സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍ കൃത്യസമയത്തുതന്നെ ഓഫീസിലെത്തി. പാലച്ചുവട്ടില്‍ ജോസ്മകന്‍ ടോണി, സഹോദരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു നല്‍കിയിരിക്കുന്ന പരാതി അദ്ദേഹം ഒരിക്കല്‍ക്കൂടി വായിച്ചു. ഏതോ മികച്ച ക്രിമിനല്‍വക്കീലിന്റെ സഹായത്തോടെയാണ് പരാതി തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹത്തിനുറപ്പായി. രാവിലെ താന്‍ വിളിച്ചുവരുത്തുന്ന മേടയ്ക്കല്‍ മാത്തുക്കുട്ടി നിസ്സാരനല്ലെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കറിയാം.
പെട്ടെന്ന് സി.ഐ.യുടെ മൊബൈല്‍ഫോണ്‍ റിങ് ചെയ്തു. റിങ്ങിങ് അവസാനിക്കാറായപ്പോള്‍ അദ്ദേഹം കോളെടുത്തു.
''ഹലോ. ആരാണ്?''
''എം.എല്‍.എ. ബാബു ജോര്‍ജാണ്.''
''സാര്‍.... എന്താ സാര്‍? സാറിന്റെ നമ്പരല്ലാത്തതുകൊണ്ട്...''
''ഞാന്‍ മറ്റൊരു നമ്പരീന്നാ വിളിക്കുന്നെ. നമ്മടെ മേടയ്ക്കലെ മാത്തുക്കുട്ടിച്ചായനെ ക്വസ്റ്റ്യന്‍ ചെയ്യാന്‍ വിളിച്ചിട്ടുണ്ടോ?''
''ഉണ്ടല്ലോ.''
''അയാള്‍ക്കിതിലൊന്നും യാതൊരു മനസ്സറിവുമില്ല സാറെ. നമ്മള്‍ക്ക് വളരെ വേണ്ടപ്പെട്ട ഒരാളുമാ.''
''മുകളീന്ന് ഐ.ജി. വിളിച്ചിരിക്കുകാ സാറെ. ഇമ്മീഡിയറ്റായിട്ടന്വേഷിക്കണമെന്ന്, ഹോം മിനിസ്റ്ററുടെ നിര്‍ദേശം. പത്രക്കാരും ചാനലുകാരും കൂടി വല്ലാതെ ഇളക്കി. സുന്ദരിയായ ഒരു പെണ്ണിന് എന്തേലും സംഭവിച്ചാ പിന്നെ ഇവന്മാരെല്ലാം ആ പുറകെയാ. നമ്മളെയാ വലയ്ക്കുന്നെ.''
''പോലീസ്‌സ്റ്റേഷനില്‍ അങ്ങനെ കേറി പരിചയമില്ലാത്തതുകൊണ്ട് ഇത്തിരി ചമ്മലും ഭയപ്പാടുമൊക്കെ നമ്മുടെ കക്ഷിക്കുണ്ട്. അതുനോക്കി കൈകാര്യം ചെയ്യണം.''
''ആ കാര്യം ഞാനേറ്റു. ചായയൊക്കെ കൊടുത്തു സല്‍ക്കരിച്ച് കാര്യം നടത്തി വിട്ടേക്കാം. എം.എല്‍.എ. പറഞ്ഞ കാര്യം സൂചിപ്പിക്കുകേം ചെയ്‌തേക്കാം.''
''മതി. ധാരാളം മതി.''
എം.എല്‍.എ. ബാബു ജോര്‍ജ് സംതൃപ്തിയോടെ ഫോണ്‍ കട്ടാക്കി. കൃത്യസമയത്തുതന്നെ മേടയ്ക്കല്‍ മാത്തുക്കുട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനെത്തി. പത്തുമിനിറ്റുനേരം വെളിയില്‍ കാത്തുനിന്നതിനുശേഷമാണ് സി.ഐ.യെ കയറിക്കാണാന്‍ അനുമതി കിട്ടിയത്. അയാള്‍ കയറിച്ചെന്നപ്പോഴും മോഹന്‍കുമാര്‍ കാണാത്തമട്ടില്‍ ഏതോ ഫയലില്‍ നോക്കിയിരുന്നു. പിന്നെ മുഖമുയര്‍ത്തി അയാളെ നോക്കി.
