കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ കാണുന്നത് സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്ന് ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് സന്തോഷിച്ചു. എന്നാല്‍, ഭര്‍ത്താവറിയാതെ ഗര്‍ഭച്ഛിദ്രം നടത്തി വര്‍ഷ. ബാത്‌റൂമില്‍ വീണ് ഗര്‍ഭം അലസി എന്നവള്‍ ജയേഷിനോടു നുണ പറഞ്ഞു. ഒരു രാത്രി പെയ്ത മഴയില്‍ വീടിനു സമീപം നിന്ന മരം കടപുഴകി വീണ് സിസിലി മരിച്ചു. എല്‍സ ഒറ്റപ്പെട്ടു. ഡോക്ടര്‍ മനു അവള്‍ക്ക് തന്റെ ആശുപത്രിയില്‍ ജോലി കൊടുത്തു. എല്‍സയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഡോക്ടര്‍ മനു അമ്മയോടു പറഞ്ഞു. അമ്മയുടെ നിര്‍ദേശപ്രകാരം ഒരു ദിവസം എല്‍സയെ മനു തന്റെ വീട്ടില്‍ കൊണ്ടുചെന്നു. എല്‍സയുടെ സംസാരവും പെരുമാറ്റവും മനുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായി.
(തുടര്‍ന്നു വായിക്കുക)
രാവിലെ കുളി കഴിഞ്ഞ് വേഷം മാറിയിട്ട് വര്‍ഷ ഭക്ഷണം കഴിക്കാനായി ഡൈനിങ് റൂമിലേക്കു വന്നു. കൈകഴുകി ഡൈനിങ് ടേബിളിനരികില്‍ കസേരയില്‍ ഇരുന്നിട്ട് അവള്‍ പ്ലേറ്റില്‍ ഇഡ്ഡലി എടുത്തിട്ട് മീതെ ചട്ണി ഒഴിച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അടുക്കളയില്‍നിന്ന് സൂസമ്മ അങ്ങോട്ടുവന്നു.
''മോളേ, അടുത്ത പത്താംതീയതി പ്രിയമോളുടെ കുഞ്ഞിന്റെ ബര്‍ത്‌ഡേയാണ്. എല്ലാരും ചെല്ലണമെന്നു പറഞ്ഞിട്ടുണ്ട്. അന്നു മോള്‍ക്കു ലീവെടുക്കാന്‍ വയ്യേ?''
''എടുക്കാം അമ്മേ! ജയേഷ് എന്നോടു പറഞ്ഞിരുന്നു.''
''ഇന്നോ നാളെയോ പ്രിയമോള് നേരിട്ടു വിളിച്ചുപറയും.''
''പറഞ്ഞില്ലെങ്കിലും ഞാന്‍ വരാം അമ്മേ.''
സൂസമ്മയ്ക്കു സന്തോഷമായി. ജയേഷിന്റെ സഹോദരിയാണ് പ്രിയ.
''ഒരിഡിലികൂടി കഴിക്കൂ മോളേ. ഇല്ലേല്‍ ഉച്ചയാകുമ്പോഴേക്കും വിശക്കും.''
സൂസമ്മ ഒരു ഇഡ്ഡലികൂടി അവളുടെ പ്ലേറ്റിലേക്ക് എടുത്തിട്ടിട്ട് മീതെ ചട്ണി ഒഴിച്ചു കൊടുത്തു.
തിടുക്കത്തില്‍ ഭക്ഷണം കഴിച്ച് എണീറ്റ് കൈകഴുകിയിട്ട് വര്‍ഷ പുറത്തേക്കിറങ്ങി സ്‌കൂട്ടറില്‍ കയറി പാഞ്ഞുപോയി.
ഓഫീസില്‍, ഉച്ചയ്ക്കുള്ള ഇടവേളയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ദീപക് അടുത്തേക്കു വന്നു.
''ഹായ്... വര്‍ഷ.''
''ഹായ്...''
വര്‍ഷയുടെ സമീപം കസേര വലിച്ചിട്ട് ഇരുന്നിട്ട് ദീപക് വര്‍ഷയെ ആപാദചൂഡം ഒന്നു നോക്കിയിട്ട് പറഞ്ഞു.
