മേടയ്ക്കന്‍ സ്റ്റീല്‍സിന്റെ നഗരത്തിലെ ഷോറൂമിലിരുന്ന് അക്കൗണ്ടുകള്‍ പരിശോധിക്കുകയായിരുന്നു മാത്തുക്കുട്ടി. കുടുംബപ്രശ്‌നങ്ങള്‍ കാരണം കുറെ ദിവസമായി ബിസിനസ് കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കാനയാള്‍ക്കു കഴിഞ്ഞിരുന്നില്ല. പ്രാപ്തരും വിശ്വസ്തരുമായ സ്റ്റാഫുള്ളതുകൊണ്ട് കാര്യങ്ങളെല്ലാം മുറപോലെ മുന്നോട്ടുപോയി. മൊബൈല്‍ ഫോണ്‍ റിങ്ങു ചെയ്തപ്പോള്‍ ഇത്തിരി ഉത്കണ്ഠയോടെ അയാളതെടുത്ത് ഓണാക്കി.
''ഹലോ... മാത്തുക്കുട്ടിയല്ലേ..?''
''അതെ.''
''ശബ്ദം കേട്ടിട്ട് ആളെ പിടികിട്ടിയോ?''
''ഇല്ല. പതിവില്ലാത്ത ഒരു ശബ്ദമാണല്ലോ.''
''പനമറ്റം സണ്ണിയാടാ.''
''ഹൊ! താനെത്രകാലമായി വിളിച്ചിട്ട്?''
''ഇങ്ങോട്ടും വിളിച്ചില്ല. മുമ്പൊക്കെ ഡെയ്‌ലി പലവട്ടം വിളിച്ചോണ്ടിരുന്നവരല്ലേ, നമ്മള്‍.''
''എന്റെ കാര്യങ്ങളൊക്കെ വല്യ വാര്‍ത്തകളല്ലേ? കാണുന്നുണ്ടായിരിക്കുമല്ലോ, ടീവീലൂം പത്രത്തിലുമൊക്കെ.''
''കാണുന്നുണ്ട്. വിളിച്ച് വെഷമം കൂട്ടണ്ടാന്നു വിചാരിച്ചു.''
''ഇത്രയും മോശപ്പെട്ട ഒരു കാലം ജീവിതത്തിലിന്നോളമുണ്ടായിട്ടില്ല. വരുന്നതെല്ലാം അനുഭവിക്കുക. അല്ലാതെന്തു ചെയ്യും?''
''റോണി വീട്ടിലേക്കു വന്നോ?'' അതോ ഇപ്പഴും വാടകവീട്ടിലാണോ?''
''വന്നില്ല. ഞാന്‍ ചെന്നു വിളിച്ചിട്ടും. അങ്ങേര്‍ക്കു മാറ്റമില്ല.''
''ജോലിക്കു പോയിത്തുടങ്ങിയോ?''
''ഒന്നും എനിക്കറിയില്ല. ആ കല്യാണത്തോടെ ഞാനവനെ വെറുത്തതാ.''
''മകനല്ലേ, മറന്നും ക്ഷമിച്ചുമൊക്കെ ജീവിക്കണ്ടേ?''
''അതുകൊണ്ടാണല്ലോ, കെട്ട്യോളും മകളും പറഞ്ഞതുകേട്ട് വീട്ടിലോട്ടു കൂട്ടിക്കൊണ്ടുവരാന്‍ ഞാന്‍ പോയത്. ജീനായെ കേറ്റാത്ത വീട്ടിലേക്ക് അവന്‍ വരുകേലന്ന്! ഞാന്‍ പിന്നേം നാണം കെട്ടു. ആ പെണ്ണിന്റെ ആങ്ങളച്ചെറുക്കന്‍ സ്റ്റേഷനില്‍ എന്നെ പ്രതിയാക്കി കേസു കൊടുത്തിട്ടുണ്ട്. ഞാനവളെ ക്വൊട്ടേഷന്‍ കൊടുത്ത് കൊല്ലിച്ചെന്ന്.''
''മരണം ആത്മഹത്യയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ?''
''അതു പൂര്‍ണമായിട്ട് സ്ഥാപിച്ചെടുക്കാന്‍ പറ്റീട്ടില്ല. ചില ദുരൂഹതകള്‍ നിലനില്‍ക്കുന്നുമുണ്ട്. വിരോധമുള്ളയാളെയാണല്ലോ ആദ്യം സംശയിക്കുന്നത്.''
