•  18 Dec 2025
  •  ദീപം 58
  •  നാളം 41
കൗണ്‍സലിങ് കോര്‍ണര്‍

തുണി തിന്നുന്ന പെണ്‍കുട്ടി

''എന്റെ മോള്‍ക്ക് തല്ലുകൊള്ളാനാണു യോഗം. പന്ത്രണ്ടു വയസ്സുള്ള കുട്ടിയല്ലേ? തുണി തിന്നരുത് എന്നു പറഞ്ഞാല്‍ അവള്‍ കേള്‍ക്കില്ല. അവളുടെ അപ്പന്റെ ഷര്‍ട്ട് അവള്‍ കടിച്ചുമുറിച്ചു. വഴക്കുപറഞ്ഞാലും തല്ലിയാലും അവളതുതന്നെ ചെയ്യും. ഞങ്ങള്‍ക്കറിയാവുന്ന ഒരു ചേട്ടന്‍ ഒരു സിദ്ധനെയും കൂട്ടി വന്നിരുന്നു. അദ്ദേഹം പറഞ്ഞത്, എന്തോ  അവളുടെ ദേഹത്തു കൂടിയതാണെന്നാണ്. സാറിനെ ഒന്നു കണ്ടതിനുശേഷം ഒഴിപ്പിക്കാന്‍ പോകാമെന്നു കരുതി.'' സാറായുടെ അമ്മ രജനി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ അവരുടെ അറിവില്ലായ്മകൊണ്ടാണല്ലോ ഇത്രയും കാലം അവര്‍ ആ കുട്ടിയെ വഴക്കു പറയുകയും തല്ലുകയും ചെയ്തത് എന്നോര്‍ത്തു! ഞാന്‍ കുട്ടിയുടെ അമ്മയോടു പറഞ്ഞു, 'അവള്‍ക്കു പൈക്ക(ജകഇഅ) ആണ് എന്ന്.' അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു: ''എന്താ ഈ പൈക്ക?''
എന്തായിരുന്നു സാറായുടെ പ്രശ്‌നം?
ഞാന്‍ കുട്ടിയുടെ  അമ്മയോടു സൂചിപ്പിച്ച പൈക്ക എന്ന പ്രശ്‌നമായിരുന്നു സാറാ അഭിമുഖീകരിച്ചിരുന്നത്. ഈ പ്രശ്‌നമുള്ള ആളുകള്‍ പോഷകമൂല്യമില്ലാത്ത വസ്തുക്കള്‍ (ഭക്ഷണമല്ലാത്തവയും) കഴിക്കുന്നു. സാറയുടെ ആഭിമുഖ്യം തുണിയോടായിരുന്നു. ഇത് ഭക്ഷണക്രമക്കേട് എന്ന മാനസികപ്രശ്‌നത്തില്‍ വരുന്നതാണ്. ഈറ്റിങ് ഡിസോര്‍ഡര്‍ വ്യക്തിയുടെ മാനസിക-ശാരീരിക നിലകളെ സാരമായി ബാധിക്കും. ഇതൊരു ഭക്ഷണവുമായി ബന്ധപ്പെട്ട പെരുമാറ്റവൈകല്യം കൂടിയാണ്. പൈക്ക സാധാരണരീതിയില്‍ ഉണ്ടാവുന്നത് ശരീരത്തിലെ പോഷകവസ്തുക്കളുടെ കുറവ്, മാനസികവളര്‍ച്ചയിലുണ്ടാകുന്ന തകരാറുകള്‍, ചില മാനസികപ്രശ്‌നങ്ങള്‍, ഗര്‍ഭധാരണം, പെട്ടെന്നുണ്ടാകുന്ന ഭയാനകമായ അവസ്ഥകള്‍, ചില ശീലങ്ങള്‍, സാമൂഹികശീലങ്ങള്‍ തുടങ്ങിയ ഏതെങ്കിലുമൊക്കെ കാരണങ്ങളാലാണ്. ഇവിടെ സാറായ്ക്ക് ഈ പ്രശ്‌നം ഉടലെടുക്കാന്‍ കാരണം ബെഡ്ഷീറ്റ് വായിലിട്ട് ചവച്ചുറങ്ങുന്ന ശീലമാണ്. തുണിയുടെ രുചി അവള്‍ ഉപബോധമനസ്സില്‍ ഇഷ്ടപ്പെടുകയും അതില്ലാതെ മുമ്പോട്ടുപോകാന്‍ കഴിയാതാവുകയും ചെയ്തു. 
