•  17 Oct 2024
  •  ദീപം 57
  •  നാളം 32
നോവല്‍

കിഴക്കന്‍കാറ്റ്

കഥാസാരം
ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലി വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടു പോകാന്‍ നന്നേ ബുദ്ധിമുട്ടി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് എല്‍സയുടെ കാലിന് സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് അവള്‍ നടന്നിരുന്നത്. അതുകൊണ്ട് അവളുടെ വിവാഹം നടന്നില്ല. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. എല്‍സയുടെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ മനു ഒരു ദിവസം അവളുടെ വീട് സന്ദര്‍ശിച്ചു. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷും അമ്മയും ഒരുപാട് സന്തോഷിച്ചെങ്കിലും ഉടനെ ഒരു കുഞ്ഞ് വേണ്ടെന്നായിരുന്നു വര്‍ഷയുടെ മനസ്സില്‍. ഭര്‍ത്താവറിയാതെ വര്‍ഷയും അമ്മയും  ഒരു പദ്ധതി തയ്യാറാക്കി ഗര്‍ഭച്ഛിദ്രം നടത്തി. 
(തുടര്‍ന്നു വായിക്കുക)
 
ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടപ്പോള്‍ ജയേഷ് എണീറ്റു ചെന്നു മേശപ്പുറത്തുനിന്ന് ഫോണ്‍ എടുത്തു. വര്‍ഷയുടെ പേരു കണ്ടതും കോള്‍ അക്‌സപ്റ്റ് ചെയ്തിട്ട് ഫോണ്‍ കാതോടു ചേര്‍ത്തു.
''എന്തേ വര്‍ഷേ, രാവിലെ പതിവില്ലാതെ ഒരു വിളി?''
''ഞാന്‍ വര്‍ഷയുടെ അമ്മയാ.''
ഷൈനിയുടെ ശബ്ദം ഇടറിയതു കേട്ടപ്പോള്‍ ജയേഷിന് ഉത്കണ്ഠയായി.
''എന്താമ്മേ?''
''വര്‍ഷ ഹോസ്പിറ്റലിലാ. അവളിന്നു രാവിലെ ബാത്‌റൂമില്‍ കാലുതെന്നി ഒന്നു വീണു. ബ്ലീഡിങ് ഉണ്ടായി. ഹോസ്പിറ്റലില്‍ കൊണ്ടുചെന്നപ്പം കുഞ്ഞ് അബോര്‍ഷനായീന്നു പറഞ്ഞു.''
''ദൈവമേ, എന്റെ കുഞ്ഞ് പോയോ?'' ഒരു കരച്ചിലായിരുന്നു ജയേഷ്. 
''ഏതു ഹോസ്പിറ്റലിലാ അമ്മേ?''
ഷൈനി ആശുപത്രിയുടെ പേരു പറഞ്ഞു.
''ഞാനുടനെ വരാം.''
കോള്‍ കട്ട് ചെയ്തിട്ട് ജയേഷ് തിടുക്കത്തില്‍ താഴേക്കിറങ്ങിച്ചെന്നു. സൂസമ്മ അടുക്കളയില്‍ ജോലിയിലായിരുന്നു.
''അമ്മേ...''
ജയേഷിന്റെ ഇടറിയ ശബ്ദത്തിലുള്ള വിളികേട്ടതും അവര്‍ തിരിഞ്ഞുനോക്കി.
''നമ്മുടെ കുഞ്ഞ് പോയി അമ്മേ.''
ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് അവന്‍ കരഞ്ഞു. 
''നീ എന്താ ഈ പറയുന്നേ?''
സൂസമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. കരച്ചിലിനിടയില്‍ ജയേഷ് കാര്യം പറഞ്ഞു. സൂസമ്മ തളര്‍ന്നിരുന്നുപോയി.
''ഞാന്‍ ആശുപത്രീലേക്കൊന്നു ചെല്ലട്ടെ അമ്മേ?''
