•  26 Dec 2024
  •  ദീപം 57
  •  നാളം 42
കൗണ്‍സലിങ് കോര്‍ണര്‍

എന്തായിരുന്നു ഈ ദമ്പതികളുടെ പ്രശ്‌നം?

  ഏഴുമാസംമുമ്പു വിവാഹിതരായ ദമ്പതികള്‍ ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പമാണ് കൗണ്‍സലിങ്ങിനെത്തിയത്. ഭര്‍ത്താവിനോടും ഭാര്യയോടും ഒറ്റയ്‌ക്കൊറ്റയ്ക്കു സംസാരിച്ചപ്പോള്‍ ലഭിച്ചത് ഇവരുടെ ദാമ്പത്യജീവിതം വളരെ സന്തോഷകരമായി മുമ്പോട്ടുപോകുന്നു എന്ന വിവരമാണ്. അസ്വാഭാവികമായി ഒന്നുംതന്നെ ഒറ്റനോട്ടത്തില്‍ കാണാനും കഴിഞ്ഞില്ല. എന്നാല്‍, ഇവര്‍ക്കൊപ്പം വന്ന അമ്മ ആകെ വിവശയായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് മകനും ഭാര്യയും കൗണ്‍സലിങ്ങിന് എത്തിയതും! ഈ അമ്മയില്‍നിന്നു മനസ്സിലാക്കിയതനുസരിച്ച്, മകന്‍ ജോലിയില്‍നിന്നു സ്ഥിരമായി അവധിയെടുക്കുന്നു. മകന്റെ ഭാര്യ സ്വന്തം ജോലി കഴിഞ്ഞ ദിവസം രാജിവയ്ക്കുകയും ചെയ്തു. മകന്റെയും മകളുടെയും(ഭാര്യ) വീടുകള്‍ സാമ്പത്തികഭദ്രത ഉള്ളവയാകയാല്‍ ജോലിയില്‍നിന്നു ലഭിച്ചിരുന്ന വരുമാനത്തിന്റെ കുറവ് ഇവരെ ബാധിക്കുന്നില്ല.
    അമ്മയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മക്കളെ വീണ്ടും ഒറ്റയ്‌ക്കൊറ്റയ്ക്കു കാണാന്‍ തീരുമാനിച്ചു. ഈ പ്രാവശ്യം മകന്‍ പറഞ്ഞ കാര്യങ്ങള്‍ വളരെ വിചിത്രമായിരുന്നു. മകളെ കണ്ടപ്പോഴും  ലഭിച്ച വിവരങ്ങള്‍ ഭര്‍ത്താവു പറഞ്ഞവയുമായി വളരെ സാമ്യമുള്ളവയായിരുന്നു. ഇവര്‍ രണ്ടുപേരും പരസ്പരം വളരെയധികം സ്‌നേഹിക്കുന്നു. രണ്ടുപേര്‍ക്കും പിരിഞ്ഞിരിക്കാനേ പറ്റില്ല. മാത്രമല്ല, ഒരാള്‍ പുറത്തിറങ്ങിയാല്‍ വീട്ടിലിരിക്കുന്ന വ്യക്തിക്ക് വലിയ ആധിയാണ്. ഇവര്‍ പരസ്പരം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഭയപ്പെടുന്നു. ഇക്കാരണങ്ങളാലാണ് ഭാര്യ ജോലി രാജിവച്ചതും ഭര്‍ത്താവ് അവധിയെടുക്കുന്നതും.
