•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

ഇടം

കേരളത്തിലെ ഏറ്റവും മനോഹരമായ വീടായി വാഴ്ത്തപ്പെടുന്ന പുഴക്കരബംഗ്ലാവ് പൊളിച്ചുനീക്കുന്ന വാര്‍ത്ത പത്രങ്ങളിലും ചാനലുകളിലും പ്രാധാന്യത്തോടെ വന്നു. വീടിന്റെ ചിത്രത്തിനൊപ്പം ദീര്‍ഘനാളായി അതു പൊളിപ്പിക്കാന്‍ നിയമപോരാട്ടം നടത്തിയ ജിനേഷിന്റെ ഫോട്ടോയും അവന്റെ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളിലെത്തി. പരിസ്ഥിതിപ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ ജിനേഷിനു നിരന്തരമായി വന്നുകൊണ്ടിരുന്നു. കോണ്‍സ്റ്റബിള്‍ അജയന്‍ പത്രം വിശദമായി വായിച്ചു രസിച്ചു. 
''ആ വീടു പൊളിച്ചുകളഞ്ഞാലെങ്കിലും ഞങ്ങടെ ഈ പണി തീരുമോ മോനേ?'' സെക്യൂരിറ്റി പോലീസ് അജയന്‍ ചോദിച്ചു.
''അജയന്‍സാറേ, വാസ്തവത്തില്‍ ഈ പ്രൊട്ടക്ഷനേര്‍പ്പാട് നമ്മള് രണ്ടുകൂട്ടര്‍ക്കും ബുദ്ധിമുട്ടാ. ഇനി ഇത്രയും പബ്ലിസിറ്റിയായതുകൊണ്ട് എന്നെയൊരുത്തനും ഒരു ചുക്കും ചെയ്യുകേല. ഇന്നുതന്നെ പ്രൊട്ടക്ഷന്‍ പിന്‍വലിക്കാന്‍ ഞാനെഴുതിക്കൊടുക്കുന്നുണ്ട്.'' ജിനേഷ് പറഞ്ഞു.
''അയ്യോ, ഞാന്‍ പറഞ്ഞതുകൊണ്ട് വേണ്ടെന്നൊന്നും വയ്ക്കണ്ട. തന്നേമല്ല, അതു പൊളിക്കുന്ന ദിവസങ്ങളില്‍ തീര്‍ച്ചയായും കരുതല്‍ വേണം.''
''ഒന്നുമില്ലന്നേ, ഇപ്പോഴെനിക്ക് പേടിയൊക്കെപ്പോയി. ഭീഷണിയുണ്ടായ രാത്രീല്‍ കളക്ടറെ വിളിച്ചു പറഞ്ഞപ്പോള്‍ പെട്ടെന്ന് പോലീസിനെ ഏര്‍പ്പെടുത്തുമെന്നൊന്നും കരുതിയതല്ല. അവരോടുംകൂടി ഒന്നുപറയണം. കളക്ടറെക്കണ്ട് പൊളിക്കലിന്റെ നടപടിക്രമമൊക്കെ ചോദിച്ചറിയുകയും വേണം.'' ജിനേഷ് പറഞ്ഞു.
''ജിനേഷേ, എനിക്ക് ഈ ക്രിമിനല്‍സിന്റെയൊക്കെ പൊതുസ്വഭാവം കുറച്ചൊക്കെയറിയാവുന്നതുകൊണ്ടു പറയുകാ, പ്രൊട്ടക്ഷന്‍ ഉള്ളതാ ഒരു സുരക്ഷിതത്വം.''
''അജയന്‍സാറ് ടെന്‍ഷനടിക്കണ്ട. ഞാനെല്ലാവശവും ആലോചിച്ചേ തീരുമാനമെടുക്കുന്നുള്ളൂ.'' ജിനേഷ് പറഞ്ഞു.
അമ്മയും പെങ്ങളും പല പ്രാവശ്യം വീട്ടിലെ പോലീസിന്റെ താമസത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നാട്ടുകാര്‍ക്കിടയില്‍ ചില ദുഷ്പ്രചരണങ്ങളുമുണ്ടായി. എവിടെപ്പോകുമ്പോഴും ഒപ്പം പോലീസുള്ളത് ജിനേഷിന് വലിയ അസ്വാതന്ത്ര്യമുണ്ടാക്കി. അവന്റെ സൗഹൃദബന്ധങ്ങള്‍ക്കുപോലും പോലീസ് വിലങ്ങുതടിയായി മാറിയിരുന്നു. പതിനൊന്നുമണിയോടെ ജിനേഷ് പോലീസ് സ്റ്റേഷനിലെത്തി.
