കഥാസാരം:
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും മകനും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ് വീണ്ടും കണ്ടുമുട്ടിയത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്! എല്‍സയുടെ കാലിന്റെ മുടന്തുമാറ്റാനുള്ള സര്‍ജറിക്ക് പണം കൊടുക്കാമെന്നു ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് അവള്‍ എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് സന്തോഷിച്ചു. എന്നാല്‍ ഭര്‍ത്താവറിയാതെ അബോര്‍ഷന്‍ നടത്തി വര്‍ഷ. ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായി എന്നു ജയേഷിനോടു കള്ളം പറഞ്ഞു. ഒരു രാത്രി പെയ്ത പെരുമഴയില്‍ വീടിനു സമീപംനിന്ന് പ്ലാവ് കടപുഴകിവീണ് സിസിലി മരിച്ചു. മാതാപിതാക്കള്‍ മരിച്ചുപോയതോടെ എല്‍സ ഒറ്റപ്പെട്ടു. (തുടര്‍ന്നു വായിക്കുക)
സിസിലി സ്വര്‍ഗലോകത്തേക്കു യാത്രയായിട്ട് നാളെ ഏഴുദിവസമാകുന്നു. കുറുക്കന്‍കുന്ന് പള്ളിയില്‍ നാളെ പ്രത്യേക കുര്‍ബാനയും ഒപ്പീസും ഉണ്ട്. ഫാ. മാത്യു കുരിശിങ്കലാണ് ദിവ്യബലി അര്‍പ്പിക്കാന്‍ എത്തുന്നത്. എല്‍സ ഫോണില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ വരാമെന്ന് അച്ചന്‍ സമ്മതം മൂളുകയായിരുന്നു.
ഡോക്ടര്‍ മനുവിനെ വിളിച്ചൊന്നു പറയണ്ടേ? എല്‍സ ആലോചിച്ചു. അമ്മയുടെ സംസ്‌കാരദിവസം അവസാനനിമിഷംവരെനിന്ന് തന്നെ ആശ്വസിപ്പിച്ചു പറഞ്ഞയച്ച ആളല്ലേ? അമ്മയ്ക്കു പ്രിയപ്പെട്ടവനുമായിരുന്നല്ലോ! ജോലിത്തിരക്കിനിടയില്‍ വരാന്‍ സമയം കിട്ടില്ലായിരിക്കും. എന്നാലും വിളിക്കണം. അതല്ലേ മര്യാദ? ടെസിയോടു ചോദിച്ചപ്പോള്‍ വിളിക്കണമെന്ന് അവളും അഭിപ്രായപ്പെട്ടു.
എല്‍സ മൊബൈല്‍ എടുത്തു ഡോക്ടറുടെ നമ്പരില്‍ വിളിച്ചു. അങ്ങേത്തലയ്ക്കല്‍ റിങ്ങുണ്ടായിരുന്നെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്തില്ല. ഫോണ്‍ മേശപ്പുറത്തേക്കു വച്ചിട്ട് എല്‍സ പുറത്തേക്കിറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തിരികെ ഡോക്ടറുടെ വിളിയെത്തി. എല്‍സ ഓടി വന്നു ഫോണ്‍ എടുത്ത് കാതോടു ചേര്‍ത്തു:
''ഹലോ.''
''തിരക്കായിരുന്നു. അതുകൊണ്ടാ കോള്‍ അറ്റന്‍ഡ് ചെയ്യാതിരുന്നത്. എന്താ ഈ സമയത്തൊരു വിളി?''
''നാളെ അമ്മയുടെ ഏഴാണ്. പള്ളിയില്‍ കുര്‍ബാനയുണ്ട്. ക്ഷണിക്കാന്‍ വിളിച്ചതാ.''
''നാളെ സര്‍ജറി ഉണ്ടല്ലോ എല്‍സേ. സാരമില്ല. കാര്യങ്ങളൊക്കെ ഭംഗിയായിട്ടു നടക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം. ങ്ഹ... വിഷമമൊക്കെ മാറിയോ?''
