''ചെറിയ ചില പിണക്കങ്ങളൊക്കെ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകാറുണ്ടല്ലോ.'' റോണി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
''ചെറുതും വലുതുമായ പിണക്കങ്ങളുണ്ടാകാറുണ്ട്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ കയ്യേറ്റമുണ്ടാകാറുണ്ട്. ആയുധംകൊണ്ടുള്ള ആക്രമണമുണ്ടാകാറുണ്ട്. ഇതൊക്കെപ്പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ പരാതിവരും. ഞങ്ങള്‍ ഇരുകൂട്ടരെയും വിളിച്ച് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കും. മേലില്‍ ആവര്‍ത്തിക്കരുതെന്ന് വാണിങ് കൊടുക്കും. ഇങ്ങോട്ടു രണ്ടു വാഹനത്തില്‍ വരുന്നവരെ തിരിച്ച് ഒരു വാഹനത്തില്‍ കയറ്റിവിട്ടിട്ടുണ്ട്. ചില ഭര്‍ത്താക്കന്മാരെ എല്ലാ ദിവസവും സ്റ്റേഷനില്‍ വരുത്തി ഒപ്പിടുവിച്ചുവിടാറുണ്ട്. ഇതൊക്കെ സാധാരണമനുഷ്യരുടെ കാര്യങ്ങളാ.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
''ഞങ്ങള്‍ തമ്മില്‍ അങ്ങനെയൊന്നുമിതുവരെയുണ്ടായിട്ടില്ല.'' റോണി പ്രതികരിച്ചു.
''ജീനാ വെറുതെ ഒരു രസത്തിന് കൈത്തണ്ടയിലെ ഞരമ്പുമുറിച്ച് മരിച്ചതാണെന്നാണോ റോണി കരുതുന്നത്?''
''അല്ല. എന്തോ കാരണമുണ്ടാകും. എന്റെ ഭാഗത്തുനിന്ന് അവള്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കിയിട്ടില്ല.''
''റോണിയുടെ ഫാദറിന് ജീനായുടെ മരണത്തില്‍ പങ്കുണ്ടെന്നൊരു പ്രചാരണമുണ്ട്. എന്തു പറയുന്നു?''
''പപ്പയ്ക്ക് ഞങ്ങളുടെ വിവാഹം ഇഷ്ടമല്ലായിരുന്നു. വീട്ടില്‍ കയറ്റിയില്ല. അതല്ലാതെ പിന്നീടൊരിക്കലും ഞങ്ങളുടെ കാര്യത്തില്‍ ഒരിടപെടലും പപ്പാ നടത്തിയിട്ടില്ല. പപ്പായ്ക്ക് അരിശം മുഴുവന്‍ എന്നോടായിരുന്നു. ബന്ധുക്കളോടും സ്‌നേഹിതരോടുമൊക്കെ ഞാനെന്ന ഒരു മകന്‍ പപ്പയ്ക്കു ജനിച്ചിട്ടേയില്ലെന്നൊക്കെയാ പറഞ്ഞിരുന്നത്.''
''ജീനായെ ഇല്ലാതാക്കിയിട്ട് റോണിക്കു മറ്റൊരു വിവാഹം നടത്തി, ഒപ്പം കൂട്ടാനുള്ള ശ്രമമുണ്ടായോ? മേടയ്ക്കല്‍ മാത്തുക്കുട്ടി ജീനായ്ക്ക് ഏതെങ്കിലും തരത്തില്‍ ആത്മഹത്യാപ്രേരണ യുണ്ടാക്കിയോ?
''അതിന് ഒരു സാധ്യതയുമില്ല. എപ്പഴും സ്വന്തം കുടുംബം തകര്‍ന്നുപോയെന്ന ഒരു ചിന്ത മനസ്സിലുണ്ടായിരുന്നെന്നു തോന്നീട്ടുണ്ട്.'' റോണി പറഞ്ഞു.
