സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ്, ജീനായുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടുപ്രാവശ്യം വായിച്ചു. ''കൈഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുപോയതുമൂലമുണ്ടായ മരണം'' എന്ന കണ്ടെത്തലാണതിലുള്ളത്. ആത്മഹത്യയാണെന്നു വ്യക്തമാക്കുന്ന നിഗമനങ്ങളൊന്നും തന്നെ അതിലില്ല. മരണകാരണം കണ്ടെത്തേണ്ട ചുമതല പൊലീസിന്റെ തലയിലേക്കു വന്നിരിക്കുന്നു! അവളുടെ ഭര്‍ത്താവായ റോണിയെയും സഹപാഠിയായിരുന്ന ശ്രീജിത്തിനെയും ഉടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടിയിരിക്കുന്നു. ആലോചിക്കുംതോറും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ മനസ്സിലുയരുകയാണ്.
മൊബൈല്‍ ഫോണ്‍ ശബ്ദിച്ചപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചിന്തകള്‍ മുറിഞ്ഞു.
കോള്‍ എസ്.പി.യുടേതായിരുന്നു.
''ഹലോ... സര്‍. കിട്ടി. ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.''
''താന്‍ പഠിത്തം തുടങ്ങിയിട്ട് കുറേ ദിവസങ്ങളായല്ലോ. ഇതുവരെ എന്തെങ്കിലും ആക്ഷനെടുത്തോ?''
''സര്‍ എവിഡന്‍സ് ശേഖരിക്കുകയും മൊഴിയെടുക്കുകയുമൊക്കെ ചെയ്തുവരികയാണ്.''
''ഇതുവരെ ഒരാളെയെങ്കിലും അറസ്റ്റു ചെയ്‌തോ?''
''ഇല്ല സാര്‍. കൃത്യമായ എവിഡന്‍സില്ലാതെ...''
''ഏതെങ്കിലുമൊരുത്തനെ പൊക്കി അകത്തിടടോ. ആക്ഷന്‍ കമ്മിറ്റിക്കാരുടെ പൊലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് എങ്ങനെയും തടയണം.''
''അത്... ചെയ്യാം സാര്‍. ഉടനെ ചെയ്യാം സാര്‍.'' സി.ഐ. വെപ്രാളത്തോടെ പറഞ്ഞു.
എസ്.പി. ഫോണ്‍ വച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നെറ്റിയില്‍ വിയര്‍പ്പുപൊടിഞ്ഞു.
എസ്.പി.ക്കു മുകളീന്നുള്ള സമ്മര്‍ദമുണ്ടായെന്നു തീര്‍ച്ച. മാധ്യമങ്ങളുടെ തള്ളല്‍ വര്‍ധിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കു ചൂടുപിടിക്കും. മന്ത്രിയുടെമേല്‍ സമ്മര്‍ദമുണ്ടാകും. പ്രതിപക്ഷം കളത്തിലിറങ്ങും. വളരെ ശ്രദ്ധയോടെ നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഇത്തരം ഇടപെടലുകളുണ്ടാകുന്നത്.
സി.ഐ. മോഹന്‍തോമസ്, എച്ച്.സി. രാജീവനെ ഓഫീസിലേക്കു വിളിപ്പിച്ചു.
''രാജീവാ, ആക്ഷന്‍ കമ്മിറ്റിയുടെ സ്റ്റേഷന്‍ മാര്‍ച്ചിനുമുമ്പ് ഒരാളെ കസ്റ്റഡിയിലെടുക്കണമെന്നാണ് മുകളീന്നുള്ള കര്‍ശനനിര്‍ദേശം. അതാരെ വേണം?'' സി.ഐ. അഭിപ്രായം ചോദിച്ചു.
