''വിടെടാ... വിടടാ എന്നെ. എനിക്കു പോണം. എന്റെ ജീനായെ കാണണം. അവസാനമായി... ഒന്നുകൂടെ... ഒടുവില്‍ ഒരുമ്മ കൊടുത്ത് അവളെ യാത്രയാക്കണം.'' ഇങ്ങനെ ഓരോന്നു പറഞ്ഞ് അലറിക്കരയുകയും കുതറുകയും ചവിട്ടുകയുമൊക്കെയാണ് റോണി. അവനെ അടക്കിക്കിടത്താന്‍ പാടുപെടുന്ന കൂട്ടുകാരായ അരുണിനും വിവേകിനും അടിയും ഇടിയും ചവിട്ടുമൊക്കെ ഏല്‍ക്കുന്നുമുണ്ട്.
റോണി പ്രണയിച്ചു കല്യാണം കഴിച്ച ജീനാ ഒരു ദിവസം മുമ്പ് വാടകവീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്ന് മരിച്ചനിലയില്‍ കാണപ്പെട്ടു. ഇന്നവളുടെ ശവസംസ്‌കാരമാണ്. ചടങ്ങുകള്‍ അവളുടെ സ്വന്തം വീട്ടില്‍ ആരംഭിച്ച് ഇടവകപ്പള്ളിസെമിത്തേരിയില്‍ അവസാനിപ്പിക്കാനാണ് തീരുമാനം. റോണിയുടെമേല്‍ ഗാര്‍ഹികപീഡനക്കുറ്റവും ആത്മഹത്യാപ്രേരണക്കുറ്റവും ആരോപിക്കപ്പെട്ടിരിക്കുന്നു. വീട്ടുകാരും നാട്ടുകാരും സമൂഹമാകെയും റോണിക്കെതിരാണ്.
''റോണീ, നീ ദൈവത്തെയോര്‍ത്ത് ഞങ്ങളു പറയുന്നതനുസരിക്ക്. നീയിപ്പഴങ്ങോട്ടു ചെന്നാല്‍ അവിടെ കൂടിയിരിക്കുന്നവര്‍ നിന്നെ വലിച്ചുകീറും. ചവുട്ടിയരയ്ക്കും. തല്ലിക്കൊല്ലും. അതാ സാഹചര്യം.'' അരുണ്‍ പറഞ്ഞു.
''കൊല്ലട്ടെ. എനിക്കു മരിക്കാനാണിഷ്ടം. ഞാനിനി എന്തിനാ ജീവിക്കുന്നേ. അവളു പോയില്ലേ, എന്നോടൊരു വാക്കു പറയാതെ. ഞാനവളെ എന്തുമാത്രം സ്‌നേഹിച്ചിരുന്നതാ... എന്നിട്ടും... എന്നോടവളിത്?'' സ്വയം തലയിലടിച്ച് ദണ്ഡിപ്പിച്ചുകൊണ്ട് റോണി പറഞ്ഞു.
മൂന്നുവര്‍ഷത്തെ പ്രണയബന്ധത്തിനൊടുവിലായിരുന്നു അവരുടെ വിവാഹം. ആര്‍ഭാടങ്ങള്‍ മുഴുവനൊഴിവാക്കി രജിസ്റ്റര്‍കച്ചേരിയില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. റോണിയുടെ അപ്പന്‍ മേടയ്ക്കല്‍ മാത്തുക്കുട്ടി അവരുടെ കല്യാണത്തിന് കട്ടായം എതിരായിരുന്നു. ഏകമകനെയും മരുമകളെയും വീട്ടില്‍ കുരിശുവരച്ചു കയറ്റാന്‍ മാത്തുക്കുട്ടി ഭാര്യയെ അനുവദിച്ചില്ല. അയാള്‍ മകനെ വീട്ടില്‍നിന്നടിച്ചിറക്കി. കൊച്ചിയിലെ പ്രമുഖ ഐ.റ്റി. കമ്പനിയില്‍ ജോലിയുള്ള റോണിക്ക് ഭാര്യയുമായി വാടകവീട്ടില്‍ കഴിയേണ്ട ഗതിയാണുണ്ടായത്.
