•  21 Nov 2024
  •  ദീപം 57
  •  നാളം 37
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ പരസ്പരം സ്‌നേഹിച്ചുകഴിഞ്ഞിരുന്ന അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു  പോയി. പിന്നീട് തമ്മില്‍ കാണുന്നത് സൂസമ്മയുടെ മകന്‍ ജയേഷിന്റെ വിവാഹത്തിനു ക്ഷണിക്കാന്‍ സൂസമ്മയും ജയേഷും ഹൈറേഞ്ചില്‍ ചെന്നപ്പോഴാണ്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം  സിസിലിയുടെ ജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിനു നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി ജയേഷ്. എല്‍സയുടെ കാലിന്റെ മുടന്തു മാറ്റാനുള്ള സര്‍ജറിക്കു പണം കൊടുക്കാമെന്നു ജയേഷ് അറിയിച്ചു. ഇതറിഞ്ഞ വര്‍ഷ കോപാകുലയായി. പണം തരില്ലെന്ന് എല്‍സയെ വിളിച്ചറിയിച്ചു. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷ് സന്തോഷിച്ചു. എന്നാല്‍, ഭര്‍ത്താവറിയാതെ ഗര്‍ഭച്ഛിദ്രം നടത്തി വര്‍ഷ. ബാത്‌റൂമില്‍ വീണ് ഗര്‍ഭം അലസി എന്നവള്‍ ജയേഷിനോടു കള്ളം പറഞ്ഞു. ഒരു രാത്രി പെയ്ത മഴയില്‍ വീടിനു സമീപം നിന്ന മരം കടപുഴകി വീണ് സിസിലി മരിച്ചു. എല്‍സ ഒറ്റപ്പെട്ടു. ഡോക്ടര്‍ മനു അവള്‍ക്ക് തന്റെ ആശുപത്രിയില്‍ ജോലി കൊടുത്തു. എല്‍സയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം ഡോക്ടര്‍ മനു അമ്മയെ അറിയിച്ചു. എല്‍സയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു അമ്മ.
(തുടര്‍ന്നു വായിക്കുക)

നിയാഴ്ച പുലര്‍ച്ചെ എണീറ്റ് എല്‍സ കുളിച്ചു ഫ്രഷായി. ഏഴരയ്ക്ക് മെസ്ഹാളില്‍ പോയി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. തിരിച്ചു റൂമില്‍ വന്ന് അവള്‍ ആലോചിച്ചു. ഇന്ന് ഏതു ഡ്രസ് ധരിക്കണം? വൈകുന്നേരം ഡോക്ടര്‍ മനുവിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകാനുള്ളതാണ്. ഏറ്റവും നല്ല ഡ്രസ് ധരിച്ചുവേണം ചെല്ലാന്‍. കാണുമ്പോഴേ കൊള്ളാം മിടുക്കിയാണ് എന്നൊരു തോന്നല്‍ വീട്ടുകാര്‍ക്കുണ്ടാകണമല്ലോ.
ആദ്യമായി ശമ്പളം കിട്ടിയപ്പോള്‍ വാങ്ങിയ ചുരിദാര്‍ എടുത്തവള്‍ ധരിച്ചു. മുടിചീകി ഒതുക്കി കെട്ടിവച്ചിട്ട്, മുഖത്ത് പൗഡറിട്ട്, കണ്ണാടിയില്‍ തിരിഞ്ഞും മറിഞ്ഞും നോക്കി. കൊള്ളാം; ഈ ഡ്രസ് നന്നായി ചേരുന്നുണ്ട്.
മനുവിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ ധരിക്കാനുള്ള ഡ്രസ് എടുത്ത് അവള്‍ ബാഗില്‍ ഒതുക്കിവച്ചു.
ആശുപത്രിയിലേക്കു നടക്കുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ആശങ്കയുണ്ടായിരുന്നു. എന്തിനായിരിക്കും ഡോക്ടര്‍ മനു തന്നെ വീട്ടിലേക്കു ക്ഷണിച്ചത്? തന്നെ കാണണമെന്ന് ആഗ്രഹിക്കാന്‍ തക്കവിധം എന്തു കാര്യമാണ് മനു പപ്പയോടും അമ്മയോടും പറഞ്ഞിട്ടുണ്ടാവുക? താന്‍ ഒരനാഥയാണെന്നു കേട്ടപ്പോഴുള്ള സഹതാപംകൊണ്ടാകാം!
