•  11 Dec 2025
  •  ദീപം 58
  •  നാളം 40
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

''ലോ... മിസ്റ്റര്‍ റോണിയാണോ?''
''അതെ. ആരാ വിളിക്കുന്നെ?''
''ഞാന്‍ സുധീഷ് മേനോന്‍. ഓസ്‌ട്രേലിയയില്‍നിന്നു വിളിക്കുകാ.''
''എന്താ കാര്യം?''
''എന്റെ വീട്ടിലാണു താങ്കള്‍ വാടകയ്ക്കു താമസിച്ചുവരുന്നത്. കരാറെഴുതി എല്ലാ ഏര്‍പ്പാടുകളുമാക്കിയത് നാട്ടിലുള്ള എന്റെ കസിനായ സുരേഷാണ്.''
''സുരേഷിനെ അറിയാം. ഇന്നലെ എന്നെ വന്നു കണ്ടിരുന്നു. ഒരു... ഒരു മാസംകൂടി ഇവിടെ താമസിക്കാന്‍ എന്നെ അനുവദിക്കണം.''
''അതു ബുദ്ധിമുട്ടാണ്. താങ്കള്‍ ഇത്തരക്കാരനാണെന്നറിഞ്ഞിരുന്നെങ്കില്‍ വാടകയ്ക്കു തരില്ലായിരുന്നു. ഇനിയെന്റെ വീടിന്റെയും സ്ഥലത്തിന്റെയും വില പോയി. ഇതു വില്‍ക്കാനോ, വാടകയ്ക്കു കൊടുക്കാനോ ബുദ്ധിമുട്ടാകും. ടി.വി.യിലും പത്രങ്ങളിലുമൊക്കെ എന്റെ വീടിന്റെ പടംവന്നു. വലിയ ഡാമേജാണുണ്ടാക്കിയത്.''
''ഒന്നും മനഃപൂര്‍വമല്ലല്ലൊ. സംഭവിച്ചുപോയതാ.''
''നിങ്ങളോട് ഒരു സിമ്പതിയും എനിക്കില്ല. എത്ര മിടുക്കിക്കുട്ടിയായിരുന്നു തന്റെ ഭാര്യ. അതിനെ ഇല്ലാതാക്കിയല്ലൊ. എത്രയും പെട്ടെന്ന് ഇറങ്ങിമാറിയില്ലെങ്കില്‍ ഞാന്‍ നിയമനടപടി സ്വീകരിക്കും.'' അങ്ങനെ പറഞ്ഞ് സുധീഷ് മേനോന്‍ ഫോണ്‍ കട്ടാക്കി.
റോണി ശരിക്കും പ്രതിസന്ധിയിലായി. പെട്ടെന്നൊരു വീടു സംഘടിപ്പിക്കുക എളുപ്പമല്ല. സമൂഹത്തിനു മുമ്പില്‍ താനൊരു കുഴപ്പക്കാരനാണ്. ചേച്ചിയുടെ നിര്‍ബന്ധംമൂലം പപ്പാ ഇവിടെവന്ന് വീട്ടിലേക്കു ക്ഷണിച്ചതാണ്. വരില്ലെന്നു കട്ടായം പറഞ്ഞുവിട്ടു. മൂന്നുദിവസമായി റോണി ഈ വീട്ടില്‍ തനിച്ചാണ്. ഷേര്‍ലിച്ചേച്ചി പപ്പായെ സഹായിക്കാനായി വീട്ടിലേക്കു പോയിരിക്കുന്നു. തനിയെ കഴിഞ്ഞ മൂന്നുദിവസവും അവനു രാത്രി ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ചിന്തകളാണ്. പേടിപ്പെടുത്തുന്ന ഓര്‍മകളാണ്. തെല്ലൊരു ആശ്വാസത്തിനായി റോണി അരുണിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവനെ ലൈനില്‍കിട്ടി. 
''ഹലോ... അരുണേ, നീയിപ്പഴെവിടെയാ.''
''ഞാനോഫീസില്‍. നീയിന്നും ലീവിലാണോ?''
''അതെ. നല്ല സുഖമില്ലായിരുന്നു. അതിനിടയ്ക്ക് ചില പ്രശ്‌നങ്ങളും.''
''എന്താടാ പുതിയ പ്രശ്‌നം?''
''വീടിന്റെ ഓണറ് ഓസ്‌ട്രേലിയേന്നു വിളിച്ചു. ഉടനെ വീടൊഴിയണോന്ന്.''
''എന്താ തീരുമാനം?''
