സെമിത്തേരിയിലെത്തി ഫോട്ടോകളെടുത്ത് തങ്ങളുടെ സമീപത്തുകൂടി കടന്നുപോയ പൊലീസുകാരന്‍ രണ്ടുതവണ സംശയദൃഷ്ടിയോടെ തിരിഞ്ഞു നോക്കിയത് അരുണ്‍ കണ്ടു. റോണി തീര്‍ത്തും വികാരാധീനനായിരുന്നു. ജീനായുടെ കല്ലറയിലേക്കു നടക്കുമ്പോള്‍ അവന്റെ കൈകള്‍ വിറയ്ക്കുന്നതുപോലെ തോന്നി. പടിഞ്ഞാറന്‍ ചക്രവാളം അപ്പോള്‍ ചെമ്പട്ടു പുതയ്ക്കുകയായിരുന്നു. മൂന്നുപേരും ജീനായുടെ കല്ലറയ്ക്കു മുമ്പിലെത്തി നിന്നു. ഗ്രാനൈറ്റ് ഫലകമൊന്നും സ്ഥാപിച്ചിട്ടില്ല. മൂന്നു സിമന്റ് സ്ലാബുകള്‍ അടുക്കി ചാന്തുകൊണ്ടു ബലപ്പെടുത്തിയിട്ടേയുള്ളൂ.
റോണി ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിനുമുമ്പില്‍ മുട്ടുകുത്തി. പിന്നെ പലതും പറഞ്ഞുകൊണ്ട് സ്ലാബിലേക്കു മുഖമമര്‍ത്തി കുനിഞ്ഞുകിടന്നു. ഭ്രാന്തമായ ആവേശത്തോടെ സ്ലാബിനുമേല്‍ മുഖം ശക്തിയായുരസി. അവന്‍ പറയുന്നതൊന്നും ഷേര്‍ലിക്കും അരുണിനും വ്യക്തമായില്ല. അവനും ജീനായ്ക്കും മാത്രമറിയാവുന്നതെന്തൊക്കെയോ പുലമ്പുകയാണ്.
''കരയട്ടെ. പറയട്ടെ. അങ്ങനെയെങ്കിലും അവന്റെ സങ്കടം കുറച്ചെങ്കിലുമൊതുങ്ങട്ടെ.'' ഷേര്‍ലി, അരുണിനോടു പതിയെ പറഞ്ഞു.
''പോലീസ് പ്രൊട്ടക്ഷനോടെയാണെങ്കിലും ഒടുവില്‍ അവളുടെ മുഖം ഒന്നു കാണിക്കാമായിരുന്നു. കാണാന്‍ പറ്റാത്ത സങ്കടം ഒരിക്കലും മനസ്സീന്നു പോകില്ല.'' അരുണ്‍ പ്രതികരിച്ചു.
സമയം കുറെ കഴിഞ്ഞിട്ടും അവനെഴുന്നേല്‍ക്കാതിരുന്നപ്പോള്‍, അരുണിനും ഷേര്‍ലിക്കും ഭയം തോന്നി. അവര്‍ ഇരുവശത്തുമായിച്ചെന്ന് തോളില്‍ തട്ടി.
''റോണീ... മതി. എഴുന്നേല്ക്ക്.'' ഷേര്‍ലി കുലുക്കിവിളിച്ചുകൊണ്ടു പറഞ്ഞു.
പ്രതികരണമുണ്ടായില്ല. അപ്പോഴും ജീനായോടായി അവനെന്തൊക്കെയോ പറയുന്നതുപോലെ തോന്നി. പിന്നെ വളരെ ശ്രമപ്പെട്ട് അവര്‍ റോണിയെ പിടിച്ചെഴുന്നേല്പിച്ചു. അവന്റെ മുഖത്തപ്പോള്‍ സിമെന്റ്‌പൊടിയും മണല്‍ത്തരികളും പറ്റിച്ചേര്‍ന്നിരുപ്പുണ്ടായിരുന്നു. ഷേര്‍ലി ഷോളിന്റെ തുമ്പുകൊണ്ട് അതു തുടച്ചുനീക്കി. അരുണ്‍ അവനെ തോളില്‍ ചാരിനിര്‍ത്തി.
