•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു  പോയി. പിന്നീട് തമ്മില്‍ കാണുന്നത് സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം  സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്! എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്ക് പണം കൊടുക്കാമെന്നു ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി, പണം തരില്ലെന്ന് എല്‍സയെ അറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് സന്തോഷിച്ചു. എന്നാല്‍, ഭര്‍ത്താവറിയാതെ ഗര്‍ഭച്ഛിദ്രം നടത്തി വര്‍ഷ. ബാത്‌റൂമില്‍ വീണ് ഗര്‍ഭം അലസി എന്നു ജയേഷിനോടു കള്ളം പറഞ്ഞു. ഒരു രാത്രി പെയ്ത പെരുമഴയില്‍ വീടിനു സമീപംനിന്ന പ്ലാവ് കടപുഴകി വീണ് സിസിലി മരിച്ചു. എല്‍സ ഒറ്റപ്പെട്ടു. ഡോക്ടര്‍ മനു അവള്‍ക്ക് തന്റെ ആശുപത്രിയില്‍ ഒരു ജോലി കൊടുത്തു.
(തുടര്‍ന്നു വായിക്കുക) 

നേരിയ ചാറ്റല്‍മഴ. 
ഡോക്ടര്‍ മനു കാറിന്റെ സ്പീഡ് അല്പം കുറച്ചു. നനഞ്ഞ റോഡിലൂടെ സാവധാനമാണ് ആ കാര്‍ ഓടിക്കൊണ്ടിരുന്നത്. എഫ്.എം. റേഡിയോയില്‍നിന്നൊഴുകിവരുന്ന യേശുദാസിന്റെ ശ്രുതിമധുരമായ ഗാനത്തിനൊത്ത് മനുവും പാടിക്കൊണ്ടിരുന്നു.
മെയിന്റോഡില്‍നിന്ന് കാര്‍ വലത്തോട്ടു തിരിഞ്ഞു പോക്കറ്റ് റോഡിലേക്കു പ്രവേശിച്ചു. അരകിലോമീറ്റര്‍ ഓടിയിട്ട് ഇടത്തോട്ടു തിരിഞ്ഞു വീട്ടുമുറ്റത്തേക്കു കയറി.
കാര്‍ വന്ന ശബ്ദം കേട്ടതും മുറിയില്‍ വാട്ട്‌സ് ആപ് നോക്കിക്കൊണ്ടിരുന്ന നിഖില ജനാലയിലൂടെ വെളിയിലേക്കു നോക്കി. മനുവിന്റെ കാറാണെന്നു കണ്ടതും ഫോണ്‍ മേശപ്പുറത്തേക്കു വച്ചിട്ട് അവള്‍ എണീറ്റ് വെളിയിലേക്കിറങ്ങി വന്നു. മനുവിന്റെ ഇളയസഹോദരിയാണ് നിഖില. ഡിഗ്രി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി.
കാര്‍ പാര്‍ക്കു ചെയ്തിട്ട് ഇറങ്ങി സാവധാനം നടന്നു സിറ്റൗട്ടിലേക്കു കയറി മനു. കൈയിലൊരു പൊതിയുമുണ്ടായിരുന്നു. നിഖില വന്നു പൊതി വാങ്ങി തുറന്നുനോക്കി. മധുരപലഹാരങ്ങളായിരുന്നു അതിനകത്ത്. 
''താങ്ക്‌യു ചേട്ടായി.''
ഒരു  ജിലേബി എടുത്തവള്‍ കടിച്ചു.
''അമ്മയ്ക്കുംകൂടി ഒള്ളതാ.''
പൊതിയുമായി നിഖില അകത്തേക്കു പോകാന്‍ തിരിഞ്ഞതും അമ്മ തെരേസ സിറ്റൗട്ടിലേക്കു വന്നു. നിഖില പൊതി അമ്മയ്ക്കു കൈമാറി.  
''മോനിന്നു നേരത്തേ പോന്നോ?''
''ഇന്നു തിരക്കു കുറവായിരുന്നു അമ്മേ.''