''ഈ ഡ്രസ് നന്നായിട്ടു ചേരും കേട്ടോ. ഇപ്പം കൂടുതല്‍ ബ്യൂട്ടിഫുള്‍ ആയി.''
താങ്ക്യു.'' വര്‍ഷ ഒരു മുഴം ഉയര്‍ന്നു.
''ഹസിന്റെ സെലക്ഷനാണോ?''
''ഓ... ഹസ്! പുള്ളിക്കാരന്‍ ഒന്നു നോക്കുകപോലുമില്ല. ഞാനിത്തിരി മോഡേണ്‍ ഡ്രസു ധരിച്ചാല്‍ അയ്യോ നാലാളു കാണുമ്പം മോശമാ, വേറെ ധരിക്കെന്നു പറഞ്ഞു മാറ്റി ധരിപ്പിക്കുന്ന കക്ഷിയാ.''
''ആളൊരു പഴഞ്ചനാന്ന് അര്‍ഥം.''
''പഴഞ്ചനെന്നല്ല, അറുപഴഞ്ചന്‍. ഒരു പുതിയ ഡ്രസു ധരിച്ചു മുമ്പില്‍ വന്നു നില്‍ക്കുമ്പം ഏതൊരു ഹസും, ങ്ഹാ... കൊള്ളാം ബ്യൂട്ടിഫുള്‍ ആയിരിക്കുന്നൂന്ന് പറയില്ലേ! ഇതു കണ്ട ഭാവം നടിക്കില്ല. പുതിയതാണോന്നുപോലും പുള്ളിക്കാരനറിഞ്ഞൂടാ.''
''ഒട്ടും റൊമാന്റിക്കല്ലെന്നു ചുരുക്കം.''
''സത്യം. അച്ചനാകാന്‍ പോകേണ്ട ആളായിരുന്നു. കാലക്കേടിന് എന്റെ തലേലായി.'' അതു പറഞ്ഞിട്ട് അവള്‍ ചിരിച്ചു.
''ബുദ്ധിജീവിയാണോ?''
''ഏയ്. ബുദ്ധിജീവിയൊന്നുമല്ല. ഒരു മിണ്ടാമൂളി. അമ്മയുടേം അപ്പന്റേം കാല്‍ച്ചുവട്ടില്‍ കഴിയുന്ന ഒരു സാധുമനുഷ്യന്‍. അമ്മ പറയുന്നതിനപ്പുറം ഒരു ചുവടുവയ്ക്കില്ല പുള്ളിക്കാരന്‍. ഒട്ടും മോഡേണല്ല. പുറത്തുപോയി നല്ല ഫുഡ് കഴിക്കണമെന്നോ, ഔട്ടിങ്ങിനു പോയി അടിച്ചുപൊളിക്കണമെന്നോ, ഒരു സിനിമയ്ക്കു പോകണമെന്നോ ഒന്നും ആഗ്രഹമില്ലാത്ത ഒരു മനുഷ്യന്‍. എന്റെ ചിന്താഗതിയുമായി ഒട്ടും ചേര്‍ന്നുപോകാന്‍ പറ്റാത്ത ഒരാള്‍. ദൈവം അതിനെ എന്റെ കൈയിലേക്കു പിടിച്ചുതന്നു. ഞാനോര്‍ക്കാറുണ്ട് ദൈവം എന്തിനാ ഈ ചേരാത്തതിനെ പിടിച്ചു ചേര്‍ത്തുവയ്ക്കുന്നതെന്ന്. പരസ്പരം തല്ലു കൂടുന്നതു കണ്ടു രസിക്കാനായിരിക്കും.'' അതു പറഞ്ഞിട്ട് അവള്‍ ചിരിച്ചു.
''അപ്പം തല്ലു തുടങ്ങിയോ?''
''ഏയ്, അത്രയ്ക്കങ്ങട് ആയിട്ടില്ല.''