അപ്പോള്‍, കല്ലറസ്ലാബിനുമേല്‍ ആരോ വച്ചിട്ടുപോയ അതിവിശിഷ്ടമായ ഒരു പുഷ്പചക്രം ഷേര്‍ലി ശ്രദ്ധിച്ചു. ചുവപ്പും വെള്ളയും മഞ്ഞയും നിറത്തിലുള്ള റോസാപുഷ്പങ്ങള്‍ ചേര്‍ത്തുനിര്‍മ്മിച്ചതായിരുന്നു അത്. പൊലീസുകാരന്‍ അതിന്റെ ഫോട്ടോ ആയിരിക്കുമെടുത്തതെന്ന് അവള്‍ക്കു തോന്നി. കുറച്ചുകൂടി അടുത്തുചെന്ന് ഷേര്‍ലി അത് സൂക്ഷ്മമായി നിരീക്ഷിച്ചു. ഗില്‍റ്റ് പതിച്ച മനോഹരമായ അക്ഷരങ്ങളില്‍ പുഷ്പചക്രത്തിനുമേല്‍ എഴുതിയിരിക്കുന്നത് അവള്‍ വായിച്ചു:
''ജീനാ... നീ എന്റെ സ്‌നേഹം തിരിച്ചറിഞ്ഞില്ലല്ലോ.
എന്നെ അവഗണിച്ചു. നിന്റെ സ്‌നേഹത്തിനായി ഞാനൊത്തിരി കൊതിച്ചു, മരിച്ചുപോയിട്ടും, ഇന്നും ഈ നിമിഷവും, നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്ന സഹപാഠി.
മനസ്സില്‍ സംശയത്തിന്റെ അഗ്നിയാളിയെങ്കിലും അങ്ങനെയൊന്നു കണ്ടതായിപ്പോലും ഭാവിക്കാതെ ഷേര്‍ലി, റോണിയോടും അരുണിനോടുമൊപ്പം സെമിത്തേരിക്കു പുറത്തേക്കു നടന്നു.
* * * *
''ഹലോ, പാലച്ചുവട്ടില്‍ ജോസിന്റെ മകന്‍ ടോണിയല്ലേ?''
''അതേ. ആരാ വിളിക്കുന്നെ?''
''സി.ഐ. മോഹന്‍ തോമസാണ്. താനെവിടാണിപ്പോള്‍?''
''ഞാന്‍... വര്‍ക്ക്‌ഷോപ്പിലാണ് സാര്‍.''
''പെട്ടെന്ന് സ്റ്റേഷനില്‍വന്ന് എന്നെയൊന്നു കാണണം.''
''വരാം. ഉടനെ വരാം സാര്‍.''
അഴുക്കു പുരണ്ട വസ്ത്രം പെട്ടെന്നു മാറി ബൈക്കുമെടുത്ത് ടോണി സ്റ്റേഷനിലേക്കു ശീഘ്രം പാഞ്ഞു. ഇരുപതുമിനിട്ടുകൊണ്ട് അവന്‍ പൊലീസ്‌സ്റ്റേഷനിലെത്തി.
ശരിക്കും വെപ്രാളത്തോടെയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുറിയിലേക്കു കയറിച്ചെന്നത്.
സി.ഐ. മോഹന്‍ തോമസ് മുഖമുയര്‍ത്തി അവനെ നോക്കി. ''എന്തിനാ സാറെ വിളിച്ചത്?'' ടോണി ചോദിച്ചു.
''താനിരിക്ക്.'' സി.ഐ. പറഞ്ഞു.
ടോണി കസേരയില്‍ കടന്നിരുന്നു.
