''സാര്‍, എന്റെയും ഈ രണ്ടു പിള്ളേരുടെയും തലയില്‍ തൊട്ട് സത്യം ചെയ്തതാ, അയാള്‍ ഇനിയും ലിസയുടെ കൂടെ പോകില്ലായെന്ന്. ഇയാള്‍ (ഭര്‍ത്താവ്) ഇന്നലെയും അവളുടെ വീട്ടിലായിരുന്നു. ഞങ്ങളുടെ മക്കളുടെ തലയില്‍ കൈവച്ച് സത്യം ചെയ്യുന്നതിനുപോലും അയാള്‍ വില നല്‍കുന്നില്ല. എനിക്ക് അയാളുടെ കൂടെ ജീവിക്കണം സാര്‍. അതുകൊണ്ടാ, ഇങ്ങനെ ക്ഷമിക്കും സഹിച്ചും പിറകേ നടക്കുന്നത്.'' മീരയുടെ വാക്കുകളില്‍ സങ്കടവും നിസ്സഹായതയും തളം കെട്ടിനിന്നു.
രാജേഷിന്റെ ജീവിതം പഠിച്ചപ്പോള്‍ അതു സങ്കീര്‍ണമായിരുന്നു. ഇയാള്‍ക്ക് എല്ലാറ്റിനും പുതുമവേണം. രാജേഷ് ആദ്യമായി പ്രേമിക്കുന്നത് നാലാം ക്ലാസില്‍ വച്ചാണ്. ലിസ പന്ത്രണ്ടാമത്തെ വ്യക്തിയാണ്. ആരെ പ്രേമിച്ചാലും രാജേഷ് അത് അധികകാലം നിലനിര്‍ത്തില്ല. മീരയെ അഞ്ചുവര്‍ഷംമുമ്പാണ് ഇയാള്‍ വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞ് ഒന്നരവര്‍ഷത്തിനുശേഷം ഇയാള്‍ ലിസയുമായി അടുത്തു. ഈ അടുപ്പത്തെക്കുറിച്ച് രാജേഷുതന്നെ മീരയോടു പറയുകയും ചെയ്തു.
എന്തായിരുന്നു രാജേഷിന്റെ പ്രശ്‌നം?
രാജേഷ് പന്ത്രണ്ടു സ്‌നേഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ഒരു വിവാഹം കഴിക്കുകയും ചെയ്ത വ്യക്തിയാണ്. വിവാഹം പ്രണയിച്ചു കഴിച്ചതായിരുന്നില്ല. പ്രണയിക്കുന്ന സമയങ്ങളില്‍ താന്‍ വിവാഹം കഴിക്കില്ലായെന്ന് നേരത്തേതന്നെ പറയുകയും ചെയ്യുമായിരുന്നു. ലിസയുടെ കാര്യത്തിലും ഇതുതന്നെ ചെയ്തിരിക്കുന്നു! ഹൈപ്പര്‍ സെക്ഷ്വാലിറ്റിയാണ് (ഒ്യുലൃലെഃൗമഹശ്യേ) ഇയാളുടെ പ്രശ്‌നമെന്നു തോന്നിയെങ്കിലും പീന്നീട് മനസ്സിലായത് ഇതൊരു ''പഠിച്ച പെരുമാറ്റരീതി'' ആണ് എന്നാണ്. കൗണ്‍സലിങ് പ്രോസസില്‍ രാജേഷ് പൂര്‍ണ്ണമായും സഹകരിച്ചതോടെ അയാളുടെ പെരുമാറ്റരീതിയുടെ കാരണം കണ്ടെത്തുക എളുപ്പമായി. രാജേഷിന് എട്ടുവയസ്സുള്ളപ്പോള്‍ അമ്മ ഇസ്രയേലിനു പോയി. അപ്പന്‍ ജോലിസംബന്ധമായ ആവശ്യങ്ങളില്‍ തിരക്കിലുമായിരുന്നു. കുട്ടിയായ രാജേഷിനെ നോക്കിയിരുന്നത് വീട്ടുജോലിക്കാരിയാണ്. അവരുടെ മകള്‍ ആ വീട്ടില്‍ സ്ഥിരം വരുകയും രാജേഷിനെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ആ പെണ്‍കുട്ടി കൂട്ടുകാരികളെയും കൂട്ടിവന്ന് ഇതു തുടര്‍ന്നു. രാജേഷ് ചെറിയ കുട്ടി ആയിരുന്നതിനാലും ഇതിനെക്കുറിച്ച് വ്യക്തമായ അറിവില്ലാതിരുന്നതിനാലും, ഇതു തുറന്നു പറയുവാന്‍ ആരും വീട്ടില്‍ ഇല്ലാതിരുന്നതിനാലും, അവരില്‍നിന്നു ലഭിച്ച കരുതലിനെയും സ്പര്‍ശനത്തെയും സ്‌നേഹമായി തെറ്റിദ്ധരിച്ചിരുന്നതിനാലും ജോലിക്കാരിയുടെ മകളുടെയും കൂട്ടുകാരികളുടെയും പ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. അവര്‍ കൊടുത്ത ആശയം അനുസരിച്ചാണ് രാജേഷ് നാലാംക്ലാസില്‍വച്ച് ഒരു പെണ്‍കുട്ടിയോട് ഇഷ്ടം പറയുന്നത്. ചുരുക്കത്തില്‍ അന്നു രാജേഷ് പഠിച്ച പെരുമാറ്റരീതി ഇന്നും തുടരുന്നു.