''തനിയെ പോകണ്ട. ഞാനും വരാം. നീ പോയി ഡ്രസുമാറി വാ. അപ്പോഴേക്കും ഞാന്‍ സാരി മാറി വരാം.''
സൂസമ്മ എണീറ്റു. ജയേഷ് മുറിയിലേക്കുപോയിക്കഴിഞ്ഞപ്പോള്‍ സൂസമ്മ മൊബൈല്‍ എടുത്തു ഭര്‍ത്താവിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. വിവരം അറിഞ്ഞപ്പോള്‍ ജോസിനും വലിയ സങ്കടമായി. 
''കട അടച്ചിട്ട് ഞാന്‍ വരാം സൂസമ്മേ.''
''വേണ്ട ജോസേ. ഞാനും അവനുംകൂടി പൊക്കോളാം. ജോസ് വന്നിട്ടും കാര്യമില്ലല്ലോ. പോയതു പോയില്ലേ...'' 
സൂസമ്മയ്ക്ക് സങ്കടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. കിടപ്പുമുറിയിലേക്കു പോയി തിടുക്കത്തില്‍ അവര്‍ വേഷം മാറി. തിരികെ സ്വീകരണമുറിയിലേക്കു വന്നപ്പോള്‍ ജയേഷ് പോകാന്‍ റെഡിയായി കാത്തുനില്പുണ്ടായിരുന്നു.
പുറത്തേക്കിറങ്ങി വീടു പൂട്ടിയിട്ടു വന്നു കാറില്‍ കയറി. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോള്‍ സൂസമ്മ പറഞ്ഞു:
''അവിടെച്ചെന്നു കരഞ്ഞുനിലവിളിച്ച് ഒരു സീന്‍ ഉണ്ടാക്കരുതു കേട്ടോ. എല്ലാം ദൈവത്തിന്റെ പദ്ധതിയാന്ന് ഓര്‍ത്ത് സമാധാനപ്പെടാന്‍ നോക്കണം.'' 
ജയേഷ് ഒന്നും മിണ്ടിയില്ല. ആര്‍ത്തലയ്ക്കുന്ന സമുദ്രംപോലെയായിരുന്നു അവന്റെ മനസ്സ്. നല്ല സ്പീഡിലാണ് കാര്‍ ഓടിയിരുന്നത്.
ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയായില്‍ വണ്ടി പാര്‍ക്കു ചെയ്തിട്ട് തിടുക്കത്തില്‍ പടികള്‍ കയറി രണ്ടാം നിലയിലേക്കു ചെന്നു. റൂം നമ്പര്‍ 116 ഏതെന്ന് ഒരു നഴ്‌സിനോടു തിരക്കിയിട്ട് നേരേ അങ്ങോട്ടു നടന്നു. 
വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. സാവധാനം തള്ളിത്തുറന്നു. ജയേഷിനെ കണ്ടതും ഷൈനി കസേരയില്‍നിന്നെണീറ്റ് ഓടിവന്ന് അവനെ ചേര്‍ത്തുപിടിച്ച് വിതുമ്പിക്കരഞ്ഞു.
കട്ടിലില്‍ സങ്കടഭാരത്തോടെ കിടക്കുകയായിരുന്നു വര്‍ഷ. ഭര്‍ത്താവിനെ കണ്ടതും അവള്‍ എണീറ്റിരുന്നിട്ട് ഏങ്ങിയേങ്ങി കരഞ്ഞു. ജയേഷ് അടുത്തുചെന്ന് അവളുടെ മുഖം നെഞ്ചോടു ചേര്‍ത്തുപിടിച്ചിട്ട് കവിളില്‍ തലോടി. 
''നമ്മുടെ കുഞ്ഞു പോയി ജയേഷേ...''
ഭര്‍ത്താവിന്റെ കൈപിടിച്ച് അവള്‍ ഏങ്ങലടിച്ചു കരഞ്ഞു.
''സാരമില്ല. ദൈവം തന്നു. ദൈവം എടുത്തു എന്നങ്ങു വിചാരിച്ചാല്‍ മതി.''