''പോലീസ് ഒന്നും ചെയ്യുന്നില്ല. രാഷ്ട്രീയക്കാര് പറയുന്നതേ കേള്‍ക്കുകയുള്ളൂ നീതി പ്രതീക്ഷിക്കുന്നില്ല, എന്നൊക്കെ ടോണി ചാനലുകാരോടും പത്രക്കാരോടും പറയുന്നത് ടെലിവിഷനില്‍ കണ്ടു.''
''അത്... ഇതുവരെ അയാളെ അറസ്റ്റ് ചെയ്യാത്തതുകൊണ്ടാ. ഞങ്ങള് പാവങ്ങളാ. ഒരു ചെറിയ വര്‍ക്ക്‌ഷോപ്പ് നടത്തിയാ ജീവിക്കുന്നെ. വെറും ഇരുപത്തിയാറു വയസ്സേയുണ്ടായിരുന്നുള്ളൂ എന്റെ പെങ്ങള്‍ക്ക്. അവളുടെ ജീവന് ഒരു വിലയുമില്ലേ... സാര്‍?'' പഠിച്ചുവച്ചിരുന്നതുപോലെ ടോണി പറഞ്ഞു.
''തന്റെ പെങ്ങളുടെ മരണം സൂയിസൈഡാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. എങ്കിലും ചില സംശയങ്ങള്‍ ശേഷിക്കുന്നമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വൈകുകയാണ്. രാഷ്ട്രീയക്കാര് മരിച്ചയാളിനുവേണ്ടിയും ഭര്‍ത്താവിന്റെ അച്ഛനുവേണ്ടിയും വിളിക്കുന്നുണ്ട്. മേടയ്ക്കല്‍ മാത്തുക്കുട്ടിയെ വിളിച്ച് ചോദ്യങ്ങള്‍ ചെയ്തു. അറസ്റ്റു ചെയ്യാനുള്ള തെളിവുകളൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒരു കാര്യം ടോണി മനസ്ലിലാക്കണം. രാഷ്ട്രീയക്കാര് അവരുടെ പണി ചെയ്യുന്നു. ഞാനെന്റെ പണിയും.''
''സാറേ... സാറ് സത്യസന്ധനാണെന്നും കഴിവുള്ളവനാണെന്നും ഞാന്‍ കേട്ടിട്ടുണ്ട്. എനിക്കു വിശ്വാസവുമുണ്ട്. ഞാനൊരു കാര്യം പറയട്ടെ, സാര്‍?''
''പറയ്.''
''മേടയ്ക്കല്‍ മാത്തുക്കുട്ടി എന്റെ പെങ്ങളെ കൊന്നെന്നു ഞാന്‍ പറയുന്നില്ല. അയാള്‍ കൊല്ലിച്ചതാ സാറെ. ക്വട്ടേഷനെടുത്തവരെ പിടിച്ചാല്‍പ്പോര സാറെ. അതു ചെയ്യിച്ചവനെയും ശിക്ഷിക്കണം.''
''കുറ്റവാളി ആരായാലും അവനെ കണ്ടെത്തി നിയമത്തിന്റെ മുമ്പിലെത്തിക്കും. ശിക്ഷിക്കാനും രക്ഷിക്കാനുമൊക്കെയുള്ള അധികാരം എനിക്കില്ല. അതു ചെയ്യേണ്ടത് കോടതിയാണ്.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു
''കോടതിയില്‍ തെളിവുകളേക്കാള്‍ വാദമുഖങ്ങള്‍ക്കല്ലേ വില? ലക്ഷങ്ങള്‍ മുടക്കി വക്കീലിനെയിറക്കാന്‍ കഴിവുള്ളവനല്ലേ വിജയം?''
''ഞാനതിനുത്തരം പറയുന്നില്ല. ടോണിയുടെ അപ്പന്റെയവസ്ഥ എങ്ങനെയാണിപ്പോള്‍?''
