•  21 Nov 2024
  •  ദീപം 57
  •  നാളം 37
കൗണ്‍സലിങ് കോര്‍ണര്‍

ജോലിസ്ഥലത്ത് സമാധാനം തരാത്തവര്‍

   ഒരിക്കല്‍ മലബാറിലെ ഒരു കോളജില്‍നിന്ന് ഒരധ്യാപിക ഫോണില്‍ വിളിച്ച് സഹപ്രവര്‍ത്തകനായ ഒരധ്യാപകന്‍ കോളജില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചു സംസാരിക്കുകയുണ്ടായി. തത്കാലം അയാള്‍ക്ക് ഇവിടെ ജെയ്‌സണ്‍ എന്ന പേരു കൊടുക്കുന്നു. മകനെ കൗണ്‍സലിങ് നടത്താനെന്ന വ്യാജേന അപ്പനായ ജെയ്‌സണെ കൗണ്‍സലിങ് നടത്തണം. അതാണ് അധ്യാപികയുടെ ആവശ്യം: ''സര്‍, ജയ്‌സണെ അങ്ങോട്ടുവിടുന്നത് ജയ്‌സണ്‍ന്റെ മകനുവേണ്ടിയാണെങ്കിലും സാര്‍ കൗണ്‍സലിങ് നടത്തേണ്ടത് ജയ്‌സണെയാണ്.'' അതിന്റെ കാരണവും ആ അധ്യാപിക വ്യക്തമാക്കി:
   ''ഇയാളൊരു 'വിഷ'മാണ് (toxic person). ഒഴുക്കിനൊപ്പം നീന്തും. കോളജില്‍ ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ ഇയാള്‍ നിരുത്സാഹപ്പെടുത്തും. ഇയാളെ അംഗീകരിക്കുന്നില്ലെന്നു തോന്നിയാല്‍ അംഗീകരിക്കാത്ത വ്യക്തിക്കെതിരേ എന്തു നുണയും പറയും. സഹപ്രവര്‍ത്തകര്‍ കുട്ടികളുടെ നന്മയ്ക്കായി എന്തെങ്കിലും അധികം ചെയ്താല്‍ ഇയാള്‍ക്കതു സഹിക്കില്ല. ഇയാള്‍ക്കു പഠിപ്പിക്കുന്നതിലും താത്പര്യം അവധിയെടുത്ത് മറ്റു പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാണ്. പെട്ടെന്ന് അരിശം പ്രകടിപ്പിക്കുന്ന പ്രകൃതം. ഇയാള്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഒരു ശല്യമാണ്.''
    ഈ അധ്യാപിക പറഞ്ഞത് പൂര്‍ണാര്‍ഥത്തില്‍ ശരിയാണെന്ന് കൗണ്‍സലിങ്ങില്‍  മനസ്സിലായി. മകനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അപ്പനില്‍ ഉണ്ടാവേണ്ട ചില മാറ്റങ്ങളെക്കുറിച്ചു തന്ത്രപരമായി അവതരിപ്പിച്ചു. തുടര്‍ന്ന്, മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ട്രെയ്‌നിങ് പ്രോഗ്രാമിലേക്കു ക്ഷണിച്ചു. അതിലൂടെ അയാള്‍ മാറി. 
ഇയാള്‍ ഒരു മനോരോഗിയാണോയെന്നു സംശയിക്കാമെങ്കിലും ആയിരുന്നില്ല. ഇയാള്‍മൂലം കോളജില്‍ നെഗറ്റീവ് എനര്‍ജി പരക്കുകയും മറ്റുള്ളവര്‍ക്ക് ഉപദ്രവമായി ഇയാള്‍ മാറുകയും ചെയ്തിരുന്നുവെന്നതു സത്യമാണ്. എന്നിരുന്നാലും ഇയാളില്‍ സഹാനുഭൂതി ഉണ്ടായിരുന്നു. സൈക്കോപാത്തുകള്‍ക്കു സഹാനുഭൂതി വളരെ കുറവായിരിക്കും. ജയ്‌സണ്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുകയും അവരെ സഹായിക്കുകയും ചെയ്തിരുന്നു. അതിന്റെ അര്‍ഥം ജയ്‌സണ്‍ പൂര്‍ണമായും റ്റോക്‌സിക്‌വ്യക്തിയായിരുന്നില്ല എന്നതാണ്. ഒരു പൂര്‍ണ സൈക്കോപാത്ത് വ്യക്തിയില്‍ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ പ്രത്യക്ഷമായിരിക്കും: 
  1. മറ്റുള്ളവരിലേക്കു നിഷേധാത്മകത കുത്തിവയ്ക്കുകയും അതു പ്രകടിപ്പിക്കുകയും ചെയ്യും.
