•  8 Jan 2026
  •  ദീപം 58
  •  നാളം 43
കൗണ്‍സലിങ് കോര്‍ണര്‍

ഇണയും തുണയുമായി നുണ മാറുമ്പോള്‍

   ''സാര്‍ ഇവള്‍ കല്ലുവച്ച നുണകള്‍ മാത്രമേ പറയൂ!'' രശ്മിയുടെ അമ്മയുടെ നിരീക്ഷണമാണിത്. രശ്മിയെ ഞാനാദ്യമായി പരിചയപ്പെടുന്നത് കോഴിക്കോട്ടു നടന്ന ഒരു ക്യാമ്പില്‍വച്ചാണ്. ക്യാമ്പിന്റെ ഡയറക്ടറായിരുന്ന എന്നോട് ഒരു പരാതി പറയാന്‍ ഈ പന്ത്രണ്ടാംക്ലാസ്സുകാരി എത്തിയപ്പോള്‍ത്തന്നെ ഒരു പന്തികേടു തോന്നിയിരുന്നു. തലേരാത്രിയില്‍ കൂടെത്താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. അന്നു വൈകുന്നേരംതന്നെ ക്യാമ്പ്‌സൈറ്റില്‍ വച്ചു പാമ്പുകടിച്ചു എന്നു പറഞ്ഞ് അവള്‍ വളരെ ശാന്തയായി ക്യാമ്പ് ഓഫീസില്‍ കയറിവന്നു.
    എന്റെ മനസ്സില്‍ ഇവള്‍ പറയുന്നത് നുണയാണെന്ന തോന്നല്‍ ഉണ്ടായിരുന്നതിനാല്‍ രശ്മിയെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു: ''നമ്മള്‍ ഹോസ്പിറ്റലില്‍ പോവുകയാണ്. രണ്ടാഴ്ച സമയംകൊണ്ട് ഹോസ്പിറ്റലില്‍നിന്നും ഡിസ്ചാര്‍ജ് ആകും.'' പെട്ടെന്ന് എന്നെ ഒട്ടും അദ്ഭുതപ്പെടുത്താതെ അവള്‍ പറഞ്ഞു: ''സാര്‍, സോറി, പാമ്പു കടിച്ചെന്നു ഞാന്‍ നുണ പറഞ്ഞതാ!'' ഇതു കേട്ടപ്പോള്‍ത്തന്നെ ഞാന്‍ അവളോടു ചോദിച്ചു: ''അപ്പോള്‍, ഇന്നു രാവിലെ പെണ്‍കുട്ടികള്‍ തന്നോട് അപമര്യാദയോടെ പെരുമാറി എന്ന കാര്യം?'' ഈ ചോദ്യത്തിന് രശ്മി തന്ന മറുപടി എന്നെ തെല്ലൊന്ന് അദ്ഭുതപ്പെടുത്തി. ''അതിന് സാറിനോട് അങ്ങനെ ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ?'' ഈ സംസാരത്തിനുശേഷം മാതാപിതാക്കളെ വിവരമറിയിച്ച് രശ്മിയെ ക്യാമ്പ് സൈറ്റില്‍നിന്നു പറഞ്ഞയച്ചു. കാരണം, അവള്‍ ഏതു നുണ വേണമെങ്കിലും  പറയാന്‍ മടിക്കില്ല എന്നു ഞങ്ങള്‍ക്കു ബോധ്യമായി. 
ഈ സംഭവത്തിന് ഒരു മാസംകൂടി കഴിഞ്ഞാണ് അവര്‍ കൗണ്‍സലിങ്ങിനായി എന്റെയടുക്കല്‍ വന്നത്. കൗണ്‍സലിങ്‌സെഷനില്‍വച്ച് അമ്മയും അച്ഛനും നല്‍കിയ വിവരമനുസരിച്ച് രശ്മി പറയാത്ത നുണകളില്ല. ഇവളുടെ ഇരകള്‍ രക്ഷപ്പെട്ടിരിക്കുന്നത് രശ്മിക്കു നുണകളില്‍ ഉറച്ചുനില്ക്കാന്‍ കഴിയില്ല എന്ന കാരണത്താലാണ്. അയല്‍പക്കത്തെ ചെറുപ്പക്കാരനുമായി ബന്ധപ്പെട്ട് ലൈംഗികപീഡനപരാതിപോലും ഈ പെണ്‍കുട്ടി അവതരിപ്പിച്ചു! പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പോകാമെന്നായപ്പോള്‍ അവള്‍ നുണ പറഞ്ഞതാണെന്നു പറഞ്ഞു!