''ജിനേഷേ, വാ, വന്നിരിക്ക്.'' സബ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു സൗഹൃദഭാവത്തില്‍ പറഞ്ഞു. അവന്‍ എസ്.ഐ.യ്‌ക്കെതിരേ കസേരയില്‍ കടന്നിരുന്നു.
''ഇപ്പഴെങ്ങനെയുണ്ടെടോ? ഭീഷണി വല്ലതും വരുന്നുണ്ടോ?'' എസ്.ഐ. തിരക്കി.
''ഇപ്പഴ് എനിക്കു പേടിയങ്ങു മാറി. മീഡിയാസിലൊക്കെ നല്ല കവറേജ് വന്നതുകൊണ്ട് ഇനി വല്യവിഷയമുണ്ടാകുമെന്നു തോന്നുന്നില്ല. എന്റെ പ്രൊട്ടക്ഷന്‍ പിന്‍വലിക്കുന്ന കാര്യം സംസാരിക്കാനാ വന്നത്.''
''എടോ, അങ്ങനെ എനിക്കു പെട്ടെന്ന് പിന്‍വലിക്കാനൊന്നും പറ്റില്ല. ജീവന്‍ അപകടത്തിലാണെന്ന് താന്‍ കളക്ടറോടു പറഞ്ഞതിന്റെപേരില്‍ പെട്ടെന്നുണ്ടായ ഉത്തരവാണത്. കംപ്ലെയ്ന്റ്‌ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തനിക്ക് പോലീസ് പ്രൊട്ടക്ഷന്‍ തന്നു. ഇനിയിപ്പം അതു മാറ്റണമെന്നുണ്ടെങ്കില്‍ താനതു രേഖാമൂലം എഴുതി കളക്ടര്‍ക്കുതന്നെ നല്‍കണം. ഈ സ്റ്റേഷനീന്ന് പോലീസുകാരെ വിട്ടുതരുന്നതുകൊണ്ട് എനിക്കും ഒരു കത്തു തന്നേക്ക്.''
''അത് എങ്ങനെ എഴുതണം സാറേ?''
''നിലവില്‍ യാതൊരുവിധ ഭീഷണിയുമില്ല, ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രൊട്ടക്ഷന്‍ നീക്കിത്തരണം എന്നെഴുതിയാല്‍ മതി. താന്‍ റൈറ്ററുടെ അടുത്തു ചെല്ല്. കടലാസു തരും. പറഞ്ഞും തരും.'' എസ്.ഐ. പറഞ്ഞു.
ജിനേഷ് എഴുന്നേറ്റ് റൈറ്ററുടെയടുത്തേക്കു പോയി. റൈറ്ററുടെ സഹായത്തോടെ കത്തു തയ്യാറാക്കി എസ്.ഐയ്ക്കു നല്കി. ഉച്ചകഴിഞ്ഞ് കളക്ടറെ നേരില്‍ക്കണ്ട് പ്രൊട്ടക്ഷന്‍ പിന്‍വലിക്കണമെന്ന്  അപേക്ഷ കൊടുത്തു.
''ജിനേഷ്, കാര്യങ്ങള്‍ എല്ലാമൊന്നു ശാന്തമായിട്ട് പ്രൊട്ടക്ഷന്‍ പിന്‍വലിക്കുന്നതാണ് വിവേകം. പോലീസ് പ്രശ്‌നമായിട്ടു തോന്നുന്നുണ്ടോ?'' കളക്ടര്‍ ചോദിച്ചു.
''സര്‍, വീട്ടില്‍ ഞാനും അമ്മയും പെങ്ങളുമാണുള്ളത്. പോലീസ് വീട്ടില്‍ താമസിക്കുന്നത് ആകെ അസൗകര്യമാ. മുപ്പത്തിരണ്ടുവയസ്സായ കല്യാണംകഴിക്കാത്ത പെങ്ങളാ. വീട്ടില്‍ തയ്യലുമുണ്ട്. എന്റെയീ പ്രവര്‍ത്തനങ്ങളോടുതന്നെ അമ്മയ്ക്കും പെങ്ങള്‍ക്കും വെറുപ്പായി. അതുകൊണ്ടൊക്കെയാ. എനിക്കിപ്പോള്‍ പേടിയുമില്ല.''
''ഭീഷണിയില്ലെന്നും പ്രൊട്ടക്ഷന്‍ മാറ്റണമെന്നും നിര്‍ബ്ബന്ധപൂര്‍വ്വം പറഞ്ഞാല്‍ ചെയ്തുതരാം.''
''ഒഴിവാക്കണം സര്‍.''