വലിയ ചില പരാക്രമങ്ങള്‍ക്കൊടുവില്‍ റോണി തളര്‍ന്ന് അടങ്ങിക്കിടന്നപ്പോള്‍ അവന്‍ കേള്‍ക്കാതെ ചിലതു സംസാരിക്കാനായി അരുണും വിവേകും വീടിന്റെ സിറ്റൗട്ടിലേക്കു മാറി.
''അരുണേ, പോലീസിന്റെ പ്രൊട്ടക്ഷനോടെയെങ്കിലും റോണിയെ കൊണ്ടുപോയി ജീനായെ ഒന്നു കാണിച്ചാലോ?'' വിവേക് ചോദിച്ചു.
''വേണ്ടടാ. അതു വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ആള്‍ക്കൂട്ടം ഇളകിനില്‍ക്കുകാ. ചിലൊരൊക്കെ ഇവനെ തെറി വിളിക്കുന്നുണ്ട്. പോലീസിനെക്കൊണ്ടൊന്നും തടയാന്‍ കഴിയില്ല. അതുപോലെയാളാ. അവളുടെ വീട്ടീന്നുള്ള 'ലൈവ് ടെലികാസ്റ്റ്' ഞാന്‍ മൊബൈലില്‍ കുറച്ചു കണ്ടു.''
''പോലീസ്‌വലയത്തില്‍ ചെന്നാല്‍ ആള്‍ക്കാര് മാറിക്കൊടുക്കില്ലേ? അവളെ അവസാനമായി കാണാന്‍ പറ്റിയില്ലെന്ന റോണീടെ വെഷമം മാറുമല്ലോ.'' വിവേക് പിന്നെയും പറഞ്ഞു.
''എടാ വേറെയും ഒരു വിഷയമുണ്ട്. ജീനായുടെ അപ്പനൊരു വട്ടനാ. ചികിത്സയില്‍ കഴിയുന്ന ആളാ. അവന്‍ വന്നാല്‍ വെട്ടുമെന്നു പറഞ്ഞ് വാക്കത്തിയുമെടുത്തുനില്‍ക്കുന്ന രംഗം ചില ചാനലുകളിലൊക്കെ വന്നിട്ടുണ്ട്.''
''ഹൊ! അങ്ങനെയാണെങ്കില്‍ ആ കാര്യം ആലോചിക്കുകയേ വേണ്ട.'' വിവേക് അഭിപ്രായം മാറ്റി.
''വിവേകേ, എന്റെ സുഹൃത്തായ ഒരു ഡോക്ടറുണ്ട്. ഡോക്ടര്‍ ഫ്രെഡി മാത്യു. അങ്ങേരോട് ഇവിടെവന്ന് റോണിക്കൊരു സെഡേഷന്‍ കൊടുക്കാമോയെന്നു ചോദിച്ചിട്ടുണ്ട്. തിരക്കുള്ളയാളാ. വന്നാല്‍ ഭാഗ്യം.'' അരുണ്‍ സൂചിപ്പിച്ചു.
''അതു നന്നായി. ഇവനൊന്നടങ്ങിക്കിടന്നാല്‍ നമുക്കാശ്വാസമാകും. വേറെ ഒരാളും ഇങ്ങോട്ടൊന്നു തിരിഞ്ഞുകയറുന്നേയില്ലല്ലോ.''
''ആരെയും പ്രതീക്ഷിക്കണ്ട. വീട്ടുകാരും നാട്ടുകാരും പത്രക്കാരും ചാനലുകാരും എന്നുവേണ്ട സകലരും ഇവനെതിരാ. സകലചാനലുകാരുടേം ഇന്നത്തെ ഭക്ഷണം ജീനായുടെ മരിച്ചടക്കാ.'' അരുണ്‍ പറഞ്ഞു.
