സൗദിയില്‍ താന്‍ താമസിക്കുന്ന ഹോട്ടല്‍റൂമില്‍ അലസനായിരിക്കുകയാണ് ശ്രീജിത്ത്. ചെയ്തുതീര്‍ക്കാന്‍ ജോലികളേറെയുണ്ട്. ഒന്നും തുടങ്ങിയിട്ടേയില്ല. മനസ്സാകെ കലങ്ങിയിരിക്കുന്നു. ഒരു മോചനത്തിനുവേണ്ടിയാണ് കേരളം വിട്ടത്. അവിടെയായിരുന്നപ്പോള്‍ ജീനായെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു മനസ്സില്‍. ഇവിടെയായിട്ടും മനസ്സ് വേവുകയാണ്. കുറ്റബോധത്താല്‍ പ്രാണന്‍ പിടയുകയാണ്. മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ താനൊരു വിഡ്ഢിയാണ്. മറ്റൊരാളെ സ്‌നേഹിക്കുന്ന ഒരു പെണ്ണിന്റെ സ്‌നേഹത്തിനുവേണ്ടി അലഞ്ഞവന്‍. അവള്‍ പൂര്‍ണമായും അപരന്റേതായതറിഞ്ഞപ്പോഴെങ്കിലും പിന്തിരിയേണ്ടതായിരുന്നു. കഴിഞ്ഞില്ല. മറക്കാനും വെറുക്കാനും ശ്രമിച്ചു. പരാജയപ്പെട്ടു. ഒരു സഹപാഠിയോടുള്ള പരിഗണന എപ്പോഴും അവള്‍ തന്നിരുന്നു. താനാഗ്രഹിച്ചത് എന്നും അവള്‍ ഒപ്പമുണ്ടാകണമെന്നാണ്. 'മാനസ' എന്ന മറ്റൊരുവള്‍ തന്നെ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നു. അവള്‍ക്കു പ്രതിസ്‌നേഹം നല്‍കാന്‍ കഴിഞ്ഞില്ല. അവള്‍ മറ്റൊരാളുടെ ഭാര്യയായി സന്തോഷത്തോടെ ഇന്നു ജീവിക്കുന്നു. തന്നെയിപ്പോളവള്‍ ഓര്‍മിക്കുന്നുപോലുമുണ്ടാവില്ല. ജീവിതം അതാണ്. സ്‌നേഹത്തെ പലരും പലതരത്തില്‍ കാണുന്നു!
ഡോര്‍ബെല്‍ ശബ്ദിച്ചു.
''യേസ്.'' ശ്രീജിത്ത് അനുമതി നല്‍കി.
റൂമിലേക്കു കയറിവന്നത് സുമനാണ്. കമ്പനി തന്റെ സഹായിയായി ചുമതല നല്കിയ ബി.ടെക്കുകാരന്‍. സ്വന്തം നിലയില്‍ത്തന്നെ സമര്‍ഥനാണ് സുമന്‍.
''എന്താ സാര്‍... ഒരു മൂഡില്ലാത്തതുപോലെ?'' സുമന്‍ തിരക്കി.
''എനിക്ക് ഒരുപിടി പ്രശ്‌നമുണ്ട് കൂട്ടുകാരാ. നാട്ടില്‍ തീരെ വയ്യാഞ്ഞിട്ടാ ഇങ്ങോട്ടു വന്നത്. ഇവിടെ വന്നിട്ടും മാറ്റമൊന്നുമില്ല.''
''സാര്‍, ആ ഓസ്‌ട്രേലിയക്കാരന്‍ ക്ലയന്റിന്റെ പ്രോജക്ട് നാളെ കഴിഞ്ഞ് തീര്‍ത്തുകൊടുക്കണ്ടതാണല്ലോ. ഓര്‍മിപ്പിക്കണമെന്ന് എം.ഡി. വിളിച്ചുപറഞ്ഞിരുന്നു.'' സുമന്‍ സൂചിപ്പിച്ചു.
ശ്രീജിത്ത് അവനെ നോക്കി വികൃതമായി പൊട്ടിച്ചിരിച്ചു. സ്വയം പരിഹസിക്കുന്നതുപോലുള്ള ചിരി.
''സാര്‍.... എന്താ സാര്‍ ഒരു മറുപടിയും പറയാത്തത്.''