''അതു പെട്ടെന്നങ്ങു മാറുമോ ഡോക്ടര്‍. ഞാന്‍ ഒറ്റപ്പെട്ടു പോയില്ലേ?''
''ചേച്ചി കൂടെയില്ലേ?''
''ഉണ്ട്. നാളെ തിരിച്ചുപോകും.''
''എല്‍സയ്ക്കു കുറച്ചുകാലം ചേച്ചിയുടെകൂടെ പോയി നിന്നൂടേ? തനിയെ ഇരിക്കുമ്പോഴല്ലേ വിഷമം കൂടുന്നത്?''
''അതിനു പറ്റിയ ഒരു സാഹചര്യമല്ല ഡോക്ടര്‍ ചേച്ചിയുടെ വീട്ടില്‍. ഹസ്ബന്റ് കുടിയനാ. എന്നും വഴക്കും ബഹളവുമാ. ഞാനങ്ങോട്ടു ചെന്നാല്‍ എന്റെ സങ്കടം കൂടുകയേയുള്ളൂ. ഞാനിവിടെ ഒറ്റയ്ക്കു കഴിഞ്ഞോളാം.''
''അതു റിസ്‌കല്ലേ? രാത്രി തനിച്ച്?''
''തനിച്ചു കിടക്കാന്‍ പേടിയൊന്നുമില്ല ഡോക്ടര്‍. ആരെങ്കിലും വന്നു കൊന്നിട്ടു പോയാല്‍ പോട്ടെ. വേഗം അമ്മേടെ അടുത്ത് എത്താലോ.'' തമാശയായി അവള്‍ പറഞ്ഞു.
''ഞാന്‍ പിന്നെ വിളിക്കാം. അല്പം തിരക്കിലാ.''
''ഡോക്ടറുടെ സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട് കേട്ടോ. ഞാനെപ്പഴും ഓര്‍ക്കും ഇതുപോലൊരു സഹോദരന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്.''
''സന്തോഷായിട്ടിരിക്ക്. പിന്നെ വിളിക്കാം.'' ഫോണ്‍ കട്ടായി.
സന്തോഷവും സങ്കടവും പങ്കുവയ്ക്കാന്‍ ഒരാളുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എല്‍സയ്ക്ക് ഒരുപാട് ആശ്വാസം തോന്നി.
അടുത്ത ദിവസം പുലര്‍ച്ചെ ടെസിയും എല്‍സയുംകൂടി പള്ളിയിലേക്കു പുറപ്പെട്ടു. ഒരു പ്ലാസ്റ്റിക് കൂടില്‍ കുറെ പൂക്കളും കരുതിയിരുന്നു. കല്ലറയ്ക്കുമീതെ പൂക്കള്‍ വച്ചിട്ട് രണ്ടുപേരും കൈകൂപ്പിനിന്ന് അമ്മയുടെ ആത്മശാന്തിക്കായി പ്രാര്‍ഥിച്ചു.
ആറരയ്ക്കാണ് വിശുദ്ധകുര്‍ബാന. ടെസിയുടെ ഭര്‍ത്താവ് ജോണി ഇനിയും എത്തിയിട്ടില്ല.
''ചേട്ടന്‍ വന്നില്ലല്ലോ ചേച്ചീ. രാവിലെ വരാമെന്നല്ലേ പറഞ്ഞിരുന്നത്?'' സിമിത്തേരിയില്‍നിന്ന് പള്ളിയിലേക്കു നടക്കുന്നതിനിടയില്‍ എല്‍സ ചോദിച്ചു.
''കുര്‍ബാന തീരുന്നേനു മുമ്പ് എത്തുമായിരിക്കും.''
ഭര്‍ത്താവിനോടുള്ള അമര്‍ഷം അവളുടെ വാക്കുകളില്‍ പ്രകടമായിരുന്നു.
