കൗണ്‍സലിങ്ങിനായി എത്തിയ നാല്പത്തഞ്ചുകാരന്‍ ഒരു രഹസ്യം പറഞ്ഞു: ''എനിക്കു വയറ്റില്‍ കാന്‍സറാണ്. എന്റെ ഭാര്യയ്ക്ക് ഇതറിയില്ല. സാറിതു രഹസ്യമാക്കി വയ്ക്കണം.'' ഞാന്‍ പൂര്‍ണമായും സമ്മതിച്ചു. ഇദ്ദേഹം ഡല്‍ഹിയിലായിരുന്നു. വയറുവേദനയും മറ്റു ശാരീരികാസ്വസ്ഥതകളും ഇദ്ദേഹത്തെ ഹോസ്പിറ്റലില്‍ എത്തിച്ചു. കേരളത്തിനുപുറത്തു രോഗനിര്‍ണയം നടത്തപ്പെട്ടതിനാല്‍ വീട്ടുകാരില്‍നിന്നു മറയ്ക്കാന്‍ സാധിച്ചു. ''എനിക്കു മാനസികപിരിമുറുക്കം അസഹനീയമാണ്. സാറെന്നെ സഹായിക്കണം.'' ഇദ്ദേഹത്തിന്റെ ശാരീരികാസ്വാസ്ഥ്യങ്ങളും മാനസികപിരിമുറുക്കവും ലഘൂകരിക്കുക എന്നതായിരുന്നു എന്റെ ദൗത്യം. അതിനുവേണ്ടി ഹിപ്‌നോതെറാപ്പി ഞാന്‍ തിരഞ്ഞെടുത്തു. കാരണം, എന്റെ പിഎച്ച്ഡി പഠനകാലത്തും കൗണ്‍സലിങ്അനുഭവത്തിലും ഹിപ്‌നോതെറാപ്പിയുടെ സാധ്യതകള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. കൂടാതെ, 'പെയിന്‍ മാനേജുമെന്റ് തെറാപ്പി ഫോര്‍ കാന്‍സറി'ല്‍ ഹിപ്‌നോതെറാപ്പിയുടെ ഫലം പഠനങ്ങള്‍ തെളിയിച്ചിട്ടുമുണ്ട്. സന്ദര്‍ശിക്കുക: (https://pmc. ncbi. nlm. nih. gov/articles/PMC40934117/).
കാന്‍സര്‍രോഗികളുടെ മാനസികാവസ്ഥ എന്തായിരിക്കും?
മാരകമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികളുടെ മാനസികാവസ്ഥ പ്രശ്‌നസങ്കീര്‍ണമായിരിക്കും. അവരുടെ വികാരവിചാരങ്ങളുടെ ആകെത്തുക അവരുടെ ശരീരത്തെയും രോഗത്തെയും സ്വാധീനിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മാരകരോഗങ്ങള്‍ ബാധിച്ചവരും മനസ്സിനെ മെരുക്കി അതില്‍നിന്നു രക്ഷപ്പെട്ട സംഭവങ്ങള്‍ എന്റെ കൗണ്‍സലിങ് അനുഭവത്തിലുണ്ട്! സന്ദര്‍ശിക്കുക (https://www. researchgate.net/publication/370483266). മേല്‍സൂചിപ്പിച്ചതാണ് യഥാര്‍ഥത്തില്‍ സംഭവിക്കേണ്ടതെങ്കിലും മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനത അവന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ പലപ്പോഴും കഴിയാറില്ല എന്നതാണ്. മനസ്സിനെ സാധാരണ കുരങ്ങിനോട് ഉപമിക്കാറുണ്ട്. വളരെ ഗുരുതരമായ രോഗം കണ്ടുപിടിക്കപ്പെട്ടാല്‍ രോഗി വ്യത്യസ്തതരത്തിലുള്ള വൈകാരികസമ്മര്‍ദങ്ങള്‍ പ്രകടിപ്പിക്കും. ഇതിന് അപവാദമായി പ്രവര്‍ത്തിക്കുന്നവര്‍ വളരെ ചുരുക്കമേ ഉണ്ടാകാറുള്ളൂ! മനസ്സിനെ നിയന്ത്രിക്കാന്‍ ശാസ്ത്രീയവഴികള്‍ തേടുന്ന ഒരു വ്യക്തിയെയാണ് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ ഞാന്‍ സൂചിപ്പിച്ചിരിക്കുന്നത്. മാരകരോഗങ്ങള്‍ കണ്ടുപിടിക്കപ്പെട്ടാല്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കെല്പില്ലാത്ത വ്യക്തി ആദ്യം ഭയക്കും. രണ്ടാമതായി, രോഗാവസ്ഥയെ രോഗി നിഷേധിക്കും. മൂന്നാമതായി, സാധാരണയായി രോഗി ദേഷ്യം പ്രകടിപ്പിക്കും. തനിക്കു രക്ഷ കിട്ടാന്‍ എന്തു ചെയ്യണം എന്ന നിലയിലെത്തും. രോഗാവസ്ഥയില്‍ ശമനം കാണുന്നില്ലായെങ്കില്‍ മാനസികസമ്മര്‍ദം അതിന്റെ പാരമ്യത്തിലെത്താം. തുടര്‍ന്ന്, ഇനി ഒന്നും ചെയ്തിട്ടു കാര്യമില്ല, മരണമേ മാര്‍ഗമുള്ളൂ എന്ന ചിന്തയിലേക്കു രോഗി നീങ്ങാം. ഇത് സ്വന്തം നിസ്സഹായാവസ്ഥയെ അംഗീകരിക്കലാണ്. (Fear, denial, anger, bargaining, depression and acceptance) (FDABDA). ഇതില്‍ ഭയമാണ് ഏറ്റവും വലിയ വില്ലന്‍. ഭയം ഉള്ളില്‍ കടക്കാതിരുന്നാല്‍ രോഗി രോഗാവസ്ഥയില്‍നിന്നു രക്ഷപ്പെടാനുള്ള സാധ്യത പതിന്മടങ്ങായി വര്‍ധിക്കുന്നു. എത്ര സങ്കീര്‍ണമായ രോഗാവസ്ഥയിലും മേല്‍സൂചിപ്പിച്ച വസ്തുതതയ്ക്കു പ്രാധാന്യമുണ്ട്. ഭയമില്ലാത്തവരില്‍ അദ്ഭുതരോഗസൗഖ്യങ്ങള്‍ നടക്കും.