''ഒരു മാസംകൂടെയെങ്കിലും നീട്ടിത്തരാമോയെന്നു ചോദിച്ചു. സമ്മതിക്കുന്നില്ല. ആളാകെ ദേഷ്യത്തിലാ. വീടിന്റെ മാര്‍ക്കറ്റ് പോയെന്ന്.''
''അതു ശരിയാ. നീയിവിടുന്നു മാറിയാല്‍ വേറെയാരും ഇതു വാടകയ്‌ക്കെടുക്കുമെന്നു തോന്നുന്നില്ല.'' 
''അവര്‍ക്കിത് കിട്ടുന്ന വിലയ്ക്കു വില്‍ക്കണോന്നാ.''
''നീയിനി വേറെ വാടകവീട് തിരയുകയൊന്നും വേണ്ട. വാശി കളഞ്ഞ് സ്വന്തം വീട്ടില്‍ ചെന്ന് താമസിക്കാന്‍ നോക്ക്.''
''അരുണേ, ഞാന്‍ വിചാരിച്ചത് ജീനാ കൂടെയുള്ളപ്പം പപ്പാ മനസ്സുമാറി ഞങ്ങളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകുമെന്നാ. അവളുടെ സ്‌നേഹോം, പരിചരണോം ഒക്കെയാകുമ്പം എല്ലാരുംകൂടി സന്തോഷത്തോടെ ജീവിക്കാമെന്നു കരുതി. അതൊന്നുമുണ്ടായില്ല.''
''എടാ, പപ്പായും മമ്മിയും നിന്റെ ഷേര്‍ലിച്ചേച്ചിയും നീ കാരണം ഒത്തിരി സഹിച്ചു. ഇനിയെങ്കിലും കഴിഞ്ഞതൊക്കെ മറന്ന് ഒരുമയോടെ ജീവിക്കാന്‍ നോക്ക്. ജീനായുടെ ആത്മാവും അതു കാണാനായിരിക്കും ആഗ്രഹിക്കുന്നത്.''
''ജീനായോടൊപ്പം എട്ടുമാസം ജീവിച്ച ഈ വാടകവീടും പരിസരങ്ങളുമുപേക്ഷിച്ച് ഞാന്‍ തനിയെ, അവളെ ആട്ടിയിറക്കിയ ഇടത്തേക്ക് കയറിച്ചെല്ലണമെന്ന്! വയ്യടാ.''
''ആദ്യം കുറച്ച് പ്രയാസമൊക്കെയുണ്ടാകും. പിന്നെ കുറയും. ഒടുവില്‍ എല്ലാം മറക്കും. ജീവിതം അങ്ങനെയാ.''
ഞാന്‍ വീട്ടിലേക്കു തിരിച്ചുപോകാമെടാ. ഇപ്പോള്‍ എന്റെ മുമ്പില്‍ മറ്റു വഴികളില്ല. നിര്‍ത്തുകാ.'' റോണി ഫോണ്‍ കട്ടാക്കി.
പിറ്റേന്നു രാവിലെ ഒന്‍പതുമണിയായപ്പോള്‍, ഹൗസ്ഓണറുടെ ബന്ധുവായ സുരേഷ് റോണിയെ കാണാനെത്തി. വീട് വിട്ടൊഴിയാനുള്ള സന്നദ്ധത റോണി അയാളെ അറിയിച്ചു. സെക്യൂരിറ്റിത്തുക മുഴുവനായും സുരേഷ് റോണിക്കു തിരികെക്കൊടുത്തു.
''നിങ്ങള് ചെറുപ്പക്കാരാണ്. വിവരോം വിദ്യാഭ്യാസോമുള്ളവരാണ്, മറ്റു കുഴപ്പങ്ങളൊന്നുമുണ്ടാക്കുകേല എന്നൊക്കെ കരുതിയാ, കൂടുതലൊന്നും അന്വേഷിക്കാതെ വാടകയ്ക്കു തന്നത്. ഇനിയിപ്പം പെട്ടെന്നൊന്നും ഇതിന്റെ വില്പനപോലും നടക്കുകേല. അവള് മരിച്ചുകെടന്ന മുറി പോലീസ് സീല്‍ ചെയ്തിരിക്കുകല്ലേ? കേസിന്റെ അന്വേഷണം പൂര്‍ത്തിയാകാതെ വില്‍ക്കുന്ന കാര്യം ഒരുത്തനോടും പറയാനും പറ്റില്ല.'' സുരേഷ്, റോണിയെ കുറ്റപ്പെടുത്തി. അവന് ഒരു വാക്കുപോലും മറുപടി പറയാന്‍ കഴിഞ്ഞില്ല.
