സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് കോണ്‍സ്റ്റബിള്‍ രാജീവനെ തന്റെ റൂമിലേക്കു വിളിച്ചു വരുത്തി.
''രാജീവന്‍ നില്‍ക്കണ്ട. കസേരയിലിരിക്ക്. നമുക്ക് സ്വകാര്യമായി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. രാജീവന്‍ അദ്ദേഹത്തിനെതിരേ കസേരയില്‍ കടന്നിരുന്നു.
''രാജീവാ, ജീനായുടെ കേസിലെ വാദിയായ പാലച്ചുവട്ടില്‍ ജോസ് മകന്‍ ടോണി പ്രതിയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി തന്നിരിക്കുന്നത്. നമ്മള്‍ അവനുദ്ദേശിച്ച പ്രതിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിന്നെ അയാളുടെ എന്തെങ്കിലും ഇന്‍വോള്‍മെന്റുണ്ടോയെന്നു വിശദമായി അന്വേഷിക്കുകയും ചെയ്തു.'' മോഹന്‍ തോമസ് പറഞ്ഞു.
''മാത്തുക്കുട്ടിക്കെതിരായി വന്ന ഒരു കാര്യമേയുള്ളൂ. അവളുടെ മരിച്ചടക്കിന്റെയന്ന് ടീ.വിയില്‍ സംസ്‌കാരച്ചടങ്ങുകണ്ടുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുകയും സന്തോഷിക്കുകയും ചെയ്തു.''
''അതുകൊണ്ട് മാത്തുക്കുട്ടി കൊല്ലിച്ചു എന്നു സംശയിക്കാനാവില്ല.''
''മറ്റൊരു തെളിവും അയാള്‍ക്കെതിരേ ഇതുവരെ നമുക്കു കിട്ടിയിട്ടില്ല.'' രാജീവന്‍ പറഞ്ഞു.
''കേസന്വേഷണം ഇഴയുന്നു എന്നു വ്യാപകമായ പരാതിയാണ്. അതിനിടെ മാനസികരോഗിയായ ജോസ്, തന്റെ ശിക്ഷ നടപ്പാക്കാനൊരു ശ്രമവും നടത്തി. മേടയ്ക്കല്‍ മാത്തുക്കുട്ടി ആയുസ്സിന്റെ ബലംകൊണ്ടു മാത്രം രക്ഷപ്പെട്ടതാ.'' സി.ഐ. പറഞ്ഞു.
''മേടയ്ക്കന് പോലീസ് പ്രൊട്ടക്ഷന്‍ കൊടുത്തില്ല എന്നൊരു പരാതിയുണ്ടായി. കോടതിയുത്തരവുണ്ടാകാത്തതുകൊണ്ട് നമ്മള് രക്ഷപ്പെട്ടു. ഒരു കൂട്ടക്കൊലതന്നെ അവിടെ ഉണ്ടാകാമായിരുന്നു. ഭ്രാന്തനല്ലേ?''
''അതെ. ഇനി നമുക്ക് പ്രൊട്ടക്ഷന്‍ കൊടുക്കണം. മജിസ്‌ട്രേറ്റുകോടതീന്നു തീരുമാനം വന്നു. കേസ് നമ്മള്‍ വളരെ സ്‌ട്രേറ്റ് ആയിട്ടുതന്നെയാണ് മുമ്പോട്ടു കൊണ്ടുപോകുന്നത്. ശ്രീജിത്ത് ഈ കേസില്‍ നിര്‍ണ്ണായകമായ വ്യക്തിയാണ്. അവനിലേക്കു നമ്മളെത്തുമെന്നായപ്പോള്‍ കൈകെട്ടി. സൂപ്പര്‍സ്റ്റാറിന്റെ ഇടപെടല്‍.''
''അവനെ കസ്റ്റഡിയിലെടുക്കാതെ ഇതെങ്ങനെ മുമ്പോട്ടു പോകും സാര്‍?''
''എസ്.പി. യോടു ഞാനതറിയിച്ചുകഴിഞ്ഞു. അവനെ കസ്റ്റഡിയിലെടുത്ത് ക്വസ്റ്റ്യന്‍ ചെയ്യാനനുവദിക്കുന്നില്ലെങ്കില്‍ എന്നെയീ കേസിന്റെ ചുമതലയില്‍നിന്നൊഴിവാക്കണമെന്നാണ് രേഖാമൂലം അറിയിച്ചത്. റിപ്ലേ വന്നില്ല.''
മോളിലുള്ളവര്‍ക്ക് ഒരു കേസും തെളിയണോന്നും ശിക്ഷിക്കപ്പെടണോന്നും ഇല്ലെന്നു തോന്നുന്നു.'' എച്ച് സി. രാജീവന്‍ പറഞ്ഞു.