കൗണ്‍സലറുടെ ധര്‍മമെന്ത്?
കാന്‍സര്‍ രോഗാവസ്ഥയില്‍ ഭയത്തെ രോഗിയുടെ ഉള്ളില്‍നിന്നു മാറ്റുക എന്നതാണ് കൗണ്‍സലറുടെ ഒന്നാമത്തെ കടമ. ഈ ലേഖനത്തില്‍ പരാമര്‍ശിച്ച കാന്‍സര്‍രോഗി ഭയത്തെ ഒരുപരിധിവരെ മറികടന്നിരുന്നു. എങ്കിലും, അദ്ദേഹത്തെ ചില സമയങ്ങളില്‍ അലട്ടാറുണ്ടായിരുന്ന ഭയത്തെ 'ചിന്തയെ ബന്ധിക്കുന്ന രീതി'കളുപയോഗിച്ച് മറികടന്നു. FDABDA യിലെ ഭയം ഒഴിച്ചു ബാക്കിയുള്ള നാലവസ്ഥകള്‍ കഠിനമാവാതെ തന്റെ അവസ്ഥയെ അംഗീകരിക്കുക എന്ന തലത്തിലേക്കു രോഗി യെ എത്തിച്ചു. തുടര്‍ന്ന്, പോസിറ്റീവായ പ്രതീക്ഷകള്‍ ഇയാളിലേക്കു നിര്‍ദേശങ്ങളായി കടത്തിവിട്ടു. ഇതിലേക്കായി ഹിപ്‌നോസിസ് പ്രയോജനപ്പെടുത്തി. കാന്‍സറിന്റെ രണ്ടാം സ്റ്റേജിലായിരുന്ന ഇദ്ദേഹം മരുന്നും കൗണ്‍സലിങ്ങും ഒരുമിച്ചുചേര്‍ത്ത് ഇന്നു മുന്നേറുന്നു. ചുരുക്കത്തില്‍, കൗണ്‍സലറുടെ ധര്‍മമെന്നത് രോഗിയെ രോഗത്തെക്കുറിച്ചു ചിന്തിപ്പിക്കാതെ, മരുന്നിനോടും തെറാപ്പികളോടും സഹകരിപ്പിച്ചു മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥയിലേക്ക് എത്തിക്കുക എന്നതാണ്.
രോഗിയുടെ കുടുംബാംഗങ്ങളും കൗണ്‍സലിങും
മാരകമായ രോഗം ബാധിച്ച രോഗി കുടുംബാംഗങ്ങള്‍ അറിഞ്ഞ് കൗണ്‍സലിങ്ങിനെത്തിയാല്‍ അവരെയും കൗണ്‍സലിങ് പ്രോസസിലൂടെ കടത്തിവിടണം. കുടുംബാംഗം രോഗാവസ്ഥയിലായാല്‍ അതു കുടുംബത്തെ മുഴുവനായി ബാധിക്കും. രോഗിയെ തന്മയത്വത്തോടെ പരിചരിക്കുക, വികാരവിചാരങ്ങളെ നിയന്ത്രിക്കുക, രോഗിയുടെ സൗഖ്യത്തെക്കുറിച്ചു സ്വപ്നം കാണുക തുടങ്ങിയ കാര്യങ്ങള്‍ ഫാമിലി കൗണ്‍സലിങ് സെഷനിലൂടെ കുടുംബാംഗങ്ങള്‍ മനസ്സിലാക്കുകയും അതിനായുള്ള കഴിവുകള്‍ ആര്‍ജിക്കുകയും ചെയ്യുന്നു. ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കു കാര്യമായ സപ്പോര്‍ട്ടു നല്‍കേണ്ട ആവശ്യമില്ലായിരുന്നെങ്കില്‍ക്കൂടിയും അവര്‍ അനുവര്‍ത്തിക്കേണ്ട രീതികള്‍ രോഗാവസ്ഥയെക്കുറിച്ചു പറയാതെ അവരുടെയുള്ളില്‍ ഉറപ്പിച്ചു. ഇതിനു കാരണം, രോഗി കോണ്‍ഫിഡന്‍ഷ്യാലിറ്റി നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതിനാലാണ്. ചുരുക്കത്തില്‍, ഈ ലേഖനത്തിലെ രോഗിയെ ഇന്ന് ആരോഗ്യവാനാക്കി നിലനിര്‍ത്തുന്നതില്‍ ഫാമിലിയുടെ പങ്കു വളരെ വലുതാണ്. വ്യക്തമായ ബോധ്യത്തോടെ ഒരു കൗണ്‍സലര്‍ പ്രവര്‍ത്തിച്ചാല്‍ ഇത്തരത്തിലുള്ള വ്യക്തികളെയും കുടുംബാംഗങ്ങളെയും സമാധാനപൂര്‍ണമായ ജീവിതത്തിലേക്കു നയിക്കാന്‍ കഴിയും.