കഥാസാരം
~ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ സ്‌നേഹിച്ചും സഹകരിച്ചും കഴിഞ്ഞ അയല്‍ക്കാരായിരുന്നു സൂസമ്മയും സിസിലിയും. 20 വര്‍ഷംമുമ്പ് സിസിലിയുടെ കുടുംബം വീടുവിറ്റ് ഹൈറേഞ്ചിലേക്കു പോയി. പിന്നീട് തമ്മില്‍ ബന്ധമുണ്ടായില്ല. സൂസമ്മയുടെ മകന്‍ ജയേഷിന്റെ കല്യാണത്തിനു ക്ഷണിക്കാന്‍ ചെന്നപ്പോഴാണ് വീണ്ടും കണ്ടുമുട്ടിയത്. ഭര്‍ത്താവിനെ ആന ചവിട്ടിക്കൊന്നതിനുശേഷം എട്ടുവര്‍ഷമായി സിസിലിയുടെ കുടുംബജീവിതം ദുരിതപൂര്‍ണമായിരുന്നു. സിസിലിയുടെ മകള്‍ എല്‍സയുടെ സംസാരവും
പെരുമാറ്റവും ജയേഷിന് നന്നേ ഇഷ്ടമായി. ജയേഷിന്റെ വിവാഹം നടന്നു. ഭാര്യ വര്‍ഷ മോഡേണ്‍ ചിന്താഗതിക്കാരിയായിരുന്നതിനാല്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ ബുദ്ധിമുട്ടി. ഒരു വണ്ടിയപകടത്തില്‍ പരിക്കേറ്റ് എല്‍സയുടെ കാലിനു സ്വാധീനക്കുറവ് വന്നതിനാല്‍ മുടന്തിയാണ് അവള്‍ നടന്നിരുന്നത്. അതുകൊണ്ട് അവളുടെ വിവാഹം നടന്നില്ല. ഇടവകവികാരി ഫാദര്‍ മാത്യു കുരിശിങ്കല്‍ പണം സംഘടിപ്പിച്ചുകൊടുത്ത്, സര്‍ജറി നടത്തി മുടന്തുമാറ്റി. സര്‍ജറി നടത്തിയ ഡോക്ടര്‍ മനുവുമായി എല്‍സ സൗഹൃദത്തിലായി. എല്‍സയുടെ ക്ഷണം സ്വീകരിച്ച് ഡോക്ടര്‍ മനു ഒരു ദിവസം എല്‍സയുടെ വീടു സന്ദര്‍ശിച്ചു. ഇതിനിടയില്‍ വര്‍ഷ ഗര്‍ഭിണിയായി. ജയേഷും അമ്മയും ഒരുപാടു സന്തോഷിച്ചെങ്കിലും ഉടനെ ഒരു കുഞ്ഞുവേണ്ടെന്നായിരുന്നു വര്‍ഷയുടെ മനസ്സില്‍. അത് സ്വന്തം അമ്മയെ അറിയിച്ചു. ജയേഷ് അറിയാതെ അബോര്‍ഷന്‍ നടത്തി. ബാത്‌റൂമില്‍ തെന്നിവീണ് അബോര്‍ഷനായി എന്നു ജയേഷിനോടു കള്ളം പറഞ്ഞു. ഫാദര്‍ കുരിശിങ്കല്‍ സ്ഥലം മാറി പൂച്ചപ്പാറ ഇടവകയിലേക്കുപോയി.
(തുടര്‍ന്നു വായിക്കുക)
ഒരു ഞായറാഴ്ച രാത്രി എട്ടുമണി കഴിഞ്ഞ സമയം. വാട്ട്‌സാപ്പില്‍ ഓരോന്നു നോക്കിക്കൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്നു എല്‍സ. അടുക്കളയില്‍ പാത്രങ്ങളെല്ലാം കഴുകിവയ്ക്കുന്ന തിരക്കിലായിരുന്നു സിസിലി. ആ സമയം എല്‍സയുടെ മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ ഡോക്ടര്‍ മനു തോമസ്. സന്തോഷത്തോടെ അവള്‍ ഫോണ്‍ കാതോടുചേര്‍ത്തു.