''എന്നാലും... ഒരുപാട് ആശിച്ചിരുന്നിട്ട്...''
അവള്‍ പൊട്ടിക്കരഞ്ഞു.
''നമ്മള്‍ ആശിക്കുന്നതെല്ലാം കിട്ടിക്കൊള്ളണമെന്നില്ലല്ലോ. കരയണ്ട. മനഃപൂര്‍വം ഒന്നും ചെയ്തതല്ലല്ലോ. നിന്റെ കരച്ചിലു കാണുമ്പോള്‍ എന്റെ മനസ്സു തളര്‍ന്നുപോകും. കരയാതിരിക്ക്.'' ജയേഷ് അവളുടെ കണ്ണുകള്‍ ഒപ്പി.
''രാവിലെ ബാത്‌റൂമില്‍ കയറിയതായിരുന്നു. കാലുതെന്നി വീണു. ബ്ലീഡിങ് ഉണ്ടായീന്നു കണ്ടപ്പം ഓടി ഇങ്ങോട്ടു പോന്നു.''
''അതെന്താ ഇത്രയും ദൂരെ ഈ ആശുപത്രീലേക്കു വന്നത്?''
''പപ്പയുടെ ഫ്രണ്ടാ ഈ ആശുപത്രീടെ ഓണര്‍ ഡോക്ടര്‍ എലിസബത്ത്. ഡോക്ടറെ വിളിച്ചപ്പം നേരേ ഇങ്ങോട്ടു കൊണ്ടുവന്നോളാന്‍ പറഞ്ഞു.''
''സാരമില്ലാട്ടോ! നമുക്കു വിധിച്ച കുഞ്ഞല്ല ഇതെന്നു കരുതി സമാധാനിക്കാന്‍ നോക്ക്...''
ജയേഷ് അവളുടെ കവിളില്‍ തലോടിക്കൊണ്ടിരുന്നു.
ഷൈനി സൂസമ്മയോടു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. ഷൈനിയുടെ സങ്കടം കണ്ടപ്പോള്‍ സൂസമ്മ പറഞ്ഞു:
''സാരമില്ല ഷൈനി. എല്ലാം ദൈവത്തിന്റെ പരീക്ഷണമാണെന്നു വിചാരിച്ചു സമാധാനിക്കാന്‍ നോക്ക്.''
''എന്റെ വീട്ടില്‍വച്ചാണല്ലോ ഇതു സംഭവിച്ചേന്നോര്‍ക്കുമ്പഴാ സൂസമ്മേ വല്യ വിഷമം.''
''അതിപ്പം എവിടെവച്ചായാലും നമ്മുടെ ആരുടേം കുറ്റം കൊണ്ടല്ലല്ലോ. ഇത്രയല്ലേ സംഭവിച്ചുള്ളൂന്ന് സമാധാനിക്ക്. വല്ല കയ്യോ കാലോ നടുവോ ഒടിഞ്ഞിരുന്നെങ്കിലോ!''
''എന്നാലും... ഓര്‍ക്കുമ്പം ചങ്കുപൊട്ടിപ്പോകുന്ന വേദനയാ സൂസമ്മേ.''
ഷൈനി തളര്‍ന്നു കസേരയിലിരുന്നിട്ട് നെറ്റിയില്‍ കൈ ഊന്നി. സൂസമ്മ ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു. 
ഒരു മണിക്കൂര്‍ ആശുപത്രിയില്‍ ചെലവിട്ടിട്ട് ജയേഷും സൂസമ്മയും യാത്ര പറഞ്ഞു പിരിഞ്ഞു. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ വര്‍ഷ ചിരിച്ചുകൊണ്ടുപറഞ്ഞു:
''വന്നു കയറിയതേ അമ്മയുടെ ആ കരച്ചിലും പിഴിച്ചിലും കലക്കി. ഓസ്‌കാര്‍ അവാര്‍ഡ് കിട്ടേണ്ട അഭിനയമായിരുന്നു.''
''നീയും മോശമല്ലായിരുന്നു. ഏതായാലും ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം സോള്‍വ് ചെയ്തല്ലോ.'' 
