവിടെത്തന്നെയല്ലേ?''
ആണെന്നവര്‍ മൂളി. അയാള്‍ വണ്ടി ഓടിച്ചു തിരികെപ്പോയി.
ഐവാന്‍ സന്തോഷത്തോടെ പള്ളിയുടെ വാതില്‍ തുറക്കാന്‍ നോക്കി. പക്ഷേ, പള്ളിയുടെ എല്ലാ വാതിലുകളും അടച്ചിട്ടാണ്, തുറക്കാന്‍ സാധിക്കുന്നില്ല.
ശക്തിയായ മഴയുടെ കൂടെ കാറ്റും. പെട്ടെന്ന് എല്ലായിടവും ഇരുട്ടായി. മുമ്പില്‍ തെളിഞ്ഞ ലൈറ്റും കെട്ടിരിക്കുന്നു, ദൂരെ നായ്ക്കള്‍ കുരയ്ക്കുന്നു, ഓലിയിടുന്നു.
ഐവാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു:
''ഈ പള്ളിയെന്താ, അടച്ചിട്ടിരിക്കുന്നത്, അച്ചന്മാര്‍ എവിടെയാണോ താമസിക്കുന്നത്?''
''നിനക്കറിയില്ലേ?'' പ്രസാദ് ചോദിച്ചു.
''ഞാന്‍ അച്ചന്മാര്‍ താമസിക്കുന്നിടം കണ്ടിട്ടില്ല.''
''പിന്നെയെന്തിന് നീ ഓട്ടോ ച്ചേട്ടന്‍ ചോദിച്ചപ്പോള്‍ തലയാട്ടിയത്?''
മഴയും കാറ്റും ഭയവും! പ്രസാദിന്റെ കുറ്റപ്പെടുത്തുന്ന ശബ്ദംകൂടി കേട്ടപ്പോള്‍ ഐവാന്‍ കരയാന്‍ തുടങ്ങി.
''നീ ഇങ്ങനെ കരയാതെ, എനിക്കും പേടിയാകുന്നു, നമ്മളെ വല്ല പിശാചും പിടിക്കുമോ?''
അതുകേട്ടപ്പോള്‍ ഐവാന്‍ തന്റെ കരച്ചിലിന്റെ ശബ്ദം കൂട്ടി.
''ഐവാനേ, ഞാന്‍ വെറുതെ പറഞ്ഞതാ. പള്ളിയില്‍ പിശാചുക്കള്‍ വരില്ല, നമ്മള്‍ സേഫ് ആണ്. നീ ഇങ്ങനെ കരയാതെ.'' പ്രസാദ് അവനെ ചേര്‍ത്തുപിടിച്ചു.
''നമ്മളെ കാണാഞ്ഞിട്ട് വീട്ടില്‍ എല്ലാവരും വിഷമിക്കുന്നുണ്ടാവും, അമ്മൂമ്മയാണ് എനിക്കു കാശു തന്നതെന്ന് അറിഞ്ഞാല്‍, അമ്മ അമ്മൂമ്മയെ വഴക്കു പറയും.'' പ്രസാദ് പറഞ്ഞു.
''എന്റെ വീട്ടില്‍ അമ്മയും പപ്പയും ഇപ്പോള്‍ കരയുന്നുണ്ടാവും. വീട്ടില്‍ പറയാതെ വന്നത്, മാലാഖമാര്‍ക്ക് ഇഷ്ടമായിക്കാണില്ല, നല്ല കുട്ടികള്‍ അങ്ങനെ ചെയ്യില്ല.'' ഐവാന്‍ പറഞ്ഞു
''എനിക്കു ദാഹിക്കുന്നു, പിന്നെ വിശപ്പുമുണ്ട്.''
''എനിക്കും.''
പള്ളിയുടെ മുന്‍വശത്തു വെള്ളം വീഴാത്ത സ്ഥലത്ത്, രണ്ടുപേരും കിടന്നു.
