•  16 Oct 2025
  •  ദീപം 58
  •  നാളം 32
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

   രാവിലെ ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയും മുട്ടക്കറിയുമാണ് ഷേര്‍ലിയുണ്ടാക്കിയത്. റോണിയോടൊപ്പം അവളും കഴിക്കാനിരുന്നു.
''ചേച്ചിക്ക് ഞാനിപ്പോഴൊരു ബാധ്യതയായിരിക്കുകാ, അല്ലേ?'' ചപ്പാത്തി മുട്ടക്കറിയും ചേര്‍ത്തു കഴിക്കുന്നതിനിടയില്‍ റോണി പറഞ്ഞു.
''ഒരു കാര്യം പറയാം. എന്നും എനിക്കിങ്ങനെയിവിടെ താമസിക്കാനൊന്നും പറ്റില്ല. ഞാനും മമ്മിയും ഒത്തിരി പറഞ്ഞിട്ടാ പപ്പായിങ്ങോട്ടു വന്നത്. നിന്നെ വീട്ടിലേക്കു വിളിക്കുകയും ചെയ്തു.''
''ജീനായെ കയറ്റാതിരുന്ന വീട്ടിലേക്ക് അവളില്ലാതായപ്പോള്‍ ഞാനെങ്ങനെ വരും ചേച്ചീ?''
കഴിഞ്ഞുപോയ ഒരു കാര്യമോര്‍ത്ത് നിനക്കു സ്വന്തം വീട്ടില്‍ കയറാതിരിക്കാന്‍ പറ്റ്വോ?'' 
''ചേച്ചിക്കു ബുദ്ധിമുട്ടാണെങ്കില്‍ ഇന്നുതന്നെ മടങ്ങിപ്പൊയ്‌ക്കോ. ഞാനെങ്ങനെയെങ്കിലുമൊക്കെ കഴിയും.''
''എടാ, നീ കുറച്ചു പ്രായോഗികമായി ചിന്തിക്ക്. മരിച്ചു പോയവള് തിരിച്ചുവരികേല. ഇവിടെ മുഴുവന്‍ അവളുടെ ഓര്‍മകളാണെന്നു പറഞ്ഞ് അള്ളിപ്പിടിച്ചു കിടക്കുന്നത് ശുദ്ധമണ്ടത്തരമാ. ഹൗസ് ഓണര്‍ വന്ന് ഇറങ്ങിത്തരണമെന്നു പറഞ്ഞാല്‍ മാറണ്ടേ?''
''ചേച്ചീ, എല്ലാ ദിവസവും ഞാന്‍ ജീനായെ സ്വപ്നത്തില്‍ കാണുന്നുണ്ട്. അവളുമായി സംസാരിക്കാറുണ്ട്. ചിലത് സന്തോഷം തരുന്ന സ്വപ്നമാ. മറ്റു ചിലത് വല്ലാതെ പേടിപ്പെടുത്തുന്നതുമാ.''
''അവളെക്കുറിച്ചു മാത്രം ഓര്‍ത്തിരിക്കുന്നതുകൊണ്ടാണിത്തരം സ്വപ്നം കാണുന്നത്. കുറെ ദിവസങ്ങളും മാസങ്ങളും കഴിയുമ്പോള്‍ ചിന്തകള്‍ കുറയും. സ്വപ്നം കാണാതാവും. മര്യാദയ്ക്കു വീട്ടില്‍ വന്നു താമസിക്ക്.'' ഷേര്‍ലി പിന്നെയും ഉപദേശിച്ചു.
''ഞാന്‍ കാരണമവള്‍ മരിച്ചല്ലോയെന്ന ചിന്ത ഒരിക്കലും എന്നെ വിട്ടുപോകില്ല ചേച്ചി. അതു മരണംവരെ നില്‍ക്കും.''
''അവള്‍ മരിക്കാന്‍മാത്രം നീയെന്തു ചെയ്‌തെന്നാണ്?''
''ഞാന്‍ ജീനായോടു പിണങ്ങി. അവളെ കുറ്റപ്പെടുത്തി. വേദനിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞു. അവള്‍ക്കതു സഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാ മരിച്ചത്.''