  2. ഇവര്‍ നല്ലപിള്ള ചമയുകയും മറ്റുള്ളവരെ  ഉപദ്രവിക്കാനായി അനേകരെ കൂടെ നിര്‍ത്തുകയും ചെയ്യും.
  3. ഇവര്‍ പൊയ്മുഖമുള്ള വ്യക്തികളായിരിക്കും. ഇവരുടെ കപടത മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. ഓഫീസുകളില്‍ മേലധികാരികള്‍ ഇവരെ പെട്ടെന്നു വിശ്വസിക്കുന്നതായി കണ്ടിട്ടുണ്ട്.
 3. സ്വന്തം തെറ്റുകള്‍ക്കു മറ്റുള്ളവരെ ഇവര്‍ ബലിയാടുകളാക്കും.
 4. മറ്റുള്ളവരെ കുറ്റം പറയുകയും അവരെ അപമാനിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും.
 5. സ്വന്തം ജോലിയില്‍ കഴിവുകുറവും ആത്മാര്‍ഥതയില്ലായ്മയും പ്രകടമായിരിക്കും.
 6. ഇവര്‍ തങ്ങളുടെ തെറ്റുകള്‍ സമ്മതിക്കാറില്ല.
 7. ഇത്തരക്കാര്‍ പരാതിപ്പെട്ടികളായിരിക്കും. ആരെക്കുറിച്ചെങ്കിലും ഇവര്‍ പരാതി പറഞ്ഞുകൊണ്ടേയിരിക്കും.
 8. തുടര്‍ച്ചയായി ജോലി ചെയ്യുന്നതില്‍ ഇവര്‍ വിമുഖരാണ്.
 9. ഇവര്‍ സ്വന്തം ജയത്തിനുവേണ്ടി മറ്റുള്ളവരോട് അമിതമായി മത്സരിക്കും. അതിന് ഏതു വളഞ്ഞവഴിയും സ്വീകരിക്കുകയും ചെയ്യും.
 10. സഹാനുഭൂതി വളരെ കുറവായിരിക്കും.
 11. ഇയാള്‍ മനോരോഗലക്ഷണങ്ങള്‍ കാണിക്കും.
ജയ്‌സണില്‍, മേല്‍സൂചിപ്പിച്ച സ്വഭാവ-പെരുമാറ്റരീതികള്‍ മിക്കതും ചെറിയ അളവില്‍ പ്രകടമായിരുന്നെങ്കിലും കൗണ്‍സലിങ് സ്വീകരിക്കുന്നതിനുള്ള ഉള്‍ക്കാഴ്ച ഉണ്ടായിരുന്നു. അതിനാല്‍ത്തന്നെ, എനിക്ക് അദ്ദേഹത്തിന്റെ പ്രശ്‌നത്തില്‍ ഇടപെടാന്‍ സാധിച്ചു. എന്നാല്‍, മിക്ക വ്യക്തികളുടെയും സ്ഥിതി ഇതല്ല. അവര്‍ സൈക്കോപാത്തുകള്‍ (മനോരോഗികള്‍) ആയിത്തന്നെ പെരുമാറും.
അത്തരക്കാരില്‍ മേല്‍സൂചിപ്പിച്ച ലക്ഷണങ്ങള്‍ ഉയര്‍ന്ന അളവിലുണ്ടാകും. പക്ഷേ, മിക്കപ്പോഴും അവര്‍ക്ക് ഇതിനെക്കുറിച്ചു ബോധ്യമുണ്ടാവില്ല.
എന്തുകൊണ്ട് വ്യക്തികളില്‍ ഇത്തരം സ്വഭാവ-പെരുമാറ്റരീതികള്‍ ഉടലെടുക്കുന്നു?