രാജേഷിന് സംഭവിച്ചത് വിരളമായി സംഭവിക്കുന്ന ഒന്നാണോ?
ഇത്തരം സംഭവങ്ങള്‍ നമ്മുടെ പല വീടുകളിലും സംഭവിക്കുന്നതും സംഭവിക്കാന്‍ സാധ്യതയുള്ളതുമാണ് എന്നാണ് എന്റെ കൗണ്‍സലിങ് അനുഭവങ്ങളില്‍നിന്നു മനസ്സിലായിരിക്കുന്നത്. മക്കളെ ജനിപ്പിച്ചിനുശേഷം ഒരു പരിചയവുമില്ലാത്ത, രക്തബന്ധമില്ലാത്ത, സ്വഭാവത്തെക്കുറിച്ച് ധാരണയില്ലാത്ത വ്യക്തികളെ കാവലേല്പിച്ച് ഓടിമറയുന്ന മാതാപിതാക്കളുടെ വീടുകളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്. അതുകൊണ്ടുതന്നെ മക്കളെ നോക്കാന്‍ ജോലി ഉപേക്ഷിക്കുന്ന മാതാപിതാക്കളെ മാലാഖമാര്‍ക്കൊപ്പം ഉപമിക്കാന്‍ ആഗ്രഹിക്കുന്നു. ഞാനിത് എഴുതുന്നത് വീട്ടിലെ പട്ടിണി മാറ്റാന്‍ കൊച്ചുകുട്ടികളെ വീട്ടിലാക്കി അന്യദേശത്തു പോകുന്നവരെക്കുറിച്ചല്ല. എല്ലാ സൗകര്യങ്ങളും നാട്ടിലുണ്ടായിട്ടും കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കുവേണ്ടി മക്കളെ മറ്റുള്ളവരുടെ അടുത്താക്കി നാടുവിടുന്നവരെക്കുറിച്ചാണ്. ഒരു നിശ്ചിതപ്രായത്തിനുമുമ്പ് ബോര്‍ഡിങ് സ്‌കൂളുകളില്‍, കുട്ടികളുടെ സമ്മതമില്ലാതെ അവരെ അഡ്മിറ്റ് ചെയ്യുന്നതു പലവട്ടം ആലോചിച്ചിട്ടുവേണം എന്ന അഭിപ്രായക്കാരനാണു ഞാന്‍.
കാരണം, അമ്മയുടെയും അപ്പന്റെയും സ്‌നേഹത്തിനുപകരം വയ്ക്കാവുന്ന മറ്റൊന്ന് ഈ ഭൂമിയില്‍ കുട്ടിക്കു ലഭ്യമല്ല. (അവര്‍ സ്‌നേഹിക്കുവാന്‍ അറിയുന്നവരാണെങ്കില്‍ മാത്രം). ചില വീടുകളില്‍ വല്യപ്പനും വല്യമ്മയും നല്‍കുന്ന സ്‌നേഹം കുട്ടികള്‍ക്ക് അമൃതാണ്. ചില ബോര്‍ഡിങ് സ്‌കൂളുകളിലെ സ്‌നേഹനിധികളായ അധ്യാപകരും സ്വന്തം മാതാപിതാക്കളെക്കാള്‍ സ്‌നേഹസമ്പന്നരാണ്.