''നിന്റെ ഭാര്യാപിതാവിന്റെ വെട്ടേറ്റ് മാത്തുക്കുട്ടി ആശുപത്രിയിലായതറിഞ്ഞില്ലേ?''
''അറിഞ്ഞു. ആശുപത്രിയില്‍ പോയി കാണുകയും ചെയ്തു. എന്നോടക്ഷരം മിണ്ടിയില്ല. കാണാതിരിക്കാന്‍ തിരിഞ്ഞുകിടക്കുകയും ചെയ്തു.''
''ആ മനുഷ്യന് ശത്രുത മുഴുവന്‍ നിന്നോടാണ്. അവളോടല്ല.''
''അതെ.''
സി.ഐ. മോഹന്‍തോമസ് തന്റെ സമീപത്തിരിക്കുന്ന എച്ച്.സി. രാജീവനെ നോക്കി. രാജീവന്‍ സെറ്റിയില്‍ ഒന്നിളകിയിരുന്നു.
''ജീനായ്ക്ക് മറ്റേതെങ്കിലും യുവാവിനോട് അടുപ്പമുണ്ടായിരുന്നതായറിയുമോ?'' ഹെഡ് കോണ്‍സ്റ്റബിള്‍ രാജീവനാണതു ചോദിച്ചത്.
''ഇല്ല. എന്നെ മാത്രമാണവള്‍ സ്‌നേഹിച്ചത്. അവളൊരിക്കലും പലരെ സ്‌നേഹിക്കുന്ന തരക്കാരിയായിരുന്നില്ല.''
''റോണിക്ക് ഉറപ്പാണോ?''
''അതെ.''
''ശ്രീജിത്ത്, ഞങ്ങളോടങ്ങനെയല്ലല്ലോ പറഞ്ഞത്?''
''ങ്‌ഹേ? സാര്‍ അവനെ കണ്ടോ?''
''കണ്ടു. വിശദമായി മൊഴിയെടുത്തു.''
''അവനെന്താ പറഞ്ഞത്?''
''ജീനാ അവന്റെ സഹപാഠിയായിരുന്നു. അവര്‍ തമ്മില്‍ ഇഷ്ടത്തിലുമായിരുന്നു. യൂണിയന്‍തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ റോണി ജീനായുമായടുത്തു. ശ്രീജിത്തിനെ അവളില്‍നിന്നകറ്റുകയും ചെയ്‌തെന്ന്.''
''നോ... നോണ്‍സെന്‍സ്... അവന്‍ പച്ചക്കള്ളമാ പറഞ്ഞത്. ജീനാ എന്റെയായിരുന്നു... എന്റേതു മാത്രം.'' റോണി ഒച്ചവച്ച് ചാടിയെഴുന്നേറ്റു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍തോമസും, എച്ച്.സി. രാജീവനും റോണിയുടെ വികാരപ്രകടനം വിലയിരുത്തുകയായിരുന്നു. റോണി വല്ലാതെ കിതച്ചു.
''റോണി ഇരിക്ക്. ശാന്തനായിരിക്ക്.'' സി.ഐ. പറഞ്ഞു. അവന്‍ ഇരുന്നു. വല്ലാത്ത ഒരു സംഭ്രമം ആ മുഖത്തു നിഴലിച്ചു.
''റോണി എഴുന്നേറ്റുചെന്ന് ഒന്നു മുഖം കഴുകി ഫ്രഷായിട്ടുവാ. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഓരോ ഗ്ലാസ് വെള്ളവും തരണം.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. റോണി എഴുന്നേറ്റ് കിച്ചണിലേക്കു പോയി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് കോണ്‍സ്റ്റബിള്‍ രാജീവന് ഷേക്ഹാന്‍ഡ് നല്‍കി.
''താന്‍ തകര്‍ത്തടോ.'' മോഹന്‍ തോമസ് സഹപ്രവര്‍ത്തകനോടു പറഞ്ഞു.
