കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും സിസിലി താമസിക്കുന്ന കുറുക്കന്‍കുന്ന് എന്ന ഗ്രാമത്തിലെത്തി. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് കാലിന് സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് എല്‍സ നടന്നിരുന്നത്. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ മുടന്തുമാറ്റാനുള്ള സര്‍ജറിക്കായി പണം കൊടുക്കാമെന്ന് ജയേഷ് വാഗ്ദാനം ചെയ്‌തെങ്കിലും വര്‍ഷ ഇടപെട്ട് അതു തടഞ്ഞു. വര്‍ഷ എല്‍സയോടു പരുഷമായി സംസാരിച്ചു. കുറുക്കന്‍കുന്ന് പള്ളി വികാരി ഫാ. മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത് എല്‍സയുടെ കാലിന്റെ സര്‍ജറി നടത്തി. മുടന്തില്ലാതെ നടക്കാവുന്ന സ്ഥിതിയിലായി എല്‍സ. എല്‍സയുടെ ആഗ്രഹപ്രകാരം, സര്‍ജറി നടത്തിയ ഡോക്ടര്‍ മനു തോമസ് അവളുടെ വീടു സന്ദര്‍ശിച്ചു. സിസിലിയും എല്‍സയും ഡോക്ടര്‍ക്ക് നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്തു സല്‍ക്കരിച്ചു. (തുടര്‍ന്നു വായിക്കുക)
എല്‍സയുടെ കാലിന്റെ സര്‍ജറിക്കു പണം കൊടുക്കാന്‍ താന്‍ എടുത്ത തീരുമാനത്തിന് വര്‍ഷ തടസ്സം നില്‍ക്കുമെന്ന് ജയേഷ് ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു കാരുണ്യപ്രവൃത്തിയല്ലേ, പ്രോത്സാഹിപ്പിക്കുമെന്നായിരുന്നു ചിന്ത. താന്‍ എല്‍സയെ ഇനി വിളിക്കാനേ പാടില്ലെന്നാണ് അവളുടെ നിര്‍ദേശം. വര്‍ഷ തെറ്റിദ്ധരിച്ചു കാണും. സഹായം വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് വര്‍ഷയോട് ഒന്നു പറയാമായിരുന്നു. അവിടെ തനിക്കൊരു പാളിച്ച പറ്റി. പറയാതിരുന്നത് അവളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിക്കാണും.
ഉച്ചയ്ക്കു ഭക്ഷണം കഴിക്കുമ്പോള്‍ സൂസമ്മ ജയേഷിനോടു പറഞ്ഞു:
''ആ സംഭവത്തിനുശേഷം സിസിലി എന്നെ വിളിച്ചിട്ടില്ല. അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ വിളിക്കാറുള്ളതാ. എനിക്കങ്ങോട്ടും വിളിക്കാനൊരു മടി. പൊട്ടിത്തെറിച്ചാല്‍ എനിക്കതു താങ്ങാനുള്ള കരുത്തില്ല.''
''എല്‍സ എന്നെയും വിളിച്ചിട്ടില്ല അമ്മേ. അവള്‍ക്കും ഒരുപാട് വിഷമമായിക്കാണും. വര്‍ഷ ഇത്ര പരുഷമായിട്ടു പ്രതികരിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലമ്മേ. അതുകൊണ്ട് എനിക്ക് അങ്ങോട്ടു വിളിക്കാന്‍ മടിയാ. ഇനി വിളിച്ചൂന്നെങ്ങാനും അവളറിഞ്ഞാല്‍ അതുമതി ഈ ബന്ധം തകരാന്‍.''
''ആ കൊച്ചിന്റെ ഓപ്പറേഷന്‍ നടന്നുകാണുമോ?''
''എങ്ങനെ നടക്കാന്‍? ഞാന്‍ കൊടുക്കാന്നു പറഞ്ഞതുകൊണ്ടല്ലേ ഡേറ്റ് ഫിക്‌സ് ചെയ്തത്. കിട്ടില്ലെന്നറിഞ്ഞപ്പോള്‍ ക്യാന്‍സലാക്കിക്കാണും.''
''പപ്പയെക്കൊണ്ട് കൊടുപ്പിച്ചാലോ മോനേ?''