''ഒന്നു പിണങ്ങിയാല്‍... ഒന്നു കുറ്റപ്പെടുത്തിയാല്‍... വേദനിപ്പിക്കുന്ന ഒരു വാക്കുപറഞ്ഞാല്‍ ഉടനെ ഒരാളങ്ങു മരിക്കുകയാണോ?''
''മനസ്സിനു തീരെ കരുത്തില്ലാത്തവളായിരുന്നു.''
''അങ്ങനെയുള്ളവളെ എന്തിനു നീ വേദനിപ്പിച്ചു, കുറ്റപ്പെടുത്തി?''
''ഇങ്ങനെ ചെയ്യുമെന്നു ഞാന്‍ വിചാരിച്ചില്ല.''
''മരിക്കാനെളുപ്പമാ. ജീവിക്കാന്‍ പക്ഷേ, അല്പം ബുദ്ധിമുട്ടൊക്കെയുണ്ട്. കുറച്ച് സഹനമൊക്കെ വേണ്ടിവരും. അവളെപ്പോലെയാണെങ്കില്‍ ഞാനെത്രതവണ മരിക്കണമായിരുന്നെടാ? എന്നെ സ്‌നേഹിക്കാനാരുമില്ല. കല്യാണം നടന്നില്ല. അപ്പനും അമ്മയും മരിച്ചാല്‍ പിന്നെ ഒറ്റയ്‌ക്കൊരു ജീവിതമാ എന്റെ മുമ്പില്‍. എങ്കിലും ഈശ്വരന്‍ ആയുസ്സ് തരുന്നിടത്തോളം ഞാന്‍ ജീവിക്കും. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച്.''
''ഞാനെന്തു ചെയ്യണമെന്നാ ചേച്ചി പറയുന്നെ?''
''ഇനിയും ഈ വാടകവീട്ടില്‍ കിടക്കാതെ വീട്ടില്‍വന്നു താമസിക്കണം. ജോലിക്കു പോകണം. നിന്റെ കല്യാണക്കാര്യത്തില്‍ അപ്പനെതിര്‍ത്തതിന് ലോജിക്കുണ്ട്. മനോരോഗം ക്യാന്‍സറിനെക്കാള്‍ മാരകമാ. മകന്‍ മനോരോഗമുള്ള ഒരാളുടെ മകളെ കല്യാണം കഴിക്കരുതെന്നാഗ്രഹിച്ചതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.''
''അപ്പന്, മനോരോഗമുണ്ടായത് ജീനായുടെ കുറ്റമാണോ?''
''അതേക്കുറിച്ചു ഞാന്‍ തര്‍ക്കിക്കുന്നില്ല. നീ വേണ്ടവിധത്തില്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്. ജീനായുടെ മരണത്തെക്കുറിച്ച് പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്. നമ്മുടെ പപ്പായെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രണ്ടു മണിക്കൂര്‍നേരം ചോദ്യം ചെയ്തു. നാട്ടുകാരൊക്കെക്കൂടി കൊലക്കുറ്റം കെട്ടിവച്ചിരിക്കുന്നത് പപ്പയുടെ തലയിലാ. രാത്രിയില്‍ ഉറക്കംപോലുമില്ല പപ്പായ്ക്കിപ്പോള്‍.''
''ചേച്ചീ, ഞാന്‍ മൂലം നമ്മുടെ വീട്ടിലെല്ലാവര്‍ക്കും, സങ്കടവും അപമാനവും ദുരിതങ്ങളുമുണ്ടായി. വെഷമമുണ്ട്.''
''എടാ, ഞാന്‍ പോലീസല്ല, വക്കീലല്ല. എങ്കിലും ഒന്നു പറയാം. ജീനായുടെ മരണത്തില്‍ പല ദുരൂഹതകളുമുണ്ട്. സത്യം പുറത്തുവരുമ്പോള്‍ നമ്മുടെയൊക്കെ പ്രതീക്ഷകളും നിഗമനങ്ങളുമാകെ തെറ്റിയേക്കും. നീ വഴക്കുണ്ടാക്കിയെന്നും നിന്ദിച്ചെന്നും വേദനിപ്പിച്ചെന്നുമൊക്കെ പറഞ്ഞാല്‍ എല്ലാം ഗാര്‍ഹികപീഡനത്തിന്റെ പരിധിയില്‍ വരും. കിട്ടാന്‍ പോകുന്നത് വര്‍ഷങ്ങളോളമുള്ള ജയില്‍ശിക്ഷയായിരിക്കും.''