   ഇവരുമായി കൂടുതല്‍ സംസാരിച്ചപ്പോഴാണു മനസ്സിലായത്, ഇവര്‍ രണ്ടുപേരും ചില വിചിത്രസ്വഭാവങ്ങളുടെ ഉടമകള്‍കൂടിയാണ്. രണ്ടുപേര്‍ക്കും തങ്ങളുടെ പങ്കാളി മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും അസഹനീയമായ കാര്യങ്ങളാണ്. ബന്ധുക്കള്‍, അയല്‍പക്കക്കാര്‍ എന്നിവരുമായുള്ള അടുപ്പം  ഇവര്‍ വിച്ഛേദിച്ചിരുന്നു. ഭാര്യയെ സംബന്ധിച്ചത്തോളം ഭര്‍ത്താവുമായി ഇടപഴകാന്‍   സാധ്യതയുള്ള, അയാളുടെ രണ്ടു സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള എല്ലാ പെണ്ണുങ്ങളും മോശക്കാരാണ്. ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഭാര്യയുമായി ഇടപഴകാന്‍ സാധ്യതയുള്ള അവരുടെ ഒരേയൊരു സഹോദരനുള്‍പ്പെടെയുള്ള എല്ലാ ആണുങ്ങളും ദുസ്സ്വഭാവികളാണ്. ഇവര്‍ ഭൂരിപക്ഷസമയവും മേല്‍സൂചിപ്പിച്ചവരുടെ കുറ്റങ്ങള്‍ പങ്കുവച്ച് സമയം കളയുന്നു. ഇവര്‍ സമൂഹത്തില്‍നിന്നു മാറിനില്‍ക്കാനായി പൊതുപരിപാടികള്‍ ഉപേക്ഷിച്ചിരുന്നു. മറ്റുള്ളവര്‍ തങ്ങളുടെ പങ്കാളിയെ നോക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ ഒളിച്ചോട്ടം! വീട്ടില്‍ അതിഥികള്‍ വന്നാല്‍, അവരെ ഇവര്‍ വിദഗ്ധമായി പറഞ്ഞുവിട്ടിരുന്നു. മറ്റുള്ളവരുടെ, പ്രത്യേകിച്ച് തന്റെ പങ്കാളിയുമായി ബന്ധപ്പെട്ടവരുടെ വളര്‍ച്ചയെ അസൂയയോടെ നോക്കിക്കാണുന്നതിലായിരുന്നു ഇവക്കു താത്പര്യം. ചെറിയ പ്രശ്‌നങ്ങളെ വലുതാക്കി കാണിക്കുക, ചെറിയ അസുഖങ്ങളെ വലിയ രോഗങ്ങളാക്കി ചിത്രീകരിക്കുക ഇവയൊക്കെ ഇവരുടെ പ്രത്യേകതകളായിരുന്നു!
എന്തായിരുന്നു ഈ ദമ്പതികളുടെ പ്രശ്‌നം?
    ആധിയോടെ ഉടമസ്ഥത സ്ഥാപിക്കാന്‍ (Possessiveness or obsessive love disorder) ശ്രമിക്കുന്ന മാനസിക പ്രശ്‌നമായിരുന്നു ഇവരുടേത് (https://en.m.wikipedia.org/wiki/obsessive love disorder).  സാധാരണരീതിയില്‍ ഈ പ്രശ്‌നം ദമ്പതികളില്‍ ഒരാള്‍ക്കാണ് ഉണ്ടാവുക. ഇത്തരം പ്രശ്‌നമുള്ള വ്യക്തിയുടെ പങ്കാളി വലിയ മാനസികസമ്മര്‍ദത്തിലൂടെ കടന്നുപോകാം. തനിക്ക് ഇഷ്ടമല്ലാത്ത കാര്യം പങ്കാളിയില്‍നിന്നുണ്ടായാല്‍ ഇത്തരക്കാര്‍ അക്രമാസക്തരാവുകയും പങ്കാളിയുമായി ഇടപഴകുന്ന വ്യക്തികളെ തേജോവധം ചെയ്യുകയും ചെയ്യും. അമ്മ, അപ്പന്‍, സഹോദരങ്ങള്‍, അയല്‍പക്കക്കാര്‍, സുഹൃത്തുക്കള്‍, ഓഫീസില്‍ ജോലി ചെയ്യുന്നവര്‍, ബന്ധുമിത്രാദികള്‍ എന്നിവരെയൊക്കെ പങ്കാളിയുമായി ബന്ധിപ്പിച്ച് അപഖ്യാതി പറയും!  ഇഷ്ടമില്ലാത്തവരെ കാണുമ്പോള്‍ അവരെ ഒഴിവാക്കാന്‍ അടവുകള്‍ കളിക്കുക ഇവരുടെ ശീലമാണ്. സംശയ ദൃഷ്ടിയോടെ നോക്കിക്കാണുക, പങ്കാളിയെ മിക്ക കാര്യങ്ങളിലും നിയന്ത്രിക്കുക, വിവേകരഹിതമായ പ്രതീക്ഷകള്‍ പങ്കാളിയില്‍ വച്ചുപുലര്‍ത്തുക, പങ്കാളി നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഓര്‍ത്ത് ഉത്കണ്ഠപ്പെടുക, സുരക്ഷിതത്വബോധമില്ലായ്മ, അമിതമായ അരിശം, അസഭ്യവാക്കുകള്‍ ചൊരിയുക, അക്രമസ്വഭാവം പ്രകടിപ്പിക്കുക, കഴിഞ്ഞകാലകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു പരിതപിക്കുക തുടങ്ങിയവയൊക്കെ ഇത്തരക്കാര്‍ പ്രകടിപ്പിക്കാം.