''മാത്തുക്കുട്ടി മേടയ്ക്കല്‍ അല്ലേ?'' സി.ഐ. ഗാംഭീര്യമുള്ള ശബ്ദത്തില്‍ തിരക്കി.
''അതെ.'' മാത്തുക്കുട്ടി വിനയത്തോടെ നിന്നു.
''സീറ്റിലിരുന്നോളൂ. എം.എല്‍.എ. വിളിച്ചിരുന്നു.'' സി.ഐ. അനുമതി കൊടുത്തപ്പോള്‍ മാത്തുക്കുട്ടി അദ്ദേഹത്തിനെതിരേ കസേരയില്‍ കടന്നിരുന്നു.
''മകനുമായും മരുമകളുമായും ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല, അല്ലേ.''
''അത്... അവന്റെ വിവാഹത്തിനു ഞാനെതിരായിരുന്നു സാര്‍. ഒരു പെണ്ണിനെ മകന്‍ സ്‌നേഹിച്ചു വിവാഹം കഴിക്കുന്നതൊന്നും ഞാന്‍ തെറ്റായികണ്ടില്ല. ഭ്രാന്തുപിടിച്ച ഒരുത്തന്റെ മകളെയാണ് കെട്ടിക്കൊണ്ടുവരാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ ഞാനെതിര്‍ത്തു.''
''മകനെയും മരുമകളെയും വീട്ടീന്ന് ഇറക്കിവിട്ടു.''
''സഹിക്കാന്‍ തീരെ പറ്റാഞ്ഞിട്ടാ അതു ചെയ്തത്.''
''അവര് എങ്ങനെ ജീവിക്കുന്നു എന്ന് അന്വേഷിച്ചോ?''
''അവന് ഐ.റ്റി. കമ്പനിയില്‍ നല്ല ഉദ്യോഗം കിട്ടിയിരുന്നു. സൗകര്യങ്ങളെല്ലാമുള്ള ഒരു വാടകവീട്ടിലാണവര്‍ താമസിച്ചിരുന്നത്.''
''ഈ മരണം എങ്ങനെ സംഭവിച്ചു?''
''എനിക്കറിയില്ല. എല്ലാം, ടെലിവിഷനിലും മറ്റു മീഡിയാസിലും കണ്ടാണ് ഞാനറിഞ്ഞത്.''
''ഇവിടെ കിട്ടിയിരിക്കുന്ന പരാതിയില്‍ പറയുന്നത് ആ പെണ്ണില്‍നിന്നു മകനെ മോചിപ്പിച്ചെടുക്കാന്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം നോക്കി താങ്കള്‍ ഗുണ്ടകളെ വിട്ട് കൊലപാതകം നടത്തിയെന്നാണ്. മരണം ഒരു ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ എല്ലാ ശ്രമവും നടത്തുകയും ചെയ്തു.''
മാത്തുക്കുട്ടി പരിഭ്രാന്തനായി.
''ഇതു കള്ളമാണ് സാര്‍. പച്ചക്കള്ളം. ഞാനൊരു ഗുണ്ടയെയും വിട്ടില്ല. എന്നെ അനുസരിക്കാത്ത മകന്‍ ചത്തുപോയതുപോലെയാ ഞാന്‍ കരുതിയിരുന്നത്. ആ പെണ്ണിനെ കൊലപ്പെടുത്തിയിട്ട് എനിക്കൊന്നും നേടാനില്ല, സാര്‍.''
''നേടാനുണ്ടല്ലോ, പലതും. അവളില്ലാതായതോടെ നിങ്ങള് രക്ഷപ്പെട്ടില്ലേ? ഇനി മകനെ വിളിച്ച് വീട്ടില്‍ കയറ്റാം. ഏതെങ്കിലും കോടീശ്വരന്റെ മകളെക്കൊണ്ട് കല്യാണം നടത്താം. മേടയ്ക്കല്‍ തറവാടിന്റെ പ്രൗഢിയും പാരമ്പര്യവും നിലനിര്‍ത്താം.''
''ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല സാറെ. ആ പെണ്ണിന്റെ മരണത്തില്‍ എനിക്കു സങ്കടമാണുള്ളത്.''
''അതുകൊണ്ടായിരിക്കും ശവമടക്ക് ടെലിവിഷനില്‍ കണ്ടുകൊണ്ട് കൂട്ടുകാരെയും കൂട്ടി തിന്നു കുടിച്ചര്‍മ്മാദിച്ചത്.''