''ഇവരു തമ്മില് എന്തൊരു സ്‌നേഹമായിരുന്നെടാ? എപ്പഴും ഇതുങ്ങളിങ്ങനെ ഒട്ടിനടക്കുന്നതുകാണുമ്പം എനിക്കു ബോറായിട്ടു തോന്നീട്ടൊണ്ട്.'' വിവേക് പ്രതികരിച്ചു.
''എനിക്കും റോണീടെ കാര്യം ഒരതിശയമാ.''
''ഞാനും മഞ്ജുവും തമ്മിലാണെങ്കില്‍ എപ്പഴും തര്‍ക്കവും തമ്മിലടിയുമാ. അവള്‍ക്കിട്ട് ഒരടി കൊടുത്താല്‍പ്പോലും അരമണിക്കൂറിനകം കൂട്ടാകും.''
''നെനക്കിട്ടും കിട്ടുന്നുണ്ടായിരിക്കും.''
''അതും ശരിയാ. ഞങ്ങള്‍ക്കതാ ഒരു രസം. ഈ ഒടുക്കത്തെ സ്‌നേഹം കാണിക്കുന്നവരൊണ്ടല്ലോ, പെണങ്ങിയാല്‍ ഭീകരമായിരിക്കും. എനിക്കുതോന്നുന്നത്, എന്തെങ്കിലും നിസ്സാരകാര്യത്തിനാണ് ജീനാ ഈ കടുംകൈ ചെയ്തതെന്നാ.''
''സ്വയം മരിച്ചതല്ലെന്നും കൊലപാതകമാണെന്നും ചില സംശയങ്ങള്‍ വന്നിട്ടുണ്ട്.'' വിവേക് പറഞ്ഞു.
അതു കേട്ടപ്പോള്‍ അരുണിന്റെ മുഖത്ത് ഒരു പരിഭ്രമമുണ്ടായി.
''ജീനാ... എന്റെ ജീനാ...'' അകത്തുമുറിയില്‍നിന്നും പിന്നെയും ഉച്ചത്തിലുള്ള നിലവിളിയുയര്‍ന്നു.
അരുണും വിവേകും വേഗം അവിടേക്കോടിയെത്തി. റോണി ചുഴലിദീനക്കാരനെപ്പോലെ തുള്ളിവിറയ്ക്കുകയാണ്. അണയ്ക്കുകയും കിതയ്ക്കുകയും ചെയ്യുന്നു.
കൂട്ടുകാര്‍ക്കു നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. സാവകാശം അവന്‍ സാധാരണനിലയിലേക്കു വന്നു.
അപ്പോള്‍ മുറ്റത്ത് ഒരു വാഹനം വന്നു നിര്‍ത്തുന്ന ശബ്ദമുണ്ടായി. അരുണ്‍ ഇറങ്ങിച്ചെന്നു. പ്രതീക്ഷിച്ചതുപോലെ ഡോക്ടര്‍ ഫ്രെഡിയാണു വന്നിരിക്കുന്നത്. മുപ്പത്തിയഞ്ചുവയസ്സു തോന്നിക്കുന്ന സുമുഖനും ദീര്‍ഘകായനുമായ ഡോക്ടര്‍, കൈയില്‍ ഒരു കിറ്റുമായി അകത്തേക്കു കയറി വന്നു.
''വെരി വെരി വെല്‍ക്കം, ഡോക്ടര്‍ ഫ്രെഡി.'' അരുണ്‍ സുഹൃത്തിനെ കൈകൊടുത്തു സ്വീകരിച്ചു. വിവേകിനെ അദ്ദേഹത്തിനുപരിചയപ്പെടുത്തുകയും ചെയ്തു.
''ഒ.പി.യില്‍ നല്ല തെരക്കായിരുന്നു. അതാ വൈകിയത്. എനിക്കു പെട്ടെന്നു പോകുകയും വേണം കേട്ടോ.'' ഡോക്ടര്‍ ഫ്രെഡി പറഞ്ഞു.
''ഒരു ഗ്ലാസ് വെള്ളംപോലും തന്ന് താമസിപ്പിക്കുന്നില്ല. കാര്യം നടത്തി ഫ്രെഡി പെട്ടെന്നു പൊയ്‌ക്കോളൂ. സിനിമയില്‍ തിലകന്‍ പറഞ്ഞതുപോലെ ഇപ്പഴിങ്ങോട്ടു വരാന്‍ തീരുമാനിച്ച ആ മനസ്സാണു വലുത്!''