''അതു പറഞ്ഞിട്ടു കാര്യമില്ല. രാജീവാ. നമ്മുടെ സിസ്റ്റം അങ്ങനെയായിപ്പോയി. മരിച്ച പെണ്ണ്, അവള് തീര്‍ന്നു. പാവപ്പെട്ട, വര്‍ക്ക്‌ഷോപ്പ്പണിക്കാരനായ ആങ്ങളയാണ് നീതിക്കുവേണ്ടി പോരാടുന്നത്. അവനെന്തുമാത്രം പോകാന്‍ പറ്റും? ആക്ഷന്‍ കൗണ്‍സിലെന്നൊക്കെ പറയുന്നത് ഒരു മൂച്ചിനുണ്ടാകുന്നതാ. ചിലര്‍ക്ക് പത്രങ്ങളിലും ചാനലുകളിലുമൊക്കെ മുഖം കാണിക്കാനുള്ള വേദി മാത്രം. കുറേ കഴിയുമ്പം എല്ലാവരും ഇട്ടേച്ചു പോകും.'' സി.ഐ. പറഞ്ഞു.
''സാറ്... നിരാശനായോ?''
''നിരാശനൊന്നുമായിട്ടില്ല. നമ്മള് ഈ കേസില്‍ വളരെ പ്രധാനപ്പെട്ട ചില തെളിവുകള്‍ കണ്ടെത്തിയിട്ടില്ലേ? ആ പാവം പെണ്ണിന്റെ ജീവന് നമ്മളെങ്കിലും ഇത്തിരി വില കല്പിക്കണ്ടേ?''
''എന്റെയഭിപ്രായം നമ്മളിതിന്റെ അറ്റം കാണാതെ പിന്മാറരുതെന്നാ.''
''നമ്മളൊട്ടും പിന്നോട്ടില്ല. മുന്നോട്ടു തന്നെ.''
''അടുത്ത സ്റ്റെപ്പ്?''
''റോണി മാത്യുവിനെ ചോദ്യം ചെയ്യണം. അവനിപ്പോള്‍ രക്ഷപ്പെട്ടെന്ന ഭാവത്തില്‍ കഴിയുകയായിരിക്കും. ഒത്തിരിക്കാര്യങ്ങള്‍ അവനില്‍നിന്നു നമുക്കു ചികഞ്ഞെടുക്കാനുണ്ട്. ഇപ്പോള്‍ ത്തന്നെ പോകാം.''
''യേസ് സാര്‍'', എച്ച്.സി. രാജീവന്‍ എഴുന്നേറ്റു. സി.ഐ. ഓഫീസിലുള്ളവര്‍ക്ക് ചില നിര്‍ദേശങ്ങള്‍ കൊടുത്തു. പിന്നെ രണ്ടുപേരും പൊലീസ് ജീപ്പില്‍ കയറി. റോണി മാത്യുവിന്റെ വാടകവീട് ലക്ഷ്യമാക്കി വാഹനം ഡ്രൈവര്‍ ചീറിപ്പായിച്ചു.
പൊലീസ് ജീപ്പ് വീട്ടുമുറ്റത്തെത്തിനിന്നപ്പോള്‍ റോണി ഉമ്മറത്തെ കസേരയിലിരിക്കുകയായിരുന്നു. അവന്‍ പെട്ടെന്നു പിടഞ്ഞെഴുന്നേറ്റു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസും ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവനും ജീപ്പില്‍നിന്നിറങ്ങി. റോണി അവരുടെയടുത്തെത്തി ബഹുമാനപൂര്‍വം നിന്നു.
''റോണി ജോലിക്കു പോയിത്തുടങ്ങിയോ?'' രാജീവന്‍ ചോദിച്ചു.
''പോയിത്തുടങ്ങി സാര്‍. ഇന്നു ലീവായിരുന്നു.'' അവന്‍ പറഞ്ഞു.
''ജീനായുടെ മരണം സംബന്ധിച്ച് ഒരു കേസുള്ള കാര്യം അറിയാമല്ലോ.'' സി.ഐ. ഗൗരവം വിടാതെ സൂചിപ്പിച്ചു.
''അറിയാം സാര്‍. നമുക്ക് മുറിയിലിരുന്നു സംസാരിക്കാം സാര്‍. കയറിവാ.'' അവന്‍ ക്ഷണിച്ചു.
പൊലീസുദ്യോഗസ്ഥര്‍ വീട്ടിലേക്കു കയറി. റോണി അവരെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തി.
''ഇവിടെയിപ്പോള്‍ തനിച്ചായിരിക്കും.'' മോഹന്‍ തോമസ് തിരക്കി.
''അതെ. കഴിഞ്ഞ ദിവസം വരെ ചേച്ചിയിവിടെയുണ്ടായിരുന്നു. പപ്പാ ഹോസ്പിറ്റലിലായതുകൊണ്ട് ഇപ്പം അവിടെ സഹായത്തിനു നില്‍ക്കുകാ.''
''മാത്തുക്കുട്ടിക്കു നിങ്ങള്‍ രണ്ടു മക്കളാണല്ലേ?''
''അതെ, സാര്‍.''