''പപ്പായെ മെന്റല്‍ ഹോസ്പിറ്റലിലാക്കിയിരിക്കുകയാ. ജീനായുടെ ബോഡി വീട്ടിലേക്കെത്തിച്ചപ്പോള്‍ കൊടുംഭ്രാന്തിളകി. റോണിയോ അവന്റെ വീട്ടുകാരോ അന്നവിടെ വന്നിരുന്നെങ്കില്‍ കൊലപാതകം നടക്കുമായിരുന്നു. പപ്പയ്ക്ക് ഏറ്റവുമിഷ്ടമുണ്ടായിരുന്നത് ജീനായെയാണ്. ഭ്രാന്തിന്റെ സമയങ്ങളില്‍ പപ്പായെ തളയ്ക്കുന്നത് ജീനായായിരുന്നു. അവളെ മാത്രമേ അനുസരിക്കുമായിരുന്നുള്ളൂ. സമനിലയുള്ള നേരങ്ങളില്‍ ഞങ്ങളുടെ പപ്പായെപ്പോലെ വകതിരുവുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല.''
''ഞാനൊരു കാര്യം ചോദിച്ചാല്‍ ടോണിക്കു ഫീലു ചെയ്യരുത്.'' സി.ഐ. മോഹന്‍തോമസ് അവനെ സൂക്ഷിച്ചുനോക്കി.
''ഇല്ല സാര്‍, എന്താണെങ്കിലും ചോദിച്ചോളൂ.'
''ജീനാ എപ്പോഴെങ്കിലും മനോരോഗത്തിന്റെ സൂചനകള്‍ കാണിച്ചിട്ടുണ്ടോ?''
''ഇല്ല. ഒരിക്കലുമില്ല സാര്‍.''
''പെട്ടെന്നു ദേഷ്യപ്പെടുക... പിണങ്ങുക... അങ്ങനെയൊക്കെ.''
''സാറു ചിന്തിക്കുന്നത് അവള്‍ക്കും മാനസികരോഗമുണ്ടായിരുന്നോ, എന്നല്ലേ?''
''അങ്ങനെയൊന്നുമല്ലെടോ. മനോരോഗം എല്ലാ മനുഷ്യരിലും കുറേശ്ശേയൊക്കെയുണ്ട്.കോപം, സ്‌നേഹം, കാമം, വെറുപ്പ്, വൈരാഗ്യം ഇതൊക്കെ കൂടുന്നതല്ലേ മനുഷ്യന്‍. മനസ്സില്‍ നുരഞ്ഞുയരുന്ന വികാരങ്ങളും വിചാരങ്ങളും നിയന്ത്രിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥയാണ് ഭ്രാന്ത്. പെട്ടെന്നുണ്ടാകുന്ന ഒരു തോന്നലാണ് പലരെയും കൊടുംകുറ്റവാളിയാക്കുന്നത്. ജയിലില്‍ ശിക്ഷിക്കപ്പെട്ടുകിടക്കുന്ന അവരെക്കാള്‍ ഭീകരന്മാര്‍ പുറത്തു ജീവിക്കുന്ന ചിലരാണ്.''
''പണവും സ്വാധീനവുമുള്ളവര്‍ എവിടെയും രക്ഷപ്പെട്ടുപോകും. ഒരു തെറ്റും ചെയ്യാത്തവര്‍പോലും വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുള്ള വിവരവും പുറത്തുവന്നിട്ടുണ്ടല്ലോ, സാര്‍.''
''നീ പറഞ്ഞതു ശരിതന്നെ. ഏതൊരു കേസിനെ സംബന്ധിച്ചും പ്രധാനരേഖ 'എഫ്.ഐ.ആര്‍.' ആണ്. അതു തയ്യാറാക്കുന്നത് ഞങ്ങള്‍ പോലീസാണ്. അതു കുറ്റകരമാണെങ്കില്‍ ഒരു പ്രതിക്കും രക്ഷപ്പെട്ടുപോകാനെളുപ്പമല്ല.'' സി.ഐ. പറഞ്ഞു.
