•  11 Dec 2025
  •  ദീപം 58
  •  നാളം 40
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

    ജീനാ മരിച്ച ദിവസത്തെയും തലേദിവസത്തെയും കോള്‍ലിസ്റ്റ്  സംഘടിപ്പിക്കാനുള്ള ചുമതല സബ്ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിനെയാണേല്പിച്ചത്. അദ്ദേഹം അതു കൃത്യമായി ശേഖരിച്ചു. അവളുടെ ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അവസാനം കാണിക്കുന്ന ടവര്‍ ലൊക്കേഷന്‍ റോണിയുടെ വീടാണ്. ഫോണ്‍ സ്വിച്ചോഫ് ആക്കി അതു മാറ്റുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. കൈയില്‍ കിട്ടിയ കോള്‍ ലിസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍തോമസും എച്ച്.സി. രാജീവനും ചേര്‍ന്ന് സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങി.
''സര്‍, ജീനാ മരണപ്പെട്ട സമയത്തിന് അരമണിക്കൂര്‍ മുമ്പ് ഒരു നമ്പറില്‍ രണ്ടു തവണ വിളിച്ചിട്ടുണ്ട്.'' എച്ച്. സി. രാജീവന്‍ ഉദ്വേഗത്തോടെ പറഞ്ഞു. 
''ഏതാണാ നമ്പര്‍?'' മോഹന്‍ തോമസിന് ആകാംക്ഷയുണ്ടായി.
''9447148903''
''അതാരുടെ നമ്പരാണെന്ന് പെട്ടെന്നു കണ്ടെത്തണം.''
''അതിന് അന്വേഷണത്തിന്റെയൊന്നും ആവശ്യമില്ല സാര്‍.  എനിക്കീ നമ്പര്‍ പരിചയമുണ്ട്. ആര്‍ക്കിടെക്ട് ശ്രീജിത്തിന്റെ.'' രാജീവന്‍ പറഞ്ഞു.
'അപ്പോള്‍ മരിക്കുംമുമ്പ് അവനെ അവള്‍ വിളിച്ചു?'' സി.ഐ. മോഹന്‍ തോമസിന്റെ നെറ്റി ചുളിഞ്ഞു.
''ഷുവര്‍.'' രാജീവന്‍ അതു ശരിവച്ചു.
''അപ്പോള്‍, മരിക്കാനായി അവള്‍ സ്വയം കൈത്തണ്ട മുറിച്ചുകാണും. ചോര ചീറ്റിയൊഴുകിയപ്പോള്‍ പരിഭ്രാന്തയായി. രക്ഷപ്പെടുത്താന്‍വേണ്ടിയായിരിക്കും ശ്രീജിത്തിനെ വിളിച്ചത്.'' സി.ഐ. അനുമാനം അവതരിപ്പിച്ചു.
''സാര്‍ പറഞ്ഞതിനാണ് കൂടുതല്‍ സാധ്യത.''
''എന്തുകൊണ്ട് ഭര്‍ത്താവായ റോണിയെ അവള്‍ വിളിച്ചില്ല?''
 തലേന്ന് ആ വാടകവീട്ടില്‍ വലിയ വാക്കേറ്റവും സംഘര്‍ഷവും നടന്നിരിക്കൂം. അതോടെ റോണിയും ജീനായും തമ്മില്‍ മാനസികമായി അകന്നു. സ്‌നേഹബന്ധത്തിലുണ്ടായ വിള്ളല്‍ അവളെ തളര്‍ത്തി. സകലപ്രതീക്ഷകളുമറ്റു. നിരാശയും സങ്കടവും അവള്‍ക്കു മരിക്കാനുള്ള പ്രേരണ നല്‍കി.'' രാജീവന്‍ തന്റെ നിഗമനം പറഞ്ഞു.
''പ്രാഥമികമായി നമ്മള്‍ക്കി
ങ്ങനെയൊരു നിഗമനത്തിലെത്താം. കൈ മുറിക്കാനുപയോഗിച്ച ആയുധവും മൊബൈല്‍ ഫോണും എവിടെ? അതാര് എടുത്തുമാറ്റി? അല്ലെങ്കില്‍ നശിപ്പിച്ചു?'' മോഹന്‍ തോമസ് പറഞ്ഞു. 
''തെളിവു നശിപ്പിക്കുന്നത് പ്രതികളല്ലേ സാര്‍?'' രാജീവന്‍ ചോദിച്ചു. 
''പ്രതികള്‍ മാത്രമേ തെളിവു നശിപ്പിക്കുകയുള്ളൂ എന്നു വിശ്വസിക്കാനാവില്ല. പ്രതിക്കുവേണ്ടി മറ്റുള്ളവരും ചിലപ്പോള്‍ തെളിവു നശിപ്പിക്കും.''
