കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും കാണുന്നത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് എല്‍സയുടെ കാലിന് സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് അവള്‍ നടന്നിരുന്നത്. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. എല്‍സയുടെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ മനു ഒരു ദിവസം എല്‍സയുടെ വീടു സന്ദര്‍ശിച്ചു. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷും അമ്മയും ഒരുപാടു സന്തോഷിച്ചെങ്കിലും ഉടനെ ഒരു കുഞ്ഞുവേണ്ടെന്നായിരുന്നു വര്‍ഷയുടെ മനസ്സില്‍. അത് സ്വന്തം അമ്മയെ അറിയിച്ചു. ജയേഷ് അറിയാതെ വര്‍ഷയും അമ്മയുംകൂടി ആശുപത്രിയില്‍ പോയി അബോര്‍ഷന്‍ നടത്തി. ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായി എന്നു ജയേഷിനോട് വര്‍ഷ കള്ളം പറഞ്ഞു. (തുടര്‍ന്നു വായിക്കുക)
എല്‍സ അടുക്കളയില്‍ ചെന്ന് അമ്മയോടു വികാരിയച്ചന്‍ ഫോണില്‍ പറഞ്ഞ കാര്യം പറഞ്ഞു.
''ഫോണിലൂടെ പറയാന്‍ പറ്റാത്ത കാര്യം എന്നതാടീ കൊച്ചേ? വല്ല കല്യാണക്കാര്യോം ആയിരിക്കുമോ?''
''ഓ... പിന്നെ, അച്ചന്‍ ബ്രോക്കറല്ലേ എന്നും കല്യാണാലോചനയുമായിട്ടു വരാന്‍. അമ്മയ്‌ക്കെപ്പഴും കല്യാണത്തെക്കുറിച്ചുള്ള ചിന്തയേയുള്ളൂ.''
''ചിന്തിക്കാതിരിക്കാന്‍ പറ്റ്വോ മോളേ? നിനക്കതു മനസ്സിലാവണമെങ്കില്‍ നീയൊരമ്മയായി, നിനക്കൊരു മകളുണ്ടായി അതിനെ കെട്ടിക്കാന്‍ പ്രായമാവണം. ഒരു ദിവസം ഞാന്‍ ഹാര്‍ട്ട് അറ്റാക്ക് വന്നങ്ങു മരിച്ചുപോയാല്‍ നീ എന്നാ ചെയ്യും കൊച്ചേ? ടെസീടെ കെട്ടിയോന്‍ നല്ലവനായിരുന്നെങ്കില്‍ അവനെങ്കിലും സംരക്ഷിക്കൂന്ന് ഒന്നാശ്വസിക്കായിരുന്നു. എന്നും രാത്രി ഉറങ്ങാന്‍ കിടക്കുമ്പം എന്റെ മനസ്സില്‍ ഇതാ ചിന്ത.''
''അങ്ങനെ ചിന്തിച്ചോണ്ടിരുന്നാല്‍ പ്രഷറുകൂടി തലേലെ ഞരമ്പുപൊട്ടി തളര്‍ന്നുകിടക്കും. എനിക്കധികം പ്രായമൊന്നുമായില്ലല്ലോ ചിന്തിച്ചു തല പുണ്ണാക്കാന്‍. കല്യാണമൊക്കെ ദൈവം നിശ്ചയിച്ച സമയത്തു നടക്കും അമ്മേ. അമ്മ സമാധാനമായിട്ടിരിക്ക്.''
അതു പറഞ്ഞിട്ട് അവള്‍ അലമാരയില്‍നിന്ന് വെളിച്ചെണ്ണക്കുപ്പി എടുത്തു. ഉള്ളംകൈയിലേക്ക് എണ്ണ പകര്‍ന്ന് തലയില്‍ തേച്ചു പിടിപ്പിച്ചിട്ട് നേരേ ബാത്‌റൂമിലേക്കു നടന്നു.
പിറ്റേന്നു ഞായറാഴ്ച.
