•  11 Dec 2025
  •  ദീപം 58
  •  നാളം 40
കൗണ്‍സലിങ് കോര്‍ണര്‍

മരണത്തെ മറികടന്നപ്പോള്‍

   മൂന്നു സഹോദരന്മാര്‍ മരിച്ച ഒരു നാല്പതുവയസ്സുകാരന്‍ ഭാര്യയെയും രണ്ടു കുട്ടികളെയും കൂട്ടി എന്റെ അടുക്കല്‍ വന്നു. ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്ക് വൈദ്യശാസ്ത്രത്തിനു തെളിയിക്കാന്‍ പറ്റാത്ത (Idiopathic) രോഗാവസ്ഥകളായിരുന്നു. നാല്പതിനും നാല്പത്തിയഞ്ചിനും ഇടയിലാണ് സഹോദരങ്ങള്‍ മരിച്ചത്. താന്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം മരിക്കുമെന്ന അമിതഭയം((Thanatophobia) ഇദ്ദേഹത്തെ ബാധിച്ചിരുന്നു((https://en.wikipedia.org/wiki/Death_anxiety/).. രാഹുലിന്റെ ഈ അവസ്ഥ അദ്ദേഹത്തിന്റെ അനുദിനജീവിതത്തെ സാരമായി ഉലച്ചു. മരണത്തെക്കുറിച്ചുള്ള അമിതചിന്ത((Death Obession)- )യില്‍നിന്നു പുറത്തുകടക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.
മരണഭയവും പെരുമാറ്റരീതികളും
രാഹുലിന്റെ മരണഭയം അദ്ദേഹത്തിന്റെ വിശ്വാസങ്ങളെയും ചിന്തകളെയും നെഗറ്റീവായി ബാധിച്ചു. അത്തരം വിശ്വാസങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ പെരുമാറ്റരീതികളെ വിചിത്രവും മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാക്കി മാറ്റി. താഴെക്കൊടുക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹത്തില്‍ കണ്ടുതുടങ്ങി.
അമിതമായ അരിശം
വ്യക്തികളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറല്‍.
എല്ലാറ്റിനെയും നെഗറ്റീവായി കാണുന്ന രീതി
ഭക്ഷണം കഴിക്കുവാനുള്ള മടുപ്പ്
ഉറക്കമില്ലായ്മ
ഒറ്റയ്ക്കിരുന്നു കരയുക
ശ്രദ്ധയില്ലായ്മ
താന്‍ ഒന്നും നേടിയില്ല എന്ന തോന്നല്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങിയപ്പോളാണ് ഇവര്‍ കൗണ്‍സലിങ്‌സഹായം തേടിയത്. കാരണം, ഇയാളുടെ പ്രശ്‌നങ്ങള്‍ പലതും ഉത്ഭവിച്ചത് മനസ്സില്‍ ചിന്തിക്കുന്നവ ശരീരത്തില്‍ നെഗറ്റീവായി പ്രതിഫലിക്കുന്ന രീതിയിലായിരുന്നു. ഇദ്ദേഹത്തിന്റെ മരിച്ച സഹോദരങ്ങളും രാഹുലിന്റേതായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിരുന്നു എന്ന് രാഹുലിന്റെ ഭാര്യ പറഞ്ഞു.
രാഹുലിന്റെയും സഹോദരങ്ങളുടെയും പ്രശ്‌നങ്ങളെക്കുറിച്ചറിയാനുള്ള യാത്രകള്‍!
രാഹുലിന്റെ സഹോദരങ്ങള്‍ മരിക്കുന്നത് വൈദ്യശാസ്ത്രത്തിനു തെളിയിക്കാന്‍ പറ്റാത്ത ചില കാരണങ്ങളാലാണെന്നു നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. അതിനാല്‍ത്തന്നെ, സൈക്കോ സൊമാറ്റിക് ഡിസോര്‍ഡര്‍ എന്ന രീതിയില്‍ മരണം വന്നുചേരുമോ എന്ന ചോദ്യം പ്രസക്തമായി. ഇന്ത്യയിലെ അറിയപ്പെടുന്ന ചില മനഃശാസ്ത്രവിദഗ്ധരുമായി ഈ കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ മേല്‍സൂചിപ്പിച്ച സാധ്യത തള്ളിക്കളഞ്ഞുമില്ല. ഈ ചര്‍ച്ച എന്നെ എത്തിച്ചത് ഒരുപക്ഷേ, ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍ മരിച്ചത് മരണത്തെക്കുറിച്ചുള്ള അമിത ഉത്കണ്ഠമൂലമുണ്ടായ ശാരീരികപ്രശ്‌നങ്ങളാല്‍ ആണെങ്കില്‍, ഇപ്പോള്‍ രാഹുലിന്റെ മാനസികാവസ്ഥ മാറ്റിയാല്‍, അദ്ദേഹം അഭിമുഖീകരിക്കുന്ന മാനസിക-ശാരീരിക പ്രശ്‌നങ്ങളില്‍നിന്നു പുറത്തുകടക്കാം എന്ന ചിന്തയിലേക്കായിരുന്നു. എല്ലാം അറിയുന്ന കരുണാമയനായ സ്രഷ്ടാവ് അതിന് അനുവദിക്കുമെന്നു ഞാന്‍ വിശ്വസിച്ചു! ഇതു മനസ്സില്‍ വച്ചുകൊണ്ട് കൗണ്‍സലിങ്‌ലക്ഷ്യം തയ്യാറാക്കി.