''ആ വര്‍ക്ക് എനിക്കു ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല. നീ രാത്രി മെനക്കെട്ടിരുന്ന് പണി തീര്‍ത്ത് അവര്‍ക്കു കൊടുക്ക്. കക്ഷിക്കു ബുദ്ധുമുട്ടു തോന്നണ്ട.''
''ഞാന്‍ വിചാരിച്ചാല്‍ തീര്‍ക്കാന്‍ സാധിച്ചേക്കും. പക്ഷേ, അതിനൊരിക്കലും സാറു ചെയ്യുന്നതുപോലൊരു ക്ലാരിറ്റി ഉണ്ടാവില്ല. ക്ലയന്റ് ഉറപ്പായും തിരിച്ചറിയുകയും ചെയ്യും.''
''സുമന്‍, താന്‍ മിടുക്കനാടോ. കഴിവു തെളിയിച്ചിട്ടുണ്ടല്ലൊ. ചെയ്യ്.''
സുമന്‍ പരുങ്ങി. എം.ഡി. അല്പംമുമ്പു വിളിച്ച്, ശ്രീജിത്തിനെക്കൊണ്ടുതന്നെ വര്‍ക്കു ചെയ്യിക്കണമെന്നു കര്‍ശനമായി പറഞ്ഞിട്ടുണ്ട്. വിസമ്മതിച്ചാല്‍ കമ്പനി അയാള്‍ക്കുവേണ്ടി നടത്തിയ സുപ്രധാനമായ ഇടപെടലിനെക്കുറിച്ചു സൂചിപ്പിക്കണമെന്നും പറഞ്ഞു.
''സാര്‍... എനിക്കു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.'' സുമന്‍ പറഞ്ഞു.
''എന്തിനിങ്ങനെ സസ്‌പെന്‍സ് ഉണ്ടാക്കുന്നു. പറയ്.''
''ജീനാസംഭവത്തില്‍ സാറിനെതിരെ സുപ്രധാനമായ ചില തെളിവുകള്‍ പോലീസിനു കിട്ടിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയും ചെയ്തു. കമ്പനിക്ക് ഉന്നതങ്ങളിലുള്ള ബന്ധം ഉപയോഗിച്ച് ആ തീരുമാനം മാറ്റി. അല്ലായിരുന്നെങ്കില്‍ പോലീസ്‌സംഘം ഇവിടെയെത്തി അറസ്റ്റുചെയ്തുകൊണ്ടുപോകുമായിരുന്നു.''
സ്ഥിരഭാവത്തോടെ സുമനെ നോക്കിയതല്ലാതെ ശ്രീജിത്ത് തെല്ലും പതറിയില്ല.
''സുമനിതു പറഞ്ഞത് ഞാന്‍ ഭയന്നുവിറച്ച് അയാളുടെ വീടിന്റെ ഡിസൈനിങ് തുടങ്ങുമെന്നു കരുതിയാകും. ഇല്ല. എനിക്കൊട്ടും ഭയമില്ല. പോലീസിനെയും അറസ്റ്റിനെയും ജയിലിനെയും താത്പര്യത്തോടെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്, ഞാനിപ്പോള്‍.''
''സോറി സാര്‍. ഞാന്‍ സാറിനെ ഭയപ്പെടുത്താന്‍ പറഞ്ഞതല്ല. കമ്പനി നമ്മുടെയൊക്കെ കാര്യത്തില്‍ നല്ല രീതിയില്‍ ഇടപെടുന്നുണ്ടെന്നു സൂചിപ്പിച്ചതേയുള്ളൂ.'' സുമന്‍ വിളറി.
''ഒരു യാഥാര്‍ഥ്യം, മറ്റാരോടും പറയാത്ത സത്യം, ഞാന്‍ സമുനോടു പറയുകയാണ്. ജീനായുടെ മരണത്തില്‍ എനിക്കു വലിയ പങ്കുണ്ട്. എന്റെ അപക്വമായ ഒരു പ്രവൃത്തിയാണ് അവളുടെ ജീവനെടുത്തത്. ജീവിതത്തില്‍ ഒരു പെണ്ണിനെ മാത്രമേ ഞാനിഷ്ടപ്പെട്ടുള്ളൂ. സ്‌നേഹിച്ചതും അവളെ മാത്രം. അവള്‍ ഒരു സഹപാഠിയെന്ന നിലയില്‍ സൗഹൃദം കാട്ടിയിരുന്നു. സ്‌നേഹിച്ചതും, വിവാഹം കഴിച്ചതും റോണിയെയാണ്. മരണത്തിന്റെ തലേന്നു ഞാനവിടെ ചെന്നത് അവസാനമായി ഒന്നുകൂടി കാണാനും ഒരു വിവാഹസമ്മാനം കൊടുക്കാനും യാത്രപറഞ്ഞ് എന്നേക്കുമായി കേരളം വിടാനും തീരുമാനിച്ചാണ്.''