''ചേട്ടായി ഒരാളുടെ മുട്ടുചിരട്ട മാറ്റിവച്ച വാര്‍ത്തയും പടവും പത്രത്തിലുണ്ടായിരുന്നല്ലോ! ഇവിടിപ്പം ചേട്ടായിക്കു നല്ല പേരായി കേട്ടോ.''
''അതൊക്കെ ഒരു ദൈവാനുഗ്രഹം! സര്‍ജറിക്കു കേറുന്നതിനുമുമ്പ് ഞാന്‍ അഞ്ചുമിനിറ്റ് പ്രാര്‍ഥിച്ചിട്ടാ കേറുന്നത്. താന്‍ പാതി ദൈവം പാതി എന്നാണല്ലോ. ങ്ഹാ... അതുപോട്ടെ, നിന്റെ പഠിത്തമൊക്കെ എങ്ങനുണ്ട്? നന്നായിട്ട് പഠിക്കുന്നുണ്ടോ? അതോ റീല്‍സും കീല്‍സുമൊക്കെയായിട്ട് നടക്ക്വാണോ?''
''എല്ലാം ഒണ്ട് ചേട്ടായി. ഇതൊന്നും ഇല്ലെങ്കില്‍ ഇപ്പം ജീവിതത്തിന് എന്താ ഒരു രസം? എന്റെ ഒരു റീല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റയില്‍ വൈറലായിരുന്നു. ചേട്ടായി കണ്ടായിരുന്നോ?''
''പിന്നെ, എനിക്കതിനല്ലേ നേരം.'' അതുപറഞ്ഞിട്ട് മനു അകത്തേക്കു കയറി, സ്റ്റേര്‍കേസ് കേറി തന്റെ മുറിയിലേക്കു പോയി. വേഷം മാറിയിട്ട് സോപ്പും തോര്‍ത്തുമെടുത്തു താഴേക്ക് ഇറങ്ങിവന്നു.
''ഞാനൊന്നു കുളിച്ചിട്ടു വരാം അമ്മേ...''
വെളിയിലേക്കിറങ്ങി നേരേ പറമ്പിന്റെ തെക്കേ അറ്റത്തേക്കു നടന്നു. തെക്കേയറ്റത്തുകൂടി ഒഴുകുന്ന പുഴയില്‍ പോയി നന്നായി മുങ്ങിക്കുളിച്ചു. ദേഹം തണുത്തപ്പോള്‍ മനസ്സിനും ശരീരത്തിനും നല്ല സുഖം തോന്നി. കുളി കഴിഞ്ഞു തല തുവര്‍ത്തിയിട്ട് വീട്ടിലേക്കു നടന്നു. 
വീട്ടിലെത്തിയപ്പോള്‍ വിഭവങ്ങളെല്ലാം എടുത്തു മേശയില്‍ നിരത്തിയിട്ടുണ്ടായിരുന്നു അമ്മ. തനിയെ ഇരുന്ന് വയറു നിറയെ കഴിച്ചു.
കൈകഴുകിയിട്ട് മുറിയില്‍ വന്നിരുന്ന് അമ്മയോടും അനിയത്തിയോടും വിശേഷങ്ങള്‍ പങ്കുവച്ചു.
സന്ധ്യമയങ്ങിയപ്പോള്‍ മനുവിന്റെ പപ്പ തോമസുകുട്ടി വന്നു. ടൗണില്‍ മലഞ്ചരക്കു വ്യാപാരമാണ് തോമസുകുട്ടിക്ക്.
പപ്പയെ കണ്ടതും മനു ബഹുമാനത്തോടെ എണീറ്റു.
''നീ എപ്പ വന്നു?''
''അഞ്ചുമണി കഴിഞ്ഞു.''
''എങ്ങനുണ്ട് ജോലിയൊക്കെ?''
''നന്നായിട്ടുപോകുന്നു പപ്പാ.''
തോമസുകുട്ടി വേഷം മാറാനായി മുറിയിലേക്കു പോയി.