   പല കാരണങ്ങളും വ്യക്തികളെ ഇത്തരം പെരുമാറ്റരീതികളിലേക്കു നയിക്കാം. അതില്‍ പാരമ്പര്യത്തിന് ചെറിയ ഒരളവില്‍ പങ്കുണ്ടെങ്കിലും  കൂടുതലായി ഈ പ്രശ്‌നം പ്രകടിപ്പിക്കുന്നവര്‍ താഴെപ്പറയുന്ന അവസ്ഥകളിലൂടെ കടന്നുപോയവരാകാം.
- വളരെ മോശമായ രക്ഷാകര്‍ത്തൃത്വം.
- ചെറുപ്പകാലത്തുണ്ടായിട്ടുള്ള പീഡകള്‍.
- ചെറുപ്പകാലത്തുണ്ടായ, മറക്കാനാവാത്ത, ക്രൂരവും ദുഃഖകാരണവുമായ അനുഭവങ്ങള്‍.
- ചില മാനസികരോഗങ്ങള്‍.
- ലഹരിവസ്തുക്കളുടെ ഉപയോഗം.
- പെട്ടെന്നുണ്ടാകുന്ന ചില അനുഭവങ്ങളും സാഹചര്യങ്ങളും.
- ശാരീരികരോഗങ്ങളും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സ്വഭാവ-പെരുമാറ്റരീതികളും.
വ്യക്തികളെ ദുഷിപ്പിക്കുന്നതില്‍ അപക്വരക്ഷാകര്‍ത്തൃത്വത്തിനു വലിയ പങ്കുണ്ട്. ഇക്കാരണത്താല്‍ത്തന്നെ കുട്ടികളെ പരിപാലിക്കുമ്പോള്‍ നാം വലിയ ശ്രദ്ധ നല്‍കേണ്ടതായിട്ടുണ്ട്.
എങ്ങനെ ഇത്തരക്കാരെ സുഖപ്പെടുത്താം?
    തങ്ങളുടെ അവസ്ഥയെക്കുറിച്ചറിയില്ല എന്നുള്ളതാണ് ഇത്തരക്കാരുടെ പ്രശ്‌നം. ഇവരെ ബോധവത്കരിക്കാന്‍ താഴെപ്പറയുന്ന മാര്‍ഗങ്ങള്‍ ഉപയോഗിക്കാം:
1. മിതമായ വാക്കുകള്‍കൊണ്ടുള്ള ഏറ്റുമുട്ടല്‍.
2. ഒരു കൗണ്‍സലറുടെയോ കോച്ചിന്റെയോ സഹായം തേടുക.
3. ഇയാളുടെ വളരെ അടുത്ത സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടുക.
4. ഇത്തരക്കാരുടെ ആവശ്യങ്ങളില്‍ എന്തെങ്കിലും സഹായിച്ച് ഇവരുടെ ഇഷ്ടം സമ്പാദിക്കുക.
ജയ്‌സണ്‍ തന്റെ മകനുവേണ്ടിയാണു വന്നതെങ്കിലും കൗണ്‍സലറായ എന്റെ ശ്രദ്ധ രണ്ടുപേരെയും കൗണ്‍സലിങ്  പ്രക്രിയയിലൂടെ കടത്തിവിടുക എന്നതിലായിരുന്നു. ജയ്‌സണെ തന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തനാക്കിയപ്പോള്‍ അദ്ദേഹം സൈക്കോത്തെറാപ്പികളോടു സഹകരിച്ചുവെന്നതാണു വസ്തുത. അദ്ദേഹത്തിന്റെ ഭാര്യയുടെ ഇടപെടലും വളരെ ഗുണപ്രദമായിരുന്നു. ജയ്‌സണ്‍ കോളജില്‍ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നു എന്ന സൂചനയും വിശദീകരണവും അവര്‍ തന്നപ്പോള്‍ അതിലേക്കു കടക്കാന്‍ എളുപ്പമായി. തുടര്‍ന്ന്  BT, Time line Therapy, Hypnotherapy  എന്നിവ ഉപയോഗിക്കുകയും ഫലം കാണുകയും ചെയ്തു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)