ടെസിയും എല്‍സയും ഭക്തിപൂര്‍വം കുര്‍ബാനയില്‍ പങ്കുകൊണ്ടു. കുര്‍ബാന കഴിഞ്ഞ് സെമിത്തേരിയില്‍ ഒപ്പീസ്. ജോണി അപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു. ഒപ്പീസ് കഴിഞ്ഞ് എല്‍സ അച്ചനോടു പറഞ്ഞു:
''വീടൊന്നു വെഞ്ചിരിക്കണം അച്ചോ. അച്ചന്‍ വരില്ലേ?
''തീര്‍ച്ചയായിട്ടും! ഞാനങ്ങു വന്നേക്കാം. നിങ്ങളു പൊക്കോ.''
കുരിശിങ്കലച്ചന്‍ പള്ളിമേടയിലേക്കു മടങ്ങി.
എല്‍സയും ടെസിയും നടന്നാണ് വീട്ടിലേക്കു പോയത്. ജോണി മുമ്പേ ബൈക്കില്‍ കയറിപ്പോയി.
എല്‍സ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ കണ്ടത് ഡൈനിങ് റൂമിലിരുന്നു മദ്യപിക്കുന്ന ജോണിയെയാണ്. അവള്‍ക്കു ദേഷ്യം വന്നു.
''ഇന്നത്തെ ഈ ദിവസം ഇതു വേണമായിരുന്നോ ചേട്ടാ?''
''കഴിച്ചില്ലെങ്കില്‍ കൈവിറയ്ക്കും അതുകൊണ്ടാ.''
എല്‍സ പിന്നീടൊന്നും പറഞ്ഞില്ല. പറഞ്ഞിട്ടു പ്രയോജനമില്ലെന്നു തോന്നി. ചേച്ചിയുടെ വിധിയോര്‍ത്ത് അവള്‍ സങ്കടപ്പെട്ടു. ഒരു മുഴുക്കുടിയനെയാണല്ലോ ദൈവമേ അങ്ങ് എന്റെ ചേച്ചിക്കു കൊടുത്തത് എന്ന് അവള്‍ വിലപിച്ചു.
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും കുരിശിങ്കലച്ചന്‍ എത്തി. തനിയെ നടന്നാണു വന്നത്. എല്‍സയും ടെസിയും മുറ്റത്തേക്കിറങ്ങിച്ചെന്ന് അച്ചനു സ്തുതിചൊല്ലി അകത്തേക്കു ക്ഷണിച്ചിരുത്തി.
''നമുക്ക് വെഞ്ചരിപ്പു കഴിഞ്ഞിട്ടു സംസാരിക്കാം. തിരി കത്തിച്ചോ.'' അച്ചന്‍ പറഞ്ഞു.
എല്‍സ തിരുഹൃദയത്തിന്റെ മുമ്പില്‍ മെഴുകുതിരി കത്തിച്ചു. അച്ചന്‍ എണീറ്റ് പ്രാര്‍ഥന തുടങ്ങി.
വെഞ്ചരിപ്പു കഴിഞ്ഞ് കസേരയില്‍ വന്നിരുന്നിട്ട് അച്ചന്‍ പറഞ്ഞു:
''പണ്ട് ഞാനിവിടെ വരുമ്പം സിസിലി ഓടിവന്ന് എന്നെ സ്വീകരിക്കുന്നതും വാതോരാതെ വര്‍ത്തമാനം പറയുന്നതുമൊക്കെ ഞാനോര്‍ക്കുവാ. പെട്ടെന്നങ്ങു പോയില്ലേ ആള്. വിശ്വസിക്കാന്‍ പറ്റുന്നില്ല.''
കേട്ടപ്പോള്‍ എല്‍സയ്ക്കു സങ്കടം വന്നു.