അരുണിന്റെ ഉരത്തില്‍ സ്‌നേഹപൂര്‍വം ഒരടികൊടുത്തിട്ട് ഡോക്ടര്‍ ഫ്രെഡി റോണിയുടെയടുത്തേക്കു നീങ്ങി. അവന്‍ പകപ്പോടെ ഡോക്ടറെ നോക്കിക്കിടന്നതേയുള്ളൂ.
ഡോക്ടര്‍ ഫ്രെഡി കിറ്റില്‍നിന്നു സാമഗ്രികള്‍ പുറത്തെടുത്തു. ആദ്യം പഞ്ഞി സ്പിരിറ്റില്‍ മുക്കി റോണിയുടെ ഉരത്തില്‍ തുടച്ചു.
''എന്താ പേര്?' ഡോക്ടര്‍ തിരക്കി.
''റോണി.'' അവന്‍ പതിയെ പറഞ്ഞു.
'മനസ്സിന് അല്പമൊരയവു കിട്ടാന്‍ ഒരിഞ്ചക്ഷന്‍ തന്നോട്ടെ?''
''ങും.'' അവന്‍ പ്രതികരിച്ചു.
ഡോക്ടര്‍ ഫ്രെഡി സിറിഞ്ചില്‍ മരുന്നെടുത്ത് ശ്രദ്ധയോടെ റോണിക്കു കുത്തിവയ്പു നല്‍കി. പെട്ടെന്നുതന്നെ അദ്ദേഹം മടങ്ങുകയും ചെയ്തു.
റോണി നേരിയ മയക്കത്തിലായപ്പോള്‍ അരുണും വിവേകും സ്വീകരണമുറിയില്‍ ചെന്നിരുന്നു. അതിനടുത്തുണ്ടായിരുന്ന മുറിയിലാണ് ജീനായെ മരിച്ച നിലയില്‍ ജോലിക്കാരി വിജയമ്മ കണ്ടെത്തിയത്. കതക് പൂട്ടിയിട്ടില്ലായിരുന്നു. അതാണ് മരണത്തില്‍ പല സംശയങ്ങള്‍ക്കും ഇടവരുത്തിയത്. ആത്മഹത്യ ചെയ്യുന്നവരാരും മുറിയടച്ചു പൂട്ടാതെ അതു ചെയ്യാറില്ല. വിജയമ്മ കാണുമ്പോള്‍ വാതില്‍പ്പടിയോളം രക്തം ഒഴുകിയെത്തിയിരുന്നു. ഇപ്പോള്‍ ആ മുറി പൊലീസ് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
''വിവേകേ, മൊബൈലില്‍ ഇപ്പോള്‍ ലൈവ് ടെലികാസ്റ്റ് കാണാന്‍ പറ്റും.'' അരുണ്‍ പറഞ്ഞു.
''വേണ്ട. എനിക്കതു കാണണ്ട. നമ്മള്‍ രണ്ടുപേരും നേരിട്ടവിടെ പോകേണ്ടതായിരുന്നു. നമ്മുടെ കൂട്ടത്തിലൊരാളല്ലേ? ഇവനെ ഇവിടെ തനിച്ചാക്കി എങ്ങനെ പോകാനാ?''
''നമ്മളൊരു കൂട്ടും കരുത്തും കൊടുത്തില്ലെങ്കില്‍ ഇവിടെ മറ്റൊരു ദുരന്തംകൂടി ഉറപ്പാണ്.'' അരുണ്‍ പറഞ്ഞു.
ഇതിനിടയ്ക്ക് മറ്റൊരു ദൃശ്യം ഏതോ ചാനലില്‍ കണ്ടെന്ന് ഒരാള്‍ ഫോണ്‍ വിളിച്ചു പറഞ്ഞു.'' വിവേക് സൂചിപ്പിച്ചു.
''എന്താണത്?''
''റോണിയുടെ അപ്പന്‍ മാത്തുക്കുട്ടി ജീനായുടെ സംസ്‌കാരച്ചടങ്ങുകള്‍ ടെലിവിഷനില്‍ കണ്ടുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ച് അര്‍മാദിക്കുന്ന കാഴ്ച. ആരോ രഹസ്യമായി ഷൂട്ട് ചെയ്ത് ചാനലുകാര്‍ക്കു കൊടുത്തതാ.''
''അതിലൊരദ്ഭുതവില്ല. മാത്തുക്കുട്ടി ജീവിതത്തില്‍ ഏറ്റവും ആഹ്ലാദിക്കുന്നത് ഇന്നായിരിക്കും. അവന്‍ അപ്പന്റെ എതിര്‍പ്പവഗണിച്ചല്ലേ അവളെ കെട്ടിയത്.''
''ഓരോ മനുഷ്യന്റെ മരണത്തിലും കുറേപ്പേരൊക്കെ സന്തോഷിക്കുന്നുണ്ടാവും. മനുഷ്യനും ലോകവും അങ്ങനെയൊക്കെയായിപ്പോയി.'' വിവേക് പറഞ്ഞു.
അപ്പോള്‍ വിവേകിന്റെ ഫോണ്‍ ശബ്ദിച്ചു. അവന്‍ ഫോണെടുത്ത് സ്‌ക്രീനില്‍ നോക്കിയപ്പോള്‍ അമ്മ എന്നു തെളിഞ്ഞു. അവന്‍ കോളെടുത്തു.
''ഹലോ... അമ്മേ...''
''നീയിപ്പഴെവിടെയാടാ?''
''ഞാനിവിടെ ഒരു ഫ്രണ്ടിന്റെ വീട്ടിലാ. എന്താ വിശേഷം?''
''എവിടെയാണെങ്കിലും ഇങ്ങോട്ടൊന്നു വേഗം വാ മോനെ. അച്ഛനെ ആശുപത്രിയിലാക്കി
യിരിക്കുകാ. കോട്ടയത്ത് മെഡിക്കല്‍ കോളജിലാ. അറ്റാക്ക്... കൂടുതലാ...''
വിവേക് മരവിച്ചുപോയി.
''ഞാനിതാ വരുന്നമ്മേ...'' അത്രയും പറഞ്ഞ് കോള്‍ കട്ടാക്കി. വെപ്രാളത്തോടെ അരുണിനെ വിവരമറിയിച്ചു:
''എന്റെ പപ്പാ... പാവമായിരുന്നെടാ...'' വിങ്ങിപ്പൊട്ടിക്കൊണ്ട് കാറിന്റെ താക്കോല്‍ വാങ്ങി വിവേക് കോട്ടയത്തേക്കു പാഞ്ഞു.
അരുണ്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി.
താനിവിടെ തനിച്ചായിരിക്കുന്നു. വിവേകിനാണെങ്കില്‍ അവന്റെ പ്രാണനാണച്ഛന്‍. ഇപ്പോള്‍ വണ്ടിയോടിച്ച് അവനെ ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടതായിരുന്നു. റോണിയെ തനിച്ചാക്കി പോകാനും വയ്യ. ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഘോഷയാത്ര നടത്തുന്നു. അരുണ്‍ റോണിയുടെയടുത്തേക്കു ചെന്നു. അവന്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഉറങ്ങുന്നു. ഉറങ്ങട്ടെ. ഉണര്‍ന്നാല്‍ അവന്റെ മനസ്സ് ഒരു തീക്കുണ്ഡമാകും. ആത്മാവ് നീറിപ്പിടയും.
പുറത്ത് ഏതോ വാഹനം ഇരച്ചെത്തുന്ന ശബ്ദം. അരുണ്‍ ഉമ്മറത്തെത്തി നോക്കി. പൊലീസ് ജീപ്പാണ്!! പുറത്തേക്കിറങ്ങിയത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസും ഇന്‍സ്‌പെക്ടര്‍ വിജയകുമാറുമായിരുന്നു.
(തുടരും)