''അതൊക്കെ എന്നെ കണ്ടുപഠിക്കണം. വൈഫിനെ സന്തോഷിപ്പിക്കുന്നതില്‍ ഞാന്‍ അഗ്രഗണ്യനാ. അവളെപ്പഴും പറയും നല്ല റൊമാന്റിക്കായ ഹസ്ബന്‍ഡിനെയാണ് കിട്ടിയതെന്ന്. അവള്‍ എപ്പം പുതിയ ഡ്രസ് ധരിച്ചുവന്നോ അപ്പം പറയും ഉഗ്രന്‍. ഇപ്പം കൂടുതല്‍ സുന്ദരിയായി എന്ന്. കേള്‍ക്കുന്ന അവള്‍ക്കും സന്തോഷം പറയുന്ന എനിക്കും സന്തോഷം! പെണ്ണുങ്ങളുടെ സൈക്കോളജി അറിയാവുന്നതുകൊണ്ട് ആ രീതിയില്‍ സുഖിപ്പിച്ചും സന്തോഷിപ്പിച്ചും ഞാനങ്ങു പോകുന്നു.''
''ദീപക്കിന്റെ വൈഫ് ഭാഗ്യവതിയാ.''
''ഒരു കാര്യം ചെയ്യാം. ഈ ബോറടി മാറ്റാന്‍ നാളെ നമുക്കൊരു സിനിമയ്ക്കു പോയാലോ?'' ദീപക് ഒരടവ് പ്രയോഗിച്ചു.
''നമ്മളു രണ്ടും തനിച്ചോ?''
''അതിനെന്താ? മുമ്പ് നമ്മളു പോയിട്ടുണ്ടല്ലോ!''
''അതു ചെന്നൈയിലായിരുന്നപ്പോഴല്ലേ? അതുമല്ല, അന്ന് എന്റെ കല്യാണം കഴിഞ്ഞിരുന്നില്ലല്ലോ.''
''കല്യാണം കഴിച്ച ഒരു സ്ത്രീ ഒരു സഹപ്രവര്‍ത്തകന്റെ കൂടെ ഒരു സിനിമയ്ക്കു പോകുന്നത് പാപമാണോ?''
''പാപമല്ല; പക്ഷേ, ഹസ്ബന്റ് അറിഞ്ഞാല്‍...''
''പോകാന്‍ പറയണം. താന്‍ കൊണ്ടുപോകാത്തതുകൊണ്ടല്ലേ സഹപ്രവര്‍ത്തകന്റെ കൂടെ പോയതെന്നു പറയണം.''
വര്‍ഷ ചിരിച്ചതേയുള്ളൂ.
''ജീവിതം ഒന്നേയുള്ളൂ. അതടിച്ചുപൊളിച്ചു ജീവിക്കണം. അല്ലാതെ ഹസ്ബന്റിന്റെ തടവറയില്‍ കിടന്നു ജീവിതം കളയേണ്ടവളല്ല സ്ത്രീ. ഞാന്‍ നാളത്തേക്ക് രണ്ടു ടിക്കറ്റ് ബുക്കുചെയ്യുവാ. വര്‍ഷ വരുന്നില്ലെങ്കില്‍ ഒരെണ്ണത്തിന്റെ കാശ് പൊക്കേട്ടേന്നു വയ്ക്കും.''
അതു പറഞ്ഞിട്ട് ദീപക് എണീറ്റ് വേഗം പുറത്തേക്കിറങ്ങി.
വര്‍ഷ ധര്‍മസങ്കടത്തിലായി. എന്തു ചെയ്യണം? നല്ലൊരു സുഹൃത്താണ് ദീപക്. സന്തോഷവും സങ്കടവും പങ്കിടാന്‍ പറ്റിയ നല്ല സഹപ്രവര്‍ത്തകന്‍. ചെന്നൈയിലായിരുന്നപ്പോള്‍ നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് എറണാകുളത്തിനു ട്രാന്‍സ്ഫറായപ്പോള്‍ അടുപ്പം കുറഞ്ഞു. ഇപ്പോള്‍ ദീപക്കും എറണാകുളത്തിനു വന്നിരിക്കുന്നു. പഴയ സൗഹൃദം അതേപടി തുടരണോ? വര്‍ഷ ആലോചിച്ചു. താന്‍ വിവാഹിതയായ ഒരു സ്ത്രീയല്ലേ?ജയേഷ് അറിഞ്ഞാല്‍ തെറ്റിദ്ധരിക്കില്ലേ? ദീപക്കിനെ പിണക്കാനും മനസ്സു വരുന്നില്ല.