രാത്രി മനുവും അമ്മയും സഹോദരിയും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്. ചപ്പാത്തിയും ചിക്കന്‍കറിയുമായിരുന്നു. മനുവിന്റെ പ്ലേറ്റിലേക്ക് ചിക്കന്‍കറി വിളമ്പുന്നതിനിടയില്‍ തെരേസ പറഞ്ഞു: 
''നിന്റെ കല്യാണം ഇങ്ങനങ്ങു നീട്ടിക്കൊണ്ടു പോയാ മതിയോ? എപ്പ ചോദിച്ചാലും ഇപ്പം വേണ്ടാവേണ്ടാന്നു പറഞ്ഞിരുന്നാല്‍ പിന്നെ എപ്പ നടത്താനാ? മൂക്കില്‍ പല്ലു വന്നിട്ടോ?'' 
''മാട്രിമോണി സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യട്ടേ ചേട്ടായി?'' നിഖില ചോദിച്ചു.
''ഇപ്പ വേണ്ട.''
''പിന്നെ എപ്പഴാ?'' തെരേസ ചോദിച്ചു.
''ഞാന്‍ പറയാം.''
''കുറേ നാളായല്ലോ പറയാം പറയാന്നു പറയുന്നു. നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?''
''കണ്ടു വച്ചിട്ടുണ്ടെങ്കില്‍ കെട്ടിച്ചുതര്വോ?''
''കുടുംബത്തില്‍ കേറ്റാന്‍ കൊള്ളാവുന്നതാണേല്‍ കെട്ടിച്ചു തരും.''
''എന്നുവച്ചാല്‍?''
''നമ്മുടെ ജാതീം മതോം ആയിരിക്കണം. ദൈവവിശ്വാസി ആയിരിക്കണം. തറവാട്ടുമഹിമ ഉണ്ടായിരിക്കണം. സാമാന്യം സ്വത്ത് ഉണ്ടായിരിക്കണം. കുറഞ്ഞത് ഡിഗ്രിയെങ്കിലും വിദ്യാഭ്യാസം ഉണ്ടായിരിക്കണം. അതിലെല്ലാം ഉപരി നല്ല സ്വഭാവമായിരിക്കണം.'' നിഖിലയാണ് യോഗ്യതകള്‍ പറഞ്ഞത്.
''ഈ പറഞ്ഞ യോഗ്യതകളെല്ലാമുള്ള ഒരു  പെണ്ണിനെ കിട്ട്വോ? നിന്റെ കസ്റ്റഡീല്‍ ഉണ്ടോ ആരെങ്കിലും?'' മനു നിഖിലയുടെ നേരേ നോക്കി.
''ഞാന്‍ അന്വേഷിക്കട്ടേ ചേട്ടായി?''
''വേണ്ട. ഞാന്‍തന്നെ കണ്ടു പിടിച്ചോളാം.''
''നിന്റെ മനസ്സില്‍ ആരെങ്കിലും  ഉണ്ടെങ്കില്‍ പറ. കൊള്ളാവുന്നതാണേല്‍ നമുക്ക് ആലോചിക്കാം.'' തെരേസ പറഞ്ഞു.
''എന്റെ ആ ഫോണിങ്ങെടുത്തേ.''
നിഖില മേശപ്പുറത്തുനിന്ന് മനുവിന്റെ ഫോണെടുത്തു നീട്ടി. മനു അതു വാങ്ങിയിട്ട് അതിലെ പിക്ചര്‍ ഗാലറി ഓപ്പണ്‍ ചെയ്തു. അതില്‍നിന്ന് ഒരു ഫോട്ടോ സ്‌ക്രീനിലേക്കു കൊണ്ടുവന്നിട്ട് ഫോണ്‍ നിഖിലയുടെ നേരേ നീട്ടിക്കൊണ്ടു പറഞ്ഞു:
''ഈ പെണ്ണ് എങ്ങനുണ്ടെന്നു നോക്കിക്കേ!'' 
നിഖില ഫോണ്‍ വാങ്ങി നോക്കിയിട്ടു പറഞ്ഞു:
''കൊള്ളാം, സുന്ദരിയാ.''
അവള്‍ ഫോട്ടോ അമ്മയെ കാണിച്ചു.