ദാഹവും വിശപ്പും ക്ഷീണവും കൊണ്ടവര്‍ ഉറങ്ങിപ്പോയി.
ഉറക്കത്തില്‍ പിങ്ക്‌ളാങ്കിയെ കാണാന്‍ മാലാഖമാര്‍ വന്നു. അവര്‍ അവനോടു ചോദിച്ചു:
''വീട്ടില്‍ പറയാതെ വന്നതു ശരിയാണോ?''
''അല്ല.''
''ഇനി ഇങ്ങനെ ചെയ്യുമോ?''
''ഇല്ല.''
''ചെറിയകുട്ടികള്‍, ഇങ്ങനെ ചെയ്യരുത്. പപ്പയും അമ്മയും അറിയാതെ എവിടെയും പോകരുത്. മനസ്സിലായോ?''
അവന്‍ അവരെ തൊടാന്‍ കൊതിച്ചെങ്കിലും അതിനുമുമ്പേ അവര്‍ മറഞ്ഞുപോയി.
തങ്ങളെ പറ്റിച്ച, ആ ബിനോയ്‌ച്ചേട്ടനെ പൊലീസിനെക്കൊണ്ടു പിടിപ്പിക്കണം എന്നു പറയാന്‍ വിചാരിച്ചു. പക്ഷേ, മാലാഖമാര്‍, വേഗം പോയില്ലേ?
ആരോ തങ്ങളെ തട്ടിവിളിച്ചപ്പോഴാണ്, രണ്ടുപേരും എഴുന്നേറ്റത്. മഴ പോയി, നേരം കുറേശ്ശെ വെളുക്കാന്‍ തുടങ്ങി.
പള്ളിയിലെ അച്ചനാണ് മുമ്പില്‍ നില്‍ക്കുന്നത്.
''വീട്ടുകാരെ വിഷമിപ്പിച്ചു, മാലാഖമാരെ കാണാന്‍ പുറപ്പെട്ടു വന്ന വിദ്വാന്മാര്‍ ഇല്ലേ?''
രണ്ടുപേരും ഉത്തരം പറഞ്ഞില്ല.
''എന്തിനാ ഇവിടെ കിടന്നത്? പുറകില്‍ പള്ളിമേട ഉണ്ടായിരുന്നു, അങ്ങോട്ടു വരാന്‍ പാടില്ലായിരുന്നോ?''
''ഞങ്ങള് ഇവിടെ എത്തിയപ്പോള്‍, മഴ പെയ്തു, പിന്നെ കറണ്ടും പോയി.''
''എന്റെ കൂടെ വാ , നിങ്ങളുടെ വീട്ടുകാര്‍ ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്, കുറച്ചു സമയത്തിനുള്ളില്‍ എത്തും, കൂടെ പോലീസുമുണ്ട് കേട്ടോ.''
അച്ചന്‍ കൂടുതല്‍ ഒന്നും പറയാതെ, അവരെ കൂട്ടിക്കൊണ്ടുപോയി, മുഖം കഴുകിച്ചു.
കപ്യാരോട് കുട്ടികള്‍ക്കു കുടിക്കാന്‍ പാലും റസ്‌കും കൊടുക്കാന്‍ പറഞ്ഞു.
''കുര്‍ബാനയ്ക്കു നേരമായി, കഴിച്ചിട്ട്, പള്ളിയിലേക്കു വരൂ, അപ്പോഴേക്കും വീട്ടുകാരും എത്തും.''
പള്ളിയിലേക്കു പോകുമ്പോള്‍ പ്രസാദ് പറഞ്ഞു:
''പോലീസ് നമ്മളെ വഴക്കു പറയും, അമ്മ അടിക്കുമായിരിക്കും.''
''ഇല്ല ചേട്ടാ, മാലാഖമാര്‍ നമ്മളെ വഴക്കും അടിയും വാങ്ങി ത്തരാതെ ഹെല്പ് ചെയ്യും.''
പള്ളിയില്‍നിന്നും ഗാനം ഒഴുകിയെത്തി.