രാവിലെ ഏഴുമണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സിസിലി കുറുക്കന്‍കുന്ന് പള്ളിയിലേക്കു പോയി. അമ്മ തിരിച്ചുവന്നപ്പോഴേക്കും എല്‍സ അപ്പവും മുട്ടക്കറിയും ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ചിരുന്നാണ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചത്. ഓരോന്നു പറയുന്നതിനിടയില്‍ സിസിലി പറഞ്ഞു:
''ഇന്ന് അച്ചന്റെ പ്രസംഗം നമ്മുടെ രൂപതയില്‍ കല്യാണപ്രായം കഴിഞ്ഞു നില്‍ക്കുന്ന യുവാക്കളെയും യുവതികളെയും കുറിച്ചായിരുന്നു. കണക്കെടുത്തു നോക്കിയപ്പോള്‍ പതിനായിരക്കണക്കിന് ആളുണ്ടത്രേ. കല്യാണമേ വേണ്ടാന്നു പറഞ്ഞു നടക്കുന്ന ഒത്തിരി പെമ്പിള്ളേരുണ്ടെന്നാ അച്ചന്‍ പറഞ്ഞത്. അപ്പം ഞാന്‍ നിന്റെ കാര്യം ഓര്‍ത്തു.''
''ഓര്‍ക്കാന്‍ വേറൊന്നും കിട്ടിയില്ലേ അമ്മയ്ക്ക്. കല്യാണം വേണ്ടാന്നു ഞാന്‍ പറഞ്ഞോ? സമയമാവുമ്പം നടക്കൂന്നല്ലേ പറഞ്ഞത്. നടക്കും അമ്മേ. അമ്മ വിഷമിക്കാതിരി.''
എല്‍സ എണീറ്റ് കൈകഴുകിയിട്ട് ഡ്രസ് മാറാനായി കിടപ്പുമുറിയിലേക്കു പോയി. വേഷം മാറി തിരികെ അമ്മയുടെ അടുത്തേക്കു വന്നിട്ട് അവള്‍ ചോദിച്ചു.
''വേദപാഠം കഴിഞ്ഞുവരുമ്പം എന്തേലും വാങ്ങിച്ചോണ്ടു വരണോ അമ്മേ?''
''ങ്ഹാ... കുറച്ച് സവോളേം ഒരു പാക്കറ്റ് ഉപ്പും അരക്കിലോ വന്‍പയറും വാങ്ങിച്ചോണ്ടു പോരെ.''
''ഉം.''
മൂളിയിട്ട് അവള്‍ പുറത്തേക്കിറങ്ങി.
കുറച്ചുദൂരം ചെന്നപ്പോള്‍ വഴിയരികില്‍ നിഷ കാത്തുനില്‍പ്പുണ്ടായിരുന്നു. അവളോടൊപ്പം ഓരോന്നു സംസാരിച്ച് സാവധാനം നടന്ന് പള്ളിയിലെത്തി.
പ്രാര്‍ഥന ചൊല്ലിയും പാട്ടുകള്‍ പാടിയും കൈകൂപ്പിനിന്ന് ഭക്തിപൂര്‍വം അവള്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കുകൊണ്ടു. കുര്‍ബാന കഴിഞ്ഞ് കുറച്ചുനേരം തനിയെ മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ കൈകൂപ്പി കണ്ണടച്ചുനിന്നു പ്രാര്‍ഥിച്ചു. ചേച്ചിക്കു സന്തോഷകരമായ ഒരു ജീവിതം കൊടുക്കണേ, അമ്മയ്ക്ക് അസുഖമൊന്നും വരാതെ ദീര്‍ഘായുസ്സ് കൊടുക്കണേ. തനിക്ക് സ്‌നേഹനിധിയായ ഒരു ചെറുപ്പക്കാരനെ ഭര്‍ത്താവായി തരണേ! ഇതൊക്കെയായിരുന്നു അവളുടെ ആവശ്യങ്ങള്‍.