''ഞാനിപ്പോള്‍ വിളിച്ചത് ഇതുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാനാ.''
''പറയെടോ.''
''ആ ജീനായുടെ അപ്പന്‍ കുറച്ചുദിവസമായിട്ട് മെന്റല്‍ഹോസ്പിറ്റലിലായിരുന്നല്ലോ. അയാളിപ്പം വീട്ടിലെത്തീട്ടുണ്ട്.''
''ആ വട്ടന്റെ കാര്യമെന്തിനാ, താനെന്നോടു പറയുന്നെ? താന്‍ ശവത്തെ കുത്തുകാണോ?''
''അതല്ല മാത്തുക്കുട്ടീ, അയാളാകെ വയലന്റാ. തന്നെ തട്ടി ജയിലില്‍ പോകുമെന്നു പ്രഖ്യാപിച്ചെന്നു കേട്ടു. ഒന്നു ശ്രദ്ധിക്കണമെന്നു സൂചിപ്പിച്ചതാ.''
''ഹൊ! അതു പേടിപ്പിക്കുന്ന കാര്യമാണല്ലോ? എപ്പഴാ എന്താ ചെയ്യുകാന്ന് ആര്‍ക്കറിയാം.'' മാത്തുക്കുട്ടി ശരിക്കും നടുങ്ങി.
''വട്ടന്മാര്‍ക്ക് ആരേം എന്തും ചെയ്യാം. അവരെ ശിക്ഷിക്കാനും നിയമമില്ല.''
''കേട്ടിട്ട് തല മരയ്ക്കുന്നു. ലൈസന്‍സുള്ള റിവോള്‍വറുണ്ടെന്റെ കൈയില്‍. കണ്‍മുമ്പിലെത്തിയാല്‍ ഞാന്‍ പൊട്ടിക്കും.''
മേടയ്ക്കല്‍ പല്ലിറുമ്മി. ഫോണ്‍ കട്ടാക്കുകയും ചെയ്തു.
* * * *
കില്ലാടി കരുണന്‍ റോണിയുടെ വാടകവീട്ടുമുറ്റത്തെ കിണറിന്റെ ആഴങ്ങളില്‍ മുങ്ങിത്തപ്പുകയാണ്. അതേസമയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസും കോണ്‍സ്റ്റബിള്‍ രാജീവനുംകൂടി വീട്ടുപരിസരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങി. ജീനായുടെ മരണം ഒരു കൊലപാതകമാണെങ്കില്‍ തൊണ്ടിസാധനങ്ങള്‍ കണ്ടെത്തണം. അവള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, കൈമുറിക്കാനുപയോഗിച്ച ആയുധം, പ്രതിയുടെ സാന്നിധ്യം സൂചിപ്പിക്കുന്ന തെളിവുകള്‍ ഇതൊക്കെ കണ്ടെത്തുകയാണു ലക്ഷ്യം.
''സാര്‍, ജീനാ ആത്മഹത്യ ചെയ്തതാണെങ്കില്‍ കൈ മുറിക്കാനുപയോഗിച്ച ഉപകരണം അവള്‍ മരിച്ചുകിടന്ന മുറിയില്‍ത്തന്നെ കാണേണ്ടതല്ലേ?'' കോണ്‍സ്റ്റബിള്‍ രാജീവന്‍, സംശയമുന്നയിച്ചു.
''അതേ. മുറി നമ്മള്‍ രണ്ടു തവണ സേര്‍ച്ചു ചെയ്തതാണ്. ബ്ലേഡോ കത്തിയോ കിട്ടിയിട്ടില്ല. ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല.'' മോഹന്‍ തോമസ് പറഞ്ഞു.
''ബുദ്ധിമാനായ പ്രതി തെളിവുകള്‍ നശിപ്പിക്കും. ഫോണും കത്തിയും കിണറ്റില്‍നിന്നു കിട്ടാന്‍ ചെറിയ സാധ്യതയുണ്ട്.''
''വീടിന്റെ സമീപത്തുതന്നെ അതുപേക്ഷിക്കണമെന്നില്ല. അതു രണ്ടും പൂര്‍ണമായി നശിപ്പിച്ചിരിക്കാനാണു സാധ്യത.''