ഏതൊക്കെയാണ് മറ്റ് ഈറ്റിങ് ഡിസോര്‍ഡേഴ്‌സ്?
സാറായുടെ പ്രശ്‌നം പൈക്ക ആയിരുന്നെങ്കില്‍ ഈറ്റിങ് ഡിസോര്‍ഡറിന്റെ മറ്റ് അവസ്ഥകള്‍കൂടി അറിഞ്ഞിരിക്കുന്നതു നല്ലതാണ്. പൊതുവെ കാണുന്ന ആറു തരത്തിലുള്ള ഈറ്റിങ് ഡിസോര്‍ഡേഴ്‌സ് താഴെ ചേര്‍ക്കുന്നു. 
അമിതഭക്ഷണം ഇടവിടാതെ കഴിക്കുക.
തൂക്കം വര്‍ദ്ധിക്കുമെന്ന ചിന്തയില്‍ ഭക്ഷണം ഒഴിവാക്കുകയും അമിതവ്യായാമം ചെയ്യുകയും ചെയ്യുക.
അമിതഭക്ഷണം കഴിക്കുകയും തൂക്കം കൂടാതിരിക്കാന്‍ അമിതവ്യായാമം ചെയ്യുകയും ചെയ്യുക
പോഷകമൂല്യമില്ലാത്ത വസ്തുക്കള്‍ കഴിക്കുക
ദഹിക്കാത്ത അല്ലെങ്കില്‍ പെട്ടെന്നു ദഹിക്കാത്ത ഭക്ഷണസാധനങ്ങള്‍ കഴിക്കുക
ഇഷ്ടമില്ലാത്ത ധാരാളം ഭക്ഷണസാധനങ്ങള്‍ ഉണ്ടായിരിക്കുകയും അവ ഒഴിവാക്കി വളരെ കുറച്ച് ഭക്ഷണസാധനങ്ങള്‍ മാത്രം കഴിക്കുകയും ചെയ്യുക.
മേല്‍സൂചിപ്പിച്ച ഈറ്റിങ് ഡിസോര്‍ഡേഴ്‌സ് ഒക്കെ ഒരു വ്യക്തിയുടെ ഏതു പ്രായത്തില്‍ വേണമെങ്കിലും വന്നുചേരാം. ഇത്തരം പ്രശ്‌നങ്ങള്‍ ആരംഭത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ പരിഹാരമാര്‍ഗം എളുപ്പമാണ്.
സാറായുടെ പൈക്ക എങ്ങനെ പരിഹരിക്കപ്പെട്ടു?
സാറാ പന്ത്രണ്ടു വയസ്സുള്ള കുട്ടി ആയിരുന്നതിനാലും ശീലം മുഖേന ആര്‍ജിച്ച ഡിസോര്‍ഡര്‍ ആയിരുന്നതിനാലും അവളുടെ ഉപബോധമനസ്സില്‍നിന്നും തുണി കഴിക്കുവാനുള്ള ത്വര ഇല്ലാതാക്കുവാന്‍ തീരുമാനിച്ചു. ഇതിന് ഏറ്റവും ഉചിതം ഹിപ്‌നോതെറാപ്പി ആണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന് അതു നടപ്പാക്കി. അതു വിജയിക്കുകയും ചെയ്തു. സാറയുടെ പ്രശ്‌നപരിഹാരത്തിനായി അവളുടെ മാതാപിതാക്കളും സഹോദരിയും പൂര്‍ണമായി സഹകരിച്ചു.