എന്തുകൊണ്ട് രശ്മി അപകടകരമായ നുണകള്‍ പറഞ്ഞിരുന്നു?
    മിത്തോമാനിയ എന്നറിയപ്പെടുന്ന ഒരു മാനസികരോഗമായിട്ടാണ്  ഇത്തരത്തില്‍ അപകടകരമായ നുണ  പറയുന്ന സ്വഭാവവൈകല്യം വിലയിരുത്തപ്പെടുന്നത്., ഈയൊരു മാനസികരോഗാവസ്ഥയില്‍ നുണ പറയണമെന്ന ആഗ്രഹം അധികമായി ഉണ്ടാകുന്നു. ആ നുണകള്‍ സത്യമാണെന്നു മറ്റുള്ളവര്‍ക്കു തോന്നുകയും ചെയ്യും. ഉദാഹരണമായി ഇത്തരം മാനസികാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടി തന്റെ സുഹൃത്ത് തന്നെ ലൈംഗികപരമായി ഉപദ്രവിച്ചു എന്നു പറയുന്നത് മറ്റുള്ളവര്‍ വിശ്വസിക്കുന്ന രീതിയിലായിരിക്കും. ഇത്തരക്കാര്‍ കഥകള്‍ മെനയുമ്പോള്‍ തുടക്കത്തില്‍ എല്ലാവരും വിശ്വസിക്കും. തുടര്‍ച്ചയായ ഇത്തരം സ്വഭാവരീതിമൂലം  ഇവര്‍ കുടുംബത്തിലും സമൂഹത്തിലും ഒറ്റപ്പെടും. വിശ്വസനീയമായ ഒന്നും ഇവരില്‍നിന്നു പ്രതീക്ഷിക്കാന്‍ പറ്റാത്ത അവസ്ഥ ഉടലെടുക്കും. ബോഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ (Border line personality disorder (BPD))ഒരു പ്രധാന ലക്ഷണമായി നുണപറച്ചില്‍ കാണാറുണ്ട്. എന്നാല്‍, രശ്മിയില്‍ ബിപിഡി യുടെ മറ്റു ലക്ഷണങ്ങള്‍ കണ്ടിരുന്നില്ല. എന്നാല്‍, ഡിപ്രഷന്റെ  ചില ലക്ഷണങ്ങള്‍ അവളില്‍ കണ്ടിരുന്നു.
രശ്മിയെ ഈ അവസ്ഥയിലേക്കെത്തിക്കാന്‍ ഇടയായ കാരണങ്ങളെന്തെല്ലാം?
രശ്മിയുടെ ചെറുപ്പകാലം പ്രശ്‌നസങ്കീര്‍ണമായിരുന്നു. അതില്‍ ചിലവ താഴെ ചേര്‍ക്കുന്നു.
a) എട്ടുവയസ്സുള്ളപ്പോള്‍ അനുഭവിച്ച ലൈംഗികാതിക്രമം.
b) വിദേശത്തായിരുന്ന അമ്മയുടെ സ്‌നേഹം ലഭിക്കാത്ത അവസ്ഥ.
c) പിതാവ് രശ്മിയെ ഒട്ടും ശ്രദ്ധിക്കാതിരുന്ന അവസ്ഥ.
d) പിതാവിന്റെ പെണ്‍സുഹൃത്ത് ഭീഷണിപ്പെടുത്തിയ ഓര്‍മകള്‍. 