''വേണ്ടമ്മേ. ഏതെങ്കിലും സാഹചര്യത്തില്‍ വര്‍ഷ അറിഞ്ഞാല്‍ അതു പ്രശ്‌നം വഷളാക്കുകയേയുള്ളൂ. അവള്‍ക്കു പിന്നെ വാശികൂടും. എല്‍സയും ഞാനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന് അവള്‍ തെറ്റിദ്ധരിക്കും. ഇപ്പത്തന്നെ അവള്‍ക്കങ്ങനെയൊരു സംശയമുണ്ട്. സാവകാശം എല്‍സയെ പറഞ്ഞു മനസ്സിലാക്കീട്ട് നമുക്ക് ആ സഹായം ചെയ്യാം.''
''അതു സാധിക്കുമെന്ന് തോന്നുന്നില്ല മോനേ.''
''ഇല്ലെങ്കില്‍ വേണ്ട. എല്‍സയെക്കാള്‍ വലുത് എനിക്കെന്റെ ഭാര്യയല്ലേ? അവളുടെ ഇഷ്ടത്തിനല്ലേ മുന്‍ഗണന കൊടുക്കേണ്ടത്. അതല്ലേ ഒരു ഭര്‍ത്താവിന്റെ കടമ?''
''വര്‍ഷയോട് ഒന്നു ചോദിച്ചിട്ടു മതിയായിരുന്നു ഇങ്ങനൊരു വാഗ്ദാനം.''
''അതെ. അവിടൊരു തെറ്റുപറ്റിപ്പോയി എനിക്ക്.''
ജയേഷ് എണീറ്റു കൈകഴുകിയിട്ട് മുറിയിലേക്കു പോയി ജോലിയില്‍ മുഴുകി.
രാത്രി എട്ടുമണിയായപ്പോള്‍ ജോലി കഴിഞ്ഞ് വര്‍ഷ വീട്ടിലെത്തി. പോര്‍ച്ചില്‍ സ്‌കൂട്ടര്‍ പാര്‍ക്കു ചെയ്തിട്ട് സിറ്റൗട്ടിലേക്കു കയറി ബല്ലടിച്ചു. സൂസമ്മയാണ് വാതില്‍ തുറന്നത്.
''ങ്ഹ, ഇന്നു നേരത്തെയാണല്ലോ മോളേ. റോഡില്‍ ബ്ലോക്കൊന്നും ഇല്ലായിരുന്നോ?''
''ബ്ലോക്കുണ്ടായിരുന്നു. ഞാനിത്തിരി നേരത്തേ ഇറങ്ങിയതാ അമ്മേ.''
സ്വീകരണമുറിയില്‍ പത്രം വായിച്ചുകൊണ്ട് ജയേഷിന്റെ പപ്പ ജോസ് ഇരിപ്പുണ്ടായിരുന്നെങ്കിലും പപ്പയോട് അവളൊന്നും മിണ്ടിയില്ല. തിടുക്കത്തില്‍ സ്റ്റേര്‍കേസ് കയറി മുകളിലത്തെ നിലയിലേക്കു പോയി.
ജോസും സൂസമ്മയും പരസ്പരം നോക്കി. സൂസമ്മ മുഖംകൊണ്ട് എന്തോ ഗോഷ്ടി കാണിച്ചിട്ട് അടുക്കളയിലേക്കു പോയി.
വര്‍ഷ വാതില്‍ തള്ളിത്തുറന്ന് കിടപ്പുമുറിയിലേക്കു ചെല്ലുമ്പോള്‍ വാട്ട്‌സാപ്പില്‍ ഓരോന്നു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ജയേഷ്.
''ആരുമായിട്ടാ ചാറ്റ്?'' ഹാന്‍ഡ് ബാഗ് മേശപ്പുറത്തേക്കെറിഞ്ഞുകൊണ്ട് വര്‍ഷ ചോദിച്ചു. ജയേഷിനു വല്ലാതെ ദേഷ്യം വന്നു. വന്നു കയറിയതേ ചൊറിയുന്ന വര്‍ത്തമാനമാണ്.
''ചാറ്റും ചീറ്റുമൊന്നും എന്റെ തൊഴിലല്ല.''
''പിന്നെ എന്റെ തൊഴിലാണോ?''
''എന്നു ഞാന്‍ പറഞ്ഞോ?''
''കേട്ടപ്പം അങ്ങനെ തോന്നി.''
''ഡ്രസുമാറി കുളിച്ചിട്ടു വാ. പോയി ഫുഡ് കഴിക്കാം. അമ്മ അവിടെ കാത്തിരിക്ക്വാ.'' ജയേഷിന്റെ വാക്കുകളില്‍ നീരസം പ്രകടമായിരുന്നു.