ഈറ്റിങ് ഡിസോര്‍ഡേഴ്‌സ് ഉള്ള വ്യക്തികള്‍ എങ്ങനെ അമിതഡിപ്രഷനിലേക്കും ആത്മഹത്യാശ്രമങ്ങളിലേക്കും എത്തിച്ചേരുന്നു?
മേല്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍ സാറയുടെ മാതാപിതാക്കളുടെ അറിവില്ലായ്മ ഇവിടെ വിശദീകരിക്കുന്നത് ഉചിതമായിരിക്കും. സാറായുടെ മാതാപിതാക്കള്‍ കരുതിയത് അവള്‍ തുണി തിന്നുന്നത് അനുസരണക്കേടിന്റെ, അഹങ്കാരത്തിന്റെ ഭാഗമായാണ് എന്നാണ്. അവള്‍ക്കുള്ള പ്രശ്‌നം ഒരു രോഗമാണെന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. അതിനാല്‍ത്തന്നെ മിക്ക ദിവസവും അവള്‍ മാതാപിതാക്കളില്‍നിന്നു ശിക്ഷയും വഴക്കും മേടിച്ചിരുന്നു. സാറയും മാതാപിതാക്കളും ഒരു കൗണ്‍സിലറെ കാണാന്‍ തയ്യാറായതുകൊണ്ടും ഞാന്‍ ഈ പ്രശ്‌നം അവര്‍ക്കു വിവരിച്ചു നല്‍കിയതുകൊണ്ടും അവരതു മനസ്സിലാക്കി, സാറ രക്ഷപ്പെട്ടു. മേല്‍സൂചിപ്പിച്ച തീരുമാനം അവര്‍ എടുത്തില്ലായിരുന്നുവെങ്കില്‍ സാറയെ ശിക്ഷിക്കുന്നത് മാതാപിതാക്കള്‍ തുടരുമായിരുന്നു! ശിക്ഷിക്കപ്പെട്ടാലും പ്രശ്‌നത്തില്‍നിന്നു പുറത്തുകടക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് അമിത ഉത്കണ്ഠയിലേക്കും ഡിപ്രഷനിലേക്കും സാറയെ നയിക്കുമായിരുന്നു. ഡിപ്രഷന്റെ പ്രധാനമായ ഇരുപത്തിയൊന്നു ലക്ഷണങ്ങളില്‍ മാരകമായ ആത്മഹത്യാചിന്ത ഒരുപക്ഷേ, സാറയിലും പ്രത്യക്ഷപ്പെടാമായിരുന്നു! ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളെല്ലാം കൗണ്‍സലിങ്ങിന് എത്തിച്ചേരണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അതിനാല്‍ത്തന്നെ മേല്‍സൂചിപ്പിച്ച രീതിയില്‍ ഇതു മാരകമാണ്.
ഈറ്റിങ് ഡിസോര്‍ഡേഴ്‌സ് ഉള്ള വ്യക്തികള്‍ അഭിമുഖീകരിക്കുന്ന മറ്റു പ്രശ്‌നങ്ങള്‍ എന്തെല്ലാം?
ഈ ലേഖനത്തില്‍ത്തന്ന നേരത്തേ സൂചിപ്പിച്ചതുപോലെ ആറുതരത്തിലുള്ള ഈറ്റിങ് ഡിസോര്‍ഡേഴ്‌സാണ് സാധാരണ കണ്ടുവരാറുള്ളത്. ഈ പ്രശ്‌നങ്ങളുടെ പൊതുവായ പ്രത്യാഘാതങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ശരീരഭാരം അമിതമായി കൂടുക.
ശരീരഭാരം അമിതമായി കുറയുക.
ശരീരത്തിനാവശ്യമായ ഭക്ഷണവും പോഷകങ്ങളും ലഭിക്കാതെ മരണമടയുക.
ശരീരത്തിലെ ആന്തരികാവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഉടലെടുക്കുക.
