•  4 Sep 2025
  •  ദീപം 58
  •  നാളം 26
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

    സാമാന്യകരുത്തുള്ളവളായിട്ടും ജീനായുടെ മരണക്കുറിപ്പ് നിവര്‍ത്തിയപ്പോള്‍ ഷേര്‍ലിയുടെ വിരലുകള്‍ വിറച്ചു.
പ്രിയപ്പെട്ട റോണിക്ക്,
എത്ര നിസ്സാരമായ കാര്യത്തിനാണ് ഇന്നു നമ്മള്‍ പിണങ്ങിയത്. വാക്കുകളില്‍ എന്നെ തോല്പിക്കാന്‍ റോണി പറഞ്ഞ കാര്യം ഒത്തിരി നോവിച്ചു. തളര്‍ത്തി. പിന്നെ ആലോചിച്ചപ്പോള്‍ റോണിയുടെ ഭാഗമാണു ശരിയെന്നു ബോധ്യപ്പെട്ടു. മനോരോഗിയായ ഒരാളുടെ മകളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതും കുടുംബക്കാരുടെ എതിര്‍പ്പു വകവയ്ക്കാതെ വിവാഹം കഴിച്ചതും ഇന്നുവരെ ഒന്നിച്ചുജീവിച്ചതും വലിയ ത്യാഗമാണ്. ഇനിയെങ്കിലും റോണിക്ക് എന്നില്‍നിന്നും ഒരു മോചനം വേണം. ഈ ലോകത്ത് റോണിയോടൊപ്പമല്ലാത്ത ജീവിതം എനിക്കസാധ്യവുമാണ്. അതുകൊണ്ടു ഞാന്‍ പോകുന്നു. ജീവിതത്തില്‍ റോണിക്കു പുതിയ ഭാഗ്യങ്ങളുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു. ഉമ്മ.
ഒരിക്കലും തീരാത്ത സ്‌നേഹത്തോടെ, ജീനാ.
സങ്കടം കടിച്ചമര്‍ത്തിക്കൊണ്ട് ഷേര്‍ലി, കത്തുമടക്കി. 
''ഈ കത്ത് പോലീസിന്റെ കൈയില്‍ കിട്ടിയാല്‍ അതു പിന്നീട് റോണിക്കു ദോഷമാകും.'' ഷേര്‍ലി പറഞ്ഞു.
''നമ്മളിതെന്തു ചെയ്യണം? നശിപ്പിക്കുന്നതാണോ നല്ലത്?'' അരുണ്‍ ഷേര്‍ലിയെ ഉറ്റുനോക്കി.
''അതു വേണ്ട. എന്തായാലും കേസുണ്ടാകും. ജീനായുടെ ബ്രദര്‍ ആരോപിക്കുന്നത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ്. കൊലപാതകമല്ലെന്നു തെളിയിക്കാന്‍ ഈ കുറിപ്പ് സഹായിച്ചേക്കും.'' ഷേര്‍ലി പറഞ്ഞു.
മുറിയുടെ വാതില്‍ തുറന്നു കിടന്നിരുന്നത് വലിയ സംശയത്തിനിടയാക്കുന്നുണ്ട്. അങ്ങനെയൊരാളും ആത്മഹത്യ ചെയ്യില്ലെന്നാണ് എല്ലാവരും പറയുന്നത്.'' അരുണ്‍ സൂചിപ്പിച്ചു.
''റോണി വീട്ടിലുണ്ടായിരുന്നില്ലല്ലോ. അവന്‍ ഓഫീസിലുണ്ടായിരുന്നതിന് വ്യക്തമായ തെളിവുണ്ട്. മരണം പതിനൊന്നിനും പന്ത്രണ്ടിനുമിടയിലാണെന്നാണ് ആശുപത്രിറിപ്പോര്‍ട്ട്.'' ഷേര്‍ലി പറഞ്ഞു.
''നമുക്കൊന്നും തീര്‍ച്ചപ്പെടുത്താന്‍ പറ്റില്ല. ഈ കത്തുതന്നെ ജീനാ എഴുതിയതാണെന്നു തീര്‍ത്തുപറയാന്‍ പറ്റുമോ? അന്വേഷണം വഴിതിരിച്ചുവിടാന്‍ ചെയ്ത പണിയാകാമല്ലോ.'' അരുണ്‍ സംശയിച്ചു. 
''തല്‍ക്കാലം കത്ത് കണ്ടെടുത്തയാളിന്റെ കൈയില്‍ സുരക്ഷിതമായിരിക്കട്ടെ. നമുക്ക് എത്രയും പെട്ടെന്ന് നല്ല ഒരു അഡ്വക്കേറ്റിനെ കാണണം. അദ്ദേഹത്തിന്റെ അഭിപ്രായംകൂടി കേട്ടിട്ട് എന്താണെങ്കിലും ചെയ്യാം.'' 
ഷേര്‍ലി അത് അരുണിനെ തിരിച്ചേല്പിച്ചു. അരുണ്‍ ഷേര്‍ലിയുടെ കൈയില്‍നിന്നു കാറിന്റെ കീ വാങ്ങി വിവേകിന്റെ നാട്ടിലേക്കു യാത്ര തിരിച്ചു.
ജീനാ ഒടുവിലെഴുതിയ കത്തിലെ ഓരോ വാക്കുകളും അഗാധസ്‌നേഹത്തിന്റെ പ്രതിഫലനങ്ങളാണല്ലോയെന്ന് ഷേര്‍ലി ഓര്‍ത്തു. അവസാനം പ്രിയപ്പെട്ടവന് ഒരുമ്മകൂടി കൊടുത്തിട്ടാണവള്‍ മരണതീരത്തേക്കു കടന്നുപോയത്. എന്തിനായിരുന്നു തമ്മിലുള്ള കുഞ്ഞുപിണക്കമെന്നു വ്യക്തമാകുന്നില്ല. റോണിയുടെ നാവില്‍നിന്നു തീയുണ്ടപോലെ അവളുടെ ഹൃദയത്തിലേക്കു വര്‍ഷിക്കപ്പെട്ട വാക്കുകള്‍ അപ്പന്റെ മനോരോഗത്തെ ബന്ധപ്പെടുത്തിയുള്ളതായിരിക്കും. ഭ്രാന്തന്‍ ജോസിന്റെ മകളെന്ന വിശേഷണം പലരില്‍നിന്നും ജീനാ കേള്‍ക്കേണ്ടി വന്നിരിക്കാം. പക്ഷേ, പ്രാണനേക്കാള്‍ സ്‌നേഹിച്ചവനില്‍നിന്നും അതുണ്ടായപ്പോള്‍ പാവം തകര്‍ന്നുപോയി. ഇപ്പോള്‍ റോണി നീറുകയാണ്. നൊന്തുപിടയുകയാണ്. അരുതായിരുന്നു. അത് ഒരിക്കലും പറയരുതായിരുന്നെന്ന് ആയിരം തവണ മനസ്സില്‍ പറയുന്നുണ്ടാവും. ജീനായെഴുതിയ കത്ത് അവര്‍ ഒരിക്കലും വായിക്കാനിടയാകാതിരിക്കട്ടെ. അതിലെ ഉള്ളടക്കംപോലും അവനറിയാന്‍ പാടില്ല. ഷേര്‍ലി ഷോള്‍കൊണ്ട് മുഖത്തെ വിയര്‍പ്പുകണങ്ങളൊപ്പി. മുഖത്ത് ഒരു പ്രസാദഭാവം വരുത്താന്‍ പാടുപെട്ടുകൊണ്ട് ഷേര്‍ലി റോണിയുടെ അരികിലേക്കു ചെന്നു.
''ഷേര്‍ലിച്ചേച്ചീ...'' റോണി തളര്‍ന്ന ശബ്ദത്തില്‍ വിളിച്ചു. 
''എന്താടാ, കുടിക്കാനെന്തെങ്കിലും?''
''വേണ്ട. അരുണും വിവേകും പോയി...അല്ലേ?''
''പോയി.  വിവേകിന്റെ അപ്പന്‍ മരിച്ചുപോയ വിവരം നീയറിഞ്ഞോ?''
''ഇല്ല. ആരും പറഞ്ഞില്ലല്ലോ.'' 
''ഈ സാഹചര്യത്തില്‍ അവര്‍ക്കു പോകാതിരിക്കാനാവില്ലല്ലോ. എന്തായാലും നിന്റെ നല്ല കൂട്ടുകാര്‍ ഇത്രയും നേരം നെനക്കു ധൈര്യം പകര്‍ന്ന് കൂടെയുണ്ടായി. വെഷമിക്കാതെ. ഇനി ഞാനുണ്ടല്ലോ ഇവിടെ.''
''ജീനാ... എത്ര പാവമായിരുന്നു? എന്തുമാത്രം സ്‌നേഹമായിരുന്നു അവള്‍ക്കെന്നോട്? അവള്‍ നല്ല സുന്ദരിയുമായിരുന്നില്ലേ? പാട്ടുകാരിയായിരുന്നില്ലേ? എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിത്തരുമായിരുന്നു. എനിക്കുള്ള ഷര്‍ട്ടും പാന്റുമൊക്കെ സെല്ക്ട് ചെയ്യുന്നത് ജീനായായിരുന്നു...'' ഇങ്ങനെയോരോന്നു പറഞ്ഞ് റോണി പൊട്ടിപ്പൊട്ടിക്കരഞ്ഞു.
അവന്‍ പറയുകയും കരയുകയും ചെയ്യട്ടെ എന്നു വിചാരിച്ച് നിശ്ശബ്ദയായി ഷേര്‍ലി ബെഡ്ഡില്‍ അവനോടു ചേര്‍ന്നിരുന്നു. റോണിയുടെ നെറുകയില്‍ മെല്ലെ തലോടുകയും ചെയ്തു. ആശ്വാസവാക്കുകള്‍ വെറും പാഴ്‌വാക്കുകളായേക്കാം. അപ്പോള്‍ ഷേര്‍ലിയുടെ ഫോണ്‍ ശബ്ദിച്ചു. അവള്‍ അതു ചെന്നെടുത്തു.
ലൈനില്‍ അമ്മയാണ്.
''ഹലോ... അമ്മേ...''
''മോളേ, അവന്റെ... റോണീടെ അവസ്ഥയെന്താടീ...''
''വലിയ വെഷമത്തിലാ. ജീനായെ കാണാന്‍ പോണമെന്നു പറഞ്ഞ് പ്രശ്‌നമുണ്ടാക്കി. അവന്റെ കൂട്ടുകാര് കഷ്ടപ്പെട്ട് പിടിച്ചു നിര്‍ത്തി. ഒന്നും കഴിക്കുന്നില്ല.''
''അടുത്തുനിന്നു മാറാതെ ശ്രദ്ധിച്ചോണേ മോളെ. ഒട്ടും മനക്കട്ടിയില്ലാത്ത ചെറുക്കനാ.''
ഫോണ്‍സംഭാഷണം റോണി കേള്‍ക്കാതിരിക്കാന്‍ ഷേര്‍ലി അവന്റെയരികെനിന്നു മാറിപ്പോയി.
''മനക്കട്ടിയുള്ള ഒരാളുണ്ടല്ലോ നമ്മുടെ വീട്ടില്‍. മകന്റെ കാര്യം പറയുന്നുണ്ടോ?''
''ഇവിടെയെന്റെ പെണ്ണേ, വല്യ ആഘോഷമാ നടക്കുന്നെ. രാവിലെ തുടങ്ങിയ കുടീം തീറ്റേം ഇതുവരെ കഴിഞ്ഞിട്ടില്ല.
 ''എന്തായാലും എല്ലാവരുംകൂടെ മനുഷ്യനു പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാ. പപ്പായുടെ കുടിയും കൂത്താട്ടോം ആരോ ഒരുത്തന്‍ രഹസ്യത്തില്‍ വീഡിയോ പിടിച്ച് ചാനലുകാര്‍ക്കു കൊടുത്തു. മരുമകളുടെ മരച്ചടക്കു നടക്കുമ്പം കെട്ടിയവന്റെ അപ്പന്‍ അര്‍മാദിക്കുന്നത് സകലജനവും കണ്ടു. ഈ അപ്പന്റെ മകനാണെങ്കില്‍ അവന്‍തന്നെയാണാ പെണ്‍കൊച്ചിനെ കൊന്നതെന്നൊക്കെയാ ആളുകളു പറയുന്നത്.
''കൂട്ടുകാരായിട്ട് വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒറ്റയൊരുത്തനില്ല നിന്റെ പപ്പയ്ക്ക്. ഒന്നിച്ചു കുടിച്ചവന്മാരുതന്നെയായിരിക്കും വീഡിയോ പിടിച്ച് ചാനലുകാര്‍ക്കു കൊടുത്തത്.''
''നമ്മടെ കുടുംബം ഇതോടെ തീരും മോളെ. റോണിക്കെതിരെ ജീനായുടെ ആങ്ങള കേസുകൊടുത്തിട്ടൊണ്ടെന്നൊക്കെ കേട്ടല്ലോ?''
''കേസും ചോദ്യം ചെയ്യലും അറസ്റ്റും ഒക്കെ പേടിക്കണം.''
''നിന്റെ പപ്പാ അതേക്കുറിച്ചൊന്നും ചിന്തിക്കുന്നതേയില്ലടീ. അങ്ങേരടെ ഏറ്റവും വലിയ ശത്രു മകനാ. അവന്റെ നാശത്തില്‍ സന്തോഷിക്കുകാ. വേണമെങ്കില്‍  കേസിലൊക്കെ റോണിയെ രക്ഷിക്കാനുള്ള പിടിപാടൊക്കെ നിന്റെ പപ്പയ്ക്കുണ്ട്. പക്ഷേ, ചെറുവിരലനക്കുകേല.''
''എനിക്കു പറ്റുന്നതുപോലെയൊക്കെ  ഞാനവനെ സഹായിക്കും. തനിയെ കഴിയാറാകുംവരെ അവന്റെയൊപ്പം താമസിക്കുകയും ചെയ്യും. അമ്മേ, ഞാനിപ്പം ഫോണ്‍ വയ്ക്കുകാ. റോണി വിളിക്കുന്നുണ്ട്.'' ഷേര്‍ലി ഫോണ്‍ കട്ടാക്കി. വേഗം റോണിയുടെയടുത്തേക്കു ചെന്നു. അവനപ്പോള്‍ ബെഡ്ഡില്‍ എഴുന്നേറ്റിരിക്കുകയാണ്. മുഖത്ത് ഒരു പ്രസന്നഭാവമാണിപ്പോള്‍. 
''ഷേര്‍ലിച്ചേച്ചി വന്നിവിടെയിരിക്ക്. എന്റടുത്ത്. ഒരു കാര്യം പറയാനാ.''
ഷേര്‍ലി അതനുസരിച്ചു.
''ഞാന്‍... ഞാനവളെ കണ്ടുചേച്ചീ... എന്റെ ജീനായെക്കണ്ടു. അവളെന്റെയടുത്തു വന്നിരുന്നു. ആകാശത്ത് വെണ്‍മേഘങ്ങള്‍ക്കിടയില്‍നിന്ന് വെള്ളിച്ചിറകുകള്‍ വീശി പറന്നുവരുകയായിരുന്നു. എന്നെ വിളിച്ചു. ആകാശത്തിലെ വര്‍ണ്ണക്കാഴ്ചകള്‍ കണ്ട് പറന്നുയരാന്‍... ഞാന്‍ മടിച്ചപ്പോള്‍ ബലമായി കൈപിടിച്ചുയര്‍ത്തി. അപ്പോള്‍, എനിക്കും ചിറകുകള്‍ മുളച്ചു. ഞങ്ങള്‍ രണ്ടും ഒന്നിച്ചു പറന്നുയര്‍ന്നു. ഞങ്ങള്‍ വലിയ സന്തോഷത്തിലായിരുന്നു. ഇന്നോളം അനുഭവിക്കാത്ത ആനന്ദാനുഭൂതിയില്‍ ലയിച്ച് കൂടുതല്‍ ഉയരങ്ങളിലേക്കു പറക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം ഒത്തിരി പൂത്തുമ്പികളും പൂമ്പാറ്റകളുമുണ്ട്. പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. ജീനാ... മരിച്ചിട്ടില്ല... അവള്‍ ഇപ്പോഴും എന്നൊടൊപ്പമുണ്ട് ചേച്ചീ.''
ഷേര്‍ലി വാത്സല്യത്തോടെ റോണിയുടെ നെറുകയില്‍ തലോടി. 
''നെനക്ക്... വിശക്കുന്നുണ്ടോ?''
''ഇല്ല.''
''കുടിക്കാന്‍ ചായയോ മറ്റോ വേണോ?'' 
''ഒന്നും വേണ്ട ഷേര്‍ലിച്ചേച്ചീ.''
''ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയതല്ലല്ലോ. കിടന്ന് ഉറങ്ങാന്‍ നോക്ക്. ചിലപ്പോള്‍ ഇനിയും നല്ല സ്വപ്നങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കും.'' ഷേര്‍ലി പറഞ്ഞു.     **    **    **
രാവിലെ മേടയ്ക്കല്‍ ബംഗ്ലാവിന്റെ സിറ്റൗട്ടിലെ തന്റെ വിശിഷ്ടമായ കസേരയിലിരുന്ന് പത്രം വായിക്കുകയാണ്, മാത്തുക്കുട്ടി. തലേന്നത്തെ അമിതമായ ആഘോഷത്തിന്റെ ആലസ്യം മുഖത്തുണ്ട്. ജീനായുടെ ശവസംസ്‌കാരത്തിനും അനുബന്ധവാര്‍ത്തകള്‍ക്കും വലിയ പ്രാധാന്യമാണ് പത്രം കൊടുത്തിരിക്കുന്നത്. രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെല്ലാംതന്നെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതായി വാര്‍ത്തയിലുണ്ട്.
''ജീനാ ജോസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി! ഭര്‍ത്താവും കുടുംബാംഗങ്ങളും സംസ്‌കാരച്ചടങ്ങില്‍നിന്നു വിട്ടുനിന്നു.'' വാര്‍ത്തയുടെ തലക്കെട്ട് അങ്ങനെയാണ്. ഉള്‍പ്പേജിലുള്ള മറ്റൊരു വാര്‍ത്തയിലും ചിത്രത്തിലും മേടയ്ക്കല്‍ മാത്തുക്കുട്ടിയുടെ നോട്ടമെത്തി.
''ജീനായുടെ മരണത്തില്‍ ദുരൂഹത.
കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു.''
പ്രസ്തുത വാര്‍ത്തയില്‍, തന്നെയാണ് പ്രതിസ്ഥാനത്തു നിര്‍ത്തിയിരിക്കുന്നതെന്നു കണ്ടപ്പോള്‍ അയാളുടെ നെറ്റിയില്‍ വിയര്‍പ്പു പൊടിഞ്ഞു.
പത്രം മടക്കി ടീപ്പോയിലേക്കിട്ടു. ടര്‍ക്കിത്തോര്‍ത്തുകൊണ്ട് മുഖം തുടച്ചു.
അപ്പോള്‍ ചായയുമായി മേരിക്കുട്ടി അങ്ങോട്ടെത്തി. 
''അച്ചായാ... ചായ. പതിവു ഭവ്യതയോടെ  മേരിക്കുട്ടി അരികെനിന്നു. കൈയില്‍ വാങ്ങിക്കുകയായിരുന്നു പതിവ്. അതുണ്ടായില്ല.
 ''അങ്ങോട്ടു വച്ചേക്ക്.'' മാത്തുക്കുട്ടി ടീപ്പോയി ചൂണ്ടി പറഞ്ഞു.
''എന്താ അച്ചായാ? മുഖമാകെ വിയര്‍ത്തൊഴുകുന്നല്ലോ.''
''ങ്‌ഹേ! ഒന്നുമില്ല. അല്ല... ഒരുത്തി കൈഞരമ്പു മുറിച്ച് തന്നത്താന്‍ ചത്തതിന് ഒന്നുമറിയാത്ത എന്നെ കുറ്റക്കാരനാക്കാനാ പത്രക്കാരൊക്കെക്കൂടെ നോക്കുന്നത്.''  മാത്തുക്കുട്ടി പറഞ്ഞു.
''അത്... ഇന്നലെ ടീവീല് ആ മരിച്ചടക്കു കണ്ടോണ്ട് തിന്നു കുടിക്കുന്നത് ചാനലിലൊക്കെ വന്നെന്നു കേട്ടു. അതൊക്കെക്കൊണ്ടായിരിക്കും? ഒന്നിച്ചു കുടിച്ചോര് ചതിച്ചതാ. വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരു കൂട്ടുകാരനുമില്ല അച്ചായന്.''
''ചതിയാണെന്നെനിക്കു മനസ്സിലായി. ആളെ പിടികിട്ടുകേം ചെയ്തു. വിടുകേല ഞാന്‍. പണികൊടുക്കും.'' മാത്തുക്കുട്ടി കഠിനരോഷത്തോടെ പല്ലു കടിച്ചു.
''നമ്മുടെ മകന്റെയവസ്ഥയെക്കുറിച്ച് അച്ചായന്‍ എന്തെങ്കിലും ചിന്തിച്ചോ?''
''പുകഞ്ഞ കൊള്ളിയല്ലേ? അതു പുറത്തുതന്നെ.''
''അങ്ങനെ പറയല്ലേ? ഒന്നല്ലേയുള്ളൂ. ആപത്തില്‍പെട്ടിരിക്കുകാ അവന്‍. ഒരു പെണ്ണായ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിവുണ്ടോ?''
''മേരിക്കുട്ടീ, എന്റെ ഭാഗത്ത് എന്തു തെറ്റാ ഉള്ളത്? ഒരു കൂലിപ്പണിക്കാരന്റെ മകളെ അവനിഷ്ടമാ, കെട്ടണോന്നു പറഞ്ഞാലും സമ്മതിക്കുമായിരുന്നില്ലേ? ഇത് മുഴുവട്ടന്റെ മകളെ കെട്ടണോന്നു വാശിപിടിച്ചപ്പം ഞാനെതിര്‍ത്തു. എന്റെ കുടുംബത്തില്‍ ഭ്രാന്തുള്ളോരുണ്ടാകാതിരിക്കാനാ.''
മേരിക്കുട്ടി നിശ്ശബ്ദയായി നിന്നതേയുള്ളൂ.
അപ്പോള്‍ മാത്തുക്കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അയാള്‍ ഉത്കണ്ഠയോടെ അതെടുത്തു.
''ഹലോ... ആരാ വിളിക്കുന്നെ?''
''സ്റ്റേഷനീന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാ. മേടയ്ക്കല്‍ മാത്തുക്കുട്ടിയല്ലേ എടുത്തിരിക്കുന്നെ.''
''അതെ. എന്താ കാര്യം?''
''നാളെ പതിനൊന്നു മണിക്ക് സ്റ്റേഷനില്‍വന്ന് എന്നെ കാണണം.  ജീനാ ജോസിന്റെ മരണവുമായി ബന്ധപ്പെട്ട് താങ്കള്‍ക്കെതിരെ പരാതി കിട്ടിയിട്ടുണ്ട്.''
''വരാം.''
കോള്‍ കട്ടായി. മാത്തുക്കുട്ടിയുടെ ഭാവമാറ്റം കണ്ട് ഭയന്ന് മേരിക്കുട്ടി മടങ്ങിപ്പോയി. ചായ ടീപ്പോയിലിരുന്നു തണുത്തു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)