''ജീനാ മരിക്കുന്നതിനുമുമ്പ് വിളിച്ചത് ഭര്‍ത്താവിനെയല്ല.  ശ്രീജിത്തിനെയാണ്. അവനെ കാമുകനായി കാണാനാകില്ല. ഒരു ഫ്രണ്ട് എന്നു കരുതുന്നതാകും ശരി. അവന്‍ വീട്ടിലെത്തിയിരിക്കാനിടയുണ്ടല്ലൊ.''
''അക്കാര്യം സംശയിക്കണം. നമ്മുടെ വിവരശേഖരണം തല്‍ക്കാലം ഇവിടെ വഴിമുട്ടി നില്‍ക്കുന്നു. ശ്രീജിത്തിലൂടെ മാത്രമേ ഇനി നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.'' സി.ഐ. പറഞ്ഞു.
''അവനെ ചോദ്യം ചെയ്യാനോ, കസ്റ്റഡിയിലെടുക്കാനോ മുകളിലുള്ളവര് സമ്മതിക്കുകയില്ലെങ്കില്‍ പിന്നെന്തു ചെയ്യും?''
''ഇതുവരെ നടത്തിയ അന്വേഷണങ്ങളുടെയും കിട്ടിയ തെളിവുകളുടെയോ അടിസ്ഥാനത്തില്‍ ഒരു റിപ്പോര്‍ട്ടുണ്ടാക്കി എസ്.പി.ക്കു കൊടുത്തിട്ട് കളം വിടുകതന്നെ.'' സി.ഐ. മോഹന്‍ തോമസ് ദൃഢസ്വരത്തില്‍ പറഞ്ഞു.
''ഡിപ്പാര്‍ട്ടുമെന്റിനും നമ്മള്‍ക്കും അത് വലിയ കളങ്കമാകില്ലേ?''
''കളങ്കമാകും. അതിനു കാരണം നമ്മളല്ല. പ്രതിയുടെ തൊട്ടരുകിലെത്തിയ നമ്മുടെ കൈകെട്ടിയാല്‍ പിന്നെന്തു ചെയ്യാനാകൂം?''
''ഇന്ന് രണ്ടു പ്രധാനപത്രങ്ങള്‍ വച്ചനത്തിയിട്ടുണ്ട്. പോലീസ് നിഷ്‌ക്രിയമാകുന്നതും കേസുകളില്‍ രാഷ്ട്രീയ ഇടപെടലുംമൂലം നിയമസംവിധാനം തകര്‍ന്നെന്ന്. മാനസികരോഗിയായ അച്ഛന്‍ സ്വയം ശിക്ഷ നടപ്പാക്കാനിറങ്ങിയ സംഭവവും അതോടുചേര്‍ത്തു പറഞ്ഞിട്ടുണ്ട്.'' രാജീവന്‍ പറഞ്ഞു.
''ആരെഴുതിയാലും ഏതു പത്രമായാലും അതു നന്നായി. ഇതൊക്കെ ആരെങ്കിലും പറയണ്ടേ? നമുക്കിട്ടും ആ വാര്‍ത്തിയിലൊരു കുത്തുണ്ട്. മേടയ്ക്കല്‍ മാത്തുക്കുട്ടിക്ക് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കാന്‍ വൈകിയതിലാണ്. അതിനുടനെ ഒരു വിശദീകരണം കൊടുക്കണം.'' സി.ഐ. പറഞ്ഞു. 
പെട്ടെന്ന് സി.ഐ.യുടെ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം മൊബൈലെടുത്തു. ലൈനില്‍ എസ്.പി.യാണ്.
''ഹലോ... സാര്‍. അതെ, മോഹന്‍ തോമസാണ്.'' 
''ആ ജീനാക്കേസിന്റെ ഇതുവരെയുള്ള എല്ലാ ഡീറ്റെയില്‍സുമായി ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് എന്നെ വന്നു കാണണം.''
''യെസ് സാര്‍. വരാം സാര്‍.''
എസ്.പി. ഫോണ്‍ വച്ചു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് വിരസമായി പുഞ്ചിരിച്ചു.
''രാജീവാ, മനസ്സിലായല്ലോ. എസ്. പിയാ. രണ്ടുമണിക്ക് എസ്.പി.ക്കു മുമ്പില്‍ ജീനാസംഭവത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നമ്മള്‍ എല്ലാം അപ്‌ഡേറ്റായതുകൊണ്ട് ടെന്‍ഷനില്ല.''