''കിണറ്റില്‍നിന്നു കിട്ടിയ ജീനായുടെ ചിത്രത്തിന്റെയൊപ്പം ശ്രീജിത്തെന്നു രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. സംഭവം നടക്കുന്നതിന്റെ തലേദിവസം ഒരജ്ഞാതന്‍ ജീനായെ സന്ദര്‍ശിച്ചതായ അയല്‍വാസിയുടെ മൊഴിയുമുണ്ട്. ഇയാള്‍ ജീനായുടെ സഹപാഠിയാണെന്നു വ്യക്തമാക്കിയിട്ടുമുണ്ട്. ശ്രീജിത്തിനെത്തന്നെ കസ്റ്റഡിയിലെടുക്കാം.'' രാജീവന്‍ യുക്തിപൂര്‍വം അഭിപ്രായപ്പെട്ടു.
സി.ഐ. മോഹന്‍തോമസ് ചിന്താധീനനായി നിശ്ശബ്ദനായിരുന്നു.
''നമ്മള്‍ ഇതുവരെ ജീനായുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിട്ടില്ല. അവന്‍ ഷോക്കിലാണല്ലോ എന്നു കരുതിയാണ് താമസിച്ചത്.''
''അവന്റെ അപ്പനായ മേടയ്ക്കല്‍ മാത്തുക്കുട്ടിയോട് നമ്മള്‍ ഒരു കാരുണ്യവും കാണിച്ചില്ല.'' രാജീവന്‍ പറഞ്ഞു.
''അതിനു കാരണമുണ്ട്. വാദിയായ ജീനായുടെ സഹോദരന്‍ ചൂണ്ടിക്കാട്ടിയിരുന്നത് മേടയ്ക്കനെയാണ്. അവന്‍ ആ ഒരാളെ മാത്രമേ സംശയിക്കുന്നുള്ളൂ.''
''റോണിയെ കസ്റ്റഡിയിലെടുത്താല്‍ വലിയ ബ്രേക്കിങ് ഉണ്ടാകും. ഭര്‍ത്താവ് കസ്റ്റഡിയില്‍ എന്ന ടൈറ്റില്‍ വരും.'' രാജീവന്‍ പറഞ്ഞു.
''അതു തല്‍ക്കാലം വേണ്ട. രാജീവന്‍ ആദ്യം പറഞ്ഞതാണ് കൂടുതല്‍ നല്ലത്. ശ്രീജിത്തിനെത്തന്നെ കസ്റ്റഡിയിലെടുക്കാം.'' സി.ഐ. തീരുമാനത്തിലെത്തി.
അന്ന് ഉച്ചകഴിഞ്ഞ് രണ്ടരയായപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍തോമസ് സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന്റെ കൊച്ചിയിലെ ഓഫീസിലെത്തി. എം.ഡി. സുരേഷ് കുമാര്‍ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി.
''ഞാന്‍ വന്നത് ഒരു പ്രധാനകാര്യത്തിനാ. ഇവിടുത്തെ ആര്‍ക്കിടെക്ട് ആര്‍. ശ്രീജിത്തിനെ കാണണം.''
''എന്താ സാര്‍ പ്രോബ്ലം?'' എം.ഡി. തെല്ലു വിളറി.
''പ്രോബ്ലം നമ്മള്‍ തമ്മില്‍ പറയേണ്ടതല്ല. അയാളെ വിളിക്ക്.''
''ശ്രീജിത്ത് ഇവിടെയില്ല സാര്‍. അദ്ദേഹം സൗദിയിലാണിപ്പോള്‍. അവിടെ ഞങ്ങള്‍ക്കു ബ്രാഞ്ചും ബിസിനസ്സുമുണ്ട്.''
''എന്നാണ് സൗദിയിലേക്കു പോയത്''
''രണ്ടുദിവസം മുമ്പ്. എന്താ സാര്‍ പ്രശ്‌നം?''
''പ്രശ്‌നങ്ങളുണ്ടല്ലോ. അദ്ദേഹം വിവാഹിതനാണോ?''