''ശ്രീജിത്ത്‌സാറിന്റെ സന്ദര്‍ശനം റോണിയുടെയും ജീനായുടെയും ജീവിതത്തില്‍ കൊടുങ്കാറ്റു വിതച്ചു. അതു ജീനായുടെ ജീവനെടുത്തു.''
''അതെ. അതാണു സംഭവിച്ചത്.''
''മനഃസാക്ഷിയിപ്പോള്‍ ശ്രീജിത്ത്‌സാറിനെ കുത്തിനോവിക്കുകയാണ്. അതിന്റെ പ്രതിഫലനമാണിത്തരം ചിന്തകള്‍. യഥാര്‍ഥത്തില്‍ ഒരു കുറ്റവും സാറിന്റെ പ്രവൃത്തിയില്‍ ഞാന്‍ കാണുന്നില്ല. ജീനായോടൊരിഷ്ടം തോന്നിയത് ഒരു തെറ്റല്ല. അവള്‍ സ്‌നേഹിക്കുന്നില്ലെന്നു കണ്ടപ്പോള്‍, നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോള്‍ മറ്റു ചിലര്‍ ചെയ്തതുപോലെ അവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചില്ല. ഒരു വിവാഹസമ്മാനം നല്‍കാനാണാഗ്രഹിച്ചത് എത്ര ദിവ്യമായ പ്രവൃത്തിയാണ്. അവിവേകം കാണിച്ചത് റോണിയാണ്, ജീനായാണ്. ശ്രീജിത്ത് സാറിന് ഒരു കുറ്റബോധവുമുണ്ടാകണ്ട.'' സുമന്‍ പറഞ്ഞു.
ശ്രീജിത്ത് വിഷാദത്തോടെ പുഞ്ചിരിച്ചു.
''ഒരിക്കലും എന്നെ ന്യായീകരിക്കാന്‍ എനിക്കു കഴിയില്ല. ജീനാ... ഈ ഭൂമിയിലെ എത്ര നല്ല ജന്മമായിരുന്നു. വെറും ഇരുപത്തിയാറ് വയസ്സ് !
അവള്‍ഞാന്‍ കാരണം ഇല്ലാതായില്ലേ? ഇനിയെത്രയോ കാലം ഈ സുന്ദരമായ ഭൂമിയില്‍ അവള്‍ ജീവിച്ചിരിക്കേണ്ടതായിരുന്നു? ഒന്നുകൂടി കാണണമെന്നുണ്ടായ ദാഹം! സമ്മാനം കൊടുത്ത് എന്റെയോര്‍മ അവളില്‍ നിലനിര്‍ത്തണമെന്ന ദുഷിച്ച ചിന്ത! അതാണ് എല്ലാ തകര്‍ച്ചകള്‍ക്കും കാരണം.''
''സമയം ഒത്തിരി കടന്നുപോയല്ലോ സാര്‍. സാറിന്റെ അനുഗ്രഹത്തോടെ ഞാന്‍ വര്‍ക്ക് തുടങ്ങുകയാണ്.''
ശ്രീജിത്ത് അടുത്തേക്കു വന്ന് സുമന്റെ കരംഗ്രഹിച്ചു. ഇരുകരങ്ങളും അവന്റെ തലയില്‍ വച്ച് മൗനമായി അനുഗ്രഹിച്ചു.
''ശ്രീജിത്തേ, നിനക്കു മനസ്സാണെങ്കില്‍ കമ്പനിക്കുവേണ്ടി ഞാന്‍ ഒടുവില്‍ ഒപ്പുവയ്ക്കാം.''
''വേണം. അങ്ങനെ ചെയ്യണം. ആ കൈയൊപ്പിന് ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയാത്തത്ര വിലയുണ്ട്.'' സുമന്‍ പറഞ്ഞു.