വര്‍ഷ വേഷം മാറിയിട്ട് പോയി കുളിച്ചു. കുളി കഴിഞ്ഞ് രണ്ടുപേരും താഴേക്കു ചെന്നു. ഡൈനിങ് ടേബിളില്‍ ഭക്ഷണം എടുത്തുവച്ചിട്ടുണ്ടായിരുന്നു.
ചപ്പാത്തിയും ചിക്കന്‍കറിയുമായിരുന്നു അത്താഴത്തിന്. വര്‍ഷയുടെ പ്ലേറ്റിലേക്ക് കറി വിളമ്പുന്നതിനിടയില്‍ ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു സൂസമ്മ. ഒരു വാക്കിലോ മൂളലിലോ അവള്‍ മറുപടി ഒതുക്കി. സൂസമ്മയ്ക്ക് സങ്കടം വന്നു. ഇങ്ങനെയൊരു മരുമകളെയായിരുന്നില്ല അവര്‍ സ്വപ്നം കണ്ടിരുന്നത്.
ജോലി കഴിഞ്ഞു വരുമ്പോള്‍ ചിരിച്ചുകൊണ്ട് ഓടിവന്ന് അമ്മേ എന്നു വിളിച്ചു കെട്ടിപ്പിടിക്കുകയും കൈയില്‍പിടിച്ചു സ്‌നേഹം പ്രകടിപ്പിക്കുകയും വീട്ടിലെ വിശേഷങ്ങള്‍ ചോദിക്കുകയും അടുക്കളജോലിയില്‍ സഹായിക്കുകയുമൊക്കെ ചെയ്യുന്ന ഒരു പെണ്‍കുട്ടിയായിരുന്നു മനസ്സില്‍. സ്വപ്നവും യാഥാര്‍ഥ്യവും തമ്മില്‍ എന്തുമാത്രം അന്തരം എന്നു സൂസമ്മ ഓര്‍ത്തു.
വേഗം ഭക്ഷണം കഴിച്ച് എണീറ്റ് കൈകഴുകി തുടച്ചിട്ട് വര്‍ഷ ആരോടും ഒന്നും പറയാതെ പടികള്‍ കയറി മുകളിലേക്കു പോയി. ജയേഷ് ഭക്ഷണം കഴിച്ചു തീര്‍ന്നിരുന്നില്ല. അവന്റെ സങ്കടം കണ്ടപ്പോള്‍ സൂസമ്മ ചുമലില്‍ തട്ടി സമാധാനിപ്പിച്ചു.
''സാരമില്ലെടാ. സാവകാശം എല്ലാം നേരേയാകും. ഞാനെന്നും പ്രാര്‍ഥിക്കുന്നുണ്ട്.''
സൂസമ്മയുടെ ശബ്ദം ഇടറിയിരുന്നു.
ഭക്ഷണം കഴിച്ചിട്ട് ജയേഷ് മുറിയിലേക്കു ചെല്ലുമ്പോള്‍ വര്‍ഷ ആരോടോ ഫോണില്‍ സംസാരിക്കുകയായിരുന്നു. ജയേഷിനെ കണ്ടതും സംഭാഷണം നിറുത്തിയിട്ട് ഫോണ്‍ മേശപ്പുറത്തേക്കു വച്ചു.
ജയേഷ് കട്ടിലില്‍ വന്നിരുന്നപ്പോള്‍ തോളില്‍ കൈവച്ചുകൊണ്ട് വര്‍ഷ പറഞ്ഞു:
''അതേയ്... ഞാനൊരു കാര്യം പറയട്ടെ?''
''ഉം?'' ജയേഷ് തിരിഞ്ഞ് അവളെ നോക്കി.
''എനിക്കൊരു സംശയമുണ്ട്. എന്റെ വയറ്റില്‍ ഒരു കുഞ്ഞ് ജന്മം കൊണ്ടിട്ടുണ്ടോന്ന്.''
''സത്യാണോ?'' ജയേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.
''സത്യാണോന്നറിയാന്‍ നമുക്ക് ശനിയാഴ്ച പോയി ഒരു പ്രഗ്നന്‍സി ടെസ്റ്റ് നടത്തണം.''
''ഷുവര്‍. റിസള്‍ട്ട് പോസിറ്റീവായിരിക്കണേന്നു നമുക്കു പ്രാര്‍ഥിക്കാം.''