''ശരി. എഴുതി ഒപ്പിട്ടുതന്നിട്ടു പൊയ്‌ക്കോളൂ.'' കളക്ടര്‍ സലോമി പറഞ്ഞു. അന്നുതന്നെ ജിനേഷിന്റെ പ്രൊട്ടക്ഷന്‍ പിന്‍വലിക്കപ്പെട്ടു. അവനത് വലിയ ആശ്വാസമായിത്തോന്നി.
തന്റെ സ്വപ്നഗൃഹം വിട്ടിറങ്ങേണ്ടിവരുമെന്നുറപ്പായതോടെ പുഴക്കര വക്കച്ചനു വിറളിപിടിച്ചു. അയാള്‍ ഭ്രാന്തുപിടിച്ചവനെപ്പോലെ മെയിന്‍ഹാളില്‍ അങ്ങുമിങ്ങും നടന്നു. കൈകള്‍ കൂട്ടിത്തിരുമ്മുകയും തല കുടയുകയുമൊക്കെ ചെയ്തു. വീല്‍ചെയറില്‍, അമ്മയുടെ സഹായത്തോടെ മീര പപ്പായുടെയടുത്തെത്തി. വക്കച്ചന്‍ അവളെയൊന്നു നോക്കിയിട്ട് പിന്നെയും നടപ്പുതുടര്‍ന്നു. അയാള്‍ക്കു ടെന്‍ഷന്‍മൂലം തല പൊട്ടിത്തെറിക്കുമെന്നു തോന്നിപ്പോയി.
''പപ്പാ...'' മീര സൗമ്യമായി വിളിച്ചു. വക്കച്ചന്‍ അവളുടെ മുമ്പില്‍ വന്നുനിന്നു.
''മോളേ, ഈ കാണുന്ന നമ്മുടെ വീട് കമ്പിയും സിമന്റും കട്ടയുമൊന്നുമല്ല. എന്റെ ശരീരമാ... എന്റെ പ്രാണനാ... ഇതു തകര്‍ന്നടിയുമ്പോള്‍ എന്റെ മരണവും നടക്കും. വക്കച്ചന്‍ മരണംകൊണ്ടും തീരില്ല. പ്രേതമായി പുനര്‍ജനിക്കും. ദ്രോഹിച്ചവരോട് ഒന്നൊന്നായി പകരം ചോദിക്കും. ഒരാളേം വിടുകേല. ജീവനുള്ള മനുഷ്യനെക്കാള്‍ ആയിരമിരട്ടി ശക്തിയും ബുദ്ധിയുമുണ്ടായിരിക്കും പ്രേതത്തിന്.'' അതു പറയുമ്പോള്‍ പ്രേതമുഖംപോലെ അയാളുടെ മുഖവും ബീഭത്സമായി.
''പപ്പാ, ആരെയങ്കിലും വിളിച്ച് നമ്മുടെ വീടിന്റെ വീഡിയോ എടുപ്പിക്കുമോ. കാണാമല്ലോ. ഓര്‍ക്കാമല്ലോ, എന്നും.'' മീര പറഞ്ഞു.
''വയ്യ മോളെ, ഒന്നിനും വയ്യ. തകര്‍ന്നുനില്ക്കുകാ പപ്പാ.''
''വിഷമിക്കാതെ പപ്പാ. നമ്മളൊക്കെ നിയമം അനുസരിക്കേണ്ടവരല്ലേ. കുറ്റം ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടും. അങ്ങനെയൊക്കെ വിചാരിക്കാം.'' മീര പറഞ്ഞു. 
''നിയമലംഘനം ഇവിടെ മാത്രമാണോടീ? എല്ലായിടത്തും അതല്ലേ നടക്കുന്നത്? ഇതു പ്രതികാരം ചെയ്യുന്നതാ. മാത്തന്റെ മകള്‍ പകരംവീട്ടുന്നതാ. അവടെ തന്തയെ കൊന്നത് ഞാനാണെന്നാ വിചാരം. ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടിച്ചത്തതിന് വക്കച്ചനെന്തു പിഴച്ചു? വൈരാഗ്യം തീര്‍ക്കാന്‍ മാത്രമല്ല, പേരെടുക്കാന്‍വേണ്ടിക്കൂടിയാ അവളെന്റെ വീടുപൊളിക്കുന്നത്.'' വക്കച്ചന്റെ നെഞ്ചില്‍ പക കാട്ടുതീയായി ആളിപ്പടര്‍ന്നു.
അപ്പോള്‍ അഡ്വ. ബാലഗോപാലിന്റെ കാര്‍ വീട്ടുമുറ്റത്തെത്തിനിന്നു. കാറില്‍നിന്നു തിടുക്കത്തിലിറങ്ങിയ അദ്ദേഹം പുഴക്കരബംഗ്ലാവിലേക്ക് ഓടിക്കയറി. വക്കച്ചന്‍ ഇരുണ്ട മുഖത്തോടെ ഇറങ്ങിവന്ന് വക്കീലിനെയുംകൂട്ടി മുറിയിലേക്കു പോയി. അവിടെ അവര്‍ മുഖാമുഖമിരുന്നു.