''സുമന്‍, ആരൊക്കെ തടഞ്ഞാലും സ്വാധീനം ചെലുത്തിയാലും ഒരു ദിവസം ഏതെങ്കിലും സമയത്ത് പോലീസ് എന്നെ തേടിയെത്തും. ഞാനവര്‍ക്കൊപ്പം നീങ്ങും. സത്യം വെളിപ്പെടുത്തും. പൂര്‍ണസന്തോഷത്തോടെ എനിക്കായുള്ള ശിക്ഷാവിധി ഞാന്‍ കൈനീട്ടി വാങ്ങും.''
''ഇപ്പോള്‍ വികാരമല്ല സാര്‍, വേണ്ടത്. വിചാരമാണ്.''
''ശ്രീജിത്ത് ഒരു നിമിഷം അവനെ നോക്കിനിന്നു.
''സുമന്‍... നീയെന്റെയാരാ?''
''അനുജന്‍... പ്രിയപ്പെട്ട അനുജന്‍.''
സ്‌നേഹാവേശത്തോടെ ശ്രീജിത്ത് സുമനെ ആലിംഗനം ചെയ്തു.
* * * *
എസ്.പി.യുടെ 'നശിച്ച' ഫോണ്‍കോള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസിന്റെ തല മരവിപ്പിച്ചു. ആര്‍ക്കിടെക്ട് ശ്രീജിത്തിനെ സൗദിയിലെത്തി അറസ്റ്റു ചെയ്തുകൊണ്ടുവരാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയപ്പോഴാണ് അതു പാടില്ലെന്നു മുകളില്‍നിന്നുള്ള ഉത്തരവ്. ശ്രീജിത്തിനുപകരം കേസില്‍ സംശയിക്കപ്പെടുന്ന മറ്റാരെയെങ്കിലും അറസ്റ്റുചെയ്യാനാണ് നിര്‍ദേശം. റിസൈന്‍ ചെയ്ത് കുപ്പായമൂരി പുറത്തിറങ്ങി എല്ലാം സമൂഹത്തിനുമുമ്പില്‍ വിളിച്ചുപറഞ്ഞാലോ എന്നുപോലും സി.ഐ.യ്ക്കു തോന്നി. പക്ഷേ, തനിക്കും ഒരു കുടുംബമുണ്ടല്ലോ എന്ന ചിന്ത അദ്ദേഹത്തെ വിവേകമതിയാക്കി. എല്ലാമറിയുന്ന എച്ച്.സി. രാജീവന്‍ ക്യാബിനിലേക്കു കയറി വന്നു.
''എന്താ സാര്‍ ആകെ വല്ലാതെ.'' അയാള്‍ തിരക്കി.
''മടുത്തടോ. നമ്മുടെയീ സ്ഥാനത്തിനും വേഷത്തിനുമൊന്നും യാതൊരു വിലയുമില്ല. വെറും ചട്ടുകമല്ലേ നമ്മള്‍.''
''ശ്രീജിത്തിനെ അറസ്റ്റ് ചെയ്യരുതെന്ന് എസ്.പി. പറഞ്ഞല്ലേ.''
''അതെ. വേറേയാരെ അറസ്റ്റു ചെയ്യണം, തന്റച്ഛനെയാണോ,യെന്നു ചോദിക്കാന്‍ നാക്കു തരിച്ചതാണ്. രോഷം നെഞ്ചിലൊതുക്കി.''
''ഇനിയിപ്പോള്‍ റോണിയെത്തന്നെ ക്വസ്റ്റിന്‍ ചെയ്യാന്‍ കസ്റ്റഡിയിലെടുത്താലോ?'' രാജീവന്‍ ചോദിച്ചു.
''അവനെ നമ്മള്‍ സംശയിക്കുന്നതായി തോന്നിപ്പിക്കരുത്. അന്വേഷണത്തിലെ ഒരു തന്ത്രമാണത്.''
''എങ്കില്‍പ്പിന്നെ മേടയ്ക്കല്‍ മാത്തുക്കുട്ടിയെത്തന്നെ അകത്താക്കാം. ജീനായെ ഏറ്റവും വെറുക്കുന്ന ആള്‍ മേടയ്ക്കനാണല്ലോ.'' രാജീവന്‍ പറഞ്ഞു.