ആ വീട്ടില്‍ റോണിയുടെയും ജീനായുടേതുമായ ഒരുപാടു വസ്തുക്കളുണ്ട്. എല്ലാം അടുക്കിവയ്ക്കണം. അവള്‍ മരിച്ചു കിടന്ന മുറി പോലീസ് സീല്‍ ചെയ്തിരിക്കുന്നതിനാല്‍ അതിലുള്ളതൊന്നും എടുക്കാനാവില്ല. റോണി വീടൊഴിഞ്ഞുപോകാന്‍ നിശ്ചയിച്ചിരുന്നത് ഒരു അവധി ദിവസമായതിനാല്‍ സഹായത്തിനായി അരുണും വിവേകും വന്നു.
''അരുണേ, ഇവിടുന്ന് അത്യാവശ്യമുള്ളതൊക്കെയേ എടുക്കുന്നുള്ളൂ. ബാക്കി ഇവിടെ കിടക്കട്ടേ. ഹൗസ് ഓണര്‍ എന്താന്നു വച്ചാ ചെയ്യട്ടെ.'' റോണി പറഞ്ഞു.
''റോണീ, ജീനായുടെ വസ്ത്രങ്ങള്‍ ഒത്തിരിയുണ്ടല്ലോ. ഇതൊക്കെ വാരിക്കൂട്ടി വീട്ടുവളപ്പിലിട്ട് കത്തിച്ചുകളയുകല്ലേ നല്ലത്.''
''എനിക്ക്... എനിക്കതു വയ്യടാ... അവളെ ഞാന്‍തന്നെ കത്തിക്കുന്നതുപോലെ തോന്നും. വയ്യ... ഒന്നും വയ്യ.'' റോണി വിങ്ങിപ്പൊട്ടി.
''ഇവിടെ അതെല്ലാം കൂട്ടിയിട്ടിട്ടു പോകുന്നതിനേക്കാള്‍ നല്ലത് കത്തിച്ചുകളഞ്ഞിട്ടു പോകുന്നതായിരിക്കും. റോണി എല്ലാമൊന്ന് എടുത്തു കൂട്ടിയിട്ടാല്‍ മതി. വെഷമമുള്ള കാര്യമാണെങ്കിലും ഞാനതു കത്തിക്കാം. ആരെങ്കിലും അതു ചെയ്യാതെ വയ്യല്ലോ.'' വിവേക് പറഞ്ഞു.
ജീനായുടെ ഇഷ്ടപ്പെട്ട ചുരിദാറുകളും ഷോളുകളും കഠിനനൊമ്പരത്തോടെ റോണി പെറുക്കിക്കൂട്ടി. ബര്‍ത്ത് ഡേ പ്രസന്റായി അവന്‍ വാങ്ങിച്ചുകൊടുത്ത വയലറ്റ് ചുരിദാറും വെള്ളഷോളും മാറോടുചേര്‍ത്തമര്‍ത്തി റോണി പൊട്ടിക്കരഞ്ഞു. അരുണ്‍ അവന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് അതു വാങ്ങി മറ്റുള്ളവയുടെ കൂട്ടത്തിലേക്കിട്ടു. അരുണും വിവേകുംകൂടിയാണ് ജീനായുടെ വസ്ത്രങ്ങളെല്ലാം പുറത്തേക്കു കൊണ്ടുപോയത്. മുറ്റത്തരുകിലിട്ട് ലാമ്പുകൊണ്ട് വിവേക് അതില്‍ തീ പടര്‍ത്തി.
ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ വാടകവീടൊഴിയുന്നതിനുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി. പ്രധാനവാതില്‍ പൂട്ടി താക്കോല്‍ സുരേഷിന്റെ കൈയില്‍ കൊടുത്തപ്പോള്‍ റോണി പിന്നെയും വിതുമ്പി. റോണിക്കുവേണ്ടതെല്ലാം പിക്കപ്പ് വാനില്‍ കയറ്റിയിരുന്നു. ഡ്രൈവര്‍ വാനില്‍ക്കയറി. റോണി ഡ്രൈവര്‍ക്കു വഴി പറഞ്ഞുകൊടുത്തു. റോണിയുടെ കാര്‍ അരുണാണ് ഓടിക്കുന്നത്. കാര്‍ മുമ്പിലൂം പിക്കപ്പ്‌വാന്‍ പിമ്പിലുമായി ഗേറ്റുകടന്നു. റോണി ഒരിക്കല്‍ക്കൂടി ആ വീടിനു നേരേ തിരിഞ്ഞുനോക്കി. ഇനി ഒരുനാള്‍ പടിയിറങ്ങിയ സ്വന്തം വീട്ടിലേക്ക്!