ആറാംക്ലാസിലെ കുട്ടികളെയാണ് എല്‍സ വേദപാഠം പഠിപ്പിക്കുന്നത്. കുട്ടികള്‍ക്ക് അവളുടെ ക്ലാസ് വലിയ ഇഷ്ടമാണ്. ബൈബിളിലെ കഥകള്‍ മനോഹരമായി അവള്‍ പറഞ്ഞുകേള്‍പ്പിക്കും. ചോദ്യങ്ങള്‍ ചോദിക്കും. കുട്ടികളെക്കൊണ്ട് ഓരോ ആക്റ്റിവിറ്റീസ് ചെയ്യിപ്പിക്കും. എല്‍സയുടെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളും സന്തുഷ്ടരായിരുന്നു. അതവര്‍ വികാരിയച്ചനോട് തുറന്നുപറഞ്ഞിട്ടുമുണ്ട്.
വേദപാഠം കഴിഞ്ഞ് എല്‍സ നേരേ പോയത് പള്ളിമേടയിലേക്കാണ്. വികാരിയച്ചന്റെ മുറിയില്‍ ആളുണ്ടെന്നു കണ്ടതും അവള്‍ വെളിയില്‍ കാത്തുനിന്നു. പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ആള്‍ ഇറങ്ങിയതും അവള്‍ സാവധാനം അകത്തേക്കു കയറി.
''ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ.''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.''
ഇരിക്കാന്‍ അച്ചന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. എല്‍സ അഭിമുഖമായി ഇരുന്നു. അവളുടെ ഹൃദയം പെരുമ്പറകൊട്ടുകയായിരുന്നു.
''ഞാന്‍ വിളിച്ചത് എന്തിനാന്നറിയാമോ?''
കസേരയിലേക്കു ചാരിയിരുന്നിട്ട് അച്ചന്‍ ചോദിച്ചു.
''ഇല്ല.''
''എനിക്കീ ഇടവകേന്ന് സ്ഥലംമാറ്റമാ. ഒരു മാസംകൂടിയേ ഞാനിവിടെ ഉണ്ടാവൂ. അരമനേന്ന് ഔദ്യോഗികമായിട്ട് ഇത് പ്രഖ്യാപിച്ചിട്ടില്ല. ഞാനിതു രഹസ്യമായി അറിഞ്ഞതാ.''
''എങ്ങോട്ടാ അച്ചോ മാറ്റം?''
''പൂച്ചപ്പാറ പള്ളിയിലേക്ക്. ഇവിടുന്ന് പത്തുമുപ്പതു കിലോമീറ്ററുണ്ട്. ഇതുപോലുള്ള ഒരു ഗ്രാമമാ. മുന്നൂറു കുടുംബങ്ങളുള്ള ചെറിയ ഒരു ഇടവക.''
എല്‍സ സങ്കടത്തോടെ നോക്കി ഇരിക്കയായിരുന്നു.
''നീ വിചാരിക്കുന്നുണ്ടാകും ഇതു പറയാന്‍ എന്തിനാ ഇങ്ങോട്ട് വിളിച്ചുവരുത്തിയേ, ഫോണില്‍ പറഞ്ഞാ മതിയായിരുന്നല്ലോന്ന് അല്ലേ?''
എല്‍സ ചിരിച്ചതേയുള്ളൂ.
''ഇതു പറയാനല്ല മോളേ, വിളിച്ചത്. നിനക്കറിയാല്ലോ, നിന്നെ ഞാനീ ഇടവകേലെ ഒരംഗമായിട്ടല്ല കണ്ടിരുന്നത്. എന്റെ സ്വന്തം കുഞ്ഞനിയത്തിയായിട്ടാ. നിന്റെ കല്യാണം ആശീര്‍വദിച്ചിട്ട് ഈ ഇടവകേന്നു പോകണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അതു നടന്നില്ല. സാരമില്ല. സമയത്ത് കല്യാണം നടക്കും. ഞാന്‍ വന്നു പങ്കെടുക്കുകയും ചെയ്യും.''
അച്ചന്‍ വരാന്‍ പറഞ്ഞത് എന്തിനാണെന്ന് അപ്പോഴും അവള്‍ക്കു മനസ്സിലായില്ല.