രണ്ടുപേരും പള്ളിയിലേക്കു പ്രവേശിച്ചു. ഏറ്റവും മുമ്പിലത്തെ ബെഞ്ചില്‍ ഇരുന്നു.
പള്ളിയില്‍ ആളുകള്‍ കുറവായിരുന്നു.
തന്റെ സ്വന്തം മാലാഖമാരെ കണ്ടതും, സന്തോഷംകൊണ്ടു മതിമറന്നു. ഐവാന്‍ പ്രസാദിന്റെ ചെവിയില്‍ പറഞ്ഞു: ''അള്‍ത്താരയുടെ ഇടത്ത് ഗബ്രിയേല്‍, പിന്നെ ഏരിയല്‍, വലത്തു റാഫിലും, ജോഫില്‍ മാലാഖമാരും, സെന്ററില്‍ നില്‍ക്കുന്നതാണ് മെയിന്‍ മാലാഖ മിഖായേല്‍. എന്തു ഭംഗിയാണ് അവരെ കാണാന്‍ ഇല്ലേ?''
രണ്ടുപേരും സംസാരിക്കുന്നതു കണ്ടപ്പോള്‍, അച്ചന്‍ അവരെ നോക്കി.
കുര്‍ബാന കഴിഞ്ഞ് അച്ചന്‍ അള്‍ത്താര വിട്ടപ്പോള്‍, ഐവാന്‍ ഓടി അങ്ങോട്ടു കയറി. എന്നിട്ട് പ്രസാദിനെയും വിളിച്ചു. ഓരോ രൂപങ്ങളും തൊട്ട് അവരുടെ പേരുകള്‍ ഉരുവിട്ടു.
''എന്നോടു ബൈ പറയാതെ പോയില്ലേ.''
സന്തോഷവും കരച്ചിലും, മഴയും വെയിലുംപോലെ വന്നുകൊണ്ടിരുന്നു.
ഗബ്രിയേല്‍മാലാഖയോട് അവന്‍ പറഞ്ഞു:
''ഞാന്‍ പിണങ്ങി, എന്നെ വിട്ടിട്ടു പോയില്ലേ, ഇവിടെവരെ എത്താന്‍ ഞങ്ങള്‍ എത്ര പാടുപെട്ടെന്ന് അറിയുമോ?''
മാലാഖ അവനോടു ചോദിച്ചു: ''നീ ചെയ്തതു തെറ്റല്ലേ? ആരോടും പറയാതെ ഇത്ര ദൂരം വന്നത്, കുട്ടികള്‍ തനിയെ വരാന്‍ പാടുണ്ടോ?''
അതിന് ഉത്തരം പറയാതെ, വക്കാലത്തിനായി റാഫേല്‍ മാലാഖയെ നോക്കി.
''നീ എന്നെ നോക്കേണ്ട, ഞാനും അതേ പറയൂ, ഇനി തെറ്റ് ആവര്‍ത്തിക്കരുത്, മനസ്സിലായോ?''
''ചേട്ടന്‍ കേട്ടോ, നമ്മള്‍ തനിയെ വന്നതു ശരിയായില്ല എന്നു മാലാഖമാര്‍ പറയുന്നു.'' ഐവാന്‍ പ്രസാദിനോടു പറഞ്ഞു:
''നീ പറയുന്നതു മാത്രമേ ഞാന്‍ കേള്‍ക്കുന്നുള്ളു, മാലാഖമാര്‍, അങ്ങനെ നില്‍ക്കുകയാ യാണ്, ഒന്നും പറയുന്നില്ല.''
''ചേട്ടന്‍ ശ്രദ്ധിക്കാഞ്ഞിട്ടാ, മാലാഖമാര്‍, എന്നോടു പറഞ്ഞു.''
''ശരി, നീ പറഞ്ഞത് ഞാന്‍ വിശ്വസിച്ചു, പക്ഷേ, ഇനിയൊരു ഒളിച്ചോട്ടത്തിനു ഞാനില്ല എനിക്കു മതിയായി.''