റോണിയുടെ മുഖം വിളറിവെളുത്തു.
''റോണീ, നിന്നെ ഭയപ്പെടുത്താന്‍വേണ്ടി പറഞ്ഞതല്ല. ഓരോന്നു ചെയ്യുമ്പോഴും പറയുമ്പോഴും ചിന്തിച്ചുവേണം.'' ഷേര്‍ലി പറഞ്ഞു.
അപ്പോള്‍ ഷേര്‍ലിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. വിവേകിന്റെ കോളാണ്.
''ഹലോ... വിവേകേ.. എവിടാ.''
''ഞാന്‍ ജോലിസ്ഥലത്താ ചേച്ചീ. ഒരു പ്രധാനകാര്യം പറയാനുണ്ടായിരുന്നു.''
''പറഞ്ഞോളൂ.''
''റോണി ജോലിക്കുവരാതായിട്ട് ഇന്നെട്ടു ദിവസമായി. ഇതുവരെ യാതൊരു ഇന്‍ഫര്‍മേഷനും സ്ഥാപനത്തിലേക്കു നല്‍കിയിട്ടില്ല. എം.ഡി. രണ്ടു തവണ വിളിച്ചിട്ടും എടുത്തില്ലെന്നും പരാതിയുണ്ട്.''
''എന്താ വിവേകേ ഇപ്പം ചെയ്യേണ്ടത്?''
''നേരിട്ടുവന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയില്ലെങ്കില്‍ ചിലപ്പോള്‍ സസ്‌പെന്‍ഷന്‍ ഉണ്ടായെന്നിരിക്കും.''
''ഞാനവനോടു വിവരം പറയാം. വരുമെങ്കില്‍ കൊണ്ടുവരികയും ചെയ്യാം. ഈ സ്റ്റേജില്‍, ഒന്നു ഡെവലപ് ചെയ്തു വരാന്‍ അവനൊരു ജോലി ആവശ്യവുമാണ്. ഞാന്‍ നിര്‍ത്തുകാ.''
ഷേര്‍ലി ഫോണ്‍ കട്ടാക്കി.
''വിളിച്ചത് വിവേകാണല്ലേ!''
''അതെ. ഒരു ഇന്‍ഫര്‍മേഷനുമില്ലാതെ, എം.ഡി. വിളിച്ചിട്ടും ഫോണെടുക്കാതെ വീട്ടില്‍ കുത്തിയിരുന്നാല്‍ മേലധികാരികള് സമ്മതിക്കുമോ? വേഗം വേഷം മാറ്. നമുക്കു പോകാം.''  
റോണി അങ്കലാപ്പോടെ പിടഞ്ഞെഴുന്നേറ്റു. രണ്ടുപേരും മുറിപൂട്ടി പുറത്തിറങ്ങി. കാറില്‍ കൊച്ചിയിലേക്കു പുറപ്പെട്ടു.
* * * *
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് എച്ച്.സി.രാജീവനെ ക്യാബിനിലേക്കു വിളിപ്പിച്ചു. തന്റെ ട്രാന്‍സ്ഫര്‍ സമര്‍ത്ഥമായ ഇടപെടലിലൂടെ ഒഴിവാക്കിയ മോഹന്‍തോമസിനോട് വലിയ സ്‌നേഹവും കടപ്പാടും പ്രകടിപ്പിച്ചു.
''രാജീവാ, ഞാനിന്നലെ റോണിയുടെ സേര്‍വന്റ് വിജയമ്മയുടെ മൊഴിയെടുത്തു. അരമണിക്കൂറോളം കാര്യങ്ങള് സംസാരിച്ചു.
അവര് പറയുന്നത്, മേടയ്ക്കല്‍ മാത്തുക്കുട്ടിതന്നെയാണ് പ്രതിയെന്നാണ്. എനിക്കതൊട്ടുമങ്ങു ദഹിക്കുന്നില്ല.''
''അയാള് അങ്ങനെയൊരു മണ്ടത്തരം കാണിക്കുമെന്നു ഞാനും കരുതുന്നില്ല, സാര്‍. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇത്രയും വൈകുന്നതെന്താണെന്നാ?''
''അതിന്നു കിട്ടും. ഉറപ്പായിട്ടും.''