   എന്നാല്‍, നാം ഇവിടെ ചര്‍ച്ചചെയ്യുന്ന കഥാപാത്രങ്ങള്‍ രണ്ടുപേര്‍ക്കും മേല്‍സൂചിപ്പിച്ച  എല്ലാ പ്രശ്‌നങ്ങളും ഉണ്ടായിരുന്നതിനാല്‍ ഇവര്‍ ആരോടും ഇടപഴകാതെ ജീവിതം കഴിച്ചുകൂട്ടുകയായിരുന്നു. ഇവര്‍ രണ്ടുപേരും സദാസമയം ഒരുമിച്ചായിരുന്നതിനാലും ചര്‍ച്ച ചെയ്യാന്‍ പരസ്പരം താത്പര്യമുള്ള (കുറ്റംപറച്ചില്‍) വിഷയം ഉണ്ടായിരുന്നതിനാലും ഇവരുടെ ഇടയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി ഇവര്‍ക്കോ മറ്റുള്ളവര്‍ക്കോ തോന്നിയിരുന്നുമില്ല. ഇവര്‍ ജോലി ഉപേക്ഷിച്ചപ്പോഴാണ് ഭര്‍ത്താവിന്റെ അമ്മ ഇവരുടെ കാര്യത്തില്‍ ഇടപെടുന്നത്. ഇവര്‍ ഇവരുടെ ഭാവി നശിപ്പിക്കുന്നതായും ഇവര്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍  ചെയ്യുന്നില്ലെന്നുമുള്ള ബോധ്യവും അമ്മയെ അസ്വസ്ഥമാക്കി.
ഇവരില്‍ എങ്ങനെ കൗണ്‍സലിങ് ടെക്‌നിക്കുകള്‍ പ്രയോഗിച്ചു?
   എന്റെ ആദ്യദൗത്യം അവര്‍ക്ക് അവര്‍ അനുഭവിക്കുന്ന പ്രശ്‌നം മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു. തുടര്‍ന്ന്, വ്യത്യസ്ത കൗണ്‍സലിങ് ടെക്‌നിക്കുകളിലൂടെ അവരെ കടത്തിവിട്ടു. ഒപ്പംതന്നെ, ഒരു മനോരോഗവിദഗ്ധനെ കാണാനും ആവശ്യമെങ്കില്‍ മരുന്നെടുക്കാനും നിര്‍ദേശിച്ചു. അവരില്‍ ശക്തമായി പ്രതിഫലിച്ചിരുന്ന ഉത്കണ്ഠയ്ക്ക് മരുന്ന് ആവശ്യമായിരുന്നു. കൗണ്‍സലിങ്ങും മരുന്നും  അവരില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു!
എന്തുകൊണ്ടാണ് ഇവരില്‍ ഇത്തരം ഒരു രോഗാവസ്ഥ ഉടലെടുത്തത്?
    ഈ ദമ്പതികളുടെ കുടുംബപശ്ചാത്തലവും കുട്ടിക്കാലവും പക്വതയാര്‍ജിച്ച കാലഘട്ടവും തമ്മില്‍ ചില സാമ്യങ്ങളും അവ ഇവരില്‍ ചെലുത്തിയ സ്വാധീനവും ഇവര്‍ രണ്ടുപേരും ഒരേ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരായി മാറാന്‍ കാരണമായി. ഇവര്‍ എന്തുകൊണ്ട് വ്യക്തിപരമായി ഈ പ്രശ്‌നങ്ങളെ പങ്കാളിക്കു ദോഷകരമായ രീതിയില്‍ പുറത്തെടുത്തു എന്നു ചോദിച്ചാല്‍,  ഇവരില്‍ ഉണ്ടായിരുന്ന ചില പൊരുത്തങ്ങളായിരുന്നു കാരണം എന്നു പറയാന്‍ കഴിയും. ആധിയോടെ ഉടമസ്ഥത സ്ഥാപിക്കുന്ന ഈ പ്രശ്‌നത്തിലേക്ക് ഇവരെ നയിച്ച ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
   ഭര്‍ത്താവിന്റെ  അപ്പന്‍ അയാളുടെ ചെറുപ്പംമുതലേ വിദേശത്തായിരുന്നു. പിതാവിന്റെ സ്‌നേഹം അയാള്‍ക്കു ലഭിച്ചിരുന്നില്ല. 