''ജോസ് പൂര്‍ണമായും ഒരു മനോരോഗിയാ. ആ കൂടെ മാത്തുക്കുട്ടിയോടു വൈരാഗ്യവുമുണ്ടായി. അവന്റെ ആക്രമണത്തീന്നു രക്ഷപ്പെട്ടത് ഒരതിശയമാ. നാളെ രാവിലെ മുതല്‍ പ്രൊട്ടക്ഷന്‍ കൊടുക്കും.'' ധാര്‍ഷ്ട്യം ഒട്ടും പ്രകടിപ്പിക്കാതെ മോഹന്‍ തോമസ് പറഞ്ഞു.
''എന്താ സാറന്മാര്‍ വന്നത്?'' ഉത്കണ്ഠയോടെ റോണി തിരക്കി.
''തന്റെ ഭാര്യയാണല്ലോ മരിച്ചത്. മരണകാരണം കൈഞരമ്പു മുറിഞ്ഞ് രക്തം വാര്‍ന്നുപോയതുകൊണ്ടാണെന്നു മാത്രമേ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളൂ. ആത്മഹത്യയാണെന്നോ, അല്ലെന്നോ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിക്കുന്നില്ല. ആ നിലയ്ക്ക് റോണിയെ ക്വസ്റ്റ്യന്‍ ചെയ്യാനാണ് ഞങ്ങളെത്തിയത്. എല്ലാക്കാര്യങ്ങളും ഒന്നും മറച്ചുവയ്ക്കാതെ പറയണം.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗൗരവപൂര്‍ണമായ ശബ്ദത്തില്‍ പറഞ്ഞു.
''പറയാം സാര്‍. എനിക്കറിയാവുന്നതെല്ലാം പറയാം.'' റോണിക്കു നേരിയ വിമ്മിട്ടമുണ്ടായി.
''നിങ്ങള്‍ ബിടെക്കിന് ഒരുമിച്ചു പഠിച്ചവരാണോ?''
''ഒരു കോളജില്‍, ഒരേ കാലഘട്ടത്തില്‍ പഠിച്ചിരുന്നതേയുള്ളൂ. ഞാന്‍ ഇലക്‌ട്രോണിക്‌സും അവള്‍ സിവിലുമായിരുന്നു.''
''ഇഷ്ടമായതെന്നു മുതല്‍ക്കാ?''
''രണ്ടാംവര്‍ഷത്തില്‍ ഞങ്ങളൊരുമിച്ച് യൂണിയന്‍ ഭാരവാഹികളായിരുന്നു. അങ്ങനെയാണടുപ്പമുണ്ടായത്.''
''കല്യാണത്തിന് റോണിയുടെ വീട്ടുകാര്‍ എതിരായിരുന്നു''
''അതേ. അവളുടെ ഫാദറിന്റെ അസുഖവിവരം പപ്പാ തിരക്കിയറിഞ്ഞു. അതുകൊണ്ടാ എതിര്‍ത്തതും വീട്ടീന്നു ഞങ്ങളെ ചാടിച്ചതും.''
''ചേച്ചിയുടെ കല്യാണം നടക്കാത്തതെന്താ?''
''ഒത്തിരി ആലോചനകള്‍ ചേച്ചിക്കു വന്നതാ. വരുന്നതൊന്നും ഒപ്പത്തിനൊള്ള ബന്ധമല്ലെന്നും പറഞ്ഞ് പപ്പാ തട്ടിക്കളഞ്ഞു. അങ്ങനെ പ്രായം കടന്നു. ഇപ്പം ആരും വരുന്നില്ല. വയസ്സ് മുപ്പത്തിയഞ്ചായി. ഇനി കല്യാണമേ വേണ്ടെന്നു ചേച്ചി തീരുമാനിച്ചിരിക്കുകാ.''
''മാത്തുക്കുട്ടി ഒരു റഫ് പേഴ്‌സനാണല്ലേ?''
''സോഫ്റ്റല്ല.''
ഏതാനും നിമിഷം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിശ്ശബ്ദമായി റോണിയെ അടിമുടി നീരീക്ഷിച്ചിരുന്നു. അവന്റെ മുഖഭാവം, ചലനങ്ങള്‍, ചേഷ്ടകള്‍ എല്ലാം അദ്ദേഹം വിലയിരുത്തുകയായിരുന്നു.
''റോണീ, എന്നു മുതലാണ് ജീനായുമായി അകല്‍ച്ച തുടങ്ങിയത്?'' സി.ഐ. അവനെ ഉറ്റുനോക്കിക്കൊണ്ടു ചോദിച്ചു.
''ഇല്ല. ഇല്ല സാര്‍... ഞങ്ങള്‍ തമ്മില്‍ ഒരിക്കലും അകല്‍ച്ചയുണ്ടായിട്ടില്ല. ഒരു കുഞ്ഞുപിണക്കംപോലുമുണ്ടായിട്ടില്ല.''
''എടോ... കൃത്യമായ അറിവോടെ, തെളിവുകളോടെ ഒരു കാര്യം ചോദിക്കുമ്പോള്‍ ഇങ്ങനെ പച്ചക്കള്ളം പറയരുത്.'' സി.ഐ. മോഹന്‍തോമസിന്റെ ശബ്ദം കനത്തു. റോണിയുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
(തുടരും)
ജോര്‍ജ് പുളിങ്കാട്