''കാഴ്ചയ്ക്കു മിടുക്കിയാ. നിന്റെകൂടെ ജോലി ചെയ്യുന്ന വല്ലോരുമാണോ?'' തെരേസ ചോദിച്ചു.
''ചെറിയൊരു ജോലിയുണ്ട്. നമ്മുടെ ജാതീം മതവുമാ. നല്ല സ്വഭാവവുമാ. പിന്നെ അമ്മയെപ്പോലെ നല്ല ഭക്തിയുമുള്ള പെണ്ണാ. സാമാന്യം വിദ്യാഭ്യാസവുമുണ്ട്.''
''എന്നാ നമുക്കാലോചിക്കാം. അടുത്ത ദിവസം ഞങ്ങള്‍ അവളുടെ വീട്ടില്‍പോയി അവളുടെ അപ്പനേം അമ്മേം കണ്ടു സംസാരിക്കാം.''
''അവിടെയാണു പ്രശ്‌നം!'' 
അവള്‍ക്ക് അപ്പനും അമ്മയുമില്ല. രണ്ടുപേരും ഒരപകടത്തില്‍ മരിച്ചുപോയി.''
''അപ്പനും അമ്മയും ഇല്ലാത്ത ഒരു പെണ്ണിനെ നമുക്കു വേണോടാ?''
''അവള്‍ക്കൊരു ജീവിതം കൊടുത്താല്‍ അതൊരു പുണ്യമല്ലേ അമ്മേ? ദൈവം നമ്മളെ ഒരുപാട് അനുഗ്രഹിക്കും. നല്ല സ്വഭാവമുള്ള കുട്ടിയാ. അതെനിക്കു നന്നായിട്ടറിയാം.''
''എന്താ അവളുടെ പേര്?''
''എല്‍സ.''
''നിനക്കെങ്ങനെയാ അവളെ പരിചയം?''
മനു ആ കഥ മുഴുവന്‍ അമ്മയോടു പറഞ്ഞു.
''ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു പെണ്ണിന്റെ സ്വഭാവം മനസ്സിലാക്കാന്‍ പറ്റ്വോടാ?''
''പറ്റില്ല. പക്ഷേ, മൂന്നുവര്‍ഷംകൊണ്ടു പറ്റില്ലേ? അവളുടെ ഇടവകപ്പള്ളീല്‍ ഇരുന്ന വികാരിയച്ചനെ ഞാന്‍ കഴിഞ്ഞയാഴ്ച കണ്ടിരുന്നു. അച്ചനിപ്പം പൂച്ചപ്പാറ പള്ളീലാ. അവിടെ ഞങ്ങള്‍ക്കൊരു മെഡിക്കല്‍ ക്യാമ്പുണ്ടായിരുന്നു. അന്നു പരിചയപ്പെട്ടതാ. സംസാരിച്ച കൂട്ടത്തില്‍ എല്‍സയുടെ കാര്യം പറഞ്ഞു. ഇത്രയും നല്ലൊരു കൊച്ചിനെ അച്ചന്റെ വൈദികജീവിതത്തില്‍ ഇന്നോളം കണ്ടിട്ടില്ലെന്നാണ് അച്ചന്‍ പറഞ്ഞത്. അമ്മയ്ക്കു വിശ്വാസമായില്ലെങ്കില്‍ ഞാന്‍ അച്ചന്റെ നമ്പര്‍ തരാം; അമ്മ നേരിട്ടു വിളിച്ചു ചോദിച്ചോ!''
''എന്നാ ഇങ്ങു താ. ഇപ്പത്തന്നെ വിളിക്കാം.''
മനു ഫോണ്‍ നോക്കിയിട്ട് അച്ചന്റെ നമ്പര്‍ പറഞ്ഞുകൊടുത്തു.
'എന്നതാടാ അച്ചന്റെ പേര്?''
''ഫാദര്‍ മാത്യു കുരിശിങ്കല്‍.''
തെരേസ അച്ചന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അച്ചനെ ലൈനില്‍ കിട്ടി. 
''ഹലോ...'' അങ്ങേത്തലയ്ക്കല്‍ ശബ്ദം. 