ഭാര്യയുടെ അമ്മ, അവള്‍ക്ക് എട്ടുവയസ്സുള്ളപ്പോള്‍ മരിച്ചു. അമ്മയുടെ നഷ്ടത്തിന്റെ ഓര്‍മകള്‍ അവളെ എന്നും അലട്ടിയിരുന്നു.
    ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിസ്ഥലത്തു പ്രണയമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ കാമുകി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഭാര്യയുടെ കാമുകനെ കൂട്ടുകാരി വിവാഹം കഴിച്ചു!
    ഇവര്‍ രണ്ടുപേരും വിവാഹത്തിനുമുമ്പേ സ്‌നേഹബന്ധത്തിലായിരുന്നു. ഇവരുടെ മാതാപിതാക്കള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരുന്നപ്പോള്‍ ബോറടിമാറ്റാന്‍ സംസാരിച്ചുതുടങ്ങിയ ബന്ധമായിരുന്നു.
    ഇവര്‍ രണ്ടുപേരും തങ്ങളുടെ തകര്‍ന്ന പ്രണയങ്ങളുമായി ബന്ധപ്പെട്ട വിഷാദരോഗാവസ്ഥയിലൂടെ കടന്നുപോയിരുന്നു.
തങ്ങള്‍ തങ്ങളുടെ പങ്കാളിയെ കണ്ടെത്തിയപ്പോള്‍ ഇതും ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ചിന്ത ഇവരില്‍ രൂഢമൂലമായിരുന്നു.
മേല്‍സൂചിപ്പിച്ച സംഭവവികാസങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഇവരെ ഇവരുടെ പ്രശ്‌നങ്ങളിലേക്കു നയിച്ചു.
ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടാതിരിക്കാന്‍ പൊതുവായി  എന്തെല്ലാം മുന്‍കരുതലുകള്‍ എടുക്കാം?
   • മാതാപിതാക്കള്‍, സഹോദങ്ങള്‍, ബന്ധുമിത്രാദികള്‍ എന്നിവരുമായെല്ലാം ആശയവിനിമയം നടത്തുക. 
   • നല്ല സുഹൃത്തുക്കളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും അവരെ വിശ്വസിക്കാനും ശീലിക്കുക.
   • മാനസികരോഗലക്ഷണങ്ങളെ മനസ്സിലാക്കി പരിഹാരം കണ്ടെത്തുക.
   • എല്ലായ്‌പോഴും എല്ലായിടത്തും തുറന്ന പുസ്തകമാകുന്ന രീതി ഒഴിവാക്കി പ്രശ്‌നങ്ങളെ മനസ്സിലാക്കാന്‍  കഴിയുന്നവരുമായി കാര്യങ്ങള്‍ പങ്കുവയ്ക്കുക. ചില രഹസ്യങ്ങള്‍ എല്ലാവരോടും പറയരുത്. 
   • ട്രെയിനിങ് പ്രോഗ്രാമുകളിലും കൗണ്‍സലിങ് സെഷനുകളിലും പങ്കെടുക്കുക. കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിലേക്കു പറഞ്ഞയയ്ക്കുക.
   • ജീവിതവിജയമെന്നത് പ്രണയത്തിലും വിവാഹത്തിലും ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല എന്ന ബോധ്യം ഉണ്ടായിരിക്കുക.
   • മറ്റുള്ളവരെ അവരുടെ കുറവുകളോടുകൂടി, സ്വാതന്ത്ര്യം നല്‍കി വളര്‍ത്തുന്ന വ്യക്തികളായി മാറാന്‍ പരിശ്രമിക്കുക.
   • അടുപ്പത്തിലും മിതമായ അകലം പാലിക്കുക.
   ചുരുക്കത്തില്‍, നാം സത്യമെന്നു കരുതുന്ന പലതും സത്യമാവണമെന്നില്ല. നമുക്കു ചുറ്റുമുള്ളവരെ അവരുടെ നന്മ ലക്ഷ്യമാക്കി നിരീക്ഷിക്കാന്‍ നമുക്കു സാധിച്ചാല്‍ അത് അവരുടെ ജീവിതത്തെ പോസിറ്റീവായി മാറ്റിമറിക്കും. അതാണ് ഈ ലേഖനത്തില്‍ സൂചിപ്പിച്ച അമ്മ ചെയ്തതും! ഇത്തരമൊരു അമ്മമനസ്സ് നമ്മുടെ ജീവിതത്തിലും ഉണ്ടാവട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)