''സൂയിസൈഡ് ആണോ അല്ലയോ എന്ന് അതില്‍ കാണുമല്ലോ.''
''കാണേണ്ടതാ. ആത്മഹത്യയാണെന്നു വ്യക്തമായാല്‍ നമ്മുടെ തലവേദന ഒത്തിരി കുറയും. പിന്നെ പോയിട്ട് പ്രേരണയുണ്ടോ, അതെന്താണ്, ആരാണെന്നൊക്കെ കണ്ടെത്തിയാല്‍ മതി.''
''ഒരു മാന്യനും ആദരണീയനുമായ 'കൊലപാതകി' ഈ സംഭവത്തിനു പിന്നിലുണ്ടാകുമെന്നാണ് സാര്‍, എന്റെ ഉറച്ച വിശ്വാസം.''
''തന്റെ പ്രയോഗം എനിക്കിഷ്ടപ്പെട്ടു. മാന്യനും ആദരണീയനുമായ കൊലപാതകി! ആരായിരിക്കുമത്?''
''ഭര്‍ത്താവ് റോണിതന്നെയുമാകാം. ശവസംസ്‌കാരത്തിന് ആ വീട്ടിലവനെത്താത്തത് എന്നെ സംശയിപ്പിക്കുന്നു.''
''അതങ്ങനെ നമുക്കു പറയാന്‍ പറ്റില്ല. അവളുടെ അപ്പന്‍ ഒരു മുഴുഭ്രാന്തനാണ്. അയാള്‍ക്ക് എന്തു ചെയ്യാനും രോഗം  ഒരു ലൈസന്‍സാണ്. ആരും പേടിക്കും.''
''സ്വന്തം ഭാര്യയെ അവളെങ്ങനെ മരിച്ചാലും അവസാനമായൊന്നു കാണാന്‍ ഏതു നീചനും ആഗ്രഹിക്കും. പോലീസിനോട് പ്രൊട്ടക്ഷന്‍ ആവശ്യപ്പെട്ടുമില്ല, റോണി.''
''രാജീവന്‍ പറഞ്ഞത് ഒരു പോയിന്റാണ്. പക്ഷേ, നാലുകൊല്ലം സ്‌നേഹിച്ച് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് അവളെ രജിസ്റ്റര്‍ മാര്യേജ് ചെയ്തവനാണെന്നോര്‍ക്കണം.''
''എന്റെ നിഗമനം പൂര്‍ണമായും ശരിയെന്നു വാദിക്കുകയല്ല. എന്റെ നിരീക്ഷണത്തില്‍ അവനൊരു കള്ളലക്ഷണമുണ്ട്.''
''രാജീവാ, പൊളിറ്റിക്കല്‍ പ്രഷര്‍ വളരെ കുടുതലുള്ള കേസാണിത്. ചാനലുകാരും പത്രക്കാരും കൂടി. 'ജീനാസംഭവം' ആക്കി മാറ്റി. അതിസുന്ദരിയായ ഒരു പെണ്ണായതുകൊണ്ടാണ് ഇവര് വിടാതെ നില്‍ക്കുന്നത്. ഒടുവില്‍ സകല അമ്പും തറയ്ക്കുന്നത് പോലീസിന്റെ നെഞ്ചത്ത്.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
''ശ്രീജിത്തിനെ ചോദ്യം ചെയ്യണ്ടേ, സാര്‍?''
''വേണം. അവന്റെ ഡേറ്റാസ് ഞാന്‍ കളക്ട് ചെയ്തിട്ടുണ്ട്. കാഴ്ചയില്‍ വ്യത്യസ്തനാണ്. താടിയും മുടിയും നീട്ടി വളര്‍ത്തി പാന്റും അയഞ്ഞ ഖാദിജൂബയും ധരിച്ചുനടക്കുന്ന ഒരുത്തന്‍. മുഖത്ത് വല്ലാത്ത ഒരു വശ്യതയുണ്ട്. ജീവസ്സുറ്റ കണ്ണുകള്‍. നല്ല ചിരി. ഇങ്ങനെയുള്ളവരോട് പെണ്ണുങ്ങള്‍ക്ക് ഒരിഷ്ടം തോന്നാം.''