അമിത ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയാല്‍ ബുദ്ധിമുട്ടുകള്‍.
പഠനം, ജോലി, വീട്ടുകാര്യങ്ങള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയില്‍ ഉലച്ചില്‍ ഉണ്ടാകുക
അപകര്‍ഷതാബോധവും ഒഴിഞ്ഞുമാറലും പ്രത്യക്ഷമാവുക.
അമിതക്ഷീണവും ശരീരത്തെ ബാധിക്കുന്ന അനവധി രോഗങ്ങളും ഉണ്ടാവുക.
മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പൊതുവായി ഈറ്റിങ് ഡിസോര്‍ഡേഴ്‌സുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്നവയാണ്. പ്രത്യേകമായ ഈറ്റിങ് ഡിസോര്‍ഡര്‍ ഏതാണ് ഒരു വ്യക്തിയെ ബാധിച്ചിരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളില്‍ മാറ്റം വരും. അമിതഭക്ഷണം കഴിക്കുന്ന ഈറ്റിങ് ഡിസോര്‍ഡറില്‍ പൊണ്ണത്തടി പ്രശ്‌നമായി വരുമ്പോള്‍ തൂക്കം കൂടുമെന്ന ഭയത്താല്‍ ഭക്ഷണം കഴിക്കാത്ത അവസ്ഥയില്‍ തൂക്കം കുറഞ്ഞ് മരണംവരെ സംഭവിക്കാം.
കൊച്ചുകുട്ടികള്‍ നിലത്ത്/ മുറ്റത്ത് കിടക്കുന്ന വസ്തുക്കള്‍ വായിലിട്ടു കഴിക്കുന്നത് ഈറ്റിങ് ഡിസോര്‍ഡര്‍ ആണോ?
മേല്‍സൂചിപ്പിച്ച ചോദ്യത്തിനുത്തരം 'അല്ല' എന്നതാണ്. മൂന്നുവയസ്സുവരെയുള്ള കുട്ടികളുടെ ഇത്തരം രീതികള്‍ ഈറ്റിങ് ഡിസോര്‍ഡറായി കണക്കാക്കേണ്ടതില്ല. അപകടകാരികളായ വസ്തുക്കള്‍ അവര്‍ വായിലിടാതെ ശ്രദ്ധിച്ചാല്‍ മതി. ഇതു സംഭവിക്കുന്നത് അവരുടെ ആകാംക്ഷകൊണ്ടും രുചിച്ചറിയുവാനുള്ള കഴിവ് വര്‍ദ്ധിക്കേണ്ടതിനുവേണ്ടിയുമാണ്. കുഞ്ഞുങ്ങള്‍ അവരുടെ വായ, കാര്യങ്ങള്‍ മനസ്സിലാക്കി ഉപയോഗിക്കുന്നതിന്റെ ഭാഗം കൂടിയാണിത്. 
ഇന്ന് സാറായുടെ അവസ്ഥ എന്താണ്?
ഇന്ന് സാറാ സന്തോഷവതിയാണ്. അവള്‍ പൂര്‍ണമായും പ്രശ്‌നത്തില്‍നിന്നു പുറത്തു കടന്നിരിക്കുന്നു. എന്നിരുന്നാല്‍ക്കൂടിയും മൂന്നുമാസത്തില്‍ ഒരിക്കല്‍ അവര്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുവാന്‍ എത്താറുണ്ട്. അവളുടെ ഭക്ഷണക്രമം ചിട്ടയായി തുടരുന്നു. പോഷകാംശക്കുറവ് ഇപ്പോള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടിരിക്കുന്നു. അപ്പന്റെയും അമ്മയുടെയും ശിക്ഷകളുടെ മനസ്സിലെ മുറിവുണങ്ങാന്‍ പ്രത്യേക തെറാപ്പികളും പിന്നീട് കൊടുത്തിരുന്നു. ഒത്തിരി സ്‌നേഹത്തോടെ അവര്‍ ജീവിതം മുമ്പോട്ടുനയിക്കുന്നു.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)