•  4 Sep 2025
  •  ദീപം 58
  •  നാളം 26
നോവല്‍

മിഴിയിതള്‍പ്പൂക്കള്‍

''റോണീ, നീ ഇനി ഇവിടെ തനിയെ താമസിക്കാനാണോ തീരുമാനം?'' രാവിലെ അവനു ബ്രേക്ക് ഫാസ്റ്റ് വിളമ്പിക്കൊടുത്തുകൊണ്ട് ഷേര്‍ലി ചോദിച്ചു.
''അല്ലാതെ ഞാനെന്തു ചെയ്യും ചേച്ചീ? മറ്റൊരു വീട് പെട്ടെന്നു കണ്ടെത്താനെളുപ്പമല്ല.''
''നമ്മുടെ വീട്ടിലേക്കു വരില്ലെന്നു നിനക്കു വാശിയാണോ?''
''വാശിയൊന്നുമില്ല. പക്ഷേ, എങ്ങനെ ഞാനാ വീട്ടിലേക്കു കയറി വരുമെന്ന് ചേച്ചി ചിന്തിക്ക്. കല്യാണം കഴിഞ്ഞ് ഞാനും അവളും വീട്ടിലേക്കു വന്ന നേരത്ത് ചേച്ചിയുമുണ്ടായിരുന്നല്ലോ, അവിടെ. പപ്പാ മുറ്റത്തുവച്ച് ഞങ്ങളെ തടഞ്ഞു. ജീനായുടെ നെറ്റിയില്‍ കുരിശുവരച്ച് തഴുകി അകത്തേക്കു കൈപിടിച്ചുകയറ്റേണ്ട അമ്മ ഒന്നും മിണ്ടാതെ നിന്നു. അപമാനിതരായി, അവഹേളിതരായി ഞങ്ങള്‍ തിരിഞ്ഞുനടന്നു.''
''അന്ന് എവിടെയാ നിങ്ങള്‍ താമസിച്ചത്?''
''ചേച്ചി വന്നപ്പോള്‍ ഇവിടുണ്ടായിരുന്ന അരുണിന്റെ വീട്ടിലേക്കാണു പോയത്. സൗകര്യങ്ങളൊക്കെ കുറവുള്ള വീടായിരുന്നു അവന്റേത്. എന്നിട്ടും ഞങ്ങള്‍ക്കുവേണ്ടതെല്ലാം ഒരുക്കിത്തന്നു. ജീനാ കരച്ചിലോടു കരച്ചിലായിരുന്നു അന്ന്. അവളെ കല്യാണം കഴിച്ചതു കാരണം എനിക്കെല്ലാം നഷ്ടപ്പെട്ടല്ലോയെന്നോര്‍ത്താണവള്‍ കരഞ്ഞത്. ഇടവകപ്പള്ളിയില്‍ നടന്നിട്ടുള്ള കല്യാണങ്ങളില്‍ ഏറ്റവും ദരിദ്രമായ കല്യാണമായിരുന്നല്ലോ ഞങ്ങളുടേത്. വിളിച്ചുവന്നവര്‍ക്ക് ഒരു നാരങ്ങാവെള്ളംപോലും കൊടുക്കാന്‍ പറ്റിയില്ല.''
''നിന്റെ കല്യാണത്തിന് ആര്‍ഭാടം കുറഞ്ഞത് ഒരു കുറവായി എനിക്കന്നു തോന്നിയില്ല. മനസ്സുകൊണ്ട് പരസ്പരം ഇഷ്ടപ്പെട്ടവര്‍ തമ്മില്‍ ഒരുമിക്കാന്‍ കഴിഞ്ഞില്ലേ.''
''അതെ. എനിക്കു ചേച്ചി പറഞ്ഞ ഫീലിങ്ങായിരുന്നു. ആരെയും വിളിക്കാതെ, സദ്യയില്ലാതെ, കേക്കു മുറിക്കലും വൈന്‍കുടിക്കലുമില്ലാതെയുള്ള ഇടപാട് എനിക്കു വിഷമമാകുമെന്നവള്‍ കരുതി.''