''നിന്റെ വിഷമമൊക്കെ കുറഞ്ഞോ മോളേ?'' അച്ചന്‍ എല്‍സയുടെ നേരേ തിരിഞ്ഞു.
''അതങ്ങനെ എളുപ്പം കുറയുമോ അച്ചോ.''
അച്ചന്‍ ടെസിയുടെ നേരേ തിരിഞ്ഞിട്ടു പറഞ്ഞു:
''കുറച്ചു ദിവസം ഇവളെ നിന്റെ വീട്ടില്‍ കൊണ്ടേ നിറുത്ത്. എന്തേ?''
ടെസി ഭര്‍ത്താവിനെ ഒന്നു നോക്കിയിട്ട് മൗനമായി നിന്നതേയുള്ളൂ.
''ഞാന്‍ വിളിച്ചതാ അച്ചോ. ഇവള് വരണ്ടേ?'' ജോണി പറഞ്ഞു.
''എന്നാ ടെസി കുറച്ചുനാള് ഈ വീട്ടില്‍ താമസിക്കട്ടെ. അവള്‍ക്കൊരു കൂട്ടാകുമല്ലോ.'' ജോണിയെ നോക്കി അച്ചന്‍ പറഞ്ഞു.
''അപ്പം അച്ചന്‍ വന്ന് എന്റെ പിള്ളേരെ നോക്കുകേം എനിക്കു കഞ്ഞിവച്ചു തരികേം ചെയ്യുമോ?''
ജോണിയുടെ ചോദ്യം കേട്ട് അച്ചന്‍ വല്ലാതായി. അങ്ങനെയൊരു മറുപടി പ്രതീക്ഷിച്ചില്ലായിരുന്നു. ഇങ്ങനെയൊരു മൊശകോടനെയാണല്ലോ ഈ പാവം പെണ്ണിനു ഭര്‍ത്താവായി കിട്ടിയതെന്ന് മനസ്സിലോര്‍ത്തു. അച്ചന്‍ എണീറ്റിട്ട് എല്‍സയെയും ടെസിയെയും നോക്കിപ്പറഞ്ഞു:
''ഞാന്‍ പോട്ടെ മോളേ.''
''അച്ചാ, കാപ്പികുടിച്ചിട്ടു പോകാം. ഞാനിപ്പം എടുക്കാം.''
ടെസി അടുക്കളയിലേക്കു പോകാന്‍ തിരിഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു:
''വേണ്ട മോളെ... ഞാന്‍ കാപ്പി കുടിച്ചിട്ടാ വരുന്നത്. പിന്നൊരു ദിവസം വരാം.''
മറുപടിക്കു കാത്തുനില്‍ക്കാതെ അച്ചന്‍ പുറത്തേക്കിറങ്ങി റോഡിലേക്കു നടന്നു.
എല്‍സയ്ക്കു സങ്കടം വന്നു. ജോണിയെ രൂക്ഷമായി ഒന്നുനോക്കിയിട്ട് അവള്‍ അടുക്കളയിലേക്കു പോയി.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ടെസി പോകാനായി വേഷം മാറി. മുടി ചീകിക്കൊണ്ടിരിക്കുമ്പോള്‍ എല്‍സ മുറിയിലേക്കു ചെന്നു.
''ചേച്ചി ഇനി എന്നു വരും?''
''അറിയില്ല കൊച്ചേ! ചേട്ടന്‍ വിട്ടാലല്ലേ വരാന്‍ പറ്റൂ. കുറച്ചുമുമ്പ് അച്ചനോടു പറഞ്ഞത് നീ കേട്ടതല്ലേ? ഇതാ സ്വഭാവം. എന്തേലും പറഞ്ഞാല്‍ ചാടിക്കടിക്കാന്‍ വരും. ചേട്ടന്‍മാത്രമല്ല, അമ്മയും.'''
സ്വരം താഴ്ത്തി ടെസി പറഞ്ഞു.