''അതൊക്കെ ഓരോരുത്തര് എന്നെ തീര്‍ക്കാന്‍വേണ്ടി പടച്ചുവിടുന്ന കള്ളക്കഥകളാ സാറെ.''
സി.ഐ.യുടെ ഫോണ്‍ ശബ്ദിച്ചു. അദ്ദേഹം അതെടുത്തുനോക്കിയപ്പോള്‍ എസ്.പി.യാണ്.
''സാര്‍.... സര്‍.''
''എന്തായടോ ആ പെണ്ണിന്റെ സംഭവം?''
''ഊര്‍ജ്ജിതമായി അന്വഷിക്കുന്നുണ്ട് സാര്‍. ഇപ്പോള്‍ ഞാനാ മരിച്ച കുട്ടിയുടെ ഭര്‍ത്താവിന്റെ അച്ഛനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകാ. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. മരിച്ചടക്ക് പ്രശ്‌നങ്ങളില്ലാതെ നടന്നു. ഭര്‍ത്താവും ബന്ധുക്കളുമൊന്നും വരാതിരുന്നതു രക്ഷയായി. വന്നിരുന്നെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഉറപ്പായിരുന്നു. വയലന്റായേക്കാവുന്ന വലിയ ജനക്കൂട്ടം അവിടെയെത്തിയിരുന്നു.''
''റൂം സേര്‍ച്ച് ചെയ്തിട്ട് മരണക്കുറിപ്പെന്തെങ്കിലും കിട്ടിയോ?''
''ഇല്ല സാര്‍.''
''മരിച്ചുകിടന്ന റൂം തുറന്നു കിടന്നത് ഒരു ബാഡ് സിഗ്നലാണല്ലോ?''
''അതെ. അവരുടെ പാര്‍ട്‌ടൈം സേര്‍വെന്റ് വിജയമ്മ എന്ന സ്ത്രീയാണ് ആദ്യത്തെ ദൃക്‌സാക്ഷി. അവരുടെ മൊഴിയെടുത്തു. വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാ സാര്‍.''
''ശരി. ഓക്കെ.'' എസ്.പി. കോള്‍ കട്ടാക്കി.
സി.ഐ.യുടെ സംഭാഷണത്തില്‍നിന്നും കാര്യങ്ങള്‍ പന്തികേടിലേക്കു നീങ്ങുകയാണെന്ന് മാത്തുക്കുട്ടിക്കു പിടികിട്ടി. വെറും ഒരു എം.എല്‍.എ. യെക്കൊണ്ടു മാത്രം ഈ കേസില്‍ തന്നെ രക്ഷിക്കാനാവില്ലെന്ന് അയാള്‍ക്കു തിരിച്ചറിവുണ്ടായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍കുമാര്‍ ഗാഢചിന്തയില്‍ ഒരു നിമിഷം നിശ്ശബ്ദനായിരുന്നു. പിന്നെ മേടയ്ക്കല്‍ മാത്തുക്കുട്ടിയെ ഉറ്റുനോക്കി.
''എടോ, കാര്യങ്ങള്‍ അത്ര സ്മൂത്തായിട്ടുപോകുന്ന ലക്ഷണമില്ല. ഇപ്പം വിളിച്ചത് എസ്.പി.യാ. മനസ്സിലായോ?''
''മനസ്സിലായി സാര്‍.''
''ഹോം മിനിസ്റ്റര്‍ ഐ.ജി. യെ വിളിച്ചു. ഐ.ജി. എസ്.പി.യെ വിളിച്ചു. അങ്ങേര് എന്നെ മാട്ടി.''
''എന്നെയിങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ സാര്‍. ഞാനൊന്നുമറിഞ്ഞിട്ടില്ല. എനിക്കൊരു പങ്കുമില്ല.'' മാത്തുക്കുട്ടി വിയര്‍ത്തു വിളറി.
''അങ്ങനെ പെട്ടെന്നു പറഞ്ഞൊഴിവാകാതെ. എടോ ഒരു ക്രൈം നടന്നാല്‍ ഞങ്ങളാദ്യം സംശയത്തിന്റെ നിഴലിലുള്ളവരുടെ ഒരു ലിസ്റ്റുണ്ടാക്കും. അവരെയാണാദ്യം ചോദ്യം ചെയ്യുന്നത്. പിന്നെ ഫോണ്‍രേഖകള്‍ പരിശോധിക്കും. ചോദ്യം ചെയ്യുമ്പോള്‍ ഒരുത്തനും സത്യം പറയാറില്ല. പ്രതി ഈ പറഞ്ഞ കൂട്ടത്തിലുണ്ടാവണമെന്നില്ല.''