''ഇതൊന്നുമല്ല ഞാന്‍ പറയാന്‍ വന്നത്. നിന്റെ കാലിന്റെ ഓപ്പറേഷനു വിദേശത്തുനിന്ന് ഒരാളു കാശുതന്നില്ലേ. ആ ആള് കഴിഞ്ഞദിവസം എന്നെ വിളിച്ചു. നിന്റെ കാല് എങ്ങനുണ്ട്, ചട്ടുമാറിയോന്നൊക്കെ ചോദിച്ചു. അപ്പം ഞാന്‍ നിന്നെക്കുറിച്ചും നിന്റെ വീട്ടുകാരെക്കുറിച്ചുമൊക്കെയുള്ള ഒരു ചരിത്രമൊക്കെയങ്ങു പറഞ്ഞുകേള്‍പ്പിച്ചു. തോമസിനെ ആന ചവിട്ടിക്കൊന്നതാന്നും നീയും അമ്മയും തനിച്ചാ താമസമെന്നുമൊക്കെ കേട്ടപ്പം അയാള്‍ക്കു വലിയ സങ്കടമായി. അപ്പം അയാളു പറഞ്ഞു ഒരഞ്ചുലക്ഷം രൂപ നിന്റെ അക്കൗണ്ടിലേക്ക് ഇടാന്‍ അയാള്‍ ആഗ്രഹിക്കുന്നൂന്ന്. നിന്റെ കല്യാണമൊക്കെ ഭംഗിയായി നടന്നുകാണണമെന്ന് അയാള്‍ക്കൊരാഗ്രഹം. ഞാന്‍ പറഞ്ഞു നിന്നോടു ചോദിച്ചിട്ട് മറുപടി പറയാന്ന്. എന്തു പറയണം?
''അച്ചന്റെ അഭിപ്രായം എന്താ?''
''വാങ്ങിച്ചോ മോളേ! അയാള് വല്യ പണക്കാരനാ. ഒരുപാട് പേര്‍ക്കു ധനസഹായം ചെയ്യുന്ന ആളാ. അഞ്ചു ലക്ഷമെന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ അഞ്ഞൂറിന്റെ വിലയേ അയാള്‍ക്കുള്ളൂ. നിന്റെ കല്യാണത്തിന് ഇത്തിരി പൊന്നൊക്കെ എടുക്കണ്ടേ? ദൈവം കൊണ്ടുത്തരുന്നതാന്നു വിചാരിച്ച് വാങ്ങിച്ചോ.''
''ശരി അച്ചോ.''
''പിന്നെ, നമ്മളു മൂന്നുപേരുമല്ലാതെ വേറാരും ഇതറിയരുത്. അറിഞ്ഞാലുള്ള കുഴപ്പം നിനക്കറിയാല്ലോ. കഥകളുണ്ടാക്കി പ്രചരിപ്പിക്കാന്‍ ഒരുപാട് പേരുണ്ടാകും. പ്രത്യേകിച്ചു കാശിന്റെ ഇടപാടുകൂടിയാവുമ്പം.''
''ആരോടും പറയില്ലച്ചോ.''
''എങ്കില്‍ വീട്ടില്‍ ചെല്ലുമ്പം നിന്റെ ബാങ്ക് പാസ്ബുക്കിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്കു വാട്‌സ് ആപ്പ് ചെയ്‌തേരെ. ഞാനത് അയാള്‍ക്കയച്ചു കൊടുത്തേക്കാം.''
''ഉം.'' അവള്‍ തലയാട്ടി.
''എന്നാ പൊക്കോ. സിസിലിയോട് പ്രത്യേകം പറഞ്ഞേക്കണം വേറാരോടും പറയരുതെന്ന്.''
''ഉം.''
എണീറ്റ്, അച്ചനോടു യാത്ര പറഞ്ഞിട്ട് അവള്‍ പുറത്തേക്കിറങ്ങി.
അവള്‍ക്കു സന്തോഷവും ഒപ്പം സങ്കടവും വന്നു. സ്‌നേഹനിധിയായ അച്ചന്‍ ഈ ഇടവകവിട്ടു പോകുകയാണല്ലോ എന്നതായിരുന്നു സങ്കടം.
വീട്ടില്‍ ചെന്നുകയറിയ ഉടനെ അവള്‍ അമ്മയോടു വിവരം പറഞ്ഞു.
''ദൈവമേ... അഞ്ചുലക്ഷം രൂപായോ? എന്റെ മോളുടെ പ്രാര്‍ഥനകൊണ്ടാ ദൈവം അയാളെക്കൊണ്ട് ഇങ്ങനെ തോന്നിപ്പിച്ചത്.'' സിസിലിയുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ലായിരുന്നു.
