•  21 Nov 2024
  •  ദീപം 57
  •  നാളം 37
കൗണ്‍സലിങ് കോര്‍ണര്‍

കുടുംബം കലക്കുന്ന മാതാപിതാക്കള്‍

 സ്ത്രീയും മകളും പുതിയതായി എത്തിയ മരുമോനെയും അവന്റെ മാതാപിതാക്കളെയും കൂട്ടി  എന്റെ അടുത്തെത്തിയത് ആരെയൊക്കെയോ നന്നാക്കുന്നതിനുവേണ്ടിയാണ്. മകളുടെ പേര് മറിയം. കല്യാണം കഴിഞ്ഞതേയുള്ളൂ. ആദ്യരാത്രിയുടെ പേരു പറഞ്ഞു മരുമകന്‍ തന്റെ മകളോടു വളരെ മ്ലേച്ഛമായി പെരുമാറിയെന്നാണ് അമ്മയുടെ പരാതി. ഞാന്‍ ചോദിച്ചു: ''ഇതൊക്കെ എങ്ങനെ നിങ്ങള്‍ അറിഞ്ഞു? അവള്‍ വന്നു പറഞ്ഞോ? അതോ, നിങ്ങള്‍ ചോദിച്ചറിഞ്ഞോ?'' ''ഞാന്‍ ചോദിച്ചറിഞ്ഞു സാര്‍. എന്റെ മോള്‍ ഒരന്യപുരുഷന്റെകൂടെ കിടക്കുമ്പോള്‍ അവള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് ഞാന്‍ അറിയണ്ടേ സാര്‍?'' അവരുടെ ഉത്തരം കേട്ടപ്പോള്‍ എനിക്കുണ്ടായ അമര്‍ഷം പുറമേ പ്രകടിപ്പിക്കാതെ അവരെ ഞാനൊരു കോമാളിയായി ചിത്രീകരിച്ചു. കാരണം, അല്പം ബുദ്ധിയും ഇത്തിരി വിവേകവുമുള്ള ഏതൊരാള്‍ക്കും ഈ സ്ത്രീയോടു വെറുപ്പുതോന്നും.

സത്യത്തില്‍ നന്നാവേണ്ടത് അവര്‍തന്നെയാണ് എന്ന ബോധ്യം അവരില്‍ ജനിപ്പിക്കാന്‍ കൗണ്‍സലര്‍ എന്ന നിലയില്‍ ഞാന്‍ നന്നായി പണിയെടുക്കേണ്ടിവന്നു. ഭാഗ്യവശാല്‍ ഈ സ്ത്രീയുടെ ഭര്‍ത്താവിനു സാമാന്യവിവരവും തിരിച്ചറിവുമുണ്ടായിരുന്നു. മകള്‍ക്ക് ഭാര്യ എന്ന നിലയിലേക്കുയരാന്‍ അമ്മ അവസരം നല്‍കുന്നില്ലായെന്ന സത്യവും ഇദ്ദേഹത്തിനു വ്യക്തമായിരുന്നു.
മകളുടെ ഭര്‍ത്താവിനെതിരായി അമ്മ ഉന്നയിച്ച ആരോപണങ്ങള്‍:
1. മരുമോന്‍ മകളെ ഉപദ്രവിക്കുന്നു.
2. അവന്‍ അവളെക്കൊണ്ട് മ്ലേച്ഛമായ കാര്യങ്ങള്‍ ചെയ്യിക്കുന്നു.
3. മരുമോന്‍ കിടപ്പുമുറിയില്‍ മോളോടു ചെയ്യുന്ന കാര്യങ്ങള്‍ മരുമോന്റെ മാതാപിതാക്കള്‍ അറിയുന്നില്ല.
4. മോള്‍ കെട്ടിച്ചുവിട്ട വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല.
മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളെ കീറിമുറിച്ചു പരിശോധിച്ചപ്പോള്‍ മനസ്സിലായത് ഇവയെല്ലാം അമ്മയുടെ സൃഷ്ടികളായിരുന്നുവെന്നാണ്. മകള്‍ക്കു വ്യക്തിപരമായി യാതൊരു പരാതികളുമില്ല. അവള്‍ക്കു തന്റെ ഭര്‍ത്താവിനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളൂ. പിന്നെ എന്തുകൊണ്ട് അമ്മ ഇങ്ങനെയൊക്കെ പ്രതികരിക്കുന്നു? ഈ ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തിയപ്പോള്‍ അമ്മയിലുള്ള ചില പ്രശ്‌നങ്ങള്‍ ചുരുളഴിഞ്ഞു. 
1. ഈ സ്ത്രീ അവരുടെ ചെറുപ്പകാലത്ത് ലൈംഗികാതിക്രമത്തിനു വിധേയയായിരുന്നു. അതില്‍നിന്നു പെരുമാറ്റവൈകൃതങ്ങള്‍ ഉടലെടുത്തു.
2. ഇവര്‍ക്ക് ഒരു പ്രത്യേകതരം വ്യക്തിത്വവൈകല്യം ഉണ്ടായിരുന്നു.
3. ആധിപത്യമനോഭാവം ഇവരില്‍ നിഴലിച്ചിരുന്നു.
4. മകളോടുള്ള അമിതസ്‌നേഹവും ഉത്കണ്ഠയും.
തനിക്ക് ഈ നാലു പ്രശ്‌നങ്ങളും ഉണ്ടെന്ന ബോധ്യം അവര്‍ക്കില്ലായിരുന്നു. അതായിരുന്നു അവരുടെ ഏറ്റവും പ്രധാനപ്രശ്‌നവും. മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങളുടെ ഭാഗമായി തന്റെ മകള്‍ ലൈംഗികപീഡനത്തിനു വിധേയയാകാമെന്നും, തന്റെ മോളെ  സംരക്ഷിക്കാന്‍ തനിക്കുമാത്രമേ സാധിക്കുകയുള്ളൂവെന്നും, താന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമാണു ശരിയെന്നും, തന്റെ മോള്‍ തന്റെ കരവലയത്തില്‍ത്തന്നെ സംരക്ഷിക്കപ്പെടണമെന്നും അവര്‍ വിശ്വസിച്ചു.  ഇതിന്റെ ഭാഗമായി മകളുടെ വിവാഹജീവിതത്തിന്റെ എല്ലാ മേഖലയിലും അവര്‍ അമിതമായി ഇടപെട്ട് ഇല്ലാത്ത പ്രശ്‌നങ്ങളുണ്ടാക്കി മോളെ വിവാഹമോചനത്തിന്റെ വക്കിലെത്തിച്ചു.
അമ്മയുടെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഈ കുടുംബങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധിയുടെ അടിസ്ഥാനമെന്നു മനസ്സിലായതോടെ മുഖ്യമായും അവരുടെ പ്രശ്‌നത്തിനു പരിഹാരം കാണുക എന്നതായിരുന്നു കൗണ്‍സലിങ് ലക്ഷ്യം. അതോടെ പ്രശ്‌നപരിഹാരം എളുപ്പമായി. കൂടെ ഒരു സൈക്യാട്രിസ്റ്റിന്റെ സേവനവും ആവശ്യമായിരുന്നു.
പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെട്ടു?
മറിയത്തിന്റെ അമ്മ ഉണ്ടാക്കിയ പ്രശ്‌നം സങ്കീര്‍ണമാകാതിരുന്നത് മകളുടെ ഭര്‍ത്തൃവീട്ടുകാരുടെ വിവേകപൂര്‍വകമായ ഇടപെടല്‍കൊണ്ടാണ്. മറിയത്തിന്റെ അമ്മ കൗണ്‍സലിങ്ങിനു പോകണമെന്നു പറഞ്ഞപ്പോള്‍ അവര്‍ അതു തന്മയത്വത്തോടെ അംഗീകരിച്ചു. മറിയത്തിന്റെ അമ്മ പ്രതീക്ഷിച്ചിരുന്നത് മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ കൗണ്‍സലിങിനു തയ്യാറാകില്ലെന്നും അത് അവര്‍ക്കെതിരേ പ്രയോഗിക്കാമെന്നുമായിരുന്നു. പക്ഷേ, അതു നടന്നില്ല എന്നുമാത്രമല്ല, യഥാര്‍ഥ 'പ്രതി' പിടിക്കപ്പെട്ട അവസ്ഥയുമായി! ഇതോടൊപ്പം മറ്റു കുടുംബാംഗങ്ങളുടെയും മറിയത്തിന്റെയും മനസ്സുകളിലുണ്ടായ മുറിവുണക്കുകകൂടി ചെയ്തപ്പോള്‍ എല്ലാം ശുഭപര്യവസായിയായി.