ആരോ അപ്പോള്‍ വിളിച്ചു പറഞ്ഞു:
''ഈ കുട്ടികള്‍ എന്താ, അള്‍ത്താരയില്‍നിന്നു സംസാരിക്കുന്നത്?''
പള്ളിവികാരി ആ സമയം, രണ്ടുപേരുടെയും മാതാപിതാക്കളെ കൂട്ടി ദേവാലയത്തിന്റെ ഉള്ളിലേക്കു വന്നു. അവര്‍ തങ്ങളുടെ കുട്ടികളെ ആലിംഗനം ചെയ്തു.
''ഞങ്ങളെ തീ തീറ്റിക്കാന്‍ രണ്ടുപേരും കൂടെ നല്ല പണിയാണു ചെയ്തത്.'' ആശ പറഞ്ഞു.
കുറെ നാളുകള്‍ക്കുശേഷം പ്രസാദിനെ അമ്മ ചേര്‍ത്തുപിടിച്ചു. അവന്റെ നെറ്റിയിലും തലയിലും അവര്‍ മാറി മാറി ചുംബിച്ചു. കണ്ണീരില്‍ കുതിര്‍ന്ന ഉമ്മകള്‍.
കൂടെ ഐവാനും പ്രസാദും കരയാന്‍ തുടങ്ങി.
''കരയാതെ, ഇനി ഒരിക്കലും ഇങ്ങനെ ചെയ്യരുത്, കേട്ടല്ലോ.'' ഫിലിപ്പാണത് പറഞ്ഞത്.
വികാരിയച്ചന്‍, മാതാപിതാക്കളോടായി പറഞ്ഞു:
''കുട്ടികളെ വഴക്കു പറയരുത്, അവര്‍ക്കു കാവലായി മാലാഖമാര്‍ ഉണ്ടായിരുന്നു, അതാണല്ലോ, ഇത്രയും പ്രശ്ങ്ങളുടെ നടുവില്‍ ഇവിടെ എത്തിയത്.''
''പള്ളിമേടയില്‍ പ്രാതല്‍ ഒരുക്കിയിട്ടുണ്ട്, കഴിച്ചിട്ടു പോകാം.''
കഴിച്ചു കൈകഴുകിയപ്പോള്‍, ഇന്‍സ്‌പെക്ടര്‍ ഫോണ്‍ വിളിച്ചിട്ടു, ബിനോയിയെ കിട്ടിയെന്നറിയിച്ചു. വണ്ടിക്കു മാസം അടയ്ക്കാനുള്ള പൈസ ഇല്ലാതെ വിഷമിച്ചപ്പോഴാണ് കുട്ടികളുടെ കൈയില്‍ പൈസയുണ്ടെന്ന് അവനു മനസ്സിലായത്.
ജോസിച്ചായന്‍ അവന്റെ പേരില്‍ കേസെടുത്തു, രണ്ടുദിവസം അകത്തുകിടക്കട്ടെ എന്നു പറഞ്ഞെങ്കിലും, മാതാപിതാക്കള്‍ അതു വേണ്ടായെന്നു പറഞ്ഞു.
''കുഴപ്പൊമൊന്നും ഇല്ലാതെ കുട്ടികളെ തിരിച്ചുകിട്ടിയല്ലോ അതുമതി.''
അമ്മാച്ചന്മാരും മാതാപിതാക്കളും കുട്ടികളും അച്ചനോടു യാത്ര പറഞ്ഞു പോകാന്‍ തുടങ്ങി.
അതിനുമുമ്പേ ദേവാലയത്തില്‍നിന്ന് അവര്‍ കുറെ ഫേട്ടാകള്‍ എടുത്തു.
പിങ്ക്‌ളാങ്കി എല്ലാ മാലാഖമാരുടെയും കൂടെനിന്നു ഫോട്ടോ എടുത്തു. എത്ര എടുത്തിട്ടും അവനു മതിയായില്ല.