''അല്ല. ആള് വളരെ ചെറുപ്പമാണ്. ടാലന്റുമാണ്. കേരളത്തിലും പുറത്തും ശ്രീജിത്തിന്റെ പ്ലാനില്‍ വമ്പന്‍ പ്രോജക്ടുകളാണ് ഞങ്ങള്‍ ചെയ്യുന്നത്.''
''നല്ല കാര്യം. കെട്ടിടങ്ങളുടെ പ്ലാനല്ലാതെ ആളുകളുടെ ചിത്രവും വരയ്ക്കാറുണ്ടോ ശ്രീജിത്ത്?''
''ഫാന്റസിക്കായിട്ട് വരയ്ക്കും. അത്യപൂര്‍വമായി മാത്രമേ അതു ചെയ്യാറുള്ളൂ. എവിടെ സമയം? ഇവിടെ വരുന്ന വമ്പന്‍ പ്രോജക്ടുകള്‍ തീര്‍ത്തുകൊടുക്കാന്‍തന്നെ സമയം കിട്ടുന്നില്ല. മലയാളത്തിലെ ഇപ്പോഴത്തെ ഒരു സൂപ്പര്‍സ്റ്റാറിന്റെ വീടിന്റെ പ്ലാനും ഡിസൈനും ശ്രീജിത്തിന്റേതായിരുന്നു. വീടുപണി തീര്‍ന്നപ്പോള്‍ താരത്തിന്റെ ഒരു ചിത്രംകൂടി വരയ്ക്കണമെന്ന് ആഗ്രഹം. അവന്‍ വരച്ചു. സൂപ്പര്‍സ്റ്റാറിനതു വല്ലാതെയിഷ്ടപ്പെട്ടു. സമ്മാനമായി ഒരു കാറാണ് കിട്ടിയത്.''
''ഹൊ! അപ്പോള്‍ ആള് അടിമുടി കലാകാരനാണല്ലോ.''
''അതേ സാര്‍.''
ഇദ്ദേഹത്തിന് വലിയ സാലറി കൊടുക്കേണ്ടിവരുമല്ലോ'' എം.ഡി. മറുപടി പറഞ്ഞില്ല. ചിരിച്ചതേയുള്ളൂ.
''ഇനി, ഞാന്‍ അദ്ദേഹത്തെ തിരക്കി വന്നതിന്റെ കാരണം പറയാം. ഇന്നിപ്പോള്‍ നമ്മുടെ കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ജീനാ എന്ന പെണ്‍കുട്ടിയുടെ മരണമാണ്.''
''അതേ. ടീ.വിയിലും പത്രത്തിലുമൊക്കെ കാണുന്നുണ്ട്. അതിലും വലിയ മറ്റൊരു സംഗതി വരുംവരെ അതു ചര്‍ച്ച ചെയ്യപ്പെട്ടേക്കും.'' എം.ഡി. സുരേഷ്‌കുമാര്‍ പറഞ്ഞു.
''ജീനായും നമ്മുടെ ശ്രീജിത്തും കാലിക്കട്ട് എഞ്ചിനീയറിങ് കോളജില്‍ ഒരുമിച്ചുപഠിച്ചവരാണ്.'' സി.ഐ. സൂചിപ്പിച്ചു.
''ഹൊ! അതൊന്നും എനിക്കറിയില്ല.''
''ജീനായുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റുമോര്‍ട്ടത്തില്‍പോലും ഉറപ്പായിട്ടില്ല. കൊലപാതകമാകാനുള്ള സാധ്യതയാണ് കൂടുതല്‍. ശ്രീജിത്ത് ജീനാ മരണപ്പെട്ടതിന്റെ തലേദിവസം, അവള്‍ മാത്രമുള്ളപ്പോള്‍ അവിടെ പോയിരുന്നു എന്നു കൃത്യമായ തെളിവുകിട്ടി. മറ്റു ചില പ്രധാനതെളിവുകളും ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തേ പറ്റൂ.''