''തന്റെയടി അവന്റെ മര്‍മ്മത്തിനുകൊണ്ടു. റോണിയുടെ ക്യാരക്ടര്‍ പകല്‍പോലെ വ്യക്തമായി. ഇവന്റെ സുന്ദരിയായ ഭാര്യയോട് മറ്റൊരു പുരുഷന്‍ ഒന്നു മിണ്ടുന്നതുപോലും ഇവന്‍ സഹിക്കില്ല. ശ്രീജിത്തിന്റേതായി താന്‍ പറഞ്ഞ വാചകം കിറുകൃത്യമായിരുന്നു.''
''താങ്ക്‌യു സാര്‍, കിണറ്റില്‍നിന്നു നമുക്കു കിട്ടിയ പെയിന്റിങ് ഞാനെടുത്തിട്ടുണ്ട്. ഇന്നത് റോണിയുടെ മുമ്പില്‍ പ്രസന്റ് ചെയ്യണോ?''
''വേണ്ട. അത് മറ്റൊരവസരത്തില്‍ മതി. ശ്രീജിത്തിനെക്കൂടി ചോദ്യം ചെയ്തു കഴിഞ്ഞ്. ഇന്ന് അവന്‍ കൊണ്ടുവരുന്ന വെള്ളമൊക്കെക്കുടിച്ച് നമുക്ക് വൈന്‍ഡ്അപ് ചെയ്യാം. റോണി ഒരു വികാരജീവിയാണ്. കൂടുതല്‍ പ്രഷര്‍ ഒറ്റയടിക്കു കൊടുത്താല്‍ അതപകടമായേക്കും.'' സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
റോണി രണ്ടു വലിയ ചില്ലു ഗ്ലാസില്‍ നിറയെ വെള്ളം ഒരു ചെറിയ ട്രേയില്‍ വച്ചു കൊണ്ടുവന്ന് ടീപ്പോയില്‍ വച്ചു. രണ്ടുപേരും അതെടുത്തു കുടിച്ചു.
റോണിയുടെ ഭക്ഷണമൊക്കെ? കുക്കിങ് വശമുണ്ടോ?''
സി.ഐ. ചോദിച്ചു.
''ഒന്നമറിയില്ല. ജീനാ കുക്കിങ്ങില്‍ ഒരെക്‌സ്‌പേര്‍ട്ടായിരുന്നു. അവളെന്തുമുണ്ടാക്കുമായിരുന്നു. ഞാനിപ്പോള്‍... ഓര്‍ഡര്‍ ചെയ്ത് ഹോട്ടലുകളില്‍നിന്നു വരുത്തുകാ.'' അവന്‍ പറഞ്ഞു.
''റോണീ, ഞങ്ങള്‍ രണ്ടുപേര്‍ക്കും എത്രയും പെട്ടെന്ന് സ്റ്റേഷനിലെത്തേണ്ട ഒരാവശ്യമുണ്ട്. ഈ കേസ് സംബന്ധിച്ച് സുപ്രധാനതെളിവുകള്‍ കിട്ടിയിട്ടുണ്ട്. ഇനി എല്ലാം ഒന്നു തുന്നിച്ചേര്‍ത്ത് ഫൈനല്‍ റിപ്പോര്‍ട്ടുണ്ടാക്കിയാല്‍ മാത്രം മതി. ഞങ്ങള്‍ പലതവണ സേര്‍ച്ച് ചെയ്തിട്ടും കിട്ടാത്ത രണ്ടു പ്രധാനതൊണ്ടിസാധനങ്ങളുണ്ട്. ഒന്ന് കൈ മുറിക്കാനുപയോഗിച്ച ആയുധം. അത് ബ്ലേഡാകാം. കത്തിയാകാം. പിന്നെ ജീനായുടെ മരണക്കുറിപ്പ്. ഇത് ഈ വീട്ടില്‍ എവിടെയോ ഉണ്ട്. യാദൃച്ഛികമായി കിട്ടിയാല്‍ അറിയിക്കണം. ഞങ്ങളെ ഏല്പിക്കണം. നമുക്ക് ഒരിക്കല്‍ക്കൂടി കാണണം.''
''കിട്ടിയാല്‍ അപ്പഴേ അറിയിക്കാം സാര്‍. തിരിച്ചേല്പിക്കുകയും ചെയ്യാം.'' റോണി പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഹെഡ്‌കോണ്‍സ്റ്റബിളും എഴുന്നേറ്റ് മുറ്റത്തിറങ്ങി പൊലീസ് ജീപ്പില്‍ കയറി മടങ്ങിപ്പോയി.
* * * *
കുറ്റവാളികളായ മനോരോഗികളെ പാര്‍പ്പിക്കുന്ന സെല്ലില്‍ കഴിയുന്ന പാലച്ചുവട്ടില്‍ ജോസിനെ കാണാന്‍, മകന്‍ ടോണി രാവിലെതന്നെയെത്തി. പ്രത്യേകമായ അനുമതി വാങ്ങിയാണ് അവന്‍ അകത്തുകടന്നത്. വെറും തറയില്‍ ജയില്‍വേഷത്തില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു, അയാള്‍. പ്രത്യേകതകളുള്ള മനോരോഗമായിരുന്നു ജോസിന്റേത്. രോഗമില്ലാത്തപ്പോള്‍ നല്ല സ്വഭാവവും നല്ല പെരുമാറ്റരീതികളുമാണയാളുടേത്. എന്തിനിയാളെയിങ്ങനെ തടവിട്ടിരിക്കുന്നുവെന്നു തോന്നിപ്പോകും.
''പപ്പാ... പപ്പാ...'' സെല്ലിനു പുറത്ത് അഴികളില്‍ കൈപിടിച്ചുനിന്ന് ടോണി വിളിച്ചു. ജോസ്, തറയില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു.
''പപ്പാ...'' ടോണി വീണ്ടും വിളിച്ചു. മകന്റെ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു. വെപ്രാളത്തോടെ പിടഞ്ഞെഴുന്നേറ്റു. പിന്നെ വേച്ചുവേച്ച് മകന്റെ മുമ്പിലേക്കു വന്നു. ജോസ് തീര്‍ത്തും അവശനായി കാണപ്പെട്ടു.
''എടാ... അവന്റെ... അവന്റെയടക്കു കഴിഞ്ഞോ? ജോസ് പരിഭ്രാന്തനെപ്പോലെ ചോദിച്ചു.
എന്തു പറയണമെന്നറിയാതെ ടോണി പതറി. മരിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ പപ്പാ എങ്ങനെ റിയാക്ട് ചെയ്യുമെന്നറിയില്ല.
''കഴിഞ്ഞു പപ്പാ.'' ടോണി പറഞ്ഞു.
''എന്റെ ജീനാമോളെ കൊന്നവനെ ഞാന്‍ കൊന്നു. പോലീസ് എന്നെപ്പിടിച്ചു ജയിലിലിട്ടിരിക്കുകാടാ. എനിക്കിതു സന്തോഷാ. കുറച്ചുദിവസം കഴിയുമ്പം പോലീസുകാരെന്നെ തൂക്കിക്കൊല്ലുവാരിക്കും. നീയൊട്ടും വെഷമിക്കണ്ട. പപ്പാ ജീനാമോളുടെയടുത്തു പോയീന്നു കരുതിയാ മതി. ഇട്ടു നരകിപ്പിക്കാതെ പെട്ടെന്നവരെന്നെ തൂക്കിക്കൊന്നാ മതിയാരുന്നു. ഞാനില്ലാത്താടാ നമ്മുടെ കുടുംബത്തിനു നല്ലത്. നെനക്ക് ഒരു കല്യാണമൊക്കെ കഴിക്കണ്ടെ?'''
''പപ്പാ,.. എന്റെ പൊന്നുപപ്പാ...'' ടോണിയതുകേട്ട് വിങ്ങിപ്പൊട്ടി.
''കരയാതെ മോനെ. കരയാതെ, ഭ്രാന്ത് വല്ലാത്ത രോഗമാടാ. ക്യാന്‍സറിനെക്കാളും ഭയങ്കരമാ. നീയെനിക്കുവേണ്ടി കേസൊന്നും നടത്തണ്ട. ഞാന്‍ കുറ്റം ചെയ്തതല്ലേ? ശിക്ഷ അനുഭവിക്കണം. പൊയ്‌ക്കോ. കാണാനൊന്നും ഇനി വരണ്ട.''
റോണി അഴികള്‍ക്കിടയിലൂടെ പപ്പായുടെ കൈപിടിച്ചു. പിന്നെ തുരുതുരെ ഉമ്മവച്ചു. മകന്റെ സ്‌നേഹത്തില്‍ ജോസിന്റെ കണ്ണുകളും നിറഞ്ഞുവന്നു.
തകര്‍ന്ന മനസ്സോടെയാണ് ടോണി പപ്പായുടെയടുത്തു നിന്നു പിന്തിരിഞ്ഞത്. അവന്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വിജയാനന്ദിനെ കാണാനായി പോയി. ഒരു മണിക്കൂറോളം കാത്തുനിന്നിട്ടാണ് അദ്ദേഹത്തെ കാണാനായത്. ജോസിന്റെ ചികിത്സയില്‍ കൂടുതല്‍ താത്പര്യം ഡോക്ടര്‍ വിജയാനന്ദ് കാണിച്ചിരുന്നു.
''ഡോക്ടര്‍, പപ്പാ ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ.'' ടോണി പറഞ്ഞു.
''ജോസ് തിരിച്ചുവന്നതു മുതല്‍ ഭക്ഷണമൊന്നും കഴിക്കുന്നില്ല. മരുന്നുകളോടും നെഗറ്റീവ് റിയാക്ഷനാണ്. അയാള്‍ വെട്ടുകൊടുത്ത മാത്തുക്കുട്ടി മരിച്ചു പോയെന്നാണു വിശ്വാസം. ജോസിപ്പോള്‍ ഒരു മനോരോഗി മാത്രമല്ല. കുറ്റവാളിയുമാണ്. പോലീസ് കസ്റ്റഡിയില്‍ ഇവിടെ കഴിയുന്നുവെന്നേയുള്ളൂ.'' ഡോക്ടര്‍ വിജയാനന്ദ് പറഞ്ഞു.
''മനോരോഗിയായതുകൊണ്ട് പോലീസ് നടപടികള്‍ ഒഴിവാകില്ലേ, ഡോക്ടര്‍?''
''നടപടികള്‍ ഒന്നും ഒഴിവാകുന്നില്ല. ജോസിന്റെ പേരില്‍ കേസെടുത്തുകഴിഞ്ഞു. ജയിലില്‍ റിമാന്‍ഡു ചെയ്യുന്നതിനുപകരം മനോരോഗിയാണെന്ന കണ്‍സഷനില്‍ മെന്റല്‍ ഹോസ്പിറ്റലിലെ സെല്ലിലാക്കിയിരിക്കുന്നുവെന്നേയുള്ളൂ.''
''പപ്പായ്ക്കു ശിക്ഷയൊന്നും കിട്ടില്ലായിരിക്കും. അല്ലേ, ഡോക്ടര്‍?''
''അങ്ങനെയൊന്നും താന്‍ പേടിക്കാനില്ല. പിന്നെ ജോസ് ആക്രമിച്ച മാത്തുക്കുട്ടി മരിച്ചു പോയെന്നാണ് വിശ്വാസം. അതു തത്കാലം തിരുത്താനൊന്നും പോകണ്ട.''
''സെല്ലില്‍ വളരെ ദയനീയ അവസ്ഥയാണല്ലോ ഡോക്ടര്‍?''
''കുറ്റവാളികൂടിയായതുകൊണ്ടാണ്. മെച്ചപ്പെടുത്താം.'' ഡോക്ടര്‍ വിജയാനന്ദ് പറഞ്ഞു. ടോണി പോകാനെഴുന്നേറ്റു.
(തുടരും)
ജോര്‍ജ് പുളിങ്കാട്