തിരികെ വണ്ടിയില്‍ കയറുന്നതിനുമുമ്പേ പിങ്ക്‌ളാങ്കി ഒന്നുകൂടെ ഓടി ദേവാലയത്തില്‍ കയറി.
''ഇവനെക്കൊണ്ട് ഞാന്‍ മടുത്തു, നീ പള്ളീലച്ചന്റെ കൂടെ നിന്നോ.''
''അമ്മ കളിയാക്കി.
ദേവാലയത്തിലെ അള്‍ത്താരയില്‍ ഒരിക്കല്‍കൂടി അവന്‍ പ്രവേശിച്ചു.
അപ്പോള്‍ മാലാഖമാര്‍ പിങ്ക്‌ളാങ്കിയോടു പറഞ്ഞു:
''ഞങ്ങളെ കാണാന്‍ നീ ആഗ്രഹിക്കുമ്പോള്‍, ഒന്നു കണ്ണടച്ചാല്‍ മതി, നിനക്കു ഞങ്ങളെ കാണാം, ഇത്ര ദൂരം നീ വരേണ്ട, നമ്മള്‍ ഫ്രണ്ട്സ് അല്ലേ?''
അവന്‍ തലയാട്ടി.
''ഇനി ഇങ്ങനെ ചെയ്യുമോ, തനിയെ യാത്ര ചെയ്തു വരുമോ, വലിയ കുട്ടിയാകുമ്പോള്‍ തനിയെ വന്നാല്‍ മതി.''
''ശരി.''
സത്യത്തില്‍ നിങ്ങള്‍ക്കു ടിക്കറ്റ് വാങ്ങി, ഭക്ഷണം വാങ്ങി ത്തന്ന്, സുരക്ഷിതരായി നിങ്ങളെ ഇവിടെ എത്തിക്കാന്‍ സഹായിച്ച, ആന്റി ഉണ്ടല്ലോ, അവരും മാലാഖയാണ്, ഭൂമിയിലെ മാലാഖ. നീയും അങ്ങനെ ഒരാളാകണം, എല്ലാവരെയും സഹായിക്കുക, പരസ്പരം സ്‌നേഹിക്കുക. പ്രസാദ്, നിന്റെ സന്തോഷത്തിനായിട്ട് ഇവിടെവരെ വന്നില്ലേ? അവനും ഒരു മാലാഖയാണ്, പക്ഷേ, മാതാപിതാക്കളുടെ അനുവാദം ഇല്ലാതെ ഇങ്ങനെ ഒന്നും ചെയ്യാന്‍ പാടില്ല. ഐവാന്‍ എന്ന പിങ്ക്‌ളാങ്കിക്കു മനസ്സിലായോ?''
അവര്‍ അവനെ കെട്ടിപ്പിടിച്ചു.
'ഏന്‍ജല്‍സ് ഹഗ്.' പിങ്ക്‌ളാങ്കിപതുക്കെപ്പറഞ്ഞു:
വണ്ടിയില്‍ കയറിയപ്പോള്‍ പ്രസാദ് അവന്റെ ചെവിയില്‍ പറഞ്ഞു.
'എടാ കൊച്ചുകള്ളാ, നീ എന്നോടു ചുമ്മാ പറഞ്ഞതാ, മാലാഖമാര്‍ സംസാരിക്കുമെന്ന് ഇല്ലേ?''
''സംസാരിക്കും. ചിലപ്പോള്‍ ചേട്ടനതു കേട്ടില്ലായിരിക്കും, അവര്‍ എന്നോടു പറഞ്ഞല്ലോ, ചേട്ടനും ഒരു മാലാഖയാണെന്ന്.''
''ഓ പിന്നെ, പോടാ.''
''സത്യം ചേട്ടാ.''
അങ്ങനെ ആ സാഹസിക യാത്ര അവസാനിപ്പിച്ച് അവര്‍ വീട്ടിലേക്കു മടങ്ങി.
(അവസാനിച്ചു)