*   *   * *
മേടയ്ക്കല്‍ ബംഗ്ലാവിന്റെ മുറ്റത്തേക്ക് പൊലീസ് ജീപ്പ് ഇരച്ചെത്തിനിന്നു. സിറ്റൗട്ടിലെ ചൂരല്‍ കസേരയില്‍ മാത്തുക്കുട്ടിയിരിപ്പുണ്ടായിരുന്നു. അയാള്‍ ഷര്‍ട്ടിട്ടിരുന്നില്ല. ബനിയനാണിട്ടിരുന്നത്. വെട്ടേറ്റ തോള്‍ഭാഗത്ത് സ്റ്റിച്ചിട്ട് മരുന്നു വച്ചുകെട്ടിയിട്ടുണ്ട്.
സി.ഐ. മോഹന്‍കുമാര്‍ ജീപ്പില്‍നിന്നിറങ്ങി സിറ്റൗട്ടിലേക്കു നടന്നുകയറിയപ്പോള്‍ മാത്തുക്കുട്ടി എഴുന്നേല്‍ക്കാന്‍ ഭാവിച്ചു.
''വേണ്ട... അവിടെത്തന്നെയിരുന്നോളൂ.'' സി.ഐ. മോഹന്‍കുമാര്‍ പറഞ്ഞു.
''സാറ്... ആ കസേരയിലേക്കിരിക്ക്.'' മാത്തുക്കുട്ടി ആതിഥ്യമര്യാദ കാട്ടി.
മോഹന്‍കുമാര്‍ കസേര, മാത്തുക്കുട്ടിയുടെയടുത്തേക്കു നീക്കിയിട്ട് അതില്‍ കടന്നിരുന്നു.
''മകനെ ഇങ്ങോട്ടു കൊണ്ടുപോന്നു... അല്ലേ?'' സി.ഐ. തിരക്കി.
''കൊണ്ടുവന്നതല്ല. ഹൗസ് ഓണര്‍ വാടകവീട്ടീന്നെറക്കി വിട്ടു. മറ്റു നിവൃത്തിയില്ലാതെ വന്നപ്പോള്‍ തനിയെ കയറിവന്നതാ.'' മാത്തുക്കുട്ടി പറഞ്ഞു.
''അതെന്തുമാകട്ടെ. ഇപ്പോള്‍ നമുക്കതൊരു പ്രശ്‌നമല്ല. മിസ്റ്റര്‍ മാത്തുക്കുട്ടിയെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പാലച്ചുവട്ടില്‍ ജോസിനെതിരെയും കേസെടുത്തിട്ടുണ്ട്. അയാള്‍ മനോരോഗിയാണെങ്കില്‍ക്കൂടിയും ഇപ്പോള്‍ അറസ്റ്റിലും പോലീസ് കസ്റ്റഡിയിലുമാണ്.'' 
സി.ഐ. പറഞ്ഞു.
''അതിന് ഞാനയാള്‍ക്കെതിരെ പരാതി തന്നിട്ടില്ലല്ലോ? പിന്നെന്തിനാ കേസെടുത്തത്.''
''ഒരു ക്രൈം നടന്നാല്‍ പോലീസെത്തും. എഫ്.ഐ.ആര്‍. ഇടും. പ്രതിയെന്നു ബോധ്യമുള്ളയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യും.''
''പാലച്ചുവട്ടില്‍ ജോസിന്റെ മകളെ, എന്റെ മകന്റെ ഭാര്യയെ  ഞാന്‍ കൊല്ലിച്ചതാണെന്ന് സംശയിക്കുന്നത് സാറല്ലേ?''
''താങ്കളെ പ്രതി ചേര്‍ത്ത് കേസു തന്നത് പാലച്ചുവട്ടില്‍ ജോസിന്റെ മകന്‍ ടോണിയാണ്. ചോദ്യം ചെയ്തപ്പോള്‍ അക്കാര്യം സൂചിപ്പിക്കുകയായിരുന്നു.''
''സാറേ, ഞാന്‍ മരണത്തെ തൊട്ടുമുമ്പില്‍ക്കണ്ടയാളാ. ആ ഭ്രാന്തന്റെ വെട്ട് അല്പമൊന്നു മാറിയിരുന്നെങ്കില്‍ ഇന്നു ഞാനില്ല. നിങ്ങടെയൊക്കെ പീഡനം ഇങ്ങനെ സഹിക്കേണ്ടിവരികയില്ലായിരുന്നു.'' മാത്തുക്കുട്ടി രോഷത്തോടെ പറഞ്ഞു.