വര്‍ഷ ഒന്നും മിണ്ടിയില്ല. അവളുടെ മുഖത്ത് സന്തോഷമൊന്നും കാണാഞ്ഞപ്പോള്‍ ജയേഷ് ചോദിച്ചു:
''നിനക്കെന്താ ഒരു സന്തോഷമില്ലാത്തപോലെ...''
''സന്തോഷിക്കാന്‍ ഒന്നും ഉറപ്പായില്ലല്ലോ.''
വര്‍ഷ കിടക്കയിലേക്കു ചാഞ്ഞു. ഒപ്പം ജയേഷും. അവളെ തന്നിലേക്കു ചേര്‍ത്തുപിടിച്ചിട്ട് ആ കവിളില്‍ ഒരു മുത്തം നല്‍കി ജയേഷ്.
ശനിയാഴ്ച ജയേഷും വര്‍ഷയും ആശുപത്രിയില്‍പോയി ഡോക്ടറെ കണ്ടു. പ്രഗ്നന്‍സി ടെസ്റ്റിന്റെ റിസള്‍ട്ട് നോക്കിയിട്ട് ഡോക്ടര്‍ എമിലി പറഞ്ഞു:
''സന്തോഷവാര്‍ത്തയാ. വീട്ടിലേക്ക് ഒരതിഥികൂടി വരാന്‍ പോകുന്നു.''
ജയേഷിനു തുള്ളിച്ചാടണമെന്നു തോന്നിപ്പോയി. വര്‍ഷയുടെ മുഖത്ത് മാറ്റമൊന്നും കണ്ടില്ല.
ഡോക്ടര്‍ കുറെ നിര്‍ദേശങ്ങളൊക്കെ കൊടുത്തിട്ട് രണ്ടുമൂന്ന് ടാബ്‌ലറ്റ്‌സ് പ്രിസ്‌ക്രൈബ് ചെയ്തു.
മടക്കയാത്രയില്‍ വര്‍ഷ ഒരുപാടൊന്നും സംസാരിച്ചില്ല. അവളുടെ മുഖഭാവം ജയേഷ് ശ്രദ്ധിച്ചു.
''വര്‍ഷയ്‌ക്കെന്താ ഒരു സന്തോഷമില്ലാത്തേ?''
''ഞാന്‍ കിടന്നു തുള്ളിച്ചാടണോ?'' ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു അങ്ങനെ ഒരു മറുപടി. ജയേഷ് പിന്നീടൊന്നും മിണ്ടിയില്ല.
വീട്ടില്‍ വന്നപ്പോള്‍ അമ്മ സിറ്റൗട്ടില്‍ കാത്തുനില്പുണ്ടായിരുന്നു. ജയേഷ് ഫോണില്‍ വിളിച്ച് നേരത്തേതന്നെ സന്തോഷവാര്‍ത്ത പറഞ്ഞിരുന്നു.
''എന്റെ പ്രാര്‍ഥന ദൈവം കേട്ടു.''
സൂസമ്മ വന്ന് വര്‍ഷയുടെ കൈപിടിച്ച്, അവളെ ചേര്‍ത്തുപിടിച്ച് കവിളില്‍ ഒരുമ്മ നല്‍കി.
''ഇനി ഒരുപാടു ശ്രദ്ധിക്കണം കേട്ടോ. ജോലിക്കു സ്‌കൂട്ടറില്‍ പോകണ്ടാ. കാറെടുത്തു പൊക്കോ. കുണ്ടും കുഴിയുമുള്ള റോഡല്ലേ.''
''ഉം.'' വര്‍ഷ തലകുലുക്കി.
മുറിയില്‍ ചെന്ന് വേഷം മാറിയിട്ട് അവള്‍ ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു.
''ഫുഡ് ഇനി നന്നായിട്ടു കഴിക്കണംട്ടോ. അതും സമയത്ത് കഴിക്കണം. ധാരാളം ഫ്രൂട്ട്‌സും നട്‌സുമൊക്കെ വാങ്ങിക്കഴിക്കണം. ഡോക്ടര്‍ പറഞ്ഞതൊക്കെ ഓര്‍മയുണ്ടല്ലോ.''
ജയേഷ് കസേരയിലേക്കു ചാരിയിരുന്നിട്ട് ഓര്‍മിപ്പിച്ചു.
വര്‍ഷ കട്ടിലില്‍ വന്നിരുന്ന് ഇടതുകൈ ബെഡില്‍ ഊന്നിയിട്ട് പറഞ്ഞു:
''സത്യം പറയട്ടെ; റിസള്‍ട്ട് നെഗറ്റീവ് ആയിരിക്കണേന്നാ ഞാന്‍ പ്രാര്‍ഥിച്ചത്. ഇപ്പം ഒരു കുഞ്ഞു വേണ്ടായിരുന്നു.''