''ചുമതല മാറ്റാനായിരിക്കുമോ, സാര്‍?''
''മാറ്റട്ടെ. തലവേദന ഒഴിയുമല്ലൊ?''
''ആ ശ്രീജിത്തിനെ അറസ്റ്റു ചെയ്തു ചോദ്യം ചെയ്യുന്നതോടുകൂടി ഇതു നമുക്ക് പൂര്‍ത്തീകരിക്കാമായിരുന്നു.''
''ശ്രീജിത്തിനെ അറസ്റ്റു ചെയ്താല്‍ സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിനു ദോഷം വരും. അതിനാലാണവര്‍ സൂപ്പര്‍സ്റ്റാറിനെ ഇടപെടുവിച്ചത്. യഥാര്‍ത്ഥത്തില്‍ ശ്രീജിത്തല്ല നമ്മുടെ മുമ്പിലെ പ്രശ്‌നം. അവന്‍ ജോലി നോക്കുന്ന കമ്പനിയാണ്. രാജീവന്‍ പൊയ്‌ക്കോളൂ.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. എച്ച്.സി. രാജീവന്‍ എഴുന്നേറ്റ് സി.ഐ.യെ സല്യൂട്ട് ചെയ്ത് റൂമില്‍നിന്നിറങ്ങി.
ജീനാക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടുമായി കൃത്യസമയത്ത് സി.ഐ. മോഹന്‍ തോമസ് എസ്.പി.യുടെ ഓഫീസിലെത്തി. എസ്.പി.വിജയകുമാര്‍ കളക്‌ട്രേറ്റില്‍ മന്ത്രി പങ്കെടുക്കുന്ന യോഗത്തിലായതിനാല്‍ വൈകിയാണ് ഓഫീസിലെത്തിയത്. അധികം വൈകാതെ മോഹന്‍ തോമസിനെ അകത്തേക്കു വിളിപ്പിച്ചു. ഫയല്‍ എസ്.പി.ക്കു നല്‍കിയശേഷം അദ്ദേഹം അനുമതി നല്‍കിയപ്പോള്‍ എതിര്‍വശത്തെ കസേരയില്‍ ഇരുന്നു. സമയമെടുത്ത് അതീവശ്രദ്ധയോടെ എസ്.പി., റിപ്പോര്‍ട്ട് വായിച്ചു. ഒടുവില്‍ അദ്ദേഹം അതുമടക്കി.
''മോഹന്‍, പ്രഥമദൃഷ്ട്യാ ഇതൊരു സൂയിസൈഡാണെന്നു തോന്നും. പക്ഷേ, ഇന്ന് കുറ്റവാളികള്‍ കുറ്റാന്വേഷകരെക്കാള്‍ ബുദ്ധിശാലികളും തന്ത്രശാലികളുമാണ്. വളരെ നിഷ്‌കളങ്കരായി ഭാവിക്കുന്ന ചിലരായിരിക്കും കൊടുംക്രൂരതകള്‍ ചെയ്യുന്നത്. ഇവിടെ പ്രണയവും പ്രണയപ്പകയുമാണോ ജീനായുടെ മരണത്തിലേക്ക് എത്തിച്ചതെന്നു സംശയിക്കണം.''
''എനിക്കും സാറിന്റെ നിഗമനംതന്നെയാണ്. റോണി, ഒരു മനോരോഗിയുടെ മകളാണെന്നറിഞ്ഞിട്ടും ജീനായെ സ്‌നേഹിച്ചു. വീട്ടുകാരെ തള്ളി അവളെ വിവാഹം കഴിക്കുകയും ചെയ്തു. ശ്രീജിത്തിന്റേത് വണ്‍വേയായിരുന്നു. ജീനാ മറ്റൊരുവന്റെ ഭാര്യയായിട്ടും അവനവളെ മറക്കാന്‍ കഴിഞ്ഞില്ല. അവളെ മറക്കാന്‍വേണ്ടി സൗദിയിലേക്കു സ്ഥലം മാറിപ്പോകാന്‍വരെ അവന്‍ തയ്യാറായി. ഒന്നുകൂടി കാണാനും ഒരു സമ്മാനം കൊടുക്കാനുമുള്ള ശ്രമമാണ് ദുരന്തമുണ്ടാക്കിയത്.'' മോഹന്‍ തോമസ് പറഞ്ഞു.
''അവള്‍ മരിക്കുന്നതിന് അരമണിക്കൂര്‍മുമ്പ് വിളിച്ചതും മെസേജയച്ചതും ശ്രീജിത്തിനാണ്. അവര്‍ തമ്മിലുണ്ടായിരുന്നത് വണ്‍വേയാണെന്നു തീര്‍ച്ചപ്പെടുത്താമോ?'' എസ്.പി. സംശയം പ്രകടിപ്പിച്ചു.