''അച്ചന് അടികിട്ടിയപോലായിപ്പോയി. ഒന്നും മിണ്ടാതെ പെട്ടെന്ന് ഇറങ്ങിപ്പോയതു കണ്ടില്ലേ.'' എല്‍സ പറഞ്ഞു.
''അതെങ്ങനാ, രാവിലെ തുടങ്ങിയില്ലായിരുന്നോ വെള്ളമടി. നീ കണ്ടില്ലേ വലിച്ചുകേറുന്നത്. എന്റെ വിധി; അല്ലാതെന്തു പറയാന്‍.''
ടെസി ഒന്നു നെടുവീര്‍പ്പിട്ടു.
വേഷം മാറി അവള്‍ പുറത്തേക്കിറങ്ങിച്ചെന്നപ്പോള്‍ പോകാന്‍ റെഡിയായി ബൈക്കിനു സമീപം വന്നു നില്പുണ്ടായിരുന്നു ജോണി. ടെസി അടുത്തുചെന്നതും ജോണി ദേഷ്യപ്പെട്ടു.
''അരമണിക്കൂറായല്ലോ മേക്കപ്പ് റൂമിലേക്കു കേറീട്ട്. ഒന്നു കേറ് വേഗം. നേരം ഒരുപാടായി.''
ജോണി ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. പിന്നില്‍ കയറി ഇരുന്നിട്ട് തല തിരിച്ച് ടെസി വീട്ടിലേക്കു നോക്കി. വരാന്തയില്‍ തൂണില്‍ പിടിച്ച് സങ്കടഭാരത്തോടെ എല്‍സ നില്‍ക്കുന്നു. ടെസി കൈവീശി. എല്‍സ തിരിച്ചും കൈവീശി.
ബൈക്ക് കണ്ണില്‍നിന്നകന്നപ്പോള്‍ ഒരു ദീര്‍ഘശ്വാസം വിട്ടിട്ട് എല്‍സ വീടിനകത്തേക്കു കയറി.
നേരം ഉച്ചയായി, സന്ധ്യയായി, രാത്രിയായി.
ഇരുട്ടു വീണപ്പോള്‍ എല്‍സയ്ക്കു തെല്ലു ഭയം തോന്നി. ഈ രാത്രി ഒറ്റയ്ക്കു കഴിയണമല്ലോ. ഇത്രനാളും ചേച്ചി ഉണ്ടായിരുന്നതുകൊണ്ട് പേടി തോന്നിയില്ല. ഇനി എല്ലാ ദിവസവും ഒറ്റയ്ക്ക്! ഓര്‍ത്തപ്പോള്‍ സങ്കടം വന്നു.
എത്ര സ്‌നേഹമുള്ള അമ്മയായിരുന്നു. പോയില്ലേ പെട്ടെന്ന്. അമ്മയുടെ ആത്മാവ് തനിക്കു കൂട്ടായിട്ട് എന്നും ഈ വീട്ടിലുണ്ടാവും. അങ്ങനെ സമാധാനിച്ചു അവള്‍.
അത്താഴം കഴിച്ചിട്ട് എല്‍സ ഉറങ്ങാന്‍ കിടന്നു. ലൈറ്റണയ്ക്കാന്‍ പേടിയായിരുന്നു. ഇരുട്ടില്‍ ആരെങ്കിലും കയറിവന്നാലോ? ഉറക്കം വന്നില്ല. ഓരോന്നോര്‍ത്ത് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒമ്പതരയായപ്പോള്‍ ഫോണ്‍ ബെല്‍ അടിച്ചു. നോക്കിയപ്പോള്‍ ഡോക്ടര്‍ മനു തോമസ്. ഫോണ്‍ കാതോടു ചേര്‍ത്തു.
''ഹലോ!''
''ഉറങ്ങിയായിരുന്നോ?''
''ഇല്ല.''
''ചേച്ചിയുണ്ടോ വീട്ടില്‍?''