''അയാള്‍ക്കീ മരണത്തില്‍ ഒരു ശതമാനംപോലും ഇന്‍വോള്‍വ്‌മെന്റ് ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ചെയ്‌തൊരു കുറ്റം അവളുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം വെള്ളമടിച്ചതുമാത്രമാ. ഒരു തവണ വിളിച്ച് ചോദ്യം ചെയ്തു വിട്ടതുമല്ലേ?''
''എസ്.പീടെ നിര്‍ദ്ദേശം അനുസരിക്കണ്ടേ സാര്‍.''
''നമ്മള്‍ അതിനുള്ള കളമൊരുക്കിയതാണ്. വിലക്കിയതദ്ദേഹവുമാണ്. ഇനിയിപ്പോള്‍ കേസ് ശരിയായ രീതിയില്‍ അന്വേഷിക്കുകമാത്രമാണ് നമ്മുടെ ദൗത്യം.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
അപ്പോള്‍ ഡോര്‍ബെല്‍ ശബ്ദിച്ചു.
''യേസ്.'' സി.ഐ. അനുമതി നല്‍കി.
സബ്ഇന്‍സ്‌പെക്ടര്‍ അജിത് കുമാറാണ് കടന്നുവന്നത്. അദ്ദേഹത്തെക്കണ്ട് കോണ്‍സ്റ്റബിള്‍ രാജീവന്‍ പുറത്തിറങ്ങി.
എസ്.ഐ. അജിത് കുമാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സല്യൂട്ട് ചെയ്തു.
''എന്താ അജിത്?'' സി.ഐ. തിരക്കി.
''സര്‍, ആ മേടയ്ക്കല്‍ മാത്തുക്കുട്ടിക്ക് പോലീസ് പ്രൊട്ടക്ഷന്‍ വേണമെന്നു പറഞ്ഞ് മകള്‍ ഷേര്‍ലി ഒരപേക്ഷതന്നിട്ടുണ്ട്. മാനസികരോഗിയായ പാലച്ചുവട്ടില്‍ ജോസിന്റെ ഭീഷണിയുണ്ടെന്ന്.''
''കോര്‍ട്ട് ഓര്‍ഡര്‍ ഇല്ലാതെ പ്രൊട്ടക്ഷന്‍ കൊടുക്കാന്‍ വകുപ്പില്ലെന്നു പറഞ്ഞില്ലേ?''
''പറഞ്ഞു. ഇപ്പോള്‍ ആ വീട്ടീന്ന് ഒരു ഫോണ്‍ കോള്‍ വന്നു. മനോരോഗിയായ ജോസ് വാക്കത്തിയും കൈയില്‍പിടിച്ച് അലറിക്കൂവി വീട്ടുമുറ്റത്തെത്തിയെന്ന്.''
''ഹൊ! എങ്കില്‍ നമ്മുടെ ഫോഴ്‌സുമായി അജിത് അങ്ങോട്ടു ചെല്ല്. ജീനാസംഭവവുമായി ബന്ധപ്പെട്ട ഇഷ്യൂവാ.''
''ശരി സാര്‍.'' സല്യൂട്ട് ചെയ്ത് അദ്ദേഹം ധൃതിയില്‍ പുറത്തിറങ്ങി. പെട്ടെന്നുതന്നെ പൊലീസ് സംഘം സംഭവസ്ഥലത്തേക്കു പാഞ്ഞു. പൊലീസ് ജീപ്പ് മേടയ്ക്കല്‍ ബംഗ്ലാവിന്റെ ഗേറ്റിനു മുമ്പിലെത്തിയപ്പോള്‍, ജോസിന്റെ ആക്രമണമേറ്റ മാത്തുക്കുട്ടിയെയുമായി ആംബുലന്‍സ് പുറത്തേക്കു വരികയാണ്. സബ് ഇന്‍സ്‌പെക്ടറും സംഘാംഗങ്ങളും ചാടിയിറങ്ങി. അപ്പോള്‍ കൈയില്‍ ചോരപുരണ്ട വാക്കത്തിയുമായി പാലച്ചുവട്ടില്‍ ജോസ് അവരുടെയടുത്തേക്കു നടന്നടുത്തു.
(തുടരും)
ജോര്‍ജ് പുളിങ്കാട്