''ശ്രീജിത്ത്, തലേദിവസം ജീനായെ സന്ദര്‍ശിച്ചതും സമ്മാനം കൊടുത്തതും റോണിയെ പ്രകോപിപ്പിച്ചിരിക്കും. അതേച്ചൊല്ലി വലിയ സംഘര്‍ഷം അവര്‍ തമ്മിലുണ്ടായിക്കാണും. റോണിയുമായുള്ള അകല്‍ച്ചയായിരിക്കണം ജീനായുടെ  ആത്മഹത്യയ്ക്കുള്ള പ്രേരണയെന്നെനിക്കു തോന്നുന്നു.''
''അത് ലോജിക്കുള്ള ഒരു നിഗമനമാണ്. അപ്പോള്‍ കാര്യകാരണസഹിതം റോണിയില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്താം. കേസെടുക്കാം.'' എസ്.പി. പറഞ്ഞു. 
''സാര്‍, തലേദിവസം റോണിയുടെ വീട്ടില്‍ ശ്രീജിത്ത് ചെന്നില്ലായിരുന്നെങ്കില്‍, സമ്മാനം കൊടുത്തില്ലായിരുന്നെങ്കില്‍ ഇതു സംഭവിക്കുകയേയില്ലായിരുന്നു. ആ നിലയ്ക്ക് ജീനായുടെ മരണത്തിന്റെ പ്രധാനകാരണക്കാരനായി ശ്രീജിത്തിനെയല്ലേ കാണേണ്ടത്?'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സംശയിച്ചു.
''രണ്ടുപേര്‍ക്കും അവളുടെ മരണത്തില്‍ പങ്കുണ്ട്. ഇതു രണ്ടായിരത്തി ഇരുപത്തഞ്ചാമാണ്ടല്ലേ? ഒരു സഹപാഠി വീട്ടില്‍ വന്നതും വിവാഹസമ്മാനം കൊടുത്തതും വലിയ കുറ്റമായി കാണണമായിരുന്നോ?''
''ഞാനതു വലിയ കുറ്റമായി കാണുന്നില്ല. പക്ഷേ, റോണിയും ജീനായും തമ്മിലകലാനും അവളുടെ മരണത്തിനും ആ സന്ദര്‍ശനം കാരണമായെന്നു പറഞ്ഞതു മാത്രം.''
''ഈ കേസില്‍ സുപ്രധാനമായ ചില തെളിവുകള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. കൈത്തണ്ട മുറിക്കാനുപയോഗിച്ച ഉപകരണം, ജീനായുടെ മൊബൈല്‍ ഫോണ്‍, മരണക്കുറിപ്പുണ്ടെങ്കില്‍ അത്.''
''ഞങ്ങള്‍ പലവട്ടം എല്ലായിടവും അരിച്ചുതപ്പി സാര്‍. കണ്ടെത്താന്‍ കഴിഞ്ഞില്ല.''
''ഇതു മൂന്നും നശിപ്പിച്ചിട്ടുണ്ടാകാം. എങ്കില്‍ ഇതൊരു ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ പ്രതിക്കു ശിക്ഷ ഉറപ്പാണ്.''
''ശ്രീജിത്തിന്റെ കാര്യത്തില്‍ ഒരു ബ്ലോക്കുണ്ടാക്കിയിട്ടുണ്ടല്ലൊ, സാര്‍.''
''എനിക്കറിയാം. നല്ല ഓര്‍മയുണ്ട്. മോഹന്‍ മനസ്സുകൊണ്ട് എന്നെ ശപിച്ചിട്ടുണ്ടാകും. എനിക്കതു ചെയ്യേണ്ടിവന്നു. കാര്യകാരണങ്ങളൊന്നും വിശദീകരിക്കാന്‍ ഈ കാക്കിക്കുപ്പായത്തിലിരുന്ന് എനിക്കു സാധ്യമല്ല. ആ കെട്ട് പൂര്‍ണമായും അഴിച്ചിരിക്കുന്നു. അവന്റെ കാര്യത്തില്‍ സി.ഐ. ഉചിതമായതു ചെയ്‌തോളൂ. ഇതുവരെ നടത്തിയ അന്വേഷണം ഗംഭീരമായിരിക്കുന്നു.'' 
സി.ഐ. മോഹന്‍തോമസ് എസ്.പി.യെ സല്യൂട്ട് ചെയ്ത് പുറത്തേക്കിറങ്ങി.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)