''കുഞ്ഞു വേണ്ടേ? അതെന്താ?''
''കല്യാണം കഴിഞ്ഞിട്ട് ആറുമാസമല്ലേ ആയുള്ളൂ. ഒരു വര്‍ഷമെങ്കിലും ഒന്ന് അടിച്ചുപൊളിച്ചു നടന്നിട്ടു മതിയായിരുന്നു കുഞ്ഞ്. എന്റെ കണക്കുകൂട്ടലെല്ലാം തെറ്റി. തീര്‍ന്നില്ലേ എന്റെ സ്വാതന്ത്ര്യം? ഇപ്പ നടക്കുന്നപോലെ എനിക്ക് ഇനി നടക്കാന്‍ പറ്റ്വോ? വയറും വീര്‍പ്പിച്ചു നടക്കുന്ന കാര്യം ഓര്‍ക്കാനേ വയ്യ. പ്രസവിച്ചു കഴിയുമ്പം വയറും ചാടി തടീം കൂടി ആകെ ബോറാകും. പിന്നാരും തിരിഞ്ഞുനോക്കില്ല.''
''എല്ലാ പെണ്ണുങ്ങളും അങ്ങനല്ലേ? ഒരു കുഞ്ഞിനെ കിട്ടുമ്പഴല്ലേ അവരുടെ സന്തോഷം കൂടുന്നത്. ദൈവം തന്ന ആ സമ്മാനത്തിനു നന്ദി പറയുവല്ലേ വേണ്ടത്?''
''നന്ദി, കുന്തം. ആണുങ്ങള്‍ക്കു നഷ്ടപ്പെടാനൊന്നുമില്ലല്ലോ. ദുരിതം മുഴുവന്‍ പെണ്ണുങ്ങള്‍ക്കല്ലേ. അടുത്തവര്‍ഷം എനിക്കു പ്രമോഷന്‍ കിട്ടാനുള്ളതാ. ലീവെടുത്താല്‍ അതു നഷ്ടമാകും.''
''പ്രമോഷന്‍ പോയാ പോട്ടെ. കുഞ്ഞല്ലേ വലുത്. നമുക്കു ജീവിക്കാനുള്ള ശമ്പളമുണ്ടല്ലോ. ഒരു കുഞ്ഞില്ലാത്തതിന്റെ ദുഃഖം അനുഭവിക്കുന്ന എന്തുമാത്രം ദമ്പതികളുണ്ടെന്ന് നീയൊന്ന് ആലോചിച്ചു നോക്കിക്കേ. ദൈവം തന്ന ഈ സമ്മാനം നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കണം. വേണ്ടെന്നു വച്ചാല്‍ പിന്നീടു നമുക്ക് ഒന്നും കിട്ടിയെന്നു വരില്ല.''
''ഓ... പിന്നെ... അബോര്‍ഷന്‍ നടത്തുന്നവര്‍ക്കൊന്നും പിന്നെ കുഞ്ഞുങ്ങളുണ്ടാവില്ലപോലും. ജയേഷ് ഒരമ്പതുവര്‍ഷം മുമ്പു ജീവിക്കേണ്ട ആളായിരുന്നു. ഇപ്പഴത്തെ പെണ്ണുങ്ങളെക്കുറിച്ചൊന്നും വല്യ വിവരമില്ല അല്ലേ.''
''അബോര്‍ഷന്‍ നടത്താനാണോ നിന്റെ ഉദ്ദേശം?''
''എന്നു ഞാന്‍ പറഞ്ഞില്ലല്ലോ.''
''അങ്ങനെയൊരു ചിന്ത ഉണ്ടെങ്കില്‍ അതിപ്പഴേ മനസ്സീന്നു കളഞ്ഞേക്ക്. എന്റെ കുഞ്ഞിനെ കൊല്ലാന്‍ ഞാന്‍ സമ്മതിക്കില്ല.'' ഉറച്ചതായിരുന്നു ജയേഷിന്റെ വാക്കുകള്‍.
വര്‍ഷ പിന്നൊന്നും മിണ്ടിയില്ല. അവള്‍ കട്ടിലില്‍ കയറി കമിഴ്ന്നു കിടന്നു. ജയേഷ് നോക്കിയപ്പോള്‍ മിഴികളടച്ചു കിടക്കുകയായിരുന്നു.
