•  14 Aug 2025
  •  ദീപം 58
  •  നാളം 23
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

  സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോഹന്‍ തോമസ് അരുണിനെ സൂക്ഷിച്ചുനോക്കി. സബ് ഇന്‍സ്‌പെക്ടര്‍ വിജയകുമാറും അവനെ അടിമുടി നിരീക്ഷിച്ചു. 
''നീയാണോടാ ഈ റോണി?'' സി.ഐ. ചോദിച്ചു. 
''അല്ല സാര്‍. ഞാന്‍ റോണീടെ ഫ്രണ്ടാ.''
''അവനിവിടെയുണ്ടോ?''
''ഉണ്ട്. അകത്തു കിടക്കുകാ.''
''കെട്ടിയവളെ ഒടുവിലൊന്നു കാണാന്‍പോലും അവന്‍ വരാത്തതെന്താ?''
''അവന് വരണോന്നും കാണണോന്നുമുണ്ടായിരുന്നു സാറെ. ഞങ്ങളിവിടെ ബലമായി പിടിച്ചു കിടത്തിയതാ. ആളുകള് ഉപദ്രവിക്കുമോന്നു പേടിച്ചു.''
''പോലീസ് പ്രൊട്ടക്ഷന്‍ തരുമായിരുന്നല്ലോ. എന്താ അതാവശ്യപ്പെടാത്തെ?''
''അത്... സാറെ.''
'ആ നല്ലൊരു പെണ്‍കൊച്ചിനെ അവന്‍ കൊന്നതല്ലേടാ? എന്തിനായിരുന്നത്?'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, അരുണിനെ തീക്ഷ്ണമായി നോക്കിക്കൊണ്ടു ചോദിച്ചു.
''ഇങ്ങനെ ചോദിക്കല്ലേ, സാറെ. അവന്‍ കൊന്നിട്ടില്ല. അവരു തമ്മില്‍ വലിയ ഇഷ്ടമായിരുന്നു. രണ്ടു ദിവസമായി വെള്ളംപോലും കുടിക്കാതെ ഇവിടെ കെടക്കുകാ അവന്‍. ഇന്ന്... ഒരു ദിവസത്തേക്കെങ്കിലും ചോദ്യം ചെയ്യല്‍ മാറ്റിയാല്‍ നല്ലതായിരുന്നു.'' അരുണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കുമുമ്പില്‍ കൈകൂപ്പി യാചിച്ചു.
''ഇല്ല. ഇന്നു ചോദ്യം ചെയ്യലൊന്നുമില്ല. അവളുടെ സഹോദരന്‍ ഹോംമിനിസ്റ്റര്‍ക്കു പരാതി കൊടുത്തിരിക്കുവാ. സീല്‍ ചെയ്ത മുറി വീണ്ടും സേര്‍ച്ച് ചെയ്യാനാ ഞങ്ങളെത്തിയത്.'' സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. 
പൊലീസ് ഉന്നതന്മാര്‍ ജീനാ മരിച്ചുകിടന്ന റൂമിനു നേര്‍ക്കു നടന്നു. അരുണ്‍ റോണി കിടക്കുന്ന മുറിയിലേക്കു ചെന്നു. അവന്‍ ഉണര്‍ന്നുകിടക്കുകയാണ്. 
''അരുണേ... പോലീസാണല്ലേ?'' റോണി പരിഭ്രാന്തനായി ചോദിച്ചു.
''അതെ.'' 
''എന്നെ... അറസ്റ്റ് ചെയ്യാനായിരിക്കും.''
''ഇല്ല. പേടിക്കാതെ കിടക്ക്. അവര് ആ റും സേര്‍ച്ച് ചെയ്തിട്ട് പൊയ്‌ക്കോളും.'' അരുണ്‍ അവനു ധൈര്യം പകര്‍ന്നു.
''എടാ... എനിക്കു കുറച്ചുവെള്ളം വേണം.'' റോണി പറഞ്ഞു. അരുണ്‍ പെട്ടെന്ന് ഗ്ലാസില്‍ വെള്ളമെടുത്ത് അവനു കൊടുത്തു. ഒറ്റവലിക്ക് അതു കുടിച്ചുതീര്‍ത്തു.
''നിനക്കു നല്ല വിശപ്പുണ്ടായിരിക്കും. ഇവിടെയൊന്നുമില്ല. തനിച്ചാക്കി പുറത്തുപോയി വാങ്ങിക്കുന്നതെങ്ങനെയാ?''
''എനിക്കു വെശപ്പൊന്നുമില്ല. നീയെങ്ങുംപോകല്ലേ.'' റോണി ദയനീയസ്വരത്തില്‍ പറഞ്ഞു.
''ഞാനെങ്ങും പോകില്ല. നീ ധൈര്യമായിട്ടിരിക്ക്.'' അരുണ്‍ അവന്റെ കൈയില്‍ മുറുകെപ്പിടിച്ചുകൊണ്ടു പറഞ്ഞു. 
ഒരു മണിക്കൂര്‍ നേരത്തെ വിശദമായ പരിശോധന കഴിഞ്ഞ് റൂം വീണ്ടും സീല്‍ ചെയ്തശേഷം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ്ഇന്‍സ്‌പെക്ടറും സ്ഥലം വിട്ടു. തൊട്ടുപിറകേ ഒരു കടുംനീല 'എക്‌സിലോ' കാര്‍ വീട്ടുമുറ്റത്തു കയറിവന്നു. ഡ്രൈവിങ് സീറ്റില്‍നിന്നും ഒത്ത ഉയരവും തക്കതടിയുമുള്ള ചുരിദാര്‍ധാരിയായ മേടയ്ക്കല്‍ ഷേര്‍ലി പുറത്തിറങ്ങി. കണ്ണട ധരിച്ച മുഖത്ത് ദൃഢഭാവമുള്ള ഷേര്‍ലിയുടെ കൈയില്‍ ഏതോ ഹോട്ടലില്‍നിന്നു വാങ്ങിച്ച പാഴ്‌സല്‍ കിറ്റുമുണ്ടായിരുന്നു. വാഹനശബ്ദംകേട്ട് അരുണ്‍ പുറത്തേക്കിറങ്ങി വന്നു.
''റോണീടെ ചേച്ചിയല്ലേ? ഷേര്‍ലിച്ചേച്ചി?'' അരുണ്‍ വന്നയാളെ തിരിച്ചറിഞ്ഞുകൊണ്ടു ചോദിച്ചു.
''അതെ. എന്നെയറിഞ്ഞല്ലോ.''
''നമ്മള് മുമ്പു പരിചയപ്പെട്ടിട്ടും മിണ്ടീട്ടുമുണ്ട്. ഇവരുടെ കല്യാണത്തിന്. റോണീടെ ബന്ധുക്കളില്‍ ഷേര്‍ലിച്ചേച്ചി മാത്രമല്ലേ, അന്നു വന്നത്.'' 
''ഇപ്പം എനിക്കും ആളെ പിടികിട്ടി. അരുണെന്നല്ലേ പേര്?''
''അതെ.''
''എന്റെ കൊച്ചേ നീ അവനു കൂട്ടായിട്ടു വന്നത് ഒത്തിരി നന്നായി. ഒട്ടും കരുത്തില്ലാത്ത ശുദ്ധപാവമാ റോണി. ഞാനിങ്ങോട്ട് പേടിച്ചുപേടിച്ചാ വന്നത്. അവന്‍ കെടക്കുകാണോ?''
''സങ്കടപ്പെട്ട് ഒന്നും കഴിക്കാതെ ക്ഷീണിച്ചുകെടക്കുകാ. ജീനായെ കാണാന്‍ പോണമെന്നും പറഞ്ഞ് വലിയ ബഹളമുണ്ടാക്കി. എന്റെകൂടെ വിവേകുമുണ്ടായിരുന്നു. ഞങ്ങള് അടക്കിക്കെടത്താന്‍ ഒത്തിരി വിഷമിച്ചു. ചേച്ചി വാ, അവന്റെയടുത്തേക്കു പോകാം.''
അരുണ്‍, ഷേര്‍ലിയെ റോണിയുടെയടുത്തേക്കു കൂട്ടിക്കൊണ്ടുപോയി.
കണ്‍മുമ്പില്‍ ഷേര്‍ലിച്ചേച്ചിയെ കണ്ടപ്പോള്‍ റോണിയുടെ നിയന്ത്രണം വിട്ടു.
''എന്റെ ജീനാ... എന്നെയിട്ടേച്ചു പോയല്ലോ. അവളെന്തിനിങ്ങനെ ചെയ്തു, ഷേര്‍ലിച്ചേച്ചീ? ഞാനെന്തു മാത്രം സ്‌നേഹിച്ചതാ അവളെ? ഇങ്ങനെ ചെയ്യുമെന്ന് എന്തെങ്കിലുമൊരു സൂചന തന്നില്ലല്ലോ... എനിക്കവളെ അവസാനമൊന്നു കാണാന്‍പോലും കഴിഞ്ഞില്ലല്ലോ...''
ഷേര്‍ലി റോണിയുടെ അരികെ ബെഡ്ഡിലിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞുതൂവി. ഷേര്‍ലി വാത്സല്യത്തോടെയും കാരുണ്യത്തോടെയും റോണിയുടെ നെറുകയില്‍ തലോടി. 
''റോണീ, ഞാന്‍ ജീനായെ യാത്രയാക്കാന്‍ ആ വീട്ടില്‍ പോയിരുന്നു.'' 
''ങ്‌ഹേ? ചേച്ചി പോയോ അവിടെ?'' റോണി എടുത്തുചോദിച്ചു, അതിശയത്തോടെ.
''പോയെടാ. ജീനായ്ക്ക് ഏറ്റവുമിഷ്ടമുണ്ടായിരുന്ന മുല്ലപ്പൂക്കള്‍ ദേഹത്തു വിതറുകയും ചെയ്തു. എന്നെയവിടെയാരും തിരിച്ചറിഞ്ഞില്ലെന്നു തോന്നി.''
''ഞാന്‍... ഞാനെന്തൊരു പാപിയാ... ശപിക്കപ്പെട്ടവനാ... ഷേര്‍ലിച്ചേച്ചിക്കറിയോ, ഞാന്‍ കാരണമാ ജീനാ മരിച്ചത്.... ഞാനാണവളെ കൊന്നത്.''
ഷേര്‍ലി രോഷത്തോടെ പെട്ടെന്നവന്റെ വായ പൊത്തി.
''റോണീ, പറയരുതങ്ങനെ, ഒരിക്കലും... ആരോടും... അപകടമാ. ശ്രദ്ധിക്കണം നീ.'' ഷേര്‍ലി മുന്നറിയിപ്പുപോലെ പറഞ്ഞു.
''ഞാന്‍ പറഞ്ഞതു സത്യമാ. എനിക്കു പിഴവു പറ്റി. വലിയ പിഴവ്.'' റോണി, ഷേര്‍ലിച്ചേച്ചിയുടെ കൈയില്‍പിടിച്ച് കരഞ്ഞുകൊണ്ടു പറഞ്ഞു.
''എടാ... പോകാനുള്ളവള്‍ പോയി. ഇനിയെന്തു പറഞ്ഞാലും എത്ര കരഞ്ഞാലും അവള്‍ തിരിച്ചുവരുകയില്ല. നിന്റെ ജീവിതത്തിലെയും നമ്മുടെ കുടുംബത്തിലെയും ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പിടിച്ചുനിന്നേ പറ്റൂ. കരകയറിയേ പറ്റൂ. അതിനുള്ള വഴിയാ നോക്കണ്ടത്.''
''അവളില്ലാതെ എനിക്കൊരു ജീവിതമില്ല ചേച്ചീ. ഞാന്‍ വലിയ ഒരു കുറ്റവാളിയാ. ജീവനെപ്പോലെ സ്‌നേഹിച്ച പെണ്ണിനെ മരണത്തിനു വിട്ടുകൊടുത്തവന്‍... ഞാന്‍ മരിച്ചാല്‍ എല്ലാം അതോടെ തീരും. ജീവിക്കുകയാണെങ്കില്‍ കുറ്റബോധത്തിന്റെ  തീച്ചൂളയില്‍ എന്നും വെന്തുനീറുകയായിരിക്കും.''
''ഇപ്പം ഞാന്‍ നിന്നോടൊന്നും പറയുന്നില്ല. നിന്റെ മനസ്സു തണുപ്പിക്കാന്‍ കഴിയുന്ന ഒരു ഉപദേശകയുമല്ല. ഒന്നോര്‍ക്കണം. എന്നും നിന്റെ കൂടെ നിന്നവളാ ഞാന്‍. നിന്റെ കല്യാണത്തിന് അപ്പനും അമ്മയുമില്ലെങ്കിലും ഈ പെങ്ങളുണ്ടായിരുന്നു. മറക്കരുത്.''
''എല്ലാം... എല്ലാമെനിക്കറിയാം ഷേര്‍ലിച്ചേച്ചീ.''
''എന്നാല്‍, പറയുന്നതു കേള്‍ക്ക്. നെനക്ക് നല്ല വെശപ്പുണ്ടെന്ന് എനിക്കറിയാം. മസാല ദോശയും വാങ്ങിച്ചാ ഞാന്‍ വന്നിരിക്കുന്നെ. നിന്റെ കൂട്ടുകാരനും പഞ്ഞമായിരിക്കും. എഴുന്നേല്‍ക്ക്. രണ്ടുപേരും കൂടി കഴിക്ക്.'' ഷേര്‍ലി പറഞ്ഞു.
അരുണ്‍ കിച്ചണില്‍ച്ചെന്ന് പ്ലേറ്റുകളും കുടിക്കാനായി ജഗ്ഗില്‍ വെള്ളവും ഗ്ലാസുകളും എടുത്തുകൊണ്ടുവന്നു. ഷേര്‍ലി റോണിയെ എഴുന്നേല്പിച്ചിരുത്തി. അവന്റെ മുഖത്തെ സകല ശോഭയും മാഞ്ഞുപോയതുപോലെ തോന്നിച്ചു. ഷോള്‍കൊണ്ട് ഷേര്‍ലി റോണിയുടെ മുഖം അമര്‍ത്തിത്തുടച്ചു. ഗ്ലാസില്‍ പകര്‍ന്നുകൊടുത്ത വെള്ളം അവന്‍ ആര്‍ത്തിയോടെ കുടിച്ചു. ഷേര്‍ലി മസാലദോശ ചട്ട്ണിയില്‍ മുക്കി വായോടടുപ്പിച്ചപ്പോള്‍ അവന്‍ മടുപ്പുകാട്ടി.
''എനിക്കു കഴിക്കാന്‍ വയ്യ ഷേര്‍ലിച്ചേച്ചീ.'' അവന്‍ പറഞ്ഞു.
''ഒന്നും പറയണ്ട. ഞാന്‍ തരുന്നത് മര്യാദയ്ക്കങ്ങു കഴിച്ചാല്‍ മതി.'' അടിക്കാനെന്നോണം കൈയോങ്ങിക്കൊണ്ട് ഷേര്‍ലി പറഞ്ഞു. ഒരു രോഗിയെപ്പോലെ അവന്‍ അത് സാവകാശം കഴിച്ചുതുടങ്ങി. അരുണിന് കത്തുന്ന വിശപ്പുണ്ടായിരുന്നു. അവന്‍ ധൃതിയില്‍ ആര്‍ത്തിയോടെ കഴിച്ചു. മസാലദോശയുടെ പകുതി മാത്രമേ റോണി കഴിച്ചുള്ളൂ. ഷേര്‍ലി നിര്‍ബന്ധിച്ചില്ല. 
അപ്പോള്‍ അരുണിന്റെ ഫോണ്‍ ശബ്ദിച്ചു. വിവേകിന്റെ കോള്‍.
''ഹലോ... വിവേകേ... എങ്ങനെയുണ്ട് പപ്പായ്ക്ക്.''
മറുപടിയല്ല, അവന്‍ വിങ്ങിപ്പൊട്ടുന്ന ശബ്ദമാണ് ഫോണിലൂടെ വന്നത്. 
''പപ്പാ... മരിച്ചുപോയെടാ... ഹോസ്പിറ്റലില്‍ സമയത്തെത്തിക്കാന്‍ പറ്റിയില്ല. വീട്ടില്‍... മമ്മി മാത്രമല്ലേ, ഉണ്ടായിരുന്നുള്ളൂ.''
''ഞാന്‍ ഉടനെ വരാമോയെന്നു നോക്കട്ടെ. ഇവിടെയിപ്പോള്‍ റോണിയുടെ ചേച്ചി വന്നിട്ടുണ്ട്.''
''ങാ... ഞാന്‍ വയ്ക്കുകാ.'' വിവേക് കോള്‍ കട്ടാക്കി. 
''ആരാ അരുണേ മരിച്ചത്?'' ഷേര്‍ലി തിരക്കി.
''വിവേകിന്റെ പപ്പാ. വിവേകിവിടെ എന്നോടൊപ്പം ഉണ്ടായിരുന്നു. അവന്റെ പപ്പായെ ആശുപത്രിയിലാക്കിയെന്ന് അറിയിച്ചഴാ പോയത്. 
ഏതായാലും ഷേര്‍ലിച്ചേച്ചി വന്നതു നന്നായി.'' അരുണ്‍ പറഞ്ഞു. 
''അരുണ്‍ എപ്പോള്‍ വേണമെങ്കിലും പൊയ്‌ക്കോ. ഞാനിവിടെ നിന്നോളാം. കെട്ടിക്കാത്ത ഒരു പെങ്ങളുള്ളതുകൊണ്ട് ആങ്ങളയ്ക്ക് ഇങ്ങനെയെങ്കിലും ഒരു പ്രയോജനം കിട്ടട്ടെ.''
''ചെറിയ ഒരു പ്രശ്‌നമുണ്ട്. എന്റെ കാറ് വിവേക് കൊണ്ടുപോയി. ഇനി ഞാന്‍ ബസ് കയറി പോകേണ്ടി വരും.''
''അതുവേണ്ട. ഓടിക്കാന്‍ പറ്റുമെങ്കില്‍ എന്റെ കാര്‍ നീ കൊണ്ടുപൊയ്‌ക്കോളൂ.''
''ഓടിക്കാന്‍ ബുദ്ധിമുട്ടില്ല. ഞാന്‍ ഏതു വാഹനവും ഓടിക്കും. ഹെവി ലൈസന്‍സ് വരെയെടുത്തിട്ടുണ്ട്.'' അരുണ്‍ പറഞ്ഞു.
ഷേര്‍ലി, എക്‌സിലോ കാറിന്റെ കീ അപ്പോള്‍ത്തന്നെ അരുണിനു കൊടുത്തു.
അല്പം രഹസ്യമായി ഒരു കാര്യം ഷേര്‍ലിച്ചേച്ചിയോടു സംസാരിക്കാനുണ്ട്.'' അരുണ്‍ സ്വരം താഴ്ത്തിപ്പറഞ്ഞു.
രണ്ടുപേരും റോണി കിടക്കുന്ന മുറിയില്‍നിന്നിറങ്ങി മറ്റൊരു മുറിയിലെത്തി.
''അരുണേ, എന്താ പറയാനുള്ളത്?'' ഷേര്‍ലി ഉദ്വേഗത്തോടെ ചോദിച്ചു.
''റോണിയുടെ ഓഫീസ് ടേബിളിലിരുന്ന ഒരു പുസ്തകത്തില്‍നിന്ന് എനിക്കൊരു കത്തുകിട്ടി.''
''ങ്‌ഹേ! ജീനാ എഴുതിയതാണോ?''
''അതേ.''
''നീയതു വായിച്ചില്ലേ?''
''വായിച്ചു. അല്പം പ്രശ്‌നമുണ്ടാക്കുന്ന കത്താണ്.''
''ഹൊ! പോലീസിന്റെ കൈയില്‍ കിട്ടാഞ്ഞതു നന്നായി.'' ഷേര്‍ലി പറഞ്ഞു.
''അത് നമുക്കെന്തു ചെയ്യണം? കത്തിച്ചുകളയണോ?''
''പറയാം. നീയതെവിടെ വച്ചു?''
''എന്റെ പാന്റിന്റെ പോക്കറ്റില്‍ത്തന്നെയുണ്ട്.''
''കാണിക്ക്.''
അരുണ്‍, പാന്റിന്റെ പോക്കറ്റില്‍നിന്നെടുത്ത ജീനായുടെ മരണക്കുറിപ്പ് ഷേര്‍ലിയുടെ കൈയില്‍ കൊടുത്തു. 
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)