ഏറെ ആലോചിച്ചതിനുശേഷം അവള്‍ ഒരു തീരുമാനമെടുത്തു. പോകാം. ജയേഷ് അറിയണ്ടാ. കല്യാണം കഴിഞ്ഞ എത്രയോ പെണ്ണുങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സിനിമയ്ക്കും ഉല്ലാസയാത്രയ്ക്കും പോകുന്നു. പഴയ കാലമല്ലല്ലോ ഇത്. ജയേഷ് ഒരു നല്ല ഭര്‍ത്താവായിരുന്നെങ്കില്‍ എല്ലാ ആഴ്ചയും തന്നെ സിനിമയ്ക്കു കൊണ്ടുപോയേനെ. ദീപകിന് ഇങ്ങനൊരു ചോദ്യത്തിന് സാഹചര്യമേ ഉണ്ടാകുമായിരുന്നില്ല.
പിറ്റേന്ന് ഉച്ചയായപ്പോള്‍ ദീപക് വര്‍ഷയെ മൊബൈലില്‍ വിളിച്ചു.
''അപ്പം എങ്ങനാ, സിനിമയ്ക്കു വര്വല്ലേ? രണ്ടു ടിക്കറ്റ് എടുത്തിട്ടുണ്ട്.'
''ഞാന്‍ വരണോ ദീപക്?''
''വരണം. എന്നോടു സ്‌നേഹമുണ്ടെങ്കില്‍ വരണം. ഇല്ലെങ്കില്‍ വേണ്ട.''
''ശരി. വരാം. എന്നെ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുള്ള ആളല്ലേ. വിളിച്ചാല്‍ വരാണ്ടിരിക്കാന്‍ പറ്റില്ലല്ലോ.''
''അപ്പോ ഉച്ചകഴിഞ്ഞ് ഹാഫ് ഡേ ലീവ്?''
''ഓക്കെ.''
വര്‍ഷ ഓര്‍ത്തു. എത്ര സ്‌നേഹമുള്ള സഹപ്രവര്‍ത്തകനാണ് ദീപക്. ഈ സ്‌നേഹത്തിന്റെ നാലിലൊന്ന് ജയേഷിനുണ്ടായിരുന്നെങ്കില്‍! നല്ലൊരു ഡ്രസ് ധരിച്ചാല്‍ ഒന്നഭിനന്ദിക്കാനോ വല്ലപ്പോഴുമൊന്നു സിനിമയ്ക്കു പോകാനോ ഒരു വിനോദയാത്രയ്ക്കു പോകാനോ താത്പര്യം കാണിക്കുന്നില്ലല്ലോ ജയേഷ്. ദീപക് എത്ര ജോളിയാണ്! അടുത്തിരുന്നാല്‍ ചിരിയും തമാശകളുമായി സമയം പോകുന്നതറിയുകയേയില്ല.
നഗരത്തിലെ തിയേറ്ററില്‍ ദീപകിന്റെ തൊട്ടടുത്തിരിക്കുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയമുണ്ടായിരുന്നു വര്‍ഷയ്ക്ക്. പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍? ദീപക് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. അവന്റെ തമാശകള്‍ ആസ്വദിക്കാവുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല വര്‍ഷ.
സിനിമ തുടങ്ങി. തിയേറ്ററില്‍ ഇരുട്ടു പടര്‍ന്നു. ദീപക് വര്‍ഷയോടു ചേര്‍ന്നിരുന്നിട്ട് അവളുടെ കൈയില്‍ മുറുകെപ്പിടിച്ചു. വര്‍ഷ കോരിത്തരിച്ചുപോയി. അവള്‍ കൈവലിച്ചില്ല.
സിനിമ തുടരുമ്പോള്‍ ദീപക് അവളുടെ കവിളില്‍ ഒരു ചുംബനം നല്‍കി. പെട്ടെന്ന് വര്‍ഷ അയാളെ തട്ടിമാറ്റിയിട്ടു പറഞ്ഞു.
''നോ.''
''ഇഷ്ടമായില്ലേ?''
''ഇല്ല.''
ദീപക് കൈ വലിച്ചു. പിന്നീട് അയാള്‍ മൗനമായി ഇരുന്നതേയുള്ളൂ. വര്‍ഷയും ഒന്നും മിണ്ടാന്‍ പോയില്ല. എത്രയും വേഗം സിനിമ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു അവള്‍ക്ക്.
സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ദീപക് ചോദിച്ചു:
''ഞാന്‍ ചെയ്തത് തെറ്റായിപ്പോയീന്നു തോന്നുന്നുണ്ടോ?''
''ദീപക്കിന് ഒരു ഭാര്യയുണ്ട്. എനിക്കൊരു ഭര്‍ത്താവും. കല്യാണം കഴിഞ്ഞ സ്ഥിതിക്ക് നമുക്കിടയില്‍ ചില അതിര്‍വരമ്പുകളൊക്കെയുണ്ട്. അതു ലംഘിച്ച് ഒന്നും ചെയ്യാന്‍ പാടില്ല. ഒരു നല്ല സുഹൃത്ത് എന്നതിലപ്പുറം ഞാനൊന്നും ദീപക്കില്‍നിന്നു പ്രതീക്ഷിച്ചിട്ടില്ല. അങ്ങനൊരാഗ്രഹവും ഇല്ല.''
''സ്‌നേഹം പ്രകടിപ്പിക്കാന്‍ ഒന്നു കിസ് ചെയ്തതു തെറ്റായിപ്പോയോ?''
''സ്‌നേഹപ്രകടനത്തിന് വേറെത്രയോ മാര്‍ഗമുണ്ട് ദീപക്.'
''എന്നോടു ദേഷ്യം തോന്നുന്നുണ്ടോ?''
''ഇല്ല. നമ്മള്‍ നല്ല ഫ്രണ്ട്‌സായിത്തന്നെ തുടരും. ഇനി ഇതാവര്‍ത്തിക്കരുതെന്ന് ഒരു റിക്വസ്റ്റേ ഒള്ളൂ.''
''സോറി. ഞാന്‍ മാപ്പു ചോദിക്കുന്നു.''
''മാപ്പു ചോദിക്കാന്‍മാത്രം വലിയ തെറ്റെന്നും ചെയ്തില്ല. ദീപക് എന്നോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതാന്ന് പറഞ്ഞ സ്ഥിതിക്ക് ആ വിഷയം അവിടെ തീര്‍ന്നു. നമ്മള്‍ പഴയതുപോലെ തന്നെ നല്ല സുഹൃത്തുക്കളായി തുടരും ദീപക്.''
''സന്തോഷമായി.''
ദീപകിന്റെ മനസ്സിലെ ആകുലത ഒഴിഞ്ഞു.
അവള്‍ ക്ഷമിച്ചു എന്നു കേട്ടപ്പോള്‍ ആശ്വാസമായി.
പെട്ടെന്ന് വര്‍ഷയുടെ മൊബൈല്‍ ശബ്ദിച്ചു. എടുത്തു നോക്കിയപ്പോള്‍ അങ്ങേത്തലയ്ക്കല്‍ ജയേഷ്!
''ഹലോ.''
''ഇന്ന് ഇത്തിരി നേരത്തേ വര്വോ? സെക്കന്‍ഡ് ഷോയ്ക്കു പോകാനാ? പപ്പേം അമ്മേം ഒക്കെയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്‌തേക്കട്ടെ.''
''ഏതു സിനിമയാ ജയേഷ്?''
ജയേഷ് സിനിമയുടെ പേരു പറഞ്ഞു.
''വരാം ജയേഷ്. ബുക്കു ചെയ്‌തോ.''
''ഒരുപാട് സ്പീഡിലൊന്നും പോരണ്ടാട്ടോ. രാത്രി ഒമ്പതരയ്ക്കാ സിനിമ. സൂക്ഷിച്ച് ഓടിച്ചോണം.''
''ഉം.'' ഫോണ്‍ കട്ടായി.
''എന്താ?'' ദീപക് ആകാംക്ഷയോടെ വര്‍ഷയെ നോക്കി.
''നമ്മള്‍ ഇപ്പ കണ്ട സിനിമ ഇന്നു രാത്രി വീണ്ടും ഞാന്‍ കാണാന്‍ പോകുന്നു; എന്റെ ഹസ്ബന്റിനോടൊപ്പമിരുന്ന്.''
''കുറ്റബോധം തോന്നുന്നുണ്ടോ?''
''എന്താന്നറിയില്ല; മനസ്സിലൊരു നൊമ്പരം.''
''സാരമില്ല. രണ്ടു ദിവസം കഴിയുമ്പം മാറിക്കോളും.'' ദീപക് സമാധാനിപ്പിക്കാന്‍ നോക്കി. വര്‍ഷ പിന്നീടൊന്നും മിണ്ടിയില്ല. ദീപക്കിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.
വീട്ടില്‍ വന്നപ്പോള്‍ ഏഴുമണി കഴിഞ്ഞിരുന്നു. എല്ലാവരും സിനിമയ്ക്കു പോകാനുള്ള സന്തോഷത്തിലിരിക്കയാണ്. വിശേഷങ്ങള്‍ പങ്കുവച്ചശേഷം അവള്‍ കുളിക്കാന്‍ പോയി.
ദേഹത്തു സോപ്പു തേക്കുമ്പോള്‍ ദീപക്കിനൊപ്പം ഇരുന്നു സിനിമ കണ്ടതിലുള്ള കുറ്റബോധമായിരുന്നു മനസ്സില്‍ നിറയെ. തെറ്റല്ലേ താന്‍ ചെയ്തത്? വിവാഹിതയായ ഒരു സ്ത്രീ ഭര്‍ത്താവറിയാതെ സഹപ്രവര്‍ത്തകന്റെ കൂടെ സിനിമയ്ക്കു പോകാമോ? പോകാം. ഈ ആധുനികകാലത്ത് അതൊരു തെറ്റായി കാണേണ്ടതില്ല. മനസ്സില്‍ അങ്ങനെ പറഞ്ഞ് ആശ്വസിക്കാന്‍ ശ്രമിച്ചു അവള്‍.
തിയേറ്ററില്‍ ജയേഷിന്റെ തൊട്ടടുത്ത് ഇരിക്കുമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു. സിനിമ തുടങ്ങിയപ്പോള്‍ ജയേഷ് വര്‍ഷയോടു ചേര്‍ന്നിരുന്നിട്ട് അവളുടെ കൈയില്‍ അവന്റെ വിരലുകള്‍ കോര്‍ത്തുപിടിച്ചു. ആ സ്‌നേഹപ്രകടനം കണ്ടപ്പോള്‍ ദീപക് കൈയില്‍ മുറുകെപ്പിടിച്ചതാണ് മനസ്സിലേക്ക് ഓടിക്കയറി വന്നത്. മനസ്സിലെ കുറ്റബോധം തീയായി ആളിപ്പടര്‍ന്നു. സിനിമ ആസ്വദിക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല അവളപ്പോള്‍!
ജയേഷ് വലതുകരം നീട്ടി വര്‍ഷയെ തന്നിലേക്കു ചേര്‍ത്തുപിടിച്ചു. ഈ സ്‌നേഹപ്രകടനമാണ് താന്‍ കൊതിച്ചത്. വര്‍ഷ ഓര്‍ത്തു. ജയേഷിന് തന്നോട് ഒരുപാട് സ്‌നേഹമുണ്ട്. അതു പ്രകടിപ്പിക്കാന്‍ അറിയില്ല എന്നൊരു കുറവേയുള്ളൂ. ദീപക്കിനുള്ളത് ശാരീരികസ്‌നേഹം മാത്രം! അവന്റെ ഉള്ളു നിറയെ കാപട്യമാണ്. ഇന്ന് തിയേറ്ററിനുള്ളില്‍ രണ്ടുപേരുടെയും സ്‌നേഹത്തിന്റെ വ്യത്യാസം താന്‍ തിരിച്ചറിഞ്ഞു. ക്ഷമിക്കൂ ജയേഷ്. മനസ്സില്‍ അവള്‍ ജയേഷിനോടു മാപ്പ് ചോദിച്ചു.
(തുടരും)