ഈയൊരു കൗണ്‍സലിങ്ങിന്റെ വെളിച്ചത്തില്‍ കണ്ടെത്തിയ ചില ആശയങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1. ഹൈസ്‌കൂള്‍തലംമുതല്‍ വൈവാഹിക, കുടുംബജീവിതത്തിലെ വെല്ലുവിളികളെക്കു റിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
2. മതസ്ഥാപനങ്ങള്‍,  സാംസ്‌കാരികകേന്ദ്രങ്ങള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് വിവാഹം കഴിച്ചവരും  കഴിക്കാന്‍ പോകുന്നവരുമായ യുവതീയുവാക്കളുടെ മാതാപിതാക്കള്‍ക്കു ബോധവത്കരണം നല്‍കുക. 
വിവാഹിതരായവരുടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
a. മകന്‍/മകള്‍ വിവാഹം കഴിച്ചുകഴിഞ്ഞാല്‍ അവരെ ഭര്‍ത്താവും ഭാര്യയുമായി ജീവിക്കാന്‍ അനുവദിക്കുക.
b. വിവാഹിതരുടെ സ്വകാര്യതയില്‍ അത്യാവശ്യസന്ദര്‍ഭങ്ങളിലൊഴിച്ച് മാതാപിതാക്കള്‍ ഇടപെടരുത്.
c.മകന്‍/മകള്‍ വിവാഹം കഴിച്ച് വീട്ടില്‍നിന്നു മാറുമ്പോള്‍ ഉണ്ടാകാനിടയുള്ള ശൂന്യതയെ ക്രിയാത്മകമായി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക.
d. ഭര്‍ത്താവിന്റെയും ഭാര്യയുടെയും മാതാപിതാക്കളെ ബഹുമാനിക്കാനും സ്‌നേഹിക്കാനും പഠിപ്പിക്കുക.
e. മദ്യപാനംപോലുള്ള അടിമത്തങ്ങളെ ചികിത്സിക്കാന്‍ ശ്രദ്ധിക്കുക. മാനസിക, ശാരീരികപ്രശ്‌നങ്ങള്‍ പങ്കാളിക്കുണ്ടായാല്‍ കാലതാമസം കൂടാതെ ചികിത്സിക്കുക.
f. പങ്കാളി മരണമടഞ്ഞാല്‍ ജീവിച്ചിരിക്കുന്ന പങ്കാളിയെ ശ്രദ്ധയോടെ പരിപാലിക്കുക.
g. വിവാഹം കഴിച്ചുവന്നിരിക്കുന്ന പെണ്‍കുട്ടിയെ (ചില സാഹചര്യത്തില്‍ ആണ്‍കുട്ടിയെ) സ്വന്തമായി കാണുക.
h. പങ്കാളി അപമാനിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തുക.
i. പരസ്പരം നന്മകള്‍ കാണാന്‍ പങ്കാളികളെ പ്രോത്സാഹിപ്പിക്കുക.
മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ മാതാപിതാക്കള്‍ മക്കള്‍ക്കുവേണ്ടി ചെയ്യുമ്പോള്‍ മാതാപിതാക്കളില്‍ത്തന്നെ മാറ്റം സംഭവിക്കുകയും അവര്‍ റോള്‍മോഡലുകളായിത്തീരുകയും ചെയ്യും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)