കൗണ്‍സലിങ് ലക്ഷ്യം തയ്യാറാക്കലും പ്രവര്‍ത്തനപഥത്തില്‍ എത്തിക്കലും
ഈ ഒരു പ്രശ്‌നം വളരെ പ്രത്യേകമായി കണ്ടതിനാല്‍ താഴെപ്പറയുന്ന മൂന്നു കാര്യങ്ങള്‍ കൃത്യതയോടെ നടപ്പാക്കി.
1. ബോധ്യം നല്‍കല്‍ 2. തീരുമാനമെടുപ്പിക്കല്‍ 3. തീരുമാനം പ്രാവര്‍ത്തികമാക്കല്‍ 
ബോധ്യം നല്‍കല്‍ എന്ന പ്രക്രിയയില്‍ രാഹുലിന് തന്റെ അവസ്ഥ എന്താണെന്നും തന്റെ സഹോദരങ്ങളില്‍ സംഭവിച്ചതെന്തായിരിക്കാമെന്നും ശാസ്ത്രീയമായി ബോധ്യം നല്‍കി. രണ്ടാംഘട്ടത്തില്‍, തീരുമാനമെടുപ്പിക്കല്‍പ്രക്രിയയില്‍ രാഹുല്‍തന്നെ വിശ്വാസചിന്താപ്രവൃത്തിമേഖലകളില്‍ മാറ്റം വരുത്താം എന്ന തീരുമാനമെടുത്തു. മൂന്നാമത്തെ പ്രാവര്‍ത്തികമാക്കല്‍ പ്രക്രിയയില്‍ കൗണ്‍സലിങ് പ്രക്രിയകളിലൂടെ കടന്നുപോയി, മാറ്റം ഏതൊക്കെ മേഖലകളില്‍ വേണമെന്നു മനസ്സിലാക്കി, മാറ്റത്തെ ഉള്‍ക്കൊണ്ടു.
തന്റെ ഭയത്തെ രാഹുല്‍ 
എങ്ങനെ വെല്ലുവിളിച്ചു? 
ചില കാര്യങ്ങളെ നാം ചലഞ്ചു ചെയ്‌തേ മതിയാവൂ. ഭയത്തിനു കാരണമായ വിശ്വാസചിന്താവസ്തുതകളെ നാം ഒന്നുകില്‍ സ്‌നേഹിക്കണം.  അല്ലെങ്കില്‍ 'നീ എനിക്കു നിസ്സാരമാണെന്ന്' ചലഞ്ച് ചെയ്യണം. ''ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം. എന്റെ സ്രഷ്ടാവ് തീരുമാനിക്കാതെ ഞാന്‍ മരിക്കില്ല. അവിടുന്ന് എനിക്കു ദീര്‍ഘായുസ് തന്നിട്ടുണ്ട്' എന്ന ഉറച്ച ബോധ്യ(വിശ്വാസം)ത്തിലേക്കു രാഹുല്‍ എത്തി. ഈ ബോധ്യത്തില്‍നിന്നുകൊണ്ട് 'നീ എനിക്കു നിസ്സാരമാണ്' എന്ന് ഭയത്തെ വെല്ലുവിളിച്ചു. ഇത് രാഹുലിന്റെ ചിന്താരീതിയില്‍ തുടര്‍ച്ചയായ പോസിറ്റീവ് പാറ്റേണ്‍ സൃഷ്ടിച്ചു. ഈ അവസ്ഥയിലേക്കു രാഹുലിനെ എത്തിക്കുവാന്‍ ഹിപ്‌നോതെറാപ്പി അവബോധപെരുമാറ്റ ചികിത്സ, റ്റോക് തെറാപ്പി, റിഫ്‌ളെക്‌സോളജി, എക്‌സ്‌പോഷര്‍ തെറാപ്പി, ചഘജ തെറാപ്പികള്‍ എന്നിവ ഉപയോഗിച്ചു.
ഭയമുള്ള വ്യക്തിയും 
കുടുംബാംഗങ്ങളും
സാധാരണരീതിയില്‍ ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള അമിതഭയമുണ്ടെങ്കില്‍ കുടുംബാംഗങ്ങള്‍ ആ വ്യക്തിയെ കളിയാക്കുകയാണ് ചെയ്യാറ്. എന്നാല്‍, അത് അമിതഭയം മാറുവാന്‍ കാരണമാകില്ല. അമിതഭയം ഉണ്ടാകുന്നത് താഴെപ്പറയുന്ന കാരണങ്ങളാലാണ്.
പാരമ്പര്യഘടകങ്ങള്‍ 
പരിസ്ഥിതി (ചുറ്റുപാടുകള്‍)
ഉള്ളില്‍ തറച്ച നെഗറ്റീവായ 
അനുഭവങ്ങള്‍
തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങള്‍
ആയതിനാല്‍ത്തന്നെ കുടുംബാംഗങ്ങള്‍ ഇത്തരം പ്രശ്‌നം അനുഭവിക്കുന്നവരുടെ മാനസികാവസ്ഥ നന്നായി മനസ്സിലാക്കണം. കളിയാക്കലിനു പകരം പോസിറ്റീവായ സജഷന്‍സ് അവര്‍ക്കു നല്‍കാം.
ചേട്ടന്‍ ധൈര്യശാലിയാണ്!
മിനീ, നീ ഇതിലും വലിയ പ്രശ്‌ന ങ്ങളെ മറികടക്കും!
മോനേ, നീ ധൈര്യമുള്ള കുട്ടിയാ ണെന്നെനിക്കറിയാം!
മോളെ, നീയൊരു സംഭവമാ... ധൈര്യമായിട്ടിരിക്ക്!
മേല്‍സൂചിപ്പിച്ച രീതികളിലുള്ള വാക്യങ്ങള്‍ അവരുടെ ധൈര്യത്തെ വര്‍ധിപ്പിക്കും. ഒപ്പംതന്നെ അമിതഭയം  ഒരു മാനസികപ്രശ്‌നംതന്നെയാണെന്നു മനസ്സിലാക്കി ഒരു പരിശീലനം ലഭിച്ച ആളുടെ അടുക്കല്‍ പ്രസ്തുത വ്യക്തിയെ എത്തിക്കണം. ചില അവസരങ്ങളില്‍ കൗണ്‍സലിങ്ങിനൊപ്പം മരുന്ന് ആവശ്യമായി വരാം. രാഹുലിന്റെ കുടുംബാംഗങ്ങള്‍ - ഭാര്യ, മക്കള്‍, മാതാപിതാക്കള്‍ - അദ്ദേഹത്തെ മനസ്സിലാക്കി സഹകരിച്ചത് പ്രശ്‌നങ്ങളില്‍നിന്നു വേഗത്തില്‍ പുറത്തുകടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ഇന്നത്തെ രാഹുലിന്റെ അവസ്ഥ
ഏഴുവര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ഈ കൗണ്‍സലിങ് അനുഭവം ഇന്നെഴുതുവാന്‍ കാരണം രാഹുല്‍ ജീവിച്ചിരിക്കുന്നു എന്നതാണ്. സൈക്കോ സോമാറ്റിക് ഡിസോര്‍ഡറിന്റെ ഭാഗമായി എരിഞ്ഞടങ്ങേണ്ടിയിരുന്ന രാഹുലിന്റെ ജീവന്‍ ഇന്നു മുമ്പോട്ടു കുതിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള വലിയ പ്രതീക്ഷകളും നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമവും സ്രഷ്ടാവിലുള്ള ഉയര്‍ന്ന വിശ്വാസവും രാഹുലിന്റെ ജീവിതം മനോഹരമാക്കുന്നു. ഈ ലേഖനം ഞാന്‍ എഴുതുവാനുള്ള പ്രധാനകാരണം മനസ്സില്‍ ചിന്തിച്ച് രോഗിയായി, മരിക്കുന്ന അനേകരുണ്ടെന്ന വസ്തുതയാണ്. നമ്മുടെ ജീവിതം മനോഹരമാക്കാന്‍ നമ്മുടെ വിശ്വാസങ്ങളെയും ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും പോസിറ്റീവാക്കുക, ക്രിയാത്മകമാക്കുക.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)