''ഇപ്പം എന്നോടു പണ്ടത്തേക്കാള്‍ കൂടുതല്‍ സ്‌നേഹമായിക്കാണും ജയേഷിന്.''
''അബദ്ധത്തിലെങ്ങാനും നിന്റെ വായീന്ന് സത്യം പുറത്തുചാടാതിരിക്കാന്‍ നോക്കിക്കോണം.''
''അതു ഞാന്‍ നോക്കിക്കോളാം. അമ്മ ആരോടും പറയാതിരുന്നാല്‍ മതി.'' അവള്‍ എണീറ്റ് കുപ്പിയില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം പകര്‍ന്നു കുടിച്ചു.
* * *
ഒരു ശനിയാഴ്ച വൈകുന്നേരം!
വീടിന്റെ പടിഞ്ഞാറുവശത്തെ പറമ്പിന്റെ അതിര്‍ത്തിയില്‍, വലിയ പാറയുടെ മുകളില്‍, പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരത്തിന്റെ ചുവട്ടിലിരുന്നു വിശേഷങ്ങള്‍ പറയുവായിരുന്നു എല്‍സയും നിഷയും. എല്‍സയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാണ് നിഷ. സ്‌കൂളില്‍ ഒരു ക്ലാസില്‍ ഒരു ബഞ്ചിലിരുന്നു പഠിച്ചവര്‍. എല്‍സയുടെ വീട്ടില്‍നിന്ന് ഇരുന്നൂറു മീറ്റര്‍ ദൂരമേയുള്ളൂ നിഷയുടെ വീട്ടിലേക്ക്.
ഇടയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ വര്‍ത്തമാനം പറയാനായി നിഷ എല്‍സയുടെ വീട്ടിലേക്കു വരും. രണ്ടുപേരും കൂടി നേരേ പാറപ്പുറത്തേക്കു വച്ചു പിടിക്കും. അവിടെ മരത്തിനു ചോട്ടിലിരുന്നാണ് വര്‍ത്തമാനം. കാറ്റുകൊണ്ടിരിക്കാന്‍ നല്ല സുഖമാണ്. വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ നിഷ പറഞ്ഞു: 
''ങ്ഹ... ഒരു സന്തോഷവാര്‍ത്ത പറയാന്‍ ഞാന്‍ വിട്ടു. എന്റെ കല്യാണം നിശ്ചയിച്ചൂട്ടോ.''
''ഉവ്വോ! എന്നാ കല്യാണം.''
''അടുത്തമാസം 23 ന്''
''ആള്‍ക്ക് ജോലി ഒണ്ടോ?''
''സ്‌കൂള്‍ മാഷാ. മിനിയാന്നാ എല്ലാം ഫിക്‌സ് ചെയ്തത്. കടുത്തുരുത്തീലാ വീട്.''
''ഓഹോ... അപ്പം നീ ഈ മലമോളീന്ന് താഴേക്കു പോക്വാ അല്ലേ? ഭാഗ്യവതി.''
നിഷ ചിരിച്ചതേയുള്ളൂ.
''സത്യം പറഞ്ഞാല്‍ വയനാട്ടിലെ ഉരുള്‍പൊട്ടലിനെപ്പറ്റി കേട്ടപ്പം ഈ മലമോളില്‍ കിടക്കാന്‍ എനിക്കിപ്പം പേടിയാ നിഷേ! ഒരു ഗ്രാമം മുഴുവന്‍ അവിടെ ഒലിച്ചുപോയില്ലേ! രാത്രി മഴ പെയ്യുമ്പം ഞാന്‍ എണീറ്റിരുന്നു ജപമാല ചൊല്ലും. എപ്പഴാ എവിടെയാ എന്താ സംഭവിക്ക്വാന്ന് പറയാന്‍ പറ്റില്ലല്ലോ. ഈ സ്ഥലം വിറ്റിട്ട് താഴേക്കു പോകാന്നുവച്ചാല്‍  ആരു മേടിക്കാനാ. പണ്ട് കാട്ടുമൃഗങ്ങളെ പേടിച്ചാ മതിയായിരുന്നു. ഇപ്പം ഉരുള്‍പൊട്ടലിനെയും പേടിക്കേണ്ട സ്ഥിതിയായി.''