''ഇല്ല; രാവിലെ പോയി.''
''അപ്പം തനിച്ചാ?''
''ഉം.''
''ഞാനൊരു കാര്യം പറയട്ടേ?''
''ഉം.''
''ഞാന്‍ വര്‍ക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ ഒരു ജോലി തന്നാല്‍ സ്വീകരിക്കുമോ? ഹോസ്റ്റലില്‍ താമസിക്കാനുള്ള സൗകര്യവും ഏര്‍പ്പാടാക്കാം.''
''തീര്‍ച്ചയായിട്ടും സ്വീകരിക്കും ഡോക്ടര്‍.''
''ശമ്പളം ഒരുപാടൊന്നും പ്രതീക്ഷിക്കണ്ട. മാക്‌സിമം ഒരു പന്തീരായിരം.''
''മതി ഡോക്ടര്‍. ഒരാള്‍ക്ക് ജീവിക്കാന്‍ അതു ധാരാളമാണല്ലോ. ഇപ്പഴത്തെ സാഹചര്യത്തില്‍ എനിക്കൊരു ജോലിയാണാവശ്യം. മനസ്സിലെ പ്രയാസം കുറയണമെങ്കില്‍ അതേ വഴിയുള്ളൂ. ഇവിടെ താമസിച്ചാല്‍ അമ്മയെപ്പറ്റിയുള്ള ഓര്‍മകള്‍ എപ്പഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കും.''
''ശരി. എം.ഡിയുമായി സംസാരിച്ചിട്ട് നാളെ വിളിക്കാം. ഗുഡ് നൈറ്റ്.''
ഫോണ്‍ കട്ടായി.
എല്‍സയ്ക്ക് ഒരുപാടു സന്തോഷം തോന്നി. ജീവിക്കാന്‍ ഒരു വരുമാനമാര്‍ഗം ആയല്ലോ. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് അവള്‍ മനസ്സില്‍ പറഞ്ഞു.
പിറ്റേന്ന് ഉച്ചയായപ്പോള്‍ ഡോക്ടര്‍ മനുവിന്റെ കോള്‍ വന്നു. എല്‍സയ്ക്കു നിയമനം ഉറപ്പായത്രേ! ബില്ലിങ് സെക്ഷനിലാണ് ഡ്യൂട്ടി. മാസം പന്തീരായിരം രൂപ ശമ്പളം.
''ഒരുപാടു നന്ദി ഡോക്ടര്‍.''
''അടുത്ത തിങ്കളാഴ്ച വന്നു ജോയിന്‍ ചെയ്‌തോളൂ. ഇവിടെ ഹോസ്റ്റലില്‍ താമസവും ഏര്‍പ്പാടാക്കീട്ടുണ്ട്.''
''വളരെ സന്തോഷം ഡോക്ടര്‍.''
''ശരി. വരുമ്പം കാണാം.'' ഡോക്ടര്‍ ഫോണ്‍ വച്ചു.
ദൈവം ഡോക്ടറുടെ രൂപത്തില്‍വന്നു തന്നെ സഹായിച്ചതാണെന്ന് എല്‍സയ്ക്കു തോന്നി. ക്രൂശിതരൂപത്തിലേക്കു നോക്കി അവള്‍ ദൈവത്തിനു നന്ദി പറഞ്ഞു.
തിങ്കളാഴ്ച എല്‍സ ആശുപത്രിയില്‍ പോയി ജോയിന്‍ ചെയ്തു. പുതിയ ജോലി എല്‍സയ്ക്കു നന്നേ ഇഷ്ടമായി. സഹപ്രവര്‍ത്തകരെല്ലാം സ്‌നേഹമുള്ളവരാണെന്നു തോന്നി. ഉച്ചയ്ക്ക് ഡോക്ടര്‍ മനുവിനെ പോയികണ്ട് നന്ദി പറഞ്ഞു.
(തുടരും)