''സാറേ.... എനിക്കു ഹാര്‍ട്ട് പ്രോബ്ലമുള്ളതാണ്.'' മാത്തുക്കുട്ടി പറഞ്ഞു.
''അതിനു ഞാനൊന്നും ചെയ്തില്ലല്ലോ.''
''ചെയ്തില്ല. പക്ഷേ, ഈ ടെന്‍ഷന്‍ താങ്ങാന്‍ പറ്റുന്നില്ല.'
''കുറ്റം ചെയ്യാത്തവനെന്തിനാടോ ടെന്‍ഷന്‍? തെളിവില്ലാതെ പോലീസിനോ, കോടതിക്കോ ആരെയും ഒന്നും ചെയ്യാനാവില്ലല്ലോ. എം.എല്‍.എ. പ്രത്യേകം പറഞ്ഞതുകൊണ്ട് തല്‍ക്കാലം പൊയ്‌ക്കോ. വിളിപ്പിക്കും.'' സി.ഐ. പറഞ്ഞു.
എഴുന്നേറ്റ് സി.ഐ.ക്കു നേരേ കൈകൂപ്പിയിട്ട് മാത്തുക്കുട്ടി മുറിയില്‍നിന്നിറങ്ങി.
വിയര്‍പ്പില്‍ കുതിര്‍ന്ന ദേഹത്തോടെ ചെന്ന് തന്റെ ഇന്നോവാ ക്രിസ്റ്റയില്‍ കയറുമ്പോള്‍ ഡ്രൈവര്‍ അതു കണ്ടല്ലോയെന്ന ജാള്യം മാത്തുക്കുട്ടിക്കുണ്ടായി. വീട്ടിലേക്കു കാര്‍ ചീറിപ്പായുകയായിരുന്നു. ഇരുപതുമിനിറ്റുകൊണ്ട് വീട്ടിലെത്തി. കാറില്‍നിന്നിറങ്ങി. വീട്ടിലേക്കു കയറിയപ്പോള്‍ മേരിക്കുട്ടി വാതില്‍ക്കലെത്തി.
''എന്താ ഇച്ചായാ ഇത്രേം വൈകിയെ?''
''അവന്റെ പന്ത്രണ്ടടിയന്തരം ഇപ്പഴാ തീര്‍ന്നത്.'' അയാള്‍ കലിപ്പില്‍ പറഞ്ഞു.
''അച്ചായാ... എന്നിട്ട്, പോലിസെന്തു പറഞ്ഞു? എന്തെങ്കിലും ചെയ്‌തോ?''
''പോലീസ് പലതും പറഞ്ഞു., ഒന്നും ചെയ്‌തൊന്നുമില്ല. നീ പെട്ടെന്ന് ഗുളികയെടുത്തുകൊണ്ടുവാ. വിസ്താരം അതുകഴിഞ്ഞു മതി.''
മേരിക്കുട്ടി വേഗം അകത്തേക്കു പോയി. മാത്തുക്കുട്ടി പതിവായി കഴിക്കുന്ന പ്രഷറിന്റെ ടാബ്‌ലെറ്റും ഗ്ലാസില്‍ വെള്ളവുമായി മടങ്ങി വന്നു. മാത്തുക്കുട്ടി ഗുളിക വായിലിട്ട് വെള്ളം കുടിച്ചു.
''മക്കള് തന്തയ്ക്കു കാലനായി ജനിക്കുമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. എന്റെ കാര്യത്തിലിപ്പം അങ്ങനെയാ. ഇത്രേം കാലം ലോകത്തു ജീവിച്ചിട്ടിതുവരെ പോലീസ്‌സ്റ്റേഷനില്‍ കേറേണ്ടി വന്നിട്ടില്ല. ഇന്നതുമുണ്ടായി. എടീ, ആ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുകാ, ഞാന്‍ ഗുണ്ടകളെവിട്ട് അവളെ കൊല്ലിച്ചതാന്ന്.''