രാജേഷിന്റെ പ്രശ്‌നവും മീരയുടെ സങ്കടവും എങ്ങനെ പരിഹരിക്കപ്പെട്ടു?
മീരയുടെ, രാജേഷിനെ മനസ്സിലാക്കുവാനുള്ള കഴിവ് അപാരമായിരുന്നു. അതുമാത്രമല്ല, മീര ഒരിക്കലും തങ്ങളുടെ പ്രശ്‌നത്തെ മാതാപിതാക്കളുടെ ഇടയില്‍ അവതരിപ്പിച്ച സങ്കീര്‍ണമാക്കിയിരുന്നുമില്ല.
മീര രാജേഷിനെ മനസ്സിലാക്കുന്നതിന്റെ ഭാഗമായി കണ്ടെത്തിയ വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു.
• പഠിച്ച പെരുമാറ്റരീതി പ്രാവര്‍ത്തികമാക്കുന്നു (ഇത് ലൈംഗികാതിക്രമത്തില്‍നിന്നും ഉടലെടുത്തതാണ്)
• പെരുമാറ്റവൈകല്യം ശക്തമായിരുന്നു.
• വ്യക്തിത്വവൈകല്യം ആര്‍ജിച്ചിരുന്നു.
•ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡറിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു.
മേല്‍ സൂചിപ്പിച്ച നാലു കാര്യങ്ങളും രാജേഷില്‍ ഉണ്ടെന്ന ബോധ്യം മീരയെ കൂടുതല്‍ ബലപ്പെടുത്തി. കാരണം, തന്റെ ഭര്‍ത്താവ് ചെയ്യുന്ന കാര്യങ്ങള്‍ തന്നെ ഇഷ്ടമില്ലാത്തതിന്റെ പേരിലല്ല; മറിച്ച് രോഗാവസ്ഥയില്‍ ആയതുകൊണ്ടാണ് എന്നവര്‍ മനസ്സിലാക്കി. അവള്‍ രാജേഷിന്റെ ഒരു നല്ല കൂട്ടുകാരിയായി മാറി എന്നതാണ് വസ്തുത.
മേല്‍സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംകൂടി തേടി. അത് ഒബ്‌സഷനെ പരിഹരിക്കാന്‍ സഹായിച്ചു.
കൗണ്‍സലിങ് പ്രോസസിലൂടെ രാജേഷില്‍ ഉണ്ടായിരുന്ന കഴിഞ്ഞകാല അനുഭവങ്ങളുമായി ബന്ധപ്പെട്ട 'ഉത്തേജനങ്ങളെ' ഇല്ലാതാക്കി. കുട്ടിക്കാലത്തു ലഭിക്കാതിരൂന്ന മാതാപിതാക്കളുടെ സ്‌നേഹം ഹിപ്‌നോട്ടിക് റീപേരന്റിങ്ങിലൂടെ നല്‍കി. ഇത് അയാളുടെ കുട്ടിക്കാലത്തെ മുറിവുകളെയും ഉണക്കി. മീരയുടെ ഉപാധികളില്ലാത്ത സ്‌നേഹം മരുന്നുകള്‍ക്കും കൗണ്‍സലിങ്ങുകള്‍ക്കും അതീതമായി പ്രവര്‍ത്തിച്ചു.
കഴിഞ്ഞദിവസം രാജേഷ് പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കുന്നു: ''നമ്മെ മനസ്സിലാക്കുന്ന, പൂര്‍ണമായും സ്‌നേഹിക്കുന്ന ഒരു പങ്കാളിയെ ലഭിക്കുക എന്നതിനപ്പുറമൊരു സൗഭാഗ്യം മറ്റൊന്നുമില്ല. ഞാന്‍ എന്റെ മീരയെ ജീവിതാവസാനം വരെ ജീവനുതുല്യം സ്‌നേഹിക്കും.'' ഈ വാക്കുകളില്‍നിന്നും നമുക്ക് മനസ്സിലാകും മീര സന്തോഷം അനുഭവിക്കുന്നു എന്ന്.
കൗണ്‍സലിങ് കോര്‍ണര്‍
അരക്ഷിതബാല്യത്തിന്റെ അപകടങ്ങള്‍
ഡോ. ജസ്റ്റിന് തോമസ്