''എന്റെ പപ്പേം ഇതു പറയാറുണ്ട്. വില്‍ക്കാന്‍ ഒരുപാട് നോക്കീതാ. വാങ്ങാന്‍ ആളു വേണ്ടേ!'' നിഷയ്ക്കും സങ്കടമായിരുന്നു. 
''ഏതായാലും നീ രക്ഷപ്പെട്ടല്ലോ!''
''എന്തു രക്ഷപ്പെടാന്‍. പപ്പേം അമ്മേം അനിയനും ഇവിടെ കിടക്കുമ്പം എനിക്കു സമാധാനത്തോടെ അവിടെ കഴിയാന്‍ പറ്റ്വോ! 
''എന്റനിയന്‍ കല്യാണം കഴിച്ച് ഇവിടെ വേണ്ടേ ജീവിക്കാന്‍. താഴേന്ന് ആരെങ്കിലും അവന് പെണ്ണുകൊടുക്കുമോ? മുല്ലപ്പെരിയാറ് തലയ്ക്കു മുകളില്‍ ഒരു ബോംബായിട്ടു കിടക്കുമ്പം ആരാ ഇങ്ങോട്ടൊരു പെണ്ണിനെ കെട്ടിച്ചയയ്ക്കുക? മലമോളില്‍ ജീവിക്കുന്നോരുടെ ഉള്ളില്‍ എന്നും തീയാ എല്‍സേ.''
''സത്യം. നിനക്കു പപ്പ ഉണ്ടെന്നുള്ള ഒരു സന്തോഷമെങ്കിലും ഉണ്ടല്ലോ. എന്റെ സ്ഥിതിയൊന്നാലോചിച്ചേ...'' എല്‍സ കണ്ണു തുടച്ചു. അതുകണ്ടപ്പോള്‍ നിഷയ്ക്കും സങ്കടം വന്നു.
''ങ്ഹ... അതുപോട്ടെ... നിന്റെ കല്യാണത്തിന് ഞാനെന്താ ഇപ്പം ഒരു സമ്മാനം തര്വാ? മേടിച്ചു തരാന്‍ കൈയില്‍ കാശൊന്നുമില്ല.''
''ഒന്നും വേണ്ട. നിന്റെ ഈ സ്‌നേഹം മാത്രം മതി.'' 
''അതെന്നും ഉണ്ടായിരിക്കും.''
എല്‍സ നിഷയെ ചേര്‍ത്തു പിടിച്ച് ഒരുമ്മ കൊടുത്തു. പിന്നീട് കല്യാണത്തെക്കുറിച്ചായി സംസാരം.
വെയില്‍ മാഞ്ഞപ്പോള്‍ രണ്ടുപേരും എണീറ്റു. തിരിഞ്ഞുനടന്ന്, പാറ ഇറങ്ങി അവര്‍ പറമ്പിലേക്കു കാലുകുത്തി. ഒറ്റയടിപ്പാതയിലൂടെ തെല്ലുനടന്നപ്പോള്‍ വഴി പിരിയേണ്ട സ്ഥലമായി.
''അപ്പോ ഇനി ഒരു മാസംകൂടിയേ നീയുണ്ടാകൂ എന്നൊടൊപ്പം നീ ഈ പാറപ്പുറത്തു വന്നിരിക്കാന്‍ അല്ലേ?'' എല്‍സ ചോദിച്ചു.
''ഉം...'' അവള്‍ തലയാട്ടി.
''ഞാനിനി എന്തെങ്കിലും പറഞ്ഞു നിന്റെ സന്തോഷം കളയുന്നില്ല. സമാധാനമായിട്ടുപോയി രാത്രി നല്ല സ്വപ്നങ്ങളൊക്കെ കണ്ടു കിടന്നുറങ്ങ്.'' 