''എന്റെ പെങ്ങളെ കൊല്ലിച്ചവന്‍ രക്ഷപ്പെട്ടുപോകുമോ സാര്‍?'' ടോണി ഗദ്ഗദത്തോടെ ചോദിച്ചു.
''ആത്മഹത്യ തെറ്റാണ്, കുറ്റമാണ്. പക്ഷേ, ആ കുറ്റവാളിയെ ശിക്ഷിക്കാനാര്‍ക്കു കഴിയും?''
''സാറ്, ജീനാ ആത്മഹത്യ ചെയ്‌തെന്നുതന്നെ വിശ്വസിക്കുകയാണോ?''
''അല്ല. ഇതൊരു കേസാണ്. അതിന്റെ എല്ലാവശവും ഞങ്ങള്‍ അന്വേഷിക്കുകയാണ്. തെളിവുകള്‍ ശേഖരിക്കുകയാണ്.''
''എനിക്ക് ഒരു പ്രതീക്ഷയുമിപ്പോഴില്ല, സാര്‍.'' പാലച്ചുവട്ടില്‍ ടോണി പറഞ്ഞു.
സി.ഐ. മോഹന്‍ തോമസ് തന്റെ മൊബൈല്‍ കൈയിലെടുത്തു. വാട്‌സാപ്പില്‍ ഒരു ചിത്രം സെലക്ട് ചെയ്‌തെടുത്തു. പിന്നെയത് ടോണിക്കു നേരേ നീട്ടി.
''നീയിതൊന്നു നോക്ക്. ഇന്നലെ ജീനായുടെ കല്ലറയ്ക്കുമേല്‍ ഏതോ ഒരുത്തന്‍ വച്ച പുഷ്പചക്രമാണിത്. റോസാപ്പൂക്കള്‍കൊണ്ട് അത്യാകര്‍ഷകമായി നിര്‍മ്മിച്ചതാ. അതിന് മൂവായിരം രൂപായെങ്കിലും മുടക്കിക്കാണും. അതിലൊരു എഴുത്തുണ്ട്. അതുകൂടി വായിക്ക്.''
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ കൈയില്‍നിന്നും മൊബൈല്‍ വാങ്ങുമ്പോള്‍ ടോണിയുടെ വിരലുകള്‍ വിറച്ചു. അവന്‍ ഉദ്വേഗത്തോടെ അതില്‍ക്കണ്ട എഴുത്ത് വായിച്ചു. പിന്നെ തലയുയര്‍ത്തി ഇന്‍സ്‌പെക്ടറെ നോക്കി.
''സാര്‍... ഇത്?''
''ഒരു കാര്യം കൂടെ ചോദിക്കട്ടെ. സ്‌നേഹം ഭാവിച്ച് ജീനായുടെ പിന്നാലെ നടന്ന ആരെങ്കിലുമുണ്ടോ?''
''ഇല്ല സാര്‍. അങ്ങനെയൊരു കാര്യം എനിക്കറിയില്ല.''
''നിനക്കറിയണമെന്നു നിര്‍ബന്ധമില്ല. എന്തായാലും ഈ പുഷ്പചക്രം വച്ചവന്‍ അവളെ തീവ്രമായി സ്‌നേഹിച്ചിരുന്നു. പോലീസ് അവനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകാ. സകല പൂക്കടകളിലും മറ്റിടങ്ങളിലും അവനെ തിരയുകാ. ജീനാ മറ്റൊരാളുടെ ഭാര്യയായപ്പോള്‍ അവനു പകയുണ്ടാകാം. അവളെ ഇല്ലാതാക്കിയത് ഒരുപക്ഷേ അവനായിരിക്കാം.'' സി.ഐ. മോഹന്‍ തോമസ് പറഞ്ഞു.
''എനിക്ക്... എനിക്കൊന്നും മനസ്സിലാകുന്നില്ല, സര്‍.'' ടോണിയുടെ മുഖത്ത് വിയര്‍പ്പുപൊടിഞ്ഞു.
(തുടരും)