''ജീനായുടെ പപ്പായും മമ്മിയും കല്യാണത്തിനു വന്നില്ല, അല്ലേ.''
''വന്നില്ല. അവളുടെ പപ്പായുടെ കാര്യം ചേച്ചിക്കറിയാമല്ലൊ. നോര്‍മലായിരിക്കുമ്പം വളരെ നല്ലയാളാ. എപ്പം വേണമെങ്കിലും ആ നെല മാറാം. പപ്പായെ അതുകൊണ്ടാ മാറ്റിയത്. പപ്പായില്ലാതെ മമ്മിയും വരണ്ടെന്നു വച്ചു.''
''കഴിഞ്ഞതൊന്നും അധികമോര്‍ക്കണ്ട. എനിക്കു വീടുവരെയൊന്നു പോകണമെന്നുണ്ടായിരുന്നു. എന്തായാലും നിന്നെ തനിച്ചാക്കി ഞാന്‍ പോവില്ല.'' 
''സാരമില്ല ചേച്ചീ. ഇനിയിപ്പം ഞാന്‍ തനിയെയാണെങ്കിലും കഴിഞ്ഞുപോകും. ചേച്ചി ഭയപ്പെടുംപോലെ, ഞാന്‍ ജീനാ ചെയ്തതുപോലൊന്നും ചെയ്യുകേല. ഇനിയുള്ള എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കുറ്റബോധംകൊണ്ട് നൊന്തുനീറുന്നതായിരിക്കും. ചങ്കുപറിച്ചുതരുന്ന സ്‌നേഹമായിരുന്നു ജീനായുടേത്. ഞാനവളെയും  അതുപോലെ സ്‌നേഹിച്ചു. അതിനിടയിലുണ്ടായ ഒരു കൊച്ചുപിണക്കം. ഒരിക്കലും അവളോടു പറയരുതാത്ത ഒരു വാക്ക് എന്റെ നാവില്‍നിന്നുണ്ടായി. അത്... അതു കാരണമാ ഷേര്‍ലിച്ചേച്ചീ, ജീനാ മരിച്ചത്. ഞാന്‍ ശരിക്കുമൊരു കൊലപാതകിതന്നെയാ.''
ഷേര്‍ലി, റോണിയുടെ ചുമലില്‍ കൈവച്ചു. എന്താണു പറഞ്ഞതെന്നവള്‍ ചോദിച്ചില്ല. ജീനായുടെ മരണക്കുറിപ്പില്‍നിന്നും ഷേര്‍ലിക്കതു വ്യക്തമായിരുന്നു. എത്രമാത്രം സ്‌നേഹിച്ചു വിവാഹിതരായവരാണ്. ഒരു വര്‍ഷംപോലുമാകുംമുമ്പേ അവരുടെ ജീവിതം തുലഞ്ഞു. എന്തുമാത്രം പീഡനങ്ങളും കൊള്ളിവാക്കുകളും അനുഭവിച്ച് ജീവിതം തുടരുന്ന ഭാര്യമാര്‍ എത്രയോ ഉണ്ട്. പ്രണയത്തിന്റെ കൊടുമുടിയില്‍ കഴിഞ്ഞവരാണ് റോണിയും ജീനായും. അവള്‍ ഒന്നു ക്ഷമിച്ചിരുന്നെങ്കില്‍... ഇത്തിരി സഹിച്ചിരുന്നെങ്കില്‍? അവളെ ഏറ്റവും വേദനിപ്പിക്കുകയും മുറിവേല്പിക്കുകയും ചെയ്ത വാക്കുകള്‍ അവന്‍ പറയാതിരുന്നെങ്കില്‍...
''റോണീ, ജീവിതത്തില്‍ ഓരോ മനുഷ്യനും ഏതെങ്കിലുമൊക്കെ വലിയ വിപത്തുകളുണ്ടാകാം. അതിനെ അതിജീവിച്ചേ പറ്റൂ. ഇവിടെയിങ്ങനെ മുറിയില്‍ ചടഞ്ഞിരുന്നാല്‍ വിചാരങ്ങള്‍ കൂടും. നാളെ മുതല്‍ നീ ജോലിക്കു പോയിത്തുടങ്ങ്.'' ഷേര്‍ലി ഉപദേശിച്ചു. 
റോണി ദീനമായി ഷേര്‍ലിയെ നോക്കി.
''ചേച്ചീ, എനിക്കു പുറത്തിറങ്ങാന്‍... ആളുകളെ ഫേസ് ചെയ്യാന്‍... ഓഫീസില്‍ചെന്ന് സഹപ്രവര്‍ത്തകര്‍ക്കുമുമ്പില്‍ നില്‍ക്കാന്‍ പേടിയാകുകാ...''
''റോണീ, നീ കാരണമാ ജീനാ മരിച്ചതെന്ന് കാണുന്നവരോടൊക്കെ പറയരുത്. മനസ്സിന് ഒട്ടും ഉറപ്പില്ലാത്ത എടുത്തുചാട്ടക്കാരാ ഇത്തരം മണ്ടത്തരം കാണിക്കുന്നത്. അങ്ങനെയൊരു വൈകല്യം അവള്‍ക്കുണ്ടായിരുന്നു. വെറും വിവരദോഷിക
ളാണങ്ങനെയൊക്കെ ചെയ്യുന്നത്. അവള്‍ നിന്നോടും നമ്മുടെ കുടുംബത്തോടും ചെയ്തത് കൊലച്ചതിയല്ലേ?''
അസഹ്യമായ സങ്കടത്തോടെ റോണി തലകുടഞ്ഞു.
''ഷേര്‍ലിച്ചേച്ചീ, ഇങ്ങനെയൊക്കെ പറയാതെ. ജീനാ പാവമായിരുന്നു... കുറ്റം മുഴുവന്‍ എന്റേതാ. ഞാന്‍ മാത്രമാ ഇങ്ങനെ സംഭവിച്ചതിനു കാരണം.''
''റോണീ, നീയിനിയൊരിക്കലും ആരോടും, ഇങ്ങനെ പറയരുത്. വലിയ ദോഷമുണ്ടാക്കും. സ്റ്റേഷനില്‍ കേസുണ്ട്. കോടതിയിലും കേസുവന്നേക്കും. പോലീസിനോടും കോടതിയോടും നീയിതു പറഞ്ഞാല്‍ റിമാന്‍ഡിലായെന്നു വരും. രക്ഷിക്കാനാര്‍ക്കും കഴിയില്ല.'' ഷേര്‍ലി മുന്നറിയിപ്പു നല്‍കി.
റോണിയുടെ ചൊടികള്‍ വിറച്ചു. എന്തോ പറയാന്‍ വന്നെങ്കിലും അതിനു കഴിഞ്ഞില്ല.
അപ്പോള്‍ ഷേര്‍ലിയുടെ ഫോണ്‍ റിങ് ചെയ്തു.
നേരിയ വെപ്രാളത്തോടെ അവള്‍ സ്‌ക്രീനില്‍ നോക്കി.
അരുണിന്റെ കോള്‍.
''ഹലോ... അരുണ്‍... എവിടെയാ?''
''ഞാന്‍ ഉടനെ അങ്ങോട്ടു വരും. എന്തെങ്കിലും വാങ്ങിച്ചോണ്ടു വരണോ?''
''ഒന്നും വേണ്ട. ഇവിടെ വേണ്ടതൊക്കെ ഫോണ്‍ വിളിച്ചു വരുത്തുന്നുണ്ട്.''
''ഷേര്‍ലിച്ചേച്ചി, അവന്റെയടുത്താണോ?''
''അതെ.''
''ഒന്നൊരല്പം മാറി നില്ക്കാമോ?''
''മാറാം.'' ഷേര്‍ലി ഫോണുമായി സിറ്റൗട്ടിലേക്കിറങ്ങി.
''ചേച്ചി, പത്രവും ടി.വി.യുമൊന്നും കാണുന്നില്ലായിരിക്കും.''
''ഇല്ല. അതൊന്നും തോന്നുന്നുമില്ല.''
''ജീനായുടെ നാട്ടില്‍ ആക്ഷന്‍ കൗണ്‍സിലും സമരവുമൊക്കെ തുടങ്ങിയിരിക്കുകാ. അവളുടെ മരണം കൊലപാതകമാണെന്നാ ആരോപണം. ഷേര്‍ലിച്ചേച്ചീടെ പപ്പായെ പോലീസ് ചോദ്യം ചെയ്‌തെന്നൊക്കെ പത്രത്തിലും ടീവീലും കണ്ടു.''
''അരുണേ, ഞാനൊന്നുമറിഞ്ഞില്ല. പപ്പായെ എന്തിനാ പോലീസ്?''
ഷേര്‍ലി പരിഭ്രാന്തയായി.
''മകനെ തിരിച്ചുകിട്ടാന്‍ വേണ്ടി, ജീനായെ ഗുണ്ടകളെവിട്ട് കൊല്ലിച്ചതാണെന്നാ സംശയം.''
''ഇല്ല. അതു തെറ്റാ. അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അരുണ്‍ ഇങ്ങോട്ടൊന്നു വരുമോ?''
എനിക്കു വീട്ടിവരെയൊന്നു പോണം.''
''ഉടനെയെത്തും ചേച്ചീ.''
''അരുണിന്റെ കൈയില്‍ ജീനാ എഴുതിയ കത്ത് സുരക്ഷിതമാണല്ലോ.''
''അതെ. ഞാനതുകൂടിക്കൊണ്ടുവരാം.''
അവന്‍ കോള്‍ കട്ടാക്കി.
പപ്പായെ പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത ഷേര്‍ലിയെ അമ്പരപ്പിച്ചു. കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. റോണിക്കൊപ്പം പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന താനൊന്നുമറിയുന്നില്ല! പപ്പാ ക്വൊട്ടേഷന്‍കാരെ വിട്ട് ജീനായെ വകവരുത്തിയതാണെന്ന പ്രചാരണം വ്യാപകമായി നടക്കുന്നു. പോലീസ് ചോദ്യം ചെയ്‌തെന്നുകൂടി കേള്‍ക്കുമ്പോള്‍ ജനം മുഴുവന്‍ അതു വിശ്വസിക്കും. മേടയ്ക്കല്‍ മാത്തുക്കുട്ടിക്ക് അത്യാവശ്യം ക്വട്ടേഷന്‍ ബന്ധമൊക്കെയുണ്ടെന്നു ഷേര്‍ലിക്കറിയാം. ജീനായുടെ മരണം പക്ഷേ, ആത്മഹത്യതന്നെയാണെന്ന് ഷേര്‍ലി വിശ്വസിക്കുന്നു. 
ജീനാ എഴുതിയ കത്ത്, അവളുടേത് ആത്മഹത്യതന്നെയാണെന്നതിന് വ്യക്തമായ തെളിവാണ്. അത് പോലീസ് കണ്ടെടുക്കേണ്ടതായിരുന്നു. അവിചാരിതമായി അരുണിനാണ് അതു കിട്ടിയത്. കിട്ടിയപ്പോള്‍ത്തന്നെ കത്ത് പോലീസിലേല്പിക്കേണ്ടതായിരുന്നു. റോണിക്കെതിരേ ഗൗരവമായ പരാമര്‍ശങ്ങള്‍ അതിലുണ്ട്. അതുകൊണ്ടാണ് മറച്ചുവച്ചത്. ഇനിയതെന്തു ചെയ്യണമെന്നു ഷേര്‍ലിക്കു നിശ്ചയമില്ല. 
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അരുണ്‍, ഷേര്‍ലിയുടെ കാറോടിച്ച് റോണിയുടെ വീട്ടിലെത്തിയത്. 
''ഷേര്‍ലിച്ചേച്ചീ, കാറിന്റെ അലൈന്‍മെന്റിന് അല്പം പ്രശ്‌നമുണ്ട് കേട്ടോ.'' കീ തിരിച്ചേല്പിച്ചുകൊണ്ട് അരുണ്‍ പറഞ്ഞു. 
''എനിക്കും തോന്നിയിട്ടുണ്ട്. വര്‍ക്ക്‌ഷോപ്പില്‍ കാണിക്കണം.'' ഷേര്‍ലി പറഞ്ഞു.
''അവന്‍ കുറച്ചൊക്കെ ഓക്കെ ആയോ ചേച്ചീ.' അരുണ്‍ തിരക്കി.
''അത്ര പെട്ടെന്ന് അവന്‍ റിക്കവറാകുമെന്നു തോന്നുന്നില്ല. തനിച്ചു വിട്ടിട്ടുപോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല.''
''ചേച്ചി പോകുമ്പോള്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയാലോ?''
''ഞാനവനോടങ്ങനെ പറഞ്ഞുനോക്കിയതാ. സമ്മതിക്കുന്നില്ല. തന്നെയിവിടെ താമസിക്കാനാ തീരുമാനമെന്നു പറഞ്ഞു.''
''തനിച്ചാകുമ്പോഴാണ് മനസ്സിലേക്ക് ഓരോ ദുഷ്ചിന്തകള്‍ കടന്നുവരുന്നത്. ഇവിടെ സംഭവിച്ചതെന്താ? ഏതോ നിസ്സാരകാര്യത്തിന് റോണിയും ജീനായും പിണങ്ങി. അവന്‍ നിയന്ത്രണമില്ലാതെ എന്തോ പറഞ്ഞു. പെട്ടെന്ന് ജോലി സ്ഥലത്തേക്കു പോകുകയും ചെയ്തു. ഇവിടെ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നിശ്ചയമായും ഇങ്ങനെയൊരു ദുരന്തമുണ്ടാകുകയില്ലായിരുന്നു.'' അരുണ്‍ പറഞ്ഞു. 
അവന്‍ സൂചിപ്പിച്ചത് ഒരു പ്രധാനകാര്യമാണെന്ന് ഷേര്‍ലിക്കു തോന്നി.
''നമുക്കാര്‍ക്കും സ്ഥിരമായി ഇവിടെ വന്നു താമസിക്കാനാവില്ലല്ലോ. എങ്ങനെയെങ്കിലും നിര്‍ബന്ധിച്ച് വീട്ടിലേക്കു മടക്കിക്കൊണ്ടുപോകാന്‍ നോക്കണം.'' ഷേര്‍ലി പറഞ്ഞു.
അപ്പോള്‍ അവരുടെ സംസാരം കേട്ടുകൊണ്ടാകണം റോണി മുറിയില്‍നിന്നിറങ്ങി അടുത്തേക്കു വന്നു.
''അരുണേ, വിവേക് വലിയ സങ്കടത്തിലാണോ?'' തളര്‍ന്ന ശബ്ദത്തില്‍ റോണി തിരക്കി.
''അച്ഛന്റെ ദേഹം ചിതയിലേക്കെടുത്തപ്പോള്‍ അവന്‍ പിടിവിട്ട് വലിയവായില്‍ കരഞ്ഞു. മോഹാലസ്യപ്പെടുകയും ചെയ്തു. സമയത്തു ഹോസ്പിറ്റലില്‍ കൊണ്ടുപോയിരുന്നെങ്കില്‍ ആളു രക്ഷപ്പെടുമായിരുന്നല്ലോയെന്നോര്‍ത്താണ് വലിയ സങ്കടം.''
''ഒരുവിധത്തില്‍ പറഞ്ഞാല്‍ വിവേകിന്റെ അച്ഛന്റെ മരണത്തിനു കാരണം ഞാനാണ്. വിവേക് ഇങ്ങോട്ട് എന്റടുത്തേക്കു വന്നിരുന്നില്ലെങ്കില്‍...'' റോണി പറഞ്ഞു.
''എടാ, നീയിങ്ങനെ വെറുതെ ഓരോന്നാലോചിച്ച് ടെന്‍ഷന്‍ കൂട്ടാതെ. ഓരോ മനുഷ്യന്റെയും മരണത്തിന് ഒരു ദിവസവും സമയവുമുണ്ട്. അതിനു മാറ്റം വരുത്താന്‍ മറ്റുള്ളവര്‍ക്കു കഴിയില്ല.'' അരുണ്‍ ഉപദേശംപോലെ പറഞ്ഞു.
''റോണീ, നിനക്കു വിശക്കുന്നില്ലേ? ഉച്ചയ്‌ക്കൊന്നും കഴിച്ചില്ലല്ലോ.'' ഷേര്‍ലി ചോദിച്ചു.
''ഒന്നും കഴിക്കാന്‍ തോന്നുന്നില്ല ചേച്ചീ. എനിക്ക്... നിങ്ങള് രണ്ടുപേരോടും ഒരപേക്ഷയുണ്ട്.'' അവന്‍ പറഞ്ഞു.
''നീ പറയ്.'' അരുണ്‍ ആകാംക്ഷയോടെ നോക്കി.
''സെമിത്തേരിയില്‍... ജീനായുടെയടുത്ത് എന്നെയൊന്നു കൊണ്ടുപോകുമോ?''
''പോകാം.'' ഷേര്‍ലി സമ്മതമറിയിച്ചു.
''ജീനാ എന്തു പാവമായിരുന്നു... എന്നെ എന്തുമത്രം സ്‌നേഹിച്ചു. എത്ര നന്ദികെട്ടവനാ ഞാന്‍. അവളെ യാത്രയാക്കാന്‍പോലും പോകാത്ത പരമദുഷ്ടന്‍. അവസാനമായി അവള്‍ക്കൊരുമ്മ കൊടുക്കാന്‍... അവളുടെ ദേഹത്ത് ഒരുപിടിപൂക്കള്‍ വിതറാന്‍ കഴിയാത്ത പാപി.'' റോണി വിങ്ങിക്കരഞ്ഞു.
വൈകുന്നേരം നാലുമണിയോടെ റോണിയും ഷേര്‍ലിയും അരുണുംകൂടി ജീനായെ സംസ്‌കരിച്ച പള്ളിസെമിത്തേരിയിലേക്കു കാറില്‍ പുറപ്പെട്ടു. ഒരു മണിക്കൂര്‍കൊണ്ടാണ് പള്ളിമുറ്റത്തു കാറെത്തിയത്. അടുത്ത കാലത്തു പുതുക്കിപ്പണിത മനോഹരമായ സെന്റ് മേരീസ് ദേവാലയത്തില്‍ക്കയറി അവര്‍ അല്പനേരം പ്രാര്‍ഥിച്ചു. പിന്നെ പുറത്തിറങ്ങി തൊട്ടടുത്തുള്ളതും ആകര്‍ഷകമായി പരിപാലിക്കുന്നതുമായ സെമിത്തേരിയിലേക്കു നടന്നു. ജീനായെ സംസ്‌കരിച്ച കല്ലറ ഷേര്‍ലിക്കു നിശ്ചയമുണ്ട്. ഗേറ്റ് കടന്നുചെന്നപ്പോള്‍ കല്ലറയ്ക്കുസമീപം യൂണിഫോംധാരിയായ ഒരു പൊലീസുകാരനെ കണ്ടു. അയാള്‍ മൊബൈല്‍ ഫോണ്‍കൊണ്ട് ഏതോ ദൃശ്യം പകര്‍ത്തുകയാണ്. 
''ജീനായുടെ കല്ലറയ്ക്കുസമീപമാണയാള്‍ നില്‍ക്കുന്നത്.'' ഷേര്‍ളി പറഞ്ഞു. 
എല്ലാവര്‍ക്കും  സംഭ്രമമുണ്ടായി. 
''അയാള്‍ എന്തിനായിരിക്കും അവിടെ?'' അരുണ്‍ ഷേര്‍ലിയെയും റോണിയെയും നോക്കി.
മറുപടിയുണ്ടായില്ല.
പൊലീസുകാരന്‍ പെട്ടെന്നുതന്നെ തിരിഞ്ഞുനടന്ന് അവര്‍ക്കരികെകൂടി വന്ന് ഗേറ്റ് കടന്നുപോയി. പള്ളിമുറ്റത്തുനിന്ന് ഒരു ബൈക്ക് സ്റ്റാര്‍ട്ടാക്കി പോകുന്ന ശബ്ദവും അവര്‍ കേട്ടു.
അവര്‍ മെല്ലെ ജീനായുടെ കല്ലറയുടെയടുത്തേക്കു നടന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)