''സണ്‍സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സിലെ ടോപ് ആര്‍ക്കിടെക്ടാണയാള്‍. സംസ്ഥാനത്തെ ഒരു മന്ത്രിയുടെയും സൂപ്പര്‍സ്റ്റാറിന്റെയും ഒരു സമുദായപ്രമുഖന്റെയും വീടിന്റെ പ്ലാന്‍ ശ്രീജിത്തിന്റേതാണ്.
''രാജീവന്റെ ഇന്‍ഫര്‍മേഷന്‍ കറക്ട്. ഇതാണ് പോലീസിന്റെ കൈകള്‍ ലോക്കാക്കുന്ന കാര്യം. നമുക്കിപ്പോള്‍ത്തന്നെ റോണിയുടെ വീടിന്റെ പരിസരങ്ങള്‍ ഒന്നുകൂടി സേര്‍ച്ച് ചെയ്യണം.'' 
''ശരി സാര്‍.'' എച്ച്. സി. രാജീവന്‍ എഴുന്നേറ്റു. മിനിറ്റുകള്‍ക്കുള്ളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍തോമസും എച്ച്.സി. രാജീവനും കയറിയ പൊലീസ് ജീപ്പ് റോണിയുടെ വാടകവീട് ലക്ഷ്യമാക്കി പാഞ്ഞു. ഇരുപതു മിനിറ്റുകൊണ്ട് ജീപ്പ് വീട്ടുമുറ്റത്തെത്തി. വീട് പൂട്ടിക്കിടക്കുകയാണ്.
''അവന്‍ താമസം മാറ്റിക്കാണും. ദുര്‍മ്മരണം നടന്ന വീട്ടില്‍ താമസിക്കാന്‍ ധൈര്യം കാണില്ല.'' എച്ച്.സി. രാജീവന്‍ പറഞ്ഞു.
''വീടിപ്പോള്‍ തുറക്കണ്ട. ചുറ്റുപാടും ഒന്നരിച്ചുതപ്പണം. എന്തെങ്കിലുമൊക്കെ തെളിവുകിട്ടിയെങ്കിലോ? ഈ കേസിന്റെ ഏറ്റവും വലിയ പ്രശ്‌നം മരിച്ചവളുടെ ഫോണ്‍ കിട്ടാത്തതാണ്. അവള്‍ ഒടുവില്‍ ആരെ വിളിച്ചു, അവളെ ആരൊക്കെ വിളിച്ചു, ചാറ്റ് ചെയ്തതെന്തൊക്കെയാണ്, ഇതൊക്കെ ഫോണ്‍ കിട്ടിയിരുന്നെങ്കില്‍ പിടിച്ചെടുക്കാമായിരുന്നു.''
''ഫോണ്‍ ചിലപ്പോള്‍ കിണറ്റില്‍ കണ്ടേക്കും.'' രാജീവന്‍ പറഞ്ഞു.
''ശരിയാ. നമ്മുടെ മുങ്ങലുകാരനെ വിളിച്ച് ഉടനെത്താന്‍ പറയ്.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കല്പിച്ചു.
''രാജീവന്‍, കിണറുകളില്‍നിന്നു ശവം കണ്ടെടുക്കുകയും മറ്റു തൊണ്ടിസാധനങ്ങള്‍ തപ്പിയെടുക്കുകയും ചെയ്യുന്നതില്‍ വിദഗ്ധനായ കില്ലാടികരുണന്റെ നമ്പര്‍ ഡയല്‍ ചെയ്തു. കരുണനെ ലൈനില്‍കിട്ടി. വിവരമറിയിച്ചു. ഇരുപതു മിനിറ്റു കഴിഞ്ഞപ്പോള്‍ കരുണന്‍ ബൈക്കില്‍ വീട്ടുമുറ്റത്തെത്തി.
അവന്‍ അമിതവിനയത്തോടെ കൈകൂപ്പി സര്‍ക്കിളിനെയും എച്ചി.സി. രാജീവനെയും വണങ്ങി.
നിര്‍ദേശങ്ങള്‍ കിട്ടിയതേ കരുണന്‍ കിണറിന്റെ തൂണില്‍  കയര്‍കെട്ടി അതിന്റെ തുമ്പ് കിണറ്റിലേക്കിട്ടു. പിന്നെ കയറില്‍പിടിച്ച് ആഴമുള്ള കിണറ്റിലേക്കിറങ്ങി.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)