''കുരിശിങ്കലച്ചനല്ലേ?''
''അതേ.''
''ഞാന്‍ ഡോക്ടര്‍ മനു തോമസിന്റെ അമ്മയാ. കഴിഞ്ഞയാഴ്ച അവിടെ മെഡിക്കല്‍ ക്യാമ്പിന് വന്നിരുന്ന ഡോക്ടര്‍...''
''ഓ... ഓര്‍മയുണ്ട് ഓര്‍മയുണ്ട്. എന്തായിരുന്നു?''
''അച്ചന്‍ മുമ്പ് കുറുക്കന്‍കുന്നു പള്ളീലല്ലായിരുന്നോ?''
''അതെ.''
''അവിടെ എല്‍സ എന്നു പേരുള്ള ഒരു പെണ്‍കുട്ടിയെ അറിയാമോ?''
''അറിയാം. എന്തേ?''
''അവളെപ്പറ്റി ഒന്നറിയാനാ. എല്‍സയെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് മോന്‍ ഒരാഗ്രഹം പറഞ്ഞു. അവനാ അച്ചന്റെ നമ്പര്‍ തന്നത്. അച്ചന്‍ ഈ ഇടവകേല്‍ ഇരുന്നതായതുകൊണ്ട് അവളെപ്പറ്റി അറിയാമല്ലോ!''
''നല്ല കൊച്ചാ. ഞാന്‍ പരിചയപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും നല്ല സ്വഭാവമുള്ള ഒരു കൊച്ച്. ഒരു കുറവേയുള്ളൂ. അവളുടെ അപ്പനും അമ്മയും മരിച്ചുപോയി. ഞാനീ കാര്യങ്ങളൊക്കെ മനുവിനോടു പറഞ്ഞിരുന്നല്ലോ.''
''ഉവ്വ്! അവന്‍ എല്ലാം പറഞ്ഞു. ഞാന്‍ അച്ചനെ വിളിച്ചൊന്നു ചോദിച്ചെന്നേയുള്ളൂ!''
''നല്ല കുട്ടിയാ. ധൈര്യായിട്ട് പ്രൊസീഡ് ചെയ്യാം. നല്ല ദൈവഭക്തിയും അനുസരണയും സ്‌നേഹവുമുള്ള കൊച്ചാ. ഡിഗ്രിവരെ പഠിച്ചിട്ടുണ്ട്. ഞാന്‍ സാധാരണ ആരുടെയും സ്വഭാവത്തെക്കുറിച്ച് ഒരഭിപ്രായം പറയാറുള്ളതല്ല. എനിക്കിവളെ നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാനിത്രയും പറഞ്ഞത്.''
''താങ്ക്യു അച്ചാ...''
തെരേസ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് മനുവിന്റെ നേരേ തിരിഞ്ഞു പറഞ്ഞു:
''അച്ചന്‍ നല്ല അഭിപ്രായമാ പറഞ്ഞത്. ഒരു കാര്യം ചെയ്യാം. ഞങ്ങള്‍ അവളെ പോയി ഒന്നു കാണാം. എവിടാ അതിനു സൗകര്യം? ആശുപത്രീല്‍ വന്നാല്‍ കാണാന്‍ പറ്റ്വോ?''
''അതു വേണ്ടമ്മേ. ഒരു ദിവസം ഞാനവളെ ഇങ്ങോട്ടു കൊണ്ടുവരാം.'' 
''ഓഹോ... അത്രയ്ക്കങ്ങട് അടുത്തോ നിങ്ങളു തമ്മില്‍?''
''അമ്മ വിചാരിക്കുന്നതുപോലുള്ള അടുപ്പമൊന്നുമില്ല. എനിക്കവളെ ഇഷ്ടമാന്നോ കല്യാണം കഴിക്കാമെന്നോ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. അവള്‍ അങ്ങനെയൊരാഗ്രഹം മനസ്സില്‍ വച്ചിട്ടുമില്ല. അവളിപ്പഴും എന്നെ ഒരു ബ്രദറിനെപ്പോലെയാ കാണുന്നത്.''
''ങ്ഹ. എന്തായാലും ഒരു ദിവസം അവളെയിങ്ങു കൊണ്ടുവാ. ഞങ്ങളൊന്നു കാണട്ടെ. എന്നിട്ടു തീരുമാനിക്കാം ബാക്കി കാര്യങ്ങള്‍.''
''മതി. അമ്മയ്ക്കും നിഖിലയ്ക്കുമൊക്കെ ഇഷ്ടപ്പെട്ടാല്‍ മാത്രം പ്രൊസീഡു ചെയ്താല്‍ മതി. ഒരുദിവസം അവളിവിടെ വന്നൊന്നു താമസിക്കട്ടെ!''
''വിളിച്ചോണ്ടു വാ ചേട്ടായി. ഞാനൊന്നു ക്വസ്റ്റ്യന്‍ ചെയ്യട്ടെ.'' നിഖില പറഞ്ഞു.
''കൊണ്ടുവരാം. നീ തിരിച്ചും മറിച്ചും ക്വസ്റ്റ്യന്‍ ചെയ്‌തോ.'' അതു പറഞ്ഞിട്ട് മനു എണീറ്റ് കൈകഴുകി.
തിങ്കളാഴ്ച രാവിലെ ഡോക്ടര്‍ മനു ആശുപത്രിയിലേക്കു മടങ്ങി. പേഷ്യന്റ്‌സിന്റെ തിരക്കെല്ലാം ഒഴിഞ്ഞ നേരത്ത് എല്‍സയെ അയാള്‍ തന്റെ ക്യാബിനിലേക്കു വിളിച്ചു. പതിവില്ലാതെയുള്ള വിളിയില്‍ തെല്ല് ആശങ്കയോടെയാണവള്‍ വാതില്‍ തുറന്ന് അകത്തേക്കു പ്രവേശിച്ചത്. 
''ഇരിക്ക്.'' ഡോക്ടര്‍ കൈചൂണ്ടി. 
ഡോക്ടര്‍ക്ക് അഭിമുഖമായി അവളിരുന്നു. ഹൃദയം ക്രമാതീതമായി മിടിക്കുന്നുണ്ടായിരുന്നു. 
''ജോലി എങ്ങനെയുണ്ട്?''
''ബുദ്ധിമുട്ടൊന്നുമില്ല. ഏറെക്കുറെ എല്ലാം പഠിച്ചു. ഇപ്പം സ്പീഡായി.''
''ശമ്പളമൊക്കെ കിട്ടി സന്തോഷമായില്ലേ?''
''ഉം.'' അവള്‍ തലകുലുക്കി.
''ഞാന്‍ വിളിച്ചത് ഒരു കാര്യം പറയാനാ. അടുത്ത ശനിയാഴ്ച എല്‍സ എന്റെകൂടെ വീട്ടിലൊന്നു വരണം. അമ്മയ്ക്കും അനിയത്തിക്കുമൊക്കെ കാണണമെന്ന് ഒരാഗ്രഹം.''
''എന്നെയോ?''
''പിന്നല്ലാണ്ട് ആരെയാ? ഞാന്‍ നിന്നെപ്പറ്റി അവരോടു പറഞ്ഞപ്പം അവര്‍ക്കു കാണണമെന്നൊരാഗ്രഹം. ശനിയാഴ്ച പോയി തിങ്കളാഴ്ച മടങ്ങി വരാം. രണ്ടു ദിവസം അവിടെ തങ്ങുന്നതിനു വിരോധമില്ലല്ലോ.''
''ഒരിക്കലുമില്ല. എല്ലാരേം കാണാന്‍ എനിക്കും ആഗ്രഹമുണ്ട്.''
''ശരി പൊയ്‌ക്കോ. പിന്നെ ഒരു കാര്യം. ഇതു വേറാരും അറിയണ്ട. രഹസ്യമായി സൂക്ഷിച്ചോണം.''
''ഉം.''
സന്തോഷത്തോടെയാണ് എല്‍സ ക്യാബിന്‍ വിട്ടിറങ്ങിയത്. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)