''റൂം ഒന്നുകൂടി സേര്‍ച്ച് ചെയ്താലോ, സാര്‍?''
''ഇന്നു വേണ്ട. തലേദിവസം ഇവിടെ ഒരാള്‍ വന്നിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന വിമുക്തഭടന്‍ സുകുമാരനില്‍നിന്നാണു വിവരം കിട്ടിയത്.''
''വന്നത് ശ്രീജിത്ത് ആകാനാണു സാധ്യത. അവനെ നമ്മള്‍ ചോദ്യം ചെയ്തിട്ടില്ല.''
''ചോദ്യം ചെയ്യണം. അവനതു നിഷേധിക്കും. അപ്പോള്‍ വന്നതിന് വ്യക്തമായ തെളിവു കാണിക്കണം. കിട്ടാന്‍ സാധ്യത കുറവാണ്. ചിലപ്പോള്‍ സിഗരറ്റ് കുറ്റിയോ, കര്‍ച്ചീഫോ എന്തെങ്കിലും യാദൃച്ഛികമായി കിട്ടിയാല്‍ ഭാഗ്യം.'' സി.ഐ. പറഞ്ഞു.
''ജീനായുടെ കല്ലറയ്ക്കുമേല്‍ വച്ച പുഷ്പചക്രം ചെന്നെടുത്താലോ?'' രാജീവന്‍ ചോദിച്ചു.
''അതു കൊള്ളാം. പുഷ്പചക്രം ശ്രീജിത്തുതന്നെ വച്ചതാണെന്നു പൂക്കടക്കാരിയുടെ മൊഴിയില്‍നിന്നു തെളിയിക്കാന്‍ കഴിയും. അതു വണ്ടിയില്‍ ചെന്ന് പൊക്കിക്കൊണ്ടു വാ വേഗം. നല്ലൊരു തെളിവാകും.''
''ശരി സാര്‍.'' രാജീവന്‍ സന്നദ്ധനായി. അയാള്‍ അപ്പോള്‍ത്തന്നെ പൊലീസ് ജീപ്പില്‍ ജീനായുടെ ഇടവകപ്പള്ളിയിലേക്കു തിരിച്ചു. ഇരുപതു മിനിറ്റുകൊണ്ട് സ്ഥലത്തെത്തി. ജീപ്പ് പള്ളിമുറ്റത്ത് പാര്‍ക്കു ചെയ്തശേഷം സെമിത്തേരിയിലേക്കു ഗേറ്റ് കടന്ന് ഇറങ്ങിച്ചെന്നു. അവിടം വിജനമായിരുന്നു. രാജീവന്‍ ജീനായുടെ കല്ലറയ്ക്കു മുമ്പിലെത്തി നോക്കിയപ്പോള്‍ പുഷ്പചക്രം അവിടെ കണ്ടില്ല. ആരോ അതെടുത്തുമാറ്റിയിരിക്കുന്നു! ചിലപ്പോള്‍ സെമിത്തേരി വൃത്തിയാക്കുന്നതിന്റെ ഭാഗമായി റീത്തുകളും മറ്റും എടുത്തുമാറ്റി ഏതെങ്കിലും പിറ്റില്‍ നിക്ഷേപിച്ചതുമാകാം. രാജീവന്‍ നിരാശയോടെയാണ് സി.ഐ. മോഹന്‍ തോമസിന്റെ മുമ്പില്‍ തിരിച്ചെത്തിയത്.
''അത്....അതവിടെ കണ്ടില്ല, സര്‍.'' സങ്കടത്തോടെ പറഞ്ഞു.
''ഒന്നും സാരമില്ല, രാജീവ്. താന്‍ മൊബൈലിലെടുത്ത ചിത്രം നമുക്കു പ്രിന്റാക്കണം. അതു കാട്ടിക്കൊണ്ട് ശ്രീജിത്തിനെ നമുക്കു ചോദ്യം ചെയ്യാം.'' സി.ഐ. പറഞ്ഞു.
വീടിന്റെ ചുറ്റുമുള്ള സ്ഥലം അവര്‍ രണ്ടുപേരും സൂക്ഷ്മമായി പരിശോധിച്ചു. തെളിവുകള്‍ ഒന്നും കിട്ടിയില്ല.
''രാജീവാ, വിജയമ്മയുടെ മൊഴിയില്‍ മുറി തുറന്നുകിടന്നതായി പറയുന്നില്ല. പൂട്ടിയിട്ടില്ലായിരുന്നെന്നു മാത്രം. അടഞ്ഞുകിടന്ന വാതിലില്‍ മുട്ടിവിളിച്ചപ്പോഴാണ് തുറന്നുപോയതെന്നാ എഫ്.ഐ. ആറില്‍ ചേര്‍ത്തിരിക്കുന്നത്.''
''ജീനായുടേത് ആത്മഹത്യയാണെങ്കില്‍, അവള്‍ അവനോടു ചെയ്ത ഏറ്റവും വലിയ ക്രൂരതയാണ്, പകവീട്ടലാണ്. പെട്ടെന്നു മനസ്സിലുണ്ടാകുന്ന ഒരു വിസ്‌ഫോടനത്തിന്റെ ഫലമാണത്. മരിക്കുന്നവര്‍ കടന്നുപോകുന്നു. പിന്നെ ജീവിച്ചിരിക്കുന്നവര്‍, അപമാനം, സങ്കടം, കുറ്റബോധം എന്നിവ ജീവിതം മുഴുവന്‍ അനുഭവിച്ചേ പറ്റൂ. പെട്ടെന്നുള്ള ഒരു തോന്നലില്‍നിന്നുണ്ടാകുന്ന ചിന്തയില്ലാത്ത പ്രവൃത്തിയാണ് ആത്മഹത്യ.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
''ജീനായുടെ മരണം ആത്മഹത്യയാകാനും കൊലപാതകമാകാനുമുള്ള സാധ്യത ഫിഫ്റ്റി, ഫിഫ്റ്റിയാണ്. ആര്‍ക്കിടെക്ട് ശ്രീജിത്തിന് ഈ മരണത്തില്‍ പങ്കുണ്ടെന്ന് സാര്‍ സംശയിക്കുന്നുണ്ടോ?''
''പങ്കുണ്ടെന്ന് എനിക്കുറപ്പാണ്. ഒന്നുകില്‍ അവന്‍ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചു. അല്ലെങ്കില്‍ അവനവളെ കൊന്നു.'' സി.ഐ. ഉറപ്പോടെ പറഞ്ഞു.
''കൊടുംശത്രുതകൊണ്ടായിരിക്കുമല്ലോ അവളെ കൊലപ്പെടുത്തിയത്. പിന്നെന്തിന് കല്ലറയ്ക്കുമേല്‍ പുഷ്പചക്രം വച്ചു? രാജീവന്‍ സംശയം പ്രകടിപ്പിച്ചു.
'കൊലപാതകത്തില്‍ തനിക്കു പങ്കില്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകാം. അവനവളെ കൊന്നത് ശത്രുത കൊണ്ടല്ലല്ലോ. തനിക്കു സ്വന്തമാക്കാന്‍ കഴിയാത്തതുകൊണ്ടല്ലേ.''
''മരിച്ചുകഴിഞ്ഞപ്പോള്‍ അവനവളോടുള്ള സ്‌നേഹം പതിന്മടങ്ങ് വര്‍ധിച്ചിരിക്കാം.'' രാജീവന്‍ പറഞ്ഞു.
''ഓരോ മനുഷ്യന്റെയും മാനസികഭാവം മറ്റൊരാള്‍ക്കു മനസ്സിലാക്കാനാവില്ല. ആത്മഹത്യ ചെയ്യുന്നയാളും കൊലപാതകം നടത്തുന്നയാളും തമ്മില്‍ വലിയ സാദൃശ്യങ്ങളുണ്ട്.''
''ജീനാ തനിയെ കൈത്തണ്ട മുറിച്ചതാണെങ്കില്‍ അതിനുപയോഗിച്ച ആയുധം അവിടെ കാണേണ്ടതാണ്. പക്ഷേ, നമുക്കു കിട്ടിയിട്ടില്ല. ഫോണും കിട്ടിയിട്ടില്ല. തെളിവുകളെല്ലാം ആരോ നശിപ്പിച്ചതുപോലെ തോന്നുന്നു. രാജീവന്‍, നമുക്കു പണി കൂടുകാ.'' സി.ഐ. പറഞ്ഞു.
''ജോലിക്കാരി വിജയമ്മയ്ക്ക് ഇതിലെന്തെങ്കിലും പങ്കുണ്ടാകുമോ? അവരാണല്ലോ സംഭവം നടന്നതിനുശേഷം ആദ്യമവിടെയെത്തിയത്?'' രാജീവന്‍ സൂചിപ്പിച്ചു.
''വിജയമ്മയ്ക്കുമുമ്പ് മറ്റാരെങ്കിലും വരികയും തെളിവുനശിപ്പിക്കുകയും ചെയ്യാന്‍ സാധ്യതയില്ലേ?''
''അതും തള്ളിക്കളയാനാവില്ല.''
''എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടട്ടെ. അതില്‍ക്കൂടി മാത്രമേ ചില കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. നാളെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പൊലീസ്‌സ്റ്റേഷന്‍ മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാ. റോണിയെയും അപ്പനെയും അറസ്റ്റു ചെയ്യണമെന്നാണാവശ്യപ്പെടുന്നത്. മരിച്ചത് ചെറുപ്പക്കാരിയും സുന്ദരിയുമായ ഒരു പെണ്ണല്ലേ? ജനമെളകും. മാധ്യമങ്ങള് നമ്മളെ പൊരിക്കും.''
വീടിന്റെ ചുറ്റും നടത്തിയ തെരച്ചിലില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിരാശപ്പെടേണ്ടി വന്നു. രണ്ടുപേരും കിണറിനടുത്തേക്കു ചെന്നു. അവര്‍ കിണറിന്റെ വക്കിലെത്തി ഉള്ളിലേക്കെത്തിനോക്കി. കാര്‍ഡ്‌ബോര്‍ഡ്‌പോലെ എന്തോ വസ്തു കടിച്ചുപിടിച്ചുകൊണ്ട് വടത്തില്‍ പിടിച്ച് കില്ലാഡി കരുണന്‍ കയറിവരികയാണ്. കരുണന്റെ ഓരോ നീക്കങ്ങളും ചടുലമായിരുന്നു. പുറത്തുവന്ന അയാള്‍ കണ്ടുകിട്ടിയ അപൂര്‍വവസ്തു സി.ഐ. മോഹന്‍തോമസിന്റെ കൈയില്‍ കൊടുത്തു.
അതൊരു ചിത്രമായിരുന്നു. കൈകൊണ്ടു വരച്ച അതിമനോഹരമായ ജീനായുടെ വര്‍ണചിത്രം. അതില്‍ ഒടിവുകളും ചുളിവുകളുമുണ്ട്. ലാമിനേറ്റ് ചെയ്തതായതിനാല്‍ അതു വെള്ളത്തില്‍ കിടന്നിട്ടും നശിച്ചിട്ടില്ല.
''രാജീവാ, ഇതെങ്ങനെ കിണറ്റില്‍ വന്നു.'' ആരുടെ സമ്മാനമായിരിക്കുമിത്?'' ചിത്രത്തിലേക്കു സൂക്ഷിച്ചുനോക്കിക്കൊണ്ട് സി.ഐ. മോഹന്‍ തോമസ് ചോദിച്ചു.
ചിത്രത്തിന്റെ വലത്തുകോണില്‍ ചെറുതായി എഴുതിയിരിക്കുന്ന അക്ഷരത്തിലേക്ക് കോണ്‍സ്റ്റബിള്‍ രാജീവന്‍ വിരല്‍ ചൂണ്ടി.
ശ്രീജിത്ത്!
''ശ്രീജിത്ത് കെട്ടിടങ്ങളുടെ പ്ലാന്‍ വരയ്ക്കുന്നയാളല്ലേ? അയാള്‍ ഇതുപോലെ ചിത്രങ്ങളും വരയ്ക്കുമോ?'' സി.ഐ. വിസ്മയത്തോടെ ചോദിച്ചു.
''അവര്‍ വരച്ചതാകാം. വരപ്പിച്ചതുമാകാം.'' രാജീവന്‍ പറഞ്ഞു.
''എന്തായാലും ഇതൊരു പ്രധാന തൊണ്ടിമുതലാണ്.'' മോഹന്‍ തോമസിന്റെ മുഖം പ്രകാശിച്ചു.
(തുടരും)