പിറ്റേന്ന് അവള്‍ സ്വന്തം വീട്ടിലേക്കു പോയി. ജയേഷിനെ കൂടാതെ തനിയെയാണു പോയത്.
ചെന്നു കയറിയതേ കരഞ്ഞു പിഴിഞ്ഞ് അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു.
''ഇങ്ങനെ കരയാന്‍മാത്രം ഇപ്പം എന്താ ഉണ്ടായേ? ഉടനെ ഒരു കുഞ്ഞുവേണ്ടെങ്കില്‍ അബോര്‍ഷന്‍ നടത്താലോ. അതൊന്നും ഒരു പാപമല്ലല്ലോ ഇക്കാലത്ത്. നിന്റെ ശ്രദ്ധക്കുറവുകൊണ്ട് പറ്റിയതല്ലേ. നീ ശ്രദ്ധിക്കണമായിരുന്നു.''
''പ്രിക്കോഷന്‍ എടുത്തതാ. പക്ഷേ, എങ്ങനെയോ സംഭവിച്ചുപോയി.'' വര്‍ഷ കണ്ണു തുടച്ചു.
''ആഗ്രഹിക്കാത്ത നേരത്ത് ഒരു കുഞ്ഞുണ്ടായാലും ശരിയാവില്ല. നമുക്കിതു വേണ്ടെന്നു വയ്ക്കാം.''
''അതിന് ജയേഷ് സമ്മതിക്കണ്ടേ? ആ മനുഷ്യന്‍ ഒരു പഴഞ്ചനാ. എല്ലാം പാപമാന്നു വിചാരിക്കുന്ന ഒരു കോന്തന്‍. എനിക്കു ചേരുന്ന ഒരു ഹസ്ബന്റേയല്ല.''
''അതു ഞങ്ങളിവിടെ പറയാറുണ്ട്. എന്തു ചെയ്യാം. കല്യാണം കഴിഞ്ഞുപോയില്ലേ. പൊരുത്തപ്പെട്ടു പോകാന്‍ നോക്ക് മോളേ. അല്ലാതിപ്പം ന്താ ചെയ്‌വാ.'' ഷൈനി സമാധാനിപ്പിച്ചു.
''അമ്മ ജയേഷിനെ പറഞ്ഞൊന്നു സമ്മതിപ്പിക്ക്വോ?''
''ഒരമ്മ എന്ന നിലയില്‍ എനിക്കെങ്ങനെയാ മോളേ അതു പറയാന്‍ പറ്റ്വാ? ജയേഷ് അറിയാതെ നമുക്കു കാര്യം നടത്താന്നേ.''
''അതെങ്ങനെ?'' വര്‍ഷയുടെ കണ്ണുകള്‍ വിടര്‍ന്നു.
''ഡോക്ടര്‍ എലിസബത്ത് ചെറിയാന്‍ നമ്മുടെ ഫാലിമി സുഹൃത്തല്ലേ. ഇരുചെവിയറിയാതെ അവരുടെ ഹോസ്പിറ്റലില്‍ നമുക്കിതു ചെയ്യാം. നീ സമാധാനായിട്ടിരിക്ക്.'''
''ജയേഷിനോട് എന്തു പറയും?''
''ഒരു ദിവസം നീ ഇവിടെ വരുമ്പം ബാത്ത്‌റൂമില്‍ വീണ് ബ്ലീഡിങ് ഉണ്ടായീന്നു പറയണം. ബാക്കിയൊക്കെ അവന്‍ ആശുപത്രീല്‍ വരുമ്പം എലിസബത്തു ഡോക്ടര്‍ പറഞ്ഞോളും.''
''അമ്മേടെ ബുദ്ധി സമ്മതിച്ചിരിക്കുന്നു.''
വര്‍ഷയുടെ മുഖത്ത് ചിരി തെളിഞ്ഞു.
''അതാവുമ്പം ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാം. പക്ഷേ, ഒരു കാര്യം; നീ ഇനി അവന്റെ മുമ്പില്‍ സങ്കടം കാണിച്ചോണ്ടിരിക്കരുത്. കുഞ്ഞുണ്ടാകുന്നതില്‍ അവനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്കാണെന്നു കാണിച്ചോണം. ഒരു സംശയവും തോന്നരുത് അവനും സൂസമ്മയ്ക്കും.''
''അതു ഞാനേറ്റു.''
വര്‍ഷ അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
(തുടരും)