എല്‍സ അവളെ യാത്രയാക്കി.
ഒരു ദീര്‍ഘനിശ്വാസം വിട്ടിട്ട് എല്‍സ അവളുടെ വീട്ടിലേക്കുള്ള വഴിയേ നടന്നു.
വീട്ടില്‍ ചെന്നപ്പോള്‍ സിസിലി അടുക്കളയില്‍ കറി ചൂടാക്കുന്ന തിരക്കിലായിരുന്നു. നിഷയുടെ കല്യാണം ഉറപ്പിച്ചതും കല്യാണച്ചെക്കനെപ്പറ്റിയുള്ള വിശേഷങ്ങളുമെല്ലാം സവിസ്തരം അവള്‍ അമ്മയോടു പറഞ്ഞുകേള്‍പ്പിച്ചു. സിസിലിയുടെ കണ്ണുനിറഞ്ഞതു കണ്ടപ്പോള്‍ എല്‍സ അദ്ഭുതം കൂറി. 
''അമ്മ എന്തിനാ കരയുന്നേ? സന്തോഷിക്കയല്ലേ വേണ്ടത്?'' 
''എങ്ങനെ സന്തോഷിക്കാനാ മോളേ. നീയും അവളും ഒരേ പ്രായമാ. ഒന്നിച്ചു പഠിച്ച് ഒന്നിച്ചു കളിച്ചു നടന്നതല്ലേ. അവള്‍ക്കൊരു ജീവിതമായി. അതും സര്‍ക്കാര്‍ ജോലിയുള്ള ഒരു പയ്യന്‍. നിനക്കും വേണ്ടേ മോളേ ഒരു ജീവിതം?'' സിസിലി പൊട്ടിക്കരഞ്ഞുപോയി.
''തൊടങ്ങി. പറയണ്ടായിരുന്നൂന്ന് ഇപ്പം തോന്ന്വാ. സമയമാവുമ്പം എല്ലാം നടക്കും അമ്മേ. ഇനി നടന്നില്ലാന്നു വച്ചും എനിക്കൊരു വെഷമോം ഇല്ല. അമ്മേടെ സ്‌നേഹം പറ്റി എന്നും ഇവിടെ കഴിയാല്ലോ.''
അവള്‍ അമ്മയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു.
ആ സമയം മൊബൈല്‍ ശബ്ദിച്ചു. എല്‍സ ഓടിച്ചെന്ന് എടുത്തുനോക്കി. വികാരിയച്ചന്‍ ഫാദര്‍ മാത്യു കുരിശിങ്കല്‍ ആണ്. ആകാംക്ഷയോടെ ഫോണ്‍ കാതോടു ചേര്‍ത്തു. 
''എല്‍സ അല്ലേ?''
''അതെ അച്ചോ.''
''നാളെ വേദപാഠം കഴിഞ്ഞ് നീ എന്നെ വന്നൊന്നു കാണണം കേട്ടോ. ഒരു കാര്യം പറയാനുണ്ട്.''
''എന്നാ അച്ചോ.''
''എടീ കൊച്ചേ, അത് ഫോണിലൂടെ പറയാന്‍ പറ്റാത്തോണ്ടല്ലേ ഇങ്ങോട്ടു വരാന്‍ പറഞ്ഞേ.''
''വരാം അച്ചോ.''
''അമ്മയ്ക്കു സുഖമല്ലേ?''
''സുഖമാ അച്ചോ.''
''ശരി. എന്നാ നാളെ കാണാം.'' ഫോണ്‍ കട്ടായി.
ഫോണ്‍ മേശപ്പുറത്തേക്കു വയ്ക്കുമ്പോള്‍ അച്ചന്‍ എന്തു പറയാനായിരിക്കും വിളിച്ചത് എന്ന ആകാംക്ഷയായിരുന്നു എല്‍സയുടെ മനസ്സില്‍. ഫോണിലൂടെ പറയാന്‍ പറ്റാത്ത എന്തു കാര്യമാണ്?
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)