''എന്റെ കര്‍ത്താവേ!'' മേരിക്കുട്ടി നെഞ്ചത്തടിച്ചു മിഴിച്ചു നിന്നു.
''ഈയിടെ നമ്മള് മൂന്നുപേരും കൂടി തീയേറ്ററില്‍ പോയിക്കണ്ട സിനിമയുടെ കഥപോലെയാ ഞാനും പെട്ടുപോയിരിക്കുന്നെ. പോലീസുകാര് കള്ളക്കഥയുണ്ടാക്കി ഒന്നുമറിയാത്തവനെ കൊലയാളിയാക്കും. എല്ലാം എന്റെ മകനായിട്ടു വരുത്തിവയ്ക്കുന്നതാ.''
''ജീനായെ ആരെങ്കിലും കൊന്നതാണോ ഇച്ചായാ.'' മേരിക്കുട്ടി ഉത്കണ്ഠയോടെ ചോദിച്ചു.
''മുറിയടച്ച് കുറ്റിയിടാതെ ഒരാളും ആത്മഹത്യ ചെയ്യുകേലന്നാ പറച്ചില്. അതുപോലെ മരണക്കുറിപ്പൊന്നും വീട് സേര്‍ച്ച് ചെയ്തിട്ടു കിട്ടിയില്ല. ദേഹത്തെ ആഭരണങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. വീട്ടീന്നൊന്നും കളവുപോയിട്ടുമില്ല. അവളോടുള്ള വൈരാഗ്യമാ കൊലപാതകകാരണമെന്നാ പോലീസിന്റെ നിഗമനം. അവരുടെ നോട്ടത്തില്‍ അവളോട് എതിര്‍പ്പുള്ളത് ഞാന്‍ മാത്രമാ. എന്തു ചെയ്യാം? എന്റെ സത്യം ഞാനെങ്ങനെ തെളിയിക്കും?'' മാത്തുക്കുട്ടിയുടെ സ്വരമിടറി.
''അച്ചായാ... ഇനി റോണിയെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുപോന്നാലോ?''
''കൂട്ടിക്കൊണ്ടു പോരുന്ന പ്രശ്‌നമില്ല. എന്നെ ധിക്കരിച്ചവനല്ലേ? തന്നെ കയറിവരുന്നെങ്കില്‍ വരട്ടെ.''
''ഒരു ദുര്‍മരണം നടന്ന വീട്ടില്‍ അവനൊറ്റയ്ക്ക് എങ്ങനെ കഴിയും? അവനും ഏതെങ്കിലും ദുര്‍ബുദ്ധി തോന്നിയാലോ?'' മേരിക്കുട്ടി പിന്നെയും പറഞ്ഞു.
''പെങ്ങളവിടെ കൂട്ടിനു ചെന്നു നില്‍ക്കുന്നുണ്ടല്ലോ.''
''റോണി ഒട്ടും ധൈര്യമില്ലാത്തവനാ. ഷേര്‍ലിക്കാ അതിലും തന്റേടമുള്ളത്. പാവം, അവള്‍ക്ക് ഒരു ജീവിതമുണ്ടാക്കിക്കൊടുക്കാന്‍ നമുക്കു കഴിഞ്ഞില്ല.''
മാത്തുക്കുട്ടി അല്പനേരം നിശ്ശബ്ദനായിരുന്നു.
''അവള്‍ക്ക് ടൗണിലുള്ള നാലു ഷട്ടറുകളുടെ വാടക ഞാന്‍ കൊടുക്കുന്നുണ്ട്. മാസം എഴുപത്തയ്യായിരമുണ്ട്.''
''ഒരു പെണ്ണിന് പ്രതിമാസം കിട്ടുന്ന പണം മാത്രം മതിയോ? നല്ല ആലോചനകള്‍ പലതു വന്നതാ. പാരമ്പര്യോം തറവാടിത്തോം നോക്കി എല്ലാം തട്ടിക്കളഞ്ഞു. പ്രായം കടന്നപ്പോള്‍ ആരും വരാതായി. ആരോടും ഒരു പരാതീം പറയാതെ വിധിയാണെന്നു വിശ്വസിച്ചു കഴിയുകാ പെണ്ണ്.''
മേടയ്ക്കല്‍ മാത്തുക്കുട്ടിക്കു മറുപടിയുണ്ടായില്ല. അയാള്‍ തല താഴ്ത്തിയിരുന്നു.
(തുടരും)