''മിസ്റ്റര്‍ മാത്തുക്കുട്ടീ... ഞാന്‍ നിങ്ങളാരെയും മനഃപൂര്‍വം പീഡിപ്പിച്ചിട്ടില്ല. ഞാനിപ്പോള്‍ വന്ന കാര്യം പറയട്ടെ.''
''പറയ്.'
''ഇവിടെ പ്രധാനപ്പെട്ട ഒരു കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പാലച്ചുവട്ടില്‍ ജോസ് മാത്തുക്കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയത്. ക്രിമിനല്‍ കേസായതുകൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്ത് വിലങ്ങുവച്ച് സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പു നടത്തേണ്ടതാണ്. പ്രതി മനോരോഗിയായതുകൊണ്ട് ഇതൊക്കെ നടത്താന്‍ ബുദ്ധിമുട്ടാണ്. കുറ്റം തെളിഞ്ഞാലും മനോരോഗിയായതിനാല്‍ ശിക്ഷിക്കാനാവില്ല. അക്രമകാരിയായ മനോരോഗിയെ മെന്റല്‍ ഹോസ്പിറ്റലില്‍ സെല്ലിലാക്കാനേ നമുക്കു കഴിയൂ. ഇവിടെ നമ്മളതു ചെയ്തുകഴിഞ്ഞു.''
''എനിക്കു പരാതിയില്ലെന്നു പറഞ്ഞല്ലൊ.''
''അതു വാക്കാല്‍ പറഞ്ഞാല്‍ പോര. രേഖാമൂലം തരണം.''
''തരാം. ഒപ്പിട്ടു തരാം. പക്ഷേ, എനിക്കൊരുറപ്പു വേണം. രേഖാമൂലം തരണം.''
''എന്താണത്?''
''മരണഭയമില്ലാതെ എനിക്കു ജീവിക്കണം. ഭ്രാന്തുപിടിച്ച അയാള്‍ ഭ്രാന്താശുപത്രീന്ന് എപ്പഴെങ്കിലും ചാടിവരുമോന്ന് എനിക്കു പേടിയുണ്ട്.''
''എന്തിനു പേടിക്കണം? പോലീസ് പ്രൊട്ടക്ഷനുണ്ടല്ലോ.''
''ഈ പോലീസ് കാവലിലുള്ള ജീവിതം വലിയ ബുദ്ധിമുട്ടാ. എനിക്കും എന്നെ കാക്കാന്‍ വരുന്ന പോലീസുകാര്‍ക്കും അതു മടുപ്പാ. ആ ജോസല്ലാതെ മറ്റൊരു ശത്രുവും എനിക്കില്ല.''
''മിസ്റ്റര്‍ മാത്തുക്കുട്ടീ, എന്റെ അന്വേഷണത്തില്‍ സെല്ലില്‍ കഴിയുന്ന ജോസിന്റെ സ്ഥിതി വളരെ മോശമാണ്. അയാള്‍ക്കെന്തോ ഗുരുതരരോഗമുണ്ട്. അവിടെ ചികിത്സയൊക്കെ കണക്കാ. വയലന്റായ മനോരോഗികള്‍ക്ക് മറ്റുള്ള പരിഗണനകളൊന്നുമില്ല. വൈകാതെ പാലച്ചുവട്ടില്‍ ജോസ് സെല്ലില്‍ കിടന്നുതന്നെ തീരാനാണ് സാധ്യത.'' 
''ആശ്വാസം. ഈ പോലീസ് പ്രൊട്ടക്ഷന്‍ പെട്ടെന്നുതന്നെ നീക്കിത്തരണം. ആകെ മടുത്തു.'' മാത്തുക്കുട്ടി പറഞ്ഞു.
''മിസ്റ്റര്‍ മാത്തുക്കുട്ടീ, വയ്യാത്ത സാഹചര്യത്തില്‍ സ്റ്റേഷനിലേക്കു വരണ്ട. ഞാന്‍ പോലീസുകാരെ ഇങ്ങോട്ടു പറഞ്ഞുവിടാം.'' അങ്ങനെ പറഞ്ഞ് സി.ഐ. മോഹന്‍കുമാര്‍ എഴുന്നേറ്റു. അദ്ദേഹം പെട്ടെന്ന് ജീപ്പില്‍ക്കയറി തിരിച്ചുപോയി.
രണ്ടുദിവസം കഴിഞ്ഞപ്പോള്‍ റോണിക്ക് ഒരു സമന്‍സ് വന്നു. ജീനാക്കേസില്‍ രണ്ടാംഘട്ട മൊഴിയെടുപ്പിന് സ്റ്റേഷനില്‍ ഹാജരാകാനുള്ള സമന്‍സ്!
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)