''ഹലോ.''
''എല്‍സയല്ലേ?''
''അതെ.''
''സുഖാണോ?''
''ഉം.''
''അന്ന് അവിടെവന്ന് പോന്നതിനുശേഷം വിളിക്കാന്‍ സമയം കിട്ടിയില്ല. ഇപ്പഴാ തിരക്കൊന്നൊഴിഞ്ഞത്. അന്നത്തെ ആ ചക്കപ്പുഴുക്കിന്റെയും ഇറച്ചിക്കറിയുടെയും രുചി ഇപ്പഴും നാവീന്നു പോയിട്ടില്ലാട്ടോ. ഇനീം ഞാന്‍ വരും; തരണം ട്ടോ.''
''തീര്‍ച്ചയായും. ഡോക്ടര്‍ എപ്പവേണേലും വന്നോളൂ. ഇഷ്ടമുള്ള ഫുഡ് ഉണ്ടാക്കിത്തരാം.''
''ആ പാറപ്പുറത്തിരുന്ന് കാറ്റുകൊണ്ട് വര്‍ത്തമാനം പറഞ്ഞത് ഒരിക്കലും മറക്കാന്‍ പറ്റില്ല. എത്ര നല്ല സ്ഥലമാ.''
''കാണാനേ കൊള്ളൂ. ജീവിക്കാന്‍ അത്ര സുഖമുള്ള സ്ഥലമല്ല. മഴക്കാലമായാല്‍ ഞങ്ങളുടെ ഉള്ളില്‍ തീയാ.''
''അതിപ്പം താഴ്‌വാരത്തായാലും ജീവിതം അത്ര സുരക്ഷിതമല്ലല്ലോ! 2018 ലെ പേമാരിയില്‍ എത്ര വീടുകളാ മുങ്ങിപ്പോയത്. അതുപോട്ടെ, കാലെങ്ങനെയുണ്ട്? കുഴപ്പമൊന്നുമില്ലല്ലോ. ഓടിച്ചാടി നടക്കുന്നില്ലേ?''
''ഉം. ഒരു കുഴപ്പോം ഇല്ല.''
''കല്യാണം വല്ലോംആയോ?''
''ഇല്ല. ഈ മലമോളില്‍ വന്ന് ആരു കെട്ടിക്കൊണ്ടുപോകാനാ.'' അതു പറഞ്ഞിട്ട് അവള്‍ ചിരിച്ചു.
''സമയമാവുമ്പം നടക്കും.''
''അമ്മ സങ്കടപ്പെടുമ്പഴൊക്കെ ഞാന്‍ പറയുന്ന വാചകോം ഇതുതന്നെയാ.''
''അവിടുത്തെ വിശേഷങ്ങളൊക്കെ പറ. കേള്‍ക്കട്ടെ.''
''ഇവിടെന്തു വിശേഷം! എന്നും രാവിലെ എണീക്കുന്നു. കാപ്പികുടികഴിഞ്ഞു പറമ്പിലെ ഓരോ പണികള്‍ ചെയ്യുന്നു. വൈകുന്നേരം കുളിച്ച് പ്രാര്‍ഥന ചൊല്ലുന്നു. കിടക്കാന്‍ നേരം വാട്‌സാപ്പില്‍ ഓരോന്നു നോക്കുന്നു. ഉറക്കംവരുമ്പം ലൈറ്റണച്ചു കിടക്കുന്നു. ശനിയാഴ്ചയാണെങ്കില്‍ ട്യൂഷന്‍ എടുക്കാന്‍ പോകുന്നു. ഞായറാഴ്ച വേദപാഠം പഠിപ്പിക്കാനും. അങ്ങനെയങ്ങു പോകുന്നു ജീവിതം.''
''ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ?''
''ശ്രമിക്കാഞ്ഞിട്ടല്ല. കിട്ടണ്ടേ! ഈ മലമോളില്‍ ആരു ജോലി തരാനാ.''
''എന്നാ എന്റെകൂടെ കