•  4 Sep 2025
  •  ദീപം 58
  •  നാളം 26
ബാലനോവല്‍

പിങ്ക്‌ളാങ്കിയും അഞ്ച് മാലാഖമാരും

   ''ചേട്ടാ, എനിക്കും ടോയ്ലെറ്റില്‍ പോകണം.''
''ഇതു നിനക്കു നേരത്തേ പറയാന്‍ പാടില്ലായിരുന്നോ, ഇങ്ങനെ ആടിത്തൂങ്ങി പോയാല്‍, ഇന്നെങ്ങും അമ്പലവയല്‍ എത്തില്ല.''
അയാള്‍ പറയുന്നതു ശ്രദ്ധിക്കാതെ ഐവാന്‍ ടോയ്ലെറ്റിലേക്ക് ഓടിപ്പോയി. ''നീ എന്തിനാ ആ ബാഗുംകൊണ്ടു പോകുന്നത്, അതിങ്ങു താ... ഞാന്‍ വണ്ടിയില്‍ വെക്കാം.''
ബാഗ് കൊടുക്കാതെ അവന്‍ പോയിട്ട് തിരികെവന്നു. 
വണ്ടി പിന്നെയും മുമ്പോട്ടു പോയി. ഇടയ്ക്ക് ഐവാന്‍ ഉറങ്ങി, പ്രസാദിന്റെ തോളിലേക്കു വീണു. ബിനോയ് രണ്ടുപേരെയും കണ്ണാടിയില്‍ക്കൂടെ ശ്രദ്ധിച്ചുകൊണ്ട് വണ്ടി ഓടിച്ചു.
തൃശൂര്‍ എന്ന ബോര്‍ഡ് കടന്നു വണ്ടി കുറെ കിലോമീറ്റര്‍ മുമ്പോട്ടുപോയി.
അധികം തിരക്കില്ലാത്ത ഒരിടത്ത് അയാള്‍ വണ്ടി നിര്‍ത്തിയിട്ടു പറഞ്ഞു:
''നിങ്ങള്‍ക്കു വിശപ്പില്ലേ പിള്ളേരെ? എനിക്കു വിശക്കുന്നു, വാ നമുക്ക് ഇവിടെ കഴിക്കാം.''
ബാഗും എടുത്തു പുറത്തേക്കിറങ്ങിയപ്പോള്‍ ബിനോയ്:
''നീ എന്തിനാ ഈ ബാഗും കെട്ടിപ്പിടിച്ചു നടക്കുന്നത്, അത് അവിടെവെച്ചിട്ടു വേഗം വാ... നിങ്ങളെ നല്ലപോലെ നോക്കണമെന്നാണ് മുരളിച്ചേട്ടന്‍ പറഞ്ഞത്, ഭക്ഷണം ഞാന്‍ വാങ്ങി ത്തരാം.''
മനസ്സില്ലാമനസ്സോടെ, ബാഗ് കാറില്‍വച്ച് അവര്‍ ഭക്ഷണം കഴിക്കാനിനിറങ്ങി.
കുട്ടികള്‍ ഭക്ഷണം കഴിച്ചു തീരുന്നതിനുമുമ്പേ ബിനോയ് കഴിച്ചുതീര്‍ത്തു, പൈസയും കൊടുത്ത്, ഒരു സിഗരറ്റ് വാങ്ങി കത്തിച്ച് പുറത്തേക്കിറങ്ങി.
രണ്ടുപേരും കഴിച്ചു കൈകഴുകി വന്നപ്പോള്‍, കാറിന്റെ അടുത്ത്, ബിനോയ് നില്പുണ്ട്.
കാറ് കുറച്ചു ദൂരെയാണ് ഇട്ടിരിക്കുന്നത്, അവര്‍ അതിലേക്കു നടക്കാന്‍ തുടങ്ങിയപ്പോള്‍, അയാള്‍ കാര്‍ ഓടിച്ചുപോയി.
എന്താണു സംഭവിച്ചതെന്ന് പെട്ടെന്നു മനസ്സിലായില്ല, കാര്‍ തിരിച്ചുനിര്‍ത്താനാണോ എന്നു തോന്നി. പക്ഷേ, അയാള്‍ സ്പീഡില്‍ വണ്ടി ഓടിച്ചു പോയി. അതു കണ്മുമ്പില്‍നിന്നു മറഞ്ഞു.
കുട്ടികള്‍ രണ്ടുപേരും, ആ കാറിന്റെ പിറകേ കുറച്ചു സമയം ഓടി, തളര്‍ന്നു റോഡിന്റെ സൈഡില്‍ ഇരുന്നു, ചുറ്റുപാടും വിജനമായിരുന്നു.
ഐവാന്‍ വാവിട്ടു കരയാന്‍ തുടങ്ങി. 
''ചേട്ടാ എനിക്കു പേടിയാകുന്നു.''
''നീ ഇങ്ങനെ കരയാതെ, മാലാഖമാരെ വിളിച്ചു പ്രാര്‍ഥിക്കൂ, നീയല്ലേ പറഞ്ഞത്, നിങ്ങളു കൂട്ടുകാരാണെന്ന്.''
''പക്ഷേ, അവര് ഇവിടെ ഇല്ലല്ലോ?''
അപ്പോളാണ് പ്രസാദ് ഒരു കാര്യം ശ്രദ്ധിച്ചത്. റോഡരികില്‍ താമരശ്ശേരി എന്ന ബോര്‍ഡ്.
''ഐവാനേ ഇതു വയനാടിനുള്ള വഴിതന്നെയാണ്, നമുക്കു ബസ്സില്‍ കയറി പോകാം.''
''ബസ്സിനു ടിക്കറ്റ് എടുക്കാന്‍ പൈസ?''
പ്രസാദ് തലയില്‍ കൈവച്ചിരുന്നു. അമ്മൂമ്മയോടു കള്ളം പറഞ്ഞതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത്.
''ദൈവമേ, ഇനി എന്തു ചെയ്യും?''
മുരളിച്ചേട്ടന്റെ നമ്പര്‍ എഴുതിയ കടലാസും ബാഗിലായിപ്പോയി.
'നമുക്കു പോലീസ്‌സ്റ്റേഷനില്‍ പോയാലോ?'' പ്രസാദ് ചോദിച്ചു.
''വേണ്ട. അവരു നമ്മളെ വഴക്കുപറയും. പിന്നെ ഒരു കമ്പില്ലേ അവരുടെ കൈയില്‍. അതുവെച്ച് അടിക്കും.''
''ലാത്തിയോ?''
''അതു തന്നെ.''
''ഐവാനേ, നമ്മള്‍ ഇനി എന്തുചെയ്യും?''
കൈയില്‍കിടക്കുന്ന വാച്ചില്‍ നോക്കിയിട്ടു പറഞ്ഞു:
''മണി മൂന്നാകുന്നു, നാലുമണിക്കു സ്‌കൂള്‍വിടും, റ്റിയൂഷന്‍ അഞ്ചരയ്ക്കു കഴിയും, അപ്പോള്‍ നമ്മള്‍ തിരികെയെത്തില്ല. വീട്ടില്‍ നമ്മളെ അന്വേഷിക്കാന്‍ തുടങ്ങും നമ്മളിനി എന്തുചെയ്യും?''
രണ്ടുപേരും റോഡിന്റെ സൈഡു ചേര്‍ന്നു മുന്നോട്ടു നടന്നു.
''ചേട്ടാ, എന്റെ കാലു വേദനിക്കുന്നു.'' ഐവാന്‍ പറഞ്ഞു. 
''എന്റെയും.''
ബസ്സുകള്‍, കാറുകള്‍, ഓട്ടോ, ബൈക്ക് ഇവയെല്ലാം നല്ല വേഗത്തില്‍ അവരെ കടന്നുപോയി. 
ഒരുവിധത്തില്‍ രണ്ടുപേരും നടന്ന്, അടുത്തുള്ള കവലയില്‍ എത്തി. അതൊരു ബസ്സ്റ്റോപ്പ് ആയിരുന്നു. വെയ്റ്റിങ് ഷെഡില്‍ രണ്ടു സ്ത്രീകള്‍ ഇരിക്കുന്നു.
പ്രസാദ് അവരില്‍ ഒരാളോടു ചോദിച്ചു:
''അമ്പലവയലിനുള്ള ബസ് ഇവിടെ നിര്‍ത്തുമോ?''
'ഇവിടെനിന്നു നേരിട്ടു ബസ്സില്ല അവിടേക്ക്. സുല്‍ത്താന്‍ ബത്തേരിയില്‍ ചെന്നിട്ട് അവിടെനിന്നു പോകണം. നിങ്ങള്‍ തനിച്ചാണോ?'' അവരു ചോദിച്ചു.
''അതേ, ഞങ്ങള്‍ക്ക് അമ്പലവയലിനു പോകണം, അവിടുത്തെ പുതിയ പള്ളിയില്‍.''
''എന്തിനാ തനിച്ചു പള്ളിയില്‍ പോകുന്നത്?''
'ഞങ്ങളുടെ അമ്മാച്ചന്‍ അച്ചന്‍ അവിടെയുണ്ട്.''
പ്രസാദ് തന്നത്താന്‍ ഓര്‍ത്തു: എത്ര പെട്ടെന്നാണ്, നുണ വായില്‍ വരുന്നത്. ആന്റിയെ കണ്ടിട്ട്, നല്ല ആളാണെന്നു തോന്നുന്നു, അവന്‍ അവരോടു പറഞ്ഞു: 
''ഞങ്ങളുടെ ബാഗ് കളഞ്ഞു പോയി, അവിടെ വരെ എത്താന്‍ ഒരുപാട് പൈസ ആകുമോ?''
''ഒരാള്‍ക്ക് 120 ആകും.''
കാലുവേദന, ദാഹം, പേടി, ഇതെല്ലംകൊണ്ട് ഐവാന്‍ അവിടെയിരുന്നു കരയാന്‍ തുടങ്ങി. 
''മോന്‍ എന്തിനാ കരയുന്നത്?'' അവര്‍ ചോദിച്ചു. 
അതിനു മറുപടി പറയാതെ, അവന്‍ പിന്നെയും ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. 
പ്രസാദും ആന്റിയും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ കരച്ചില്‍ നിര്‍ത്തിയില്ല.
'''പൈസ പോയി, വീട്ടില്‍ വഴക്കു പറയും. അതാണ് അവന്‍ കരയുന്നത്. അവന്റെ കാലിനും വേദനയുണ്ട്.''
''എന്താ മോന്റെ പേര്?'' അവരു ചോദിച്ചു. 
''ഐവാന്‍. വീട്ടില്‍ പിങ്ക്‌ളാങ്കി എന്നു വിളിക്കും.''
''അതു കൊള്ളാമല്ലോ. നല്ല പേര്, മോന്‍ കരയാതെ, പൈസ പോയതിന് അമ്മ വഴക്കൊന്നും പറയില്ല.''
''ചേട്ടന്റെ പേരെന്താ?''
''പ്രസാദ്.''
''രണ്ടുപേരും വിഷമിക്കാതെ, ഫോണ്‍നമ്പര്‍ തരൂ, ഞാന്‍ വീട്ടില്‍ വിളിക്കാം...'' 
''നമ്പര്‍ കാണാതെ അറിയില്ല, നമ്പര്‍ എഴുതിയ ബുക്കും ആ ബാഗില്‍ ആയിരുന്നു.''
''നിങ്ങളുടെ വീട് എവിടെയാണ്?''
''കുടമാളൂര്‍.''
''അത് എവിടെയാണ്?''
''കോട്ടയം അടുത്താണ്.''
''ഇത്രയും ദൂരെനിന്നുമാണോ ഇവിടെ വന്നത്? ശരിക്കും അമ്പലവയലിനുതന്നെ ആണോ പോകേണ്ടത്?''
''അതെ, അവിടെ മാലാഖമാരുടെ ഒരു പള്ളിയുണ്ട്.''
''ഞാന്‍ ന്യൂസ് കണ്ടിരുന്നു, അതിനെക്കുറിച്ച്. പുതിയ ദേവാലയമാണല്ലേ?''
''അതെ.''
''മക്കളു കരയാതെ, ഞാനും സുല്‍ത്താന്‍ബത്തേരിക്കാണ്, ഞാന്‍ ടിക്കറ്റ് എടുക്കാം.''
പെട്ടെന്ന് ഐവാന്റെ കരച്ചില്‍ നിന്നു.
ആ അമ്മയ്ക്ക് അവരെ കണ്ടപ്പോള്‍ എന്തോ സങ്കടം തോന്നി. പാവം കുഞ്ഞുങ്ങള്‍, ചേട്ടനും അനുജനും.
''എന്താ നിങ്ങളെ തനിയെ വിട്ടത്?''
''ഇവന് ആ പള്ളിയില്‍ പോകണം, അച്ചന്‍ അങ്കിളിനെ കാണണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെ വിട്ടതാണ്, വന്ന വണ്ടി ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ പോയി.''
''സാരമില്ല, പോട്ടെ, ഞാന്‍ ടിക്കറ്റ് എടുക്കാം, അവിടെനിന്നും ഒരു ഓട്ടോയില്‍ അമ്പലവയലിനു കയറ്റിവിടാം.''
''ബസ്സ് ഒരു അഞ്ചു മിനിറ്റിനകം വരും. അവര്‍ വാച്ചു നോക്കിയിട്ടു പറഞ്ഞു.
''നിങ്ങള്‍ക്കു വിശക്കുന്നുണ്ടോ?''
''കുറച്ച്.''
അവര്‍ തന്റെ സഞ്ചിയില്‍നിന്നു രണ്ട് ഓറഞ്ച് എടുത്ത് അവര്‍ക്കു കൊടുത്തു.
അതു കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ബസ് വന്നു.
ആ ആന്റി അവര്‍ക്കുംകൂടെ ടിക്കറ്റ് എടുത്തു, താന്‍ ഇരുന്ന സീറ്റില്‍ അവരെയും ഇരുത്തി. വണ്ടി വിട്ടതും, ക്ഷീണംകൊണ്ടു രണ്ടാളും ഉറങ്ങാന്‍ തുടങ്ങി.
ആ സ്ത്രീ മനസ്സില്‍ ഓര്‍ത്തു: എന്തൊരു അപ്പനും അമ്മയുമാണ് ഇത്രയും ചെറിയ കുട്ടികളെ തനിയെ ദൂരേക്ക് അയയ്ക്കുന്നത്?

 

(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)