അഡ്വക്കേറ്റ് ബാലഗോപാലിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
''കണക്കുതീര്‍ത്ത് കാശുവാങ്ങാന്‍ വന്നതാണോ?'' വക്കച്ചന്‍ ഗൗരവത്തില്‍ ചോദിച്ചു. 
''അല്ല. കോടതികളിന്ന് പരിസ്ഥിതിക്ക് വലിയ പ്രാധാന്യം നല്കുകാ. എന്തുചെയ്യാം.''
''അതിനല്ലേടോ ലക്ഷങ്ങള്‍ മുടക്കി വക്കീലിനെ വച്ചത്? എട്ടു സെന്റില്‍ കിടക്കുന്നവന്റെ ഫീസില്ലാവക്കീലിനോട് തോറ്റിട്ടുവന്നിരിക്കുന്നു.'' 
''അച്ചായാ, കേസില്‍ ജയവും തോല്‍വിയുമുണ്ടാകും. അതു വക്കീലിന്റെ കുഴപ്പമല്ല.'' അഡ്വക്കേറ്റ് ബാലഗോപാല്‍ പറഞ്ഞു.
''കുഴപ്പം എന്റേതാ. തന്നെയൊക്കെ കേസേല്‍പ്പിച്ചത് ഞാന്‍ കാണിച്ച മണ്ടത്തരം.''
''എടോ, തന്റെയീ കേസ് ലോകത്തില്‍ ഒരു വക്കീലിനെക്കൊണ്ടും വാദിച്ചു ജയിപ്പിക്കാന്‍ പറ്റാത്തതാ. ഇതു പിടിക്കാന്‍പോയത് എന്റെയബദ്ധം. കേസിന്റെ റിസല്‍റ്റുവന്നപ്പം വന്നുകണ്ടത് തെറ്റായിപ്പോയി. ഞാന്‍ പോകുന്നു.'' അഡ്വക്കറ്റ് ബാലഗോപാല്‍ എഴുന്നേറ്റ് മുറിവിട്ടു. അയാള്‍ കാറില്‍ക്കയറി തിരിച്ചുപോയി.
പിറ്റേന്നുരാവിലെ രണ്ടു വലിയ ലോറികള്‍ പുഴക്കര ബംഗാവിന്റെ മുമ്പിലെ മുറ്റത്തെത്തി. പത്തോളം പണിക്കാരും ലോറികളിലുണ്ടായിരുന്നു. വക്കച്ചന്‍ ഇറങ്ങിവന്നു. അയാള്‍ പണിക്കാര്‍ക്ക് വീട്ടിലെ സാധനങ്ങള്‍ ലോറിയിലേക്കു കയറ്റാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കി. പണിക്കാര്‍ ഫര്‍ണിച്ചറുകളാണ് ആദ്യം ലോറിയില്‍ കയറ്റിയത്. 
''മോഹനാ,'' വക്കച്ചന്‍ തന്റെ സൂപ്പര്‍വൈസറെ വിളിച്ചു. 
''എന്താ...എന്താ അച്ചായാ?''
''മൗണ്ടിലെ നമ്മുടെ തറവാടുവീട് വൃത്തിയാക്കുന്ന കാര്യം ഇന്നലെ ചിലരെ ചുമതലപ്പെടുത്തിയിരുന്നു. എന്തെങ്കിലും നടന്നോന്നറിയാമോ?''
''വീടടിച്ചുവാരി എല്ലാഭാഗവും വൃത്തിയാക്കീട്ടുണ്ട്. പെയിന്റു ചെയ്യാത്തതിന്റെ ഒരു കുറവേയുള്ളൂ.''
''കറന്റും വെള്ളവുമൊക്കെ?''
അതെല്ലാം ശരിയാക്കി.
''ഇറങ്ങിപ്പോന്നിട്ടു നാലുവര്‍ഷമായി.'' വക്കച്ചന്‍ ആരോടെന്നില്ലാതെ പറഞ്ഞു. 
''എനിക്കീ വീടിനെക്കാളും കാണാനിഷ്ടം ആ വീടുതന്നെയാ. ഒരു പാരമ്പര്യം തോന്നിക്കും.'' മോഹനന്‍ പറഞ്ഞു.
''വേണ്ട, ഇത്തരം ആശ്വസിപ്പിക്കലുകള്‍ എനിക്കു കേള്‍ക്കണ്ട.'' വക്കച്ചന്‍ വിലക്കി.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)