    അവളനുഭവിച്ച മേല്‍സൂചിപ്പിച്ച സംഭവങ്ങള്‍ അവളുടെ വ്യക്തിത്വത്തെ നെഗറ്റീവായി ബാധിച്ചിരുന്നു. ഇത് അവളില്‍ കുറഞ്ഞ തോതിലുള്ള നെഗറ്റീവായ ആത്മാഭിമാനം  (ടലഹള ഋേെലലാ) വളരാന്‍ കാരണമായി.
എങ്ങനെ രശ്മിയുടെ പ്രശ്‌നങ്ങള്‍ 
പരിഹരിക്കപ്പെട്ടു?

    രശ്മിയുടെ പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമായി ആദ്യം അനുഭവപ്പെട്ടെങ്കിലും മൂന്നു സിറ്റിങ്ങുകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടായി എന്നത് ആശ്വാസകരമായിരുന്നു! രശ്മിയുടെ കുട്ടിക്കാലപ്രശ്‌നങ്ങളുടെ ഓര്‍മകള്‍ എന്‍.എല്‍.പി. (ചഘജ) തെറാപ്പികളിലൂടെ എടുത്തുമാറ്റാന്‍ കഴിഞ്ഞു. ഹിപ്‌നോതെറാപ്പി സെഷനുകളിലൂടെ അവളുടെ ആത്മാഭിമാനം വര്‍ധിപ്പിച്ചു. സി.ബി.റ്റി. ടെക്‌നിക്കുകള്‍ ഉപയോഗിച്ചുകൊണ്ട് രശ്മിയുടെ ശീലങ്ങള്‍ മാറ്റിയെടുക്കുകയും ചെയ്തു. അതോടൊപ്പംതന്നെ ഇന്നര്‍ ചൈല്‍ഡ് ഹീലിങ് ടെക്‌നിക്കിന്റെ സാധ്യതയും രശ്മിയുടെ കൗണ്‍സിലിങില്‍ ഉപയോഗിച്ചിരുന്നു. ഇവിടെ എടുത്തുപറയേണ്ട കാര്യം രശ്മിയുടെ മാതാപിതാക്കള്‍ പരിപൂര്‍ണമായും അവളുടെ ഒപ്പംനിന്നു എന്നതാണ്. രശ്മിയുടെ പിതാവ് തന്റെ തെറ്റുകള്‍ മനസ്സിലാക്കി ഓഫീസില്‍നിന്നും അവധിയെടുത്ത്, മൂന്നുമാസം തന്റെ മോള്‍ക്കൊപ്പം നിന്നു. ഇത് അവളുടെ ഡിപ്രഷനെ നന്നായി കുറച്ചു.
പൊതുസമൂഹം മനസ്സിലാക്കേണ്ട വസ്തുത
   നുണ പറയുന്ന ഒരു വ്യക്തി, അയാളുടെ പ്രവൃത്തികള്‍, അനേകം പ്രശ്‌നങ്ങളില്‍ അകപ്പെടാം. ഒപ്പം അനേകം നിരപരാധികളെ കുറ്റക്കാരുമാക്കാം. അതുകൊണ്ടുതന്നെ  ഇത്തരക്കാരുടെ വ്യക്തിത്വവൈകല്യങ്ങള്‍ നിര്‍ബന്ധമായും അത് അധികാരികളെ ബോധ്യപ്പെടുത്തണം. ഇത്തരം ശീലം കുട്ടികളില്‍ കണ്ടാല്‍ അത് മാതാപിതാക്കളെ അറിയിക്കാന്‍ ശ്രമിക്കണം. കുട്ടികള്‍ ചില നുണകള്‍ പറയുമ്പോള്‍ അവന്‍/അവള്‍ സ്മാര്‍ട്ടാണെന്നു പറയുന്നത് ശുദ്ധ അബദ്ധമാണ്. കാരണം, ഈ വൈകല്യം മറ്റുപല മാനസികരോഗങ്ങളെയുംകാള്‍ ഭയാനകവും ദൂരവ്യാപകവുമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)