എം.ഡി. വല്ലാതെ പരിഭ്രാന്തനായി.
''സാര്‍... ഞാന്‍ മനസ്സിലാക്കിയിട്ടുള്ള ശ്രീജിത്തിന് ഒരിക്കലൂം ഒരു കൊലപാതകിയായാന്‍ കഴിയില്ല. വേറൊന്നും എനിക്കു പറയാനില്ല.''
''ശ്രീജിത്തിന്റെ മൊബൈല്‍ നമ്പരും സൗദിയിലെ നിങ്ങളുടെ സ്ഥാപനത്തിന്റെ നമ്പരും മെയില്‍ അഡ്രസ്സുകളും വേണം.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
എം.ഡി. സുരേഷ് കുമാറിന്റെ മുഖം വല്ലാതായി. അയാള്‍ ഒട്ടും മടിക്കാതെ അഡ്രസ്‌കാര്‍ഡുകളെടുത്ത് ഇന്‍സ്‌പെക്ടര്‍ക്കു നല്‍കി.
സി.ഐ. മോഹന്‍ തോമസ് പോകാനെഴുന്നേറ്റു. എം.ഡി. സുരേഷ്‌കുമാര്‍ വാതില്‍ക്കലോളം അദ്ദേഹത്തെ അനുഗമിച്ചു.
* * * *
യൂണിഫോം ധരിക്കാതെ മഫ്തിവേഷത്തിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവന്‍ ബുള്ളറ്റ് ഓടിച്ച് വാകത്താനം സുകുമാരന്റെ വീട്ടിലെത്തിയത്. വിമുക്തഭടനായ സുകുമാരന്‍ ടി.വിയില്‍ ഏതോ പഴയ ജയന്‍പടം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കോളിങ്‌ബെല്‍ മൂന്നുതവണ അടിച്ചപ്പോഴാണ് സുകുമാരേട്ടന്‍ വാതില്‍ തുറന്ന് മുഖം കാട്ടിയത്.
''ങും... ആരാ?'' സുകുമാരേട്ടന്‍ കട്ടിക്കണ്ണടയിലൂടെ നോക്കി.
''ഞാന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ രാജീവന്‍.'' അദ്ദേഹം ഐ.ഡി. കാര്‍ഡ് പോക്കറ്റില്‍നിന്നെടുത്ത് ഉയര്‍ത്തിക്കാട്ടി.
''വാ... കയറി വാ... കഴിഞ്ഞ ദിവസം സര്‍ക്കിള്‍ ഇവിടെ വന്നിരുന്നു.'' സുകുമാരന്‍ പറഞ്ഞു.
രാജീവന്‍ ചെരിപ്പു പുറത്തിട്ട് അകത്തേക്കു കയറി. സുകുമാരന്‍ അദ്ദേഹത്തെ സെറ്റിയില്‍ സ്വീകരിച്ചിരുത്തി.
''സുകുമാരേട്ടനോടു ചില കാര്യങ്ങള്‍കൂടി ചോദിച്ചറിയാന്‍ സി.ഐ. പറഞ്ഞുവിട്ടതാ.'' രാജീവന്‍ പറഞ്ഞു.
''ചോദിച്ചോളൂ. അറിയാവുന്നതൊക്കെ പറയാം.'' സുകുമാരന്‍ രാജീവനെതിരേ കസേരയിലിരുന്നു.
''ഈ റോണീമായിട്ട് സുകുമാരേട്ടന്‍ നല്ല കമ്പനിയായിരുന്നോ?''
''സത്യം പറഞ്ഞാല്‍ ഞങ്ങളു തമ്മില്‍ ഒരടുപ്പോമില്ലായിരുന്നു. ഞാനൊരു പഴഞ്ചന്‍ പട്ടാളക്കാരന്‍. കെട്ട്യോളില്ല. മക്കളില്ല, പ്രായവുമായി. നേരില്‍ കണ്ടാല്‍ ചിലപ്പോ, ഒന്നു ചിരിക്കും. അത്രേയുള്ളൂ ബന്ധം.''
