•  25 Dec 2025
  •  ദീപം 58
  •  നാളം 42
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

    കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ എം.ഡി. രാജേന്ദ്രബാബു, വളരെ അടിയന്തരമായി ആര്‍ക്കിടെക്ട് സുമനെ എറണാകുളത്തെ ഹെഡ് ഓഫീസിലേക്കു വിളിപ്പിച്ചു. സുമന്‍ തയ്യാറാക്കി, ശ്രീജിത്ത് സ്വന്തം ലേബല്‍ ചാര്‍ത്തിയ പ്ലാനും എസ്റ്റിമേറ്റും ക്ലയന്റിനു നല്‍കിക്കഴിഞ്ഞ സന്ദര്‍ഭമായിരുന്നു, അത്. എന്തായിരിക്കും അതിന്റെ റിസള്‍ട്ട് എന്നറിയാന്‍ സുമന് ആകാംക്ഷയുണ്ട്. വര്‍ക്കു മുഴുവന്‍ തന്റെയാണ്. ഒപ്പും സീലും മാത്രമാണ് ചീഫ് ആര്‍ക്കിടെക്ട് ശ്രീജിത്തിന്റേത്.
''ഹലോ... സുമന്‍... വെരി ഗ്ലാഡ്റ്റുമീറ്റ് യൂ. പ്ലീസ് ടേക്ക് ദ സീറ്റ്.'' ആഹ്ലാദത്തോടെയാണ് രാജേന്ദ്രബാബു വളരെ ജൂണിയറായ സുമനെ സ്വീകരിച്ചത്. സുമന്‍ എം.ഡി. ക്കെതിരെയുള്ള വിശിഷ്ടമായ ഇരിപ്പിടത്തിലിരുന്നു.
''എന്താ... സാര്‍, പെട്ടെന്നിങ്ങനെ വിളിച്ചത്?'' സുമന്‍ തിരക്കി.
''കാരണമുണ്ട്. ഒന്നിലധികം കാരണങ്ങള്‍. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ലക്ഷദ്വീപില്‍ നമുക്ക് വളരെ പ്രധാനപ്പെട്ട ഒരു കണ്‍സ്ട്രക്ഷനു കരാറായിരിക്കുന്നു. വലിയ ഒരു വര്‍ക്ക്. സര്‍ക്കാരിന്റേത്.''
''വളരെ സന്തോഷം. എന്റെ വര്‍ക്കിനെപ്പറ്റിയുള്ള അഭിപ്രായമെന്തെങ്കിലും വന്നോ, സാര്‍?''
''വന്നു. സൂപ്പര്‍ സ്റ്റാര്‍ അതീവസന്തോഷത്തിലാണ്. ശ്രീജിത്തിന്റെ നമ്പര്‍ ചോദിച്ചു വിളിച്ചു, ഞാന്‍ കൊടുത്തില്ല.''
''അതെന്താ സാര്‍? കൊടുക്കാമായിരുന്നു. എനിക്കതിലൊരു പരിഭവവുമില്ല. ഒരുപക്ഷേ, അദ്ദേഹത്തിന്റെ മുദ്ര കണ്ടതുകൊണ്ടായിരിക്കും സൂപ്പര്‍ സ്റ്റാര്‍ ഇത്രയ്ക്കങ്ങിഷ്ടപ്പെട്ടത്.''
''ഞാന്‍ സത്യം പറഞ്ഞു. പുതിയ ചെറുപ്പക്കാരുടെ പുതുപുത്തന്‍ സൃഷ്ടികളെയാണിന്ന് വിവരമുള്ളവര്‍ ഇഷ്ടപ്പെടുന്നത്. ഞാനതു മുഴുവന്‍ ശ്രദ്ധിച്ചു. ഇത്ര വേഗത്തില്‍ ഇത്ര മെച്ചപ്പെട്ട ഒരു വര്‍ക്ക് പൂര്‍ത്തിയാക്കിത്തന്നതിന് സുമനെന്റെ അഭിനന്ദനം. നന്ദി.''
''ഹൊ! സാര്‍...'' എനിക്ക് വലിയ ടെന്‍ഷനായിരുന്നു. ക്ലയന്റിനത് ഇഷ്ടപ്പെടാതിരുന്നാല്‍ കമ്പനിക്കും ശ്രീജിത്ത് സാറിനും എനിക്കുമൊക്കെ ഡാമേജാകുമായിരുന്നു.
''സൂപ്പര്‍സ്റ്റാറിന് സുമന്റെ നമ്പര്‍ അല്പം മുമ്പാണ് ഞാന്‍ സെന്‍ഡ് ചെയ്തത്. അദ്ദേഹം എപ്പോഴെങ്കിലും വിളിക്കും. ഷൂട്ടിങ്ങല്ലേ, രാവും പകലും. അങ്ങേരുടെ സമയം കത്തിനില്‍ക്കുകല്ലേ.''
''ഏറ്റവും നല്ല സ്വപ്നത്തില്‍പ്പോലും ഇത്രയും ഞാന്‍ സന്തോഷിച്ചിട്ടില്ല.''
''ഇദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ ഡിസൈനര്‍ എന്ന നിലയില്‍ സുമനും ഈ ഫീല്‍ഡിലെ ഒരു സൂപ്പര്‍സ്റ്റാറാകാന്‍ പോകുകാ. ഒരു കാര്യം പക്ഷേ ശ്രദ്ധിക്കണം. നന്നേ ചെറുപ്പത്തിലേ വലിയ അച്ചീവ്‌മെന്റുകളുണ്ടാകുമ്പോള്‍ മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ കഴിയണം. പ്രശംസ കിട്ടും. പാരിതോഷികങ്ങള്‍ കിട്ടും. പണം കിട്ടും. അഹങ്കാരമുണ്ടാകരുത്. ഉള്ള കഴിവുകള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ശ്രമിക്കണം.'' 
''ഇല്ല സാര്‍. ഞാനൊട്ടും അഹങ്കരിക്കില്ല. ശ്രീജിത്ത്‌സാറിന്റെ കഴിവുകളെ ഒട്ടും കുറച്ചു കാണാനും ഞാനില്ല. എന്റെ പേരില്‍ ഇതറിയപ്പെടുന്നത് ശ്രീജിത്ത്‌സാറിന് ഇഷ്ടപ്പെടാതെ വരുമോ എന്നാണ്.''
''ഇല്ലടോ. അയാളില്‍നിന്ന് ഇനിയധികമൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അണയാന്‍ പോകുന്ന ഒരു സൂര്യനാണയാള്‍. സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിന് പുതിയൊരു സൂര്യോദയം ആവശ്യമായി വന്നിരിക്കുന്നു.''
''എനിക്ക്... മനസ്സിലായില്ല സാര്‍.''
''ശ്രീജിത്ത് ഒരു കേസില്‍പ്പെട്ടിരിക്കുന്ന കാര്യം അറിയാമല്ലോ.''
''അറിയാം.'
''കമ്പനിയുടെ ഇടപെടല്‍മൂലമാണ് ഇതുവരെ അറസ്റ്റ് ഒഴിവായത്. ഇനിയാരു നോക്കിയാലും അയാളെ രക്ഷിക്കാനാവില്ല. സുപ്രധാനമായ തെളിവുകളെല്ലാം പോലീസിനു കിട്ടിക്കഴിഞ്ഞു.''
''ഹൊ! പാവം മനുഷ്യന്‍!'' സുമന്‍ പറഞ്ഞു.
''ഒന്നിച്ച് കുറെ ദിവസമുണ്ടായിരുന്നല്ലോ! ആളെങ്ങനെ?''
''ബന്ധുക്കളായിട്ട് ആരുമില്ലെന്നു തോന്നി.''
''തോന്നല്‍ ശരിയാണ്. ശ്രീജിത്ത് ഒരു ഓര്‍ഫനാണ്. ഒരുമിച്ചുള്ള ഒരു കാര്‍യാത്രയില്‍ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാം അപകടത്തില്‍ മരിച്ചു. അദ്ഭുതകരമായി ശ്രീജിത്ത് മാത്രം രക്ഷപ്പെട്ടു.''
''അത്രയുമൊന്നും എന്നോടു പറഞ്ഞിട്ടില്ല.''
''നമുക്ക് കഥ പറഞ്ഞിരിക്കാന്‍ സമയമില്ല. കമ്പനി ശ്രീജിത്തിനു പകരം ആ പോസ്റ്റിലേക്ക് സുമനെ നിയമിക്കാന്‍ തീരുമാനിച്ച വിവരം അറിയിക്കാനാണ് വിളിച്ചുവരുത്തിയത്.'' എം.ഡി. ഗൗരവസ്വരത്തില്‍ പറഞ്ഞു.
സുമന്‍ എഴുന്നേറ്റുനിന്ന് എം.ഡി.ക്കു മുന്നില്‍ കൈകൂപ്പി.
''താങ്ക് യു സാര്‍. താങ്ക് യു വെരിമച്ച്.'' അവന്‍ പറഞ്ഞു.
''ഇന്നുതന്നെ നമുക്ക് മറ്റൊരു മീറ്റിങ്ങുണ്ട്. അവിടെവച്ച് അപ്പോയ്‌മെന്റ് ഓര്‍ഡര്‍ നല്‍കി സുമനെ മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്താം.''
എം.ഡി. ചന്ദ്രബാബു ഷേക്ക്ഹാന്‍ഡ് നല്‍കി സുമനെ യാത്രയാക്കി. 
 *   *   *   *
''മുന്‍പ് മൊഴിയെടുത്തപ്പോള്‍ നമ്മള്‍ പറഞ്ഞുനിര്‍ത്തിയതെവിടെയാണെന്ന് റോണിക്കോര്‍മ്മയുണ്ടോ?'' സി.ഐ. മോഹന്‍കുമാര്‍ അവനെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടു ചോദിച്ചു.
''അത്....?'' റോണി പരുങ്ങി.
''ചെറുപ്പമല്ലേ, കാര്യങ്ങള് പെട്ടെന്നു മറന്നാലെങ്ങനെയാ?''
''മറ്റാരെങ്കിലുമായി ജീനായ്ക്കു സ്‌നേഹബന്ധമുണ്ടായിരുന്നോ എന്ന് സാര്‍ ചോദിച്ചു.'' 
റോണി പെട്ടെന്നുതന്നെ ഓര്‍ത്തു പറഞ്ഞു.
''പറഞ്ഞതു ശരിയാണ്. റോണിക്ക് ഓര്‍മയുണ്ട്. ഞാനിനി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ മറുപടിതന്നെ കിട്ടണം. ചോദ്യങ്ങള്‍ വെറുതെ ചോദിക്കുന്നതല്ല. വളരെ ബുദ്ധിമുട്ടി ഞാനും എച്ച്.സി. രാജീവനും ചേര്‍ന്ന് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യങ്ങള്‍.''
''ഞാനിതുവരെ ഒരു നുണയും പറഞ്ഞിട്ടില്ല, സാര്‍. ജീനായ്ക്ക് എന്നോടല്ലാതെ മറ്റൊരാളോടും സ്‌നേഹമില്ലായിരുന്നു എന്നു പറഞ്ഞതു സത്യമാണ്. അവളെ മറ്റു പലരും ഇഷ്ടപ്പെട്ടിട്ടുണ്ടാകും.''
''സ്‌നേഹവും പ്രണയവും വിട്. സൗഹൃദമുണ്ടായിരുന്നോ?'' 
''ഇല്ല. എന്റെ ബോധ്യമതാണ്.''
''മരിച്ചതിന്റെ  തലേന്നാള്‍ നിങ്ങള്‍ തമ്മില്‍ വലിയ വാക്കേറ്റമുണ്ടായില്ലേ? ജീന കരഞ്ഞില്ലേ?''
''ഇല്ല. അങ്ങനെയൊരു സംഭവമുണ്ടായിട്ടേയില്ല.''
''കുടുങ്ങാതിരിക്കാന്‍വേണ്ടി റോണി പച്ചക്കള്ളം പറയുന്നു.''
റോണി ആകെ വിളറി. അവന്റെ മുഖത്ത് വിയര്‍പ്പു പൊടിഞ്ഞു. നാവും ചൊടിയും വരണ്ടു.
''വെള്ളം വേണോ?'' സി.ഐ. തിരക്കി. 
''വേണം.'' അവന്‍ പറഞ്ഞു.
സി.ഐ. ബെല്ലടിച്ച് സ്റ്റാഫിനെ വരുത്തി. വെള്ളം കൊണ്ടുവരാന്‍ നിര്‍ദേശം കൊടുത്തു. ഒരു വലിയ ഗ്ലാസ് നിറയെ വെള്ളവുമായി അറ്റന്‍ഡര്‍ കടന്നുവന്നു. റോണി അയാളുടെ കൈയില്‍നിന്നും വെള്ളം വാങ്ങി ആര്‍ത്തിയോടെ കുടിച്ചു. ഗ്ലാസ് തിരിച്ചുവാങ്ങി അറ്റന്‍ഡര്‍ തിരിച്ചുപോയി.
''റോണിക്ക് അയല്‍ക്കാരനായ സുധാകരന്‍ എന്ന മുന്‍ മിലിട്ടറിക്കാരനുമായി ഒരു ബന്ധവുമില്ലായിരുന്നു. നിങ്ങളിവിടെ താമസം തുടങ്ങിയിട്ടിതുവരെ ആ വീട്ടില്‍ കയറിച്ചെന്നിട്ടില്ല. പുറത്തുവച്ചു കാണുമ്പോള്‍ ജീന അയാളോടു മിണ്ടുകയും ചിരിക്കുകയും ചെയ്തിരുന്നു. രണ്ടാം നിലയിലെ ജനലിലൂടെ രാത്രിയും പകലും നിങ്ങളുടെ ജീവിതം അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നിങ്ങളറിയാതെ.'' സി.ഐ. പറഞ്ഞു.
''അയാള്‍ ഒരു തികഞ്ഞ മദ്യപാനിയും ആഭാസനുമാണെന്നാണു ഞാന്‍ മനസ്സിലാക്കിയത്. ജീനാ പകല്‍ മുഴുവന്‍ ഇവിടെ തനിച്ചാണു കഴിയുന്നത്. സൗഹൃദമുണ്ടായാല്‍ അയാള്‍ എന്റെ വീട്ടിലേക്കു വന്നാലോ?'' റോണി വാദിച്ചു.
''അയാളുടെ സ്വഭാവമൊന്നും എനിക്കറിയില്ല. ജീനാ മരിച്ചതിന്റെ തലേരാത്രിയില്‍ ഇവിടെനിന്ന് ഒച്ചപ്പാടും ജീനായുടെ കരച്ചിലും സുധാകരന്‍ കേട്ടു എന്നു മൊഴി തന്നിട്ടുണ്ട്.''
''നുണയാണ്. അയാളെന്തിനാണ് സാര്‍ എന്റെ വീട്ടിലെ കാര്യങ്ങളന്വേഷിക്കുന്നത്, ജനലിലൂടെ എപ്പഴും എന്റെ വീട്ടിലേക്കു നോക്കിനില്‍ക്കുന്നത്? ജവാന്‍മാരെല്ലാവരും വിശുദ്ധരൊന്നുമല്ല സാര്‍. അയാള്‍ ഒരു യഥാര്‍ത്ഥജവാനാണോയെന്നുപോലും എനിക്കു ഡൗട്ടുണ്ട്.'' റോണി വാദിച്ചു.
''എടോ, സത്യം പറയിക്കാന്‍ പോലീസിന്റെ കൈയില്‍ പല മാര്‍ഗങ്ങളുണ്ട്. പഴയ കാലത്ത് ഇതുപോലെ ഒപ്പം കസേരയിട്ടിരുത്തിയൊന്നും ഒരുത്തനെയും ചോദ്യം ചെയ്തിട്ടില്ല. അതുകൊണ്ട് നടന്ന കാര്യങ്ങള്‍ സത്യസന്ധമായി പറയുന്നതാ നല്ലത്.''
''തലേന്നാള്‍ വഴക്കു നടന്നു, ഇല്ലേ?''
''ഇല്ല. ഞങ്ങള്‍ തമ്മില്‍ ഒരിക്കലും പിണങ്ങിയിട്ടില്ല. ഒരു കാര്യത്തിനും.''
അവന്‍ പറയുന്നതു സത്യമല്ലെന്ന് സി.ഐ. മോഹന്‍കുമാറിനു ബോധ്യമായി. കുറ്റം സമ്മതിച്ചാല്‍ ആത്മഹത്യാപ്രേരണക്കുറ്റം ഇവന്റെമേല്‍ ചുമത്താനാകും. സാഹചര്യത്തെളിവുകള്‍വച്ച് കോടതി ശിക്ഷ വിധിക്കാനും സാധ്യതയുണ്ട്
''റോണീ, സത്യം പറയില്ലെന്നു വാശിയിലാണോ?'' സി.ഐ. ഗൗരവത്തില്‍ ഒരിക്കല്‍ക്കൂടി ചോദിച്ചു. അവന്‍ തല കുമ്പിട്ടിരുന്നതേയുള്ളൂ.
സി.ഐ. കോളിങ് ബെല്ലടിച്ചു.
കോണ്‍സ്റ്റബിള്‍ ബെന്നി കയറി വന്നു.
''സര്‍.'' ബെന്നി സി.ഐ.യെ സല്യൂട്ട് ചെയ്തു.
''എച്ച്.സി. രാജീവനുണ്ടോ അവിടെ?''
''രാജീവന്‍ സാര്‍ ഉണ്ട് സാര്‍.''
''ജീനാക്കേസിന്റെ ഫയലുമായി വരാന്‍ പറയ്. മറ്റു റെക്കാര്‍ഡ്‌സും കൊണ്ടുവരാന്‍ പറയണം.''
''യേസ് സാര്‍.'' കോണ്‍സ്റ്റബിള്‍ ബെന്നി കടന്നുപോയി.
സി.ഐ. മോഹന്‍കുമാര്‍, റോണിയുടെ ഭാവചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍, എച്ച്.സി. രാജീവന്‍ റെക്കോര്‍ഡുകളുമായി കയറിവന്നു.
''എടോ റോണീ, താനാ കസേരയില്‍നിന്നെഴുന്നേറ്റ് മാറി നില്‍ക്ക്.'' സി.ഐ. പറഞ്ഞു. റോണി പെട്ടെന്നു പിടഞ്ഞെണീറ്റ് അല്പം മാറിനിന്നു. റോണിയുടെ മുഖം ജീവനറ്റ ശവത്തിന്റേതുപോലെ തോന്നിച്ചു.
''രാജീവാ... കിണറ്റില്‍നിന്നു കിട്ടിയ ആ ചിത്രം എടുക്ക്.'' രാജീവന്‍ ചിത്രമെടുത്തു സി.ഐ. യ്ക്കു കൈമാറി. അദ്ദേഹമത് റോണിയുടെ നേര്‍ക്കു തിരിച്ചുപിടിച്ചു.
''താന്‍ ഈ ചിത്രം മുമ്പു കണ്ടിട്ടുണ്ടോ?''
''ഇല്ല.'' വെപ്രാളത്തോടെയായിരുന്നു മറുപടി. സി.ഐ.യുടെ മുഖം മുറുകി.
''നിന്റെ മുറ്റത്തെ കിണറ്റില്‍ നിന്നു തപ്പിയെടുത്തതാ. 'ഇതാരു വരച്ചതാ? ആരുടെ ചിത്രമാ? ഇത് കിണറ്റിലെറിഞ്ഞതാരാ?''
''എനിക്കറിയില്ല. എനിക്കൊന്നും അറിയില്ല.'' തളര്‍ന്ന ശബ്ദത്തില്‍ അവന്‍ നിഷേധിച്ചു. കൂടുതലെന്തെങ്കിലും ചോദിക്കുകയോ വിരട്ടുകയോ ചെയ്താല്‍ റോണി കുഴഞ്ഞുവീണേക്കുമെന്ന് സി.ഐ. മോഹന്‍കുമാറിനു തോന്നി.
''പോടാ... ഇറങ്ങിപ്പോടാ എന്റെ മൂമ്പീന്ന്.'' സി.ഐ. മോഹന്‍കുമാര്‍ രോഷത്തോടെ പറഞ്ഞു.
റോണി വെപ്രാളത്തോടെ പുറത്തിറങ്ങി.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)