അഞ്ചുമണിയായപ്പോള്‍ ഡോക്ടര്‍ മനുവിന്റെ ഫോണ്‍ കോള്‍ എത്തി.
''ഇറങ്ങാറായോ?'' 
''ഒരു പത്തുമിനിറ്റുകൂടി.''
''ഞാന്‍ താഴെ പാര്‍ക്കിങ് ഏരിയായില്‍ കണ്ടേക്കാം. അങ്ങോട്ടു പോരെ.''
''ഉം.''
എല്‍സ ജോലിയെല്ലാം പൂര്‍ത്തിയാക്കി അടുത്ത ആളെ ഡ്യൂട്ടി ഏല്പിച്ചിട്ട് ക്ലോക്കില്‍ നോക്കിയപ്പോള്‍ മണി അഞ്ചുപത്ത്. ബാഗെടുത്ത് തിടുക്കത്തില്‍ പടികളിറങ്ങി താഴേക്കു ചെന്നപ്പോള്‍ കാറിനു സമീപം മനു നില്പുണ്ടായിരുന്നു.
''കയറിക്കോ.''
മനു ഇടതുവശത്തെ മുന്‍ ഡോര്‍ തുറന്നു കൊടുത്തു. എല്‍സ കയറിയിരുന്നു. ഡോര്‍ അടച്ചിട്ട് വലതുവശത്തുവന്ന് മനു ഡ്രൈവര്‍ സീറ്റില്‍കയറിയിരുന്നിട്ട് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. കാര്‍ സാവധാനം റോഡിലേക്കുരുണ്ടു. 
''ഇന്ന് എന്റെ വീട്ടിലേക്കാ യാത്രയെന്ന് കൂട്ടുകാരികളോടോ മറ്റോ പറഞ്ഞോ?''
''ഇല്ല. ചേച്ചീടെ വീട്ടില്‍ പോക്വാന്നും പറഞ്ഞാ ഇറങ്ങീത്.''
''നന്നായി. ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ കഥകളുണ്ടാക്കി കൈമാറും.''
എല്‍സ ചിരിച്ചതേയുള്ളൂ.
''അമ്മയും അനിയത്തിയും കാണണമെന്ന് ഒരാഗ്രഹം പറഞ്ഞപ്പോള്‍  ഒന്നു കാണിച്ചേക്കാമെന്നു വച്ചു.''
''എന്നെപ്പറ്റി അവരോടു പറഞ്ഞോ?''
''ഓരോ കാര്യങ്ങള്‍ പറയുന്നതിനിടയില്‍ എല്‍സയെ പരിചയപ്പെട്ട കാര്യം ഞാന്‍ പറഞ്ഞു. അമ്മയും അപ്പനും ഇല്ലാത്ത കുട്ടിയാന്നു കേട്ടപ്പോള്‍ കാണണമെന്ന് അവര്‍ക്കൊരാഗ്രഹം. കൊണ്ടുവരാമെന്നു ഞാനും പറഞ്ഞു. അത്രേയുള്ളൂ.''
''ഡോക്ടറുടെ പപ്പേം അമ്മേം അനിയത്തിയേയുമൊക്കെ കാണണമെന്ന് എനിക്കും ആഗ്രഹമുണ്ട്.''
 കാര്‍ ഓടുന്നതിനിടയില്‍ ഓരോന്നു ചോദിച്ചും പറഞ്ഞുമിരുന്നു മനു. ഇടയ്ക്ക് തമാശയും ചിരിയും. സമയംപോയതറിഞ്ഞതേയില്ല. 
ദീര്‍ഘനേരത്തെ യാത്രയ്ക്കുശേഷം കാര്‍ വീട്ടുമുറ്റത്തു വന്നുനിന്നു.
''ഇതാ എന്റെ വീട്.''
കാര്‍ പാര്‍ക്കു ചെയ്തിട്ട് മനു ഇറങ്ങി. പിന്നാലെ എല്‍സയും. കാറിന്റെ ശബ്ദം കേട്ടിട്ടാവണം വാതില്‍തുറന്ന് നിഖില സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.
''വാ.''