''എന്നാലും... അച്ചന്‍ പോക്വാണല്ലോന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം അമ്മേ.''
''ആ വിഷമം എനിക്കുമുണ്ട് മോളേ. ഇത്രയും സ്‌നേഹമുള്ള ഒരച്ചന്‍ ഈ ഇടവകേല് മുമ്പു വന്നിട്ടേയില്ല. അച്ചന്റെ വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു നമ്മളെ കണ്ടിരുന്നത്. ഇനി വരുന്ന അച്ചന്‍ എങ്ങനുള്ളതാന്ന് ആര്‍ക്കറിയാം.''
''ങ്ഹ... ചോറുവിളമ്പ് അമ്മേ. വിശക്കുന്നുണ്ട്.'' അതു പറഞ്ഞിട്ട് അവള്‍ വേഷം മാറാനായി കിടപ്പുമുറിയിലേക്കു പോയി.
വേഷം മാറിയിട്ട് അലമാര തുറന്ന് ബാങ്കിന്റെ പാസ് ബുക്ക് എടുത്ത്, അക്കൗണ്ട് വിവരങ്ങളുള്ള പേജിന്റെ ഫോട്ടോ എടുത്ത് അപ്പോള്‍ത്തന്നെ അച്ചനു വാട്‌സ്ആപ്പ് ചെയ്തു.
സിസിലിയും എല്‍സയും ഒരുമിച്ചിരുന്നാണ് ഊണുകഴിച്ചത്. ആ സമയമത്രയും വികാരിയച്ചനെപ്പറ്റിയായിരുന്നു അവരുടെ സംസാരം.
ഒരാഴ്ച പിന്നിട്ടപ്പോള്‍ എല്‍സയുടെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ എത്തി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു സിസിലിക്ക്. അച്ചനെ ഫോണില്‍ വിളിച്ച് അവര്‍ ഒരുപാട് നന്ദി പറഞ്ഞു. എല്‍സ നേരിട്ട് പള്ളിമേടയിലെത്തിയാണ് നന്ദി പറഞ്ഞത്. അച്ചന്റെ മുമ്പിലിരുന്ന് അവള്‍ കരഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു:
''നീ സന്തോഷമായിട്ടിരിക്ക് കൊച്ചേ. ഞാനിവിടുന്നു പോയാലും നിങ്ങളെയൊന്നും മറക്കില്ല. പ്രാര്‍ഥനയില്‍ നിന്നെ പ്രത്യേകം ഓര്‍ത്തു നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ഥിച്ചോളാം.''
എല്‍സ ബദ്ധപ്പെട്ട് കരച്ചില്‍ ഒതുക്കി കണ്ണുനീര്‍ ഒപ്പി.
രണ്ടാഴ്ച കഴിഞ്ഞ് ഒരു ഞായറാഴ്ച അറിയിപ്പുകള്‍ പറയുന്നതിനിടെ ഫാ. മാത്യു കുരിശിങ്കല്‍ ഇങ്ങനെ പറഞ്ഞു:
''അടുത്ത ശനിയാഴ്ച ഞാനീ ഇടവകയിലെ അജപാലനശുശ്രൂഷ അവസാനിപ്പിച്ച് മറ്റൊരു ഇടവകയിലേക്കു സ്ഥലം മാറി പോകുകയാണ്. എന്റെ നാല്പത്തിയാറു വര്‍ഷത്തെ വൈദികജീവിതത്തില്‍ പന്ത്രണ്ടു പള്ളികളില്‍ വികാരിയായും ഏഴു പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായും ശുശ്രൂഷ ചെയ്യാന്‍ എനിക്കു കഴിഞ്ഞു. അക്കൂട്ടത്തില്‍ നഗരങ്ങളിലുള്ള പള്ളികളുമുണ്ട് ഗ്രാമങ്ങളിലുള്ള പള്ളികളുമുണ്ട്. എന്റെ അനുഭവത്തില്‍ ഗ്രാമങ്ങളിലുള്ള ഇടവകയിലെ ആളുകള്‍ക്കാണ് കൂടുതല്‍ സ്‌നേഹം എന്നു തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ കുറുക്കന്‍കുന്ന് ഇടവകയിലെ ആളുകള്‍ക്ക്. നിങ്ങള്‍ എന്നെ സ്‌നേഹിച്ചയത്രയും വേറൊരു ഇടവകയിലെയും ആളുകള്‍ എന്നെ സ്‌നേഹിച്ചിട്ടില്ല. എനിക്കും ഈ ഇടവകയിലെ ആളുകളുമായി ഒരാത്മബന്ധമുണ്ടായിരുന്നു. ഓരോരുത്തരുടെയും പേരുപോലും എനിക്കു ഹൃദിസ്ഥമാണ്. കാട്ടുമൃഗങ്ങളോടും പേമാരിയോടും ഉരുള്‍പൊട്ടലിനോടുമെല്ലാം മല്ലിട്ട്, അതിനെയെല്ലാം അതിജീവിച്ച് ഈ മലമുകളില്‍ നിങ്ങള്‍ക്കു ജീവിക്കാന്‍ സാധിക്കുന്നതും നിങ്ങളുടെ ഒത്തൊരുമകൊണ്ടുമാത്രമാണ്. ഈ സ്‌നേഹവും സഹകരണവും ഇനിയും നിങ്ങള്‍ തുടരണം. മൂന്നുവര്‍ഷം ഇവിടുണ്ടായിരുന്ന എന്റെ ജീവിതത്തില്‍ എനിക്കു പറ്റുന്ന സഹായങ്ങളൊക്കെ നിങ്ങള്‍ക്കു ചെയ്തുതരാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. ഞാനറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും മനോവേദന ഉണ്ടാക്കിയ ഒരു പ്രവൃത്തി എന്നില്‍നിന്ന് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം എന്നുകൂടി ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കയാണ്.
പൂച്ചപ്പാറ ഇടവകയില്‍ നിങ്ങള്‍ എപ്പോഴെങ്കിലും വരികയാണെങ്കില്‍ എന്നെ വന്നു കാണണം. നിങ്ങളുടെ സന്ദര്‍ശനം എനിക്ക് എപ്പോഴും സന്തോഷം പകരുകയേയുള്ളൂ. മറ്റൊരുകാര്യം പറയാനുള്ളത് സ്ഥലം മാറിപ്പോകുന്ന എനിക്ക് പാരിതോഷികമായി നിങ്ങള്‍ ഒരുമിച്ചോ ഒറ്റയ്‌ക്കോ ഒന്നും വാങ്ങിത്തരേണ്ടതില്ല. അതിനായി ഒരു പൈസപോലും ഈ ഇടവകയില്‍നിന്നു പിരിക്കരുത്. നിങ്ങളുടെ സ്‌നേഹംമാത്രം മതി പാരിതോഷികമായിട്ട് ഈ അച്ചന്. യാത്രയയപ്പിന് വാഹനങ്ങളുടെ അകമ്പടിയും വേണ്ട. ഒരു കാറു മാത്രം അറേഞ്ച് ചെയ്താല്‍ മതി. ആര്‍ഭാടവും അധികച്ചെലവുമൊക്കെ ഒഴിവാക്കണമെന്ന് ഞാന്‍ പള്ളിയില്‍ പ്രസംഗിച്ചിട്ട് എന്റെ കാര്യം വരുമ്പോള്‍ അതൊക്കെ തെറ്റിക്കുന്നതു ശരിയല്ലല്ലോ. പ്രസംഗിക്കുന്നതുപോലെ തന്നെ ജീവിക്കണമെന്നും ആഗ്രഹിക്കുന്ന ഒരു വൈദികനാ ഞാന്‍. നിങ്ങള്‍ എനിക്കു തന്ന സ്‌നേഹത്തിന് ഒരിക്കല്‍ക്കൂടി ഞാന്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും നല്ലതുവരട്ടെ!
അച്ചന്‍ അവസാനിപ്പിച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുനിറഞ്ഞുപോയി. സിസിലിയും എല്‍സയും കൈ ഉയര്‍ത്തി കണ്ണുതുടച്ചു.
(തുടരും)