''ആ പെണ്‍കൊച്ചിന്റെ രീതിയെങ്ങനെയായിരുന്നു?''
''നല്ല മിണ്ടുംചൊല്ലുമുള്ള കൊച്ചായിരുന്നു. എപ്പം കണ്ടാലും, എവിടെവച്ചു കണ്ടാലും ചിരിക്കും. എന്തേലുമൊക്കെ പറയുകേം ചെയ്യും. പക്ഷേ, അയാള്‍ക്കത് ഇഷ്ടപ്പെടുന്നില്ലെന്നു തോന്നീട്ടുണ്ട്. അയല്‍വാസിയാണേലും വയസ്സനാണേലും ആണുങ്ങളെയാര്‍ക്കും വിശ്വാസമില്ലല്ലോ.'' അങ്ങനെ പറഞ്ഞ് സുകുമാരേട്ടന്‍ ചിരിച്ചു.
ജീനാ മരിക്കുന്നതിന്റെ തലേദിവസം ഒരു താടിവച്ച ചെറുപ്പക്കാരന്‍ ആ വീട്ടില്‍ വന്നെന്നു കേട്ടു. ആളെ അടുത്തു കണ്ടോ?''
''അടുത്തുകണ്ടു. അവനിവിടെ വന്ന് എന്നോടാ റോണീടെ വീടു ചോദിച്ചത്.''
''ആള് കാഴ്ചയ്‌ക്കെങ്ങനെയുണ്ട്?''
''വലിയ തണ്ടും തടീമൊന്നുമില്ല. മുഖത്ത് എന്തോ ഒരു വശ്യതയുണ്ട്. ആണുങ്ങള്‍ക്കുപോലും ഒരിഷ്ടം തോന്നുന്ന മുഖമാ. നല്ല ശബ്ദവും.''
''പോയതു ശ്രദ്ധിച്ചോ?''
''ശ്രദ്ധിച്ചു.''
''ഒത്തിരിനേരം കഴിഞ്ഞാണോ പോയത്?''
''അല്ല. കൂടിയാല്‍ അരമണിക്കൂറ്. അത്രയേ, അവനവിടെ നിന്നുള്ളൂ.''
''അയാളുടെ കൈയിലെന്തെങ്കിലുമുണ്ടായിരുന്നോ?''
''ഉണ്ടായിരുന്നു. ഫോട്ടോപോലെയെന്തോ പൊതിഞ്ഞു കൈയിലുണ്ടായിരുന്നു.''
''ഇത്രയുമൊക്കെയേ എനിക്കറിയാനുള്ളൂ. ഒരു കാര്യം കൂടി. ഇപ്പഴാ ഓര്‍ത്തത്. ജീനാ മരിച്ചതിന്റെ തലേദിവസം അവരുടെ വീട്ടീന്ന് എന്തെങ്കിലും ഒച്ചയോ ബഹളമോ, കരച്ചിലോ കേട്ടോ?''
''കേട്ടതായിട്ടോര്‍ക്കുന്നില്ല. ഞാന്‍ മിക്കവാറും ടീവീലെ സിനിമ കാണും. ചെവിക്കല്പം ബുദ്ധിമുട്ടുള്ളതുകൊണ്ട് ഒച്ച കൂട്ടി വയ്ക്കും.''
''സുകുമാരേട്ടനിവിടെ ഭക്ഷണമൊക്കെ തന്നെയുണ്ടാക്കി കഴിക്കുമല്ലേ?''
''ഒണ്ടാക്കാനൊക്കെ എനിക്കറിയാം. ഇരിക്കാമെങ്കില്‍ ചായയിട്ടു തരാം.''
''വേണ്ട സുകുമാരേട്ടാ, പോണം തെരക്കുണ്ട്.''
എച്ച്.സി. രാജീവന്‍ എഴുന്നേറ്റു.
(തുടരും)