എല്‍സയെ വിളിച്ചിട്ട് മനു നടന്ന് സിറ്റൗട്ടിലേക്കു കയറി. പിന്നാലെ ബാഗും തൂക്കി സാവധാനം എല്‍സയും. അപ്പോഴേക്കും അമ്മ തെരേസ വാതില്‍ക്കലേക്ക് എത്തിയിരുന്നു.
''ഇതാണ് അമ്മ കാണണമെന്നു പറഞ്ഞ എല്‍സ.'' മനു പരിചയപ്പെടുത്തി.
തെരേസയും നിഖിലയും അവളെ അടിമുടി നോക്കി. കൊള്ളാം. സുന്ദരിയാണ്. ഒറ്റനോട്ടത്തിലേ ഇരുവര്‍ക്കും ഇഷ്ടമായി.
''കേറി വാ മോളേ.''
തെരേസ അവളെ അകത്തേക്കു ക്ഷണിച്ചു. എല്‍സ സാവധാനം നടന്ന് സ്വീകരണമുറിയിലേക്കു കയറി.
''ഇരിക്ക് മോളേ.'' തെരസേ സെറ്റിയിലേക്കു കൈചൂണ്ടി.
ബാഗ് തറയില്‍ വച്ചിട്ട് അവള്‍ സെറ്റിയില്‍ ഇരുന്നു.
''നിങ്ങള് സംസാരിച്ചിരിക്ക്. ഞാന്‍ ഡ്രസ് മാറീട്ടു വരാം.''
മനു സ്റ്റേര്‍കേസ് കയറി മുകളിലത്തെ നിലയിലേക്കു പോയി.
''എല്‍സേടെ കാര്യം മനു പറഞ്ഞപ്പം ഞങ്ങളു പറഞ്ഞു ഒന്നു കൂട്ടിക്കൊണ്ടുവാ, കാണാല്ലോന്ന്.''
തെരേസ അതു പറഞ്ഞപ്പോള്‍ എല്‍സ ചിരിച്ചതേയുള്ളൂ.
''വീട് എവിടെയാ?'' നിഖില ചോദിച്ചു.
എല്‍സ സ്ഥലപ്പേരു പറഞ്ഞു.
''നിങ്ങളു സംസാരിച്ചിരിക്ക്. ഞാന്‍ ചായയെടുക്കാം.'' തെരേസ അടുക്കളയിലേക്കു വലിഞ്ഞു. നിഖില അഭിമുഖമായി സെറ്റിയില്‍ ഇരുന്നിട്ടു ചോദിച്ചു.
''ഇപ്പം ഹോസ്റ്റലിലാ താമസം അല്ലേ?''
''ഉം.'' അവള്‍ തലകുലുക്കി.
''പപ്പേം അമ്മേം മരിച്ചുപോയി അല്ലേ?''
''ഉം.''
''ചേട്ടായി പറഞ്ഞു. ഒരു ചേച്ചി ഉണ്ടല്ലേ?''
''ഉം.''
''ചേച്ചിയെ എവിടാ കല്യാണം കഴിച്ചിരിക്കുന്നേ?''
എല്‍സ സ്ഥലപ്പേരു പറഞ്ഞു.
''വീട്ടിലിപ്പം ആരുണ്ട്?''
''ആരുമില്ല. അടച്ചിട്ടിരിക്ക്വാ.''
ഇടയ്ക്ക് വല്ലപ്പോഴും ഞാന്‍ പോകും. ഒന്നോ രണ്ടോ ദിവസം താമസിച്ചിട്ടു തിരിച്ചുപോരും.''
''പപ്പേം അമ്മേം ആക്‌സിഡന്റില്‍ മരിച്ചതാ അല്ലേ?''
''അതെ.''
''പപ്പയ്ക്ക് എന്തു പറ്റിയതാ.''
''ആന ചവിട്ടിക്കൊന്നതാ.''
''ചേട്ടായി പറഞ്ഞിരുന്നു. എങ്ങനെയാ അതു സംഭവിച്ചേ?''
ആ കഥ നിഖിലിനോട് അവള്‍ വിശദീകരിച്ചു. അമ്മ മരിച്ചതെങ്ങനെയെന്നും പറഞ്ഞു. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തെരേസ ചായയുമായി എത്തി. ഒരു കപ്പ് എല്‍സയ്ക്കു നീട്ടി. എല്‍സ ഭവ്യതയോടെ ചായ വാങ്ങി കുടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ വേഷം മാറിയിട്ട് മനു സ്റ്റേര്‍ക്കേസിറങ്ങി താഴേക്കു വന്നു.  തെരേസ ഒരു കപ്പു ചായ മനുവിനു നീട്ടി. മനു അതു വാങ്ങിക്കുടിച്ചുകൊണ്ടു നിഖിലയെ നോക്കി ചോദിച്ചു:
''നീ പരിചയപ്പെട്ടോ?''
''ഉം.''
''എന്നാ കൊണ്ടുപോയി ആ  ഗസ്റ്റ്‌റൂം കാണിച്ചുകൊടുക്ക്. എല്‍സ വേഷം മാറി ഒന്നു കുളിച്ചു ഫ്രഷാകട്ടെ.''
''വാ ചേച്ചീ.''
എല്‍സ ബാഗുമെടുത്ത് നിഖിലയുടെ പിന്നാലെ ഗോവണിപ്പടികള്‍ കയറി മുകളിലേക്കു പോയി. ഗസ്റ്റ്‌റൂം തുറന്നുകൊടുത്തിട്ട് നിഖില ചോദിച്ചു:
''മാറാന്‍ ഡ്രസ് കൊണ്ടുവന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ ഞാന്‍ തരാം.''
''വേണ്ട. ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.''
''എന്നാ വേഷം മാറി കുളിച്ചു ഫ്രഷാക്. എന്നിട്ടു താഴേക്കുവാ. അമ്മ അവിടെ എന്തൊക്കെയോ ഒണ്ടാക്കുന്നുണ്ട്.'' 
എല്‍സ ചിരിച്ചുകൊണ്ടു തലകുലുക്കി. നിഖില പടികളിറങ്ങി താഴേക്കു പോയി. 
വാതിലടച്ചിട്ട് എല്‍സ ചുറ്റും ഒന്നു നോക്കി. വിശാലമായ എ.സി. മുറി. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു എസി റൂമില്‍ കിടക്കാന്‍ ഭാഗ്യം കിട്ടുന്നത്. അവള്‍ കട്ടിലിലേക്കു നോക്കി. വിസ്തൃതമായ കട്ടിലില്‍ കനംകൂടിയ ഫോംബെഡ്. പുറമേ മനോഹമായ ബഡ്ഷീറ്റ് വിരിച്ചിരിക്കുന്നു. ഒരറ്റത്ത് രണ്ടു തലയണയും അതിന്റെ മീതേ പുതപ്പും.
മുറിയുടെ ഒരറ്റത്ത് ചുമരിനോടു ചേര്‍ന്ന് ഒരു മേശയും രണ്ടു കസേരയും. മറ്റേ അറ്റത്ത് കബോഡ്.
എല്‍സ ബാഗില്‍നിന്നു മാറാനുള്ള വസ്ത്രം എടുത്തിട്ട് ബാഗ് കബോഡില്‍ വച്ചു. ഡ്രസ് മാറിയിട്ട് അവള്‍ ബാത്‌റൂം തുറന്ന് അകത്തേക്കു പ്രവേശിച്ചു.
അകത്തു കയറിയപ്പോള്‍ അതിശയിച്ചുപോയി. ഇത്രയും വിശാലവും മനോഹരവുമായ ഒരു ബാത്‌റൂം ആദ്യായിട്ടായിരുന്നു അവള്‍ കാണുന്നത്. ചൂടുവെള്ളത്തിനും തണുത്തവെള്ളത്തിനും പ്രത്യേകം ടാപ്പുകള്‍. മഴപോലെ വെള്ളം ചിതറിവീഴുന്ന വലിയ ഷവര്‍. കിടന്നു കുളിക്കാന്‍ ബാത്ടബ്.
കുളികഴിഞ്ഞ്  തല തുവര്‍ത്തിയിട്ട് അവള്‍ റൂമിലേക്കു വന്നു. കണ്ണാടിയുടെ മുമ്പില്‍നിന്ന് മുടി ചീകി ഒതുക്കി അറ്റം കെട്ടിയിട്ടു. മുഖത്ത് അല്പം പൗഡറിട്ട്, ദേഹത്തു സെന്റു പൂശിയിട്ട് സാവധാനം മുറിക്കുവെളിയിലിറങ്ങി അവള്‍ വാതിലടച്ചു. 
പടികളിറങ്ങി താഴേക്കു ചെന്നപ്പോള്‍ നിഖില സ്വീകരണമുറിയില്‍ മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. 
''കുളിച്ചോ?''
''ഉം.''
''വാ. അമ്മ കാപ്പിയും പലഹാരങ്ങളുമെടുത്ത് ടേബിളില്‍ വച്ചിട്ട് കുറച്ചുനേരമായി.''
എല്‍സയെ വിളിച്ചുകൊണ്ട് ഡൈനിങ് റൂമിലേക്കു നടന്നു നിഖില.
ടേബിളില്‍ പലതരം വിഭവങ്ങള്‍ നിരത്തിയിട്ടുണ്ടായിരുന്നു.
''ഇരിക്ക് മോളേ...''
തെരേസയുടെ സ്‌നേഹമസൃണമായ, മോളേ എന്ന വിളി കേട്ടപ്പോള്‍ എല്‍സ അമ്മയെക്കുറിച്ച് ഓര്‍ത്തുപോയി. മോളേ എന്ന വിളികേള്‍ക്കുമ്പോള്‍ മനസ്സിന് എന്തൊരു സന്തോഷമാണ്! 
കൈകഴുകിയിട്ട് കസേരയില്‍ വന്ന് ഇരുന്നു. അവളുടെ മുമ്പിലേക്ക് പലഹാരങ്ങള്‍ നീക്കിവച്ചിട്ട് തെരേസ പറഞ്ഞു:
''കഴിക്ക്. ഞാനുണ്ടാക്കിയതാ.''
വട്ടയപ്പം, കുഴലപ്പം, കേക്ക്, പഴംപൊരിച്ചത്. എല്ലാം ഓരോന്നെടുത്ത് എല്‍സ കഴിച്ചു. കപ്പില്‍ നിറച്ചുവച്ചിരുന്ന കാപ്പിയും എടുത്തു കുടിച്ചു.
തെരേസ അടുത്തുവന്നിരുന്ന് ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ചോദിച്ചതിനെല്ലാം വ്യക്തവും കൃത്യവുമായി മറുപടി പറഞ്ഞു.
രാത്രി മനുവിന്റെ പപ്പ തോമസുകുട്ടി കയറിവന്നു. അദ്ദേഹത്തെ കണ്ടതും എല്‍സ ബഹുമാനത്തോടെ വണങ്ങി. തോമസുകുട്ടി വിശേഷങ്ങള്‍ തിരക്കി. എല്‍സയുടെ സംസാരവും പെരുമാറ്റവും നന്നേ ഇഷ്ടമായി തോമസുകുട്ടിക്ക്. 
കര്‍ത്താവിന്റെ തിരുസ്വരൂപത്തിന്റെ മുമ്പില്‍ തിരികത്തിച്ച് കുടുംബപ്രാര്‍ഥന ചൊല്ലുമ്പോള്‍ എല്‍സയും അതില്‍ സജീവമായി പങ്കുകൊണ്ടു. അവള്‍ ജപമാലചൊല്ലുന്നതു കേട്ടപ്പോള്‍ തെരേസ അതിശയത്തോടെ നോക്കിയിരുന്നു. എത്ര ഭക്തിയും ഉച്ചാരണശുദ്ധിയും! കൊള്ളാം! നല്ല ദൈവവിശ്വാസമുള്ള പെണ്‍കുട്ടിതന്നെ!
പ്രാര്‍ഥന കഴിഞ്ഞ് തെരേസ അത്താഴം വിളമ്പി. എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്. ചപ്പാത്തിയും ചിക്കന്‍കറിയുമായിരുന്നു അത്താഴത്തിന്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള സംസാരവും തമാശകളും ചിരിയുമൊക്കെ കേട്ടപ്പോള്‍ എല്‍സ തന്റെ വീടിനെപ്പറ്റി ഓര്‍ത്തു. ഇതുപോലൊരന്തരീക്ഷത്തില്‍ ജീവിക്കാനുള്ള ഭാഗ്യം ദൈവം തനിക്കു തന്നില്ലല്ലോ! എന്നും കഷ്ടപ്പാടും സങ്കടവുമേ ഉണ്ടായിരുന്നുള്ളൂ.
ഉറങ്ങാനായി ലൈറ്റണച്ചു കിടക്കുമ്പോള്‍ എല്‍സയുടെ മനസ്സില്‍ നൊമ്പരത്തിന്റെ കനല്‍ എരിയുന്നുണ്ടായിരുന്നു. പപ്പയും അമ്മയും സഹോദരങ്ങളുമൊക്കെയുള്ള ഒരു ജീവിതം എത്ര സന്തോഷകരമാണ്! എത്ര മനസ്സുതുറന്നാണ് മനുവിന്റെ പപ്പയും അമ്മയും സഹോദരിയുമൊക്കെ സംസാരിക്കുന്നത്. മനുവിന്റെ ഭാര്യയായി വരുന്ന സ്ത്രീ എത്ര ഭാഗ്യവതിയായിരിക്കും! ഓരോന്നു ചിന്തിച്ചു കിടന്ന് ഉറങ്ങി.
പിറ്റേന്ന് ഞായറാഴ്ച പുലര്‍ച്ചെ എല്‍സ ഉണര്‍ന്നു. തെരേസയോടും നിഖിലയോടുമൊപ്പം പള്ളിയില്‍പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു. തന്റെ സ്വന്തക്കാരി എന്നാണ് എല്‍സയെപ്പറ്റി പരിചയക്കാരോടും സുഹൃത്തുക്കളോടും തെരേസ പറഞ്ഞത്.
ഞായറാഴ്ച രാത്രിയായപ്പോഴേക്കും ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെ എല്ലാവരുമായി ഇഴുകിച്ചേര്‍ന്നിരുന്നു എല്‍സ. അടുക്കളജോലിയില്‍ അവള്‍ അമ്മയെ സഹായിച്ചു. എല്ലാവരോടും ഹൃദയംതുറന്നു സംസാരിക്കുകയും തമാശകള്‍ പറഞ്ഞു ചിരിപ്പിക്കുകയും ചെയ്തു. തെരേസയുടെ ഹൃദയത്തില്‍ അവള്‍ ചേക്കേറിക്കഴിഞ്ഞിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ വേഷം മാറി ബാഗുമെടുത്തുകൊണ്ട് അവള്‍ പടികളിറങ്ങി താഴേക്കുവന്നു. മനു പോകാന്‍ റെഡിയായി സ്വീകരണമുറിയില്‍ നില്പുണ്ടായിരുന്നു. അവനോടു സംസാരിച്ചുകൊണ്ട് തെരേസയും നിഖിലയും. എല്‍സയെ കണ്ടപ്പോള്‍ സംസാരം നിര്‍ത്തി. 
എല്‍സ തെരേസയെയും നിഖിലയെയും നോക്കി യാത്ര പറഞ്ഞു:
''എന്റെ സ്വന്തം വീട്ടില്‍ വന്നു നിന്നപോലുള്ള അനുഭവമായിരുന്നു രണ്ടു ദിവസം ഞാനിവിടെ താമസിച്ചപ്പോള്‍. അമ്മയുടെ സ്‌നേഹം ഒരിക്കലും മറക്കാന്‍ പറ്റില്ല. സ്വന്തം മോളെപ്പോലെ കണ്ട് എന്നെ സ്‌നേഹിച്ചതിനും സല്‍ക്കരിച്ചതിനും ഒരുപാട് നന്ദിയുണ്ട് കേട്ടോ അമ്മേ.''
എല്‍സ തെരേസയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു. എന്നിട്ട് നിഖിലയുടെ നേരേ നോക്കി പറഞ്ഞു:
''ഒരു ചേച്ചിയെപ്പോലെ കണ്ട് എന്നോടു സംസാരിച്ചതിലും സ്‌നേഹം കാണിച്ചതിലും ഒരുപാട് സന്തോഷമുണ്ട് കേട്ടോ. രണ്ടുദിവസമേ ഇവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു മാസം ഇവിടെ താമസിച്ചപോലെ തോന്നുവാ.''
നിഖില ചിരിച്ചുകൊണ്ടു തലകുലുക്കി. 
എല്ലാവരോടും യാത്ര പറഞ്ഞിട്ട് എല്‍സ മനുവിന്റെ പിന്നാലെ പുറത്തേക്കിറങ്ങി.
കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ അവള്‍ തിരിഞ്ഞ് തെരേസയെയും നിഖിലയെയും നോക്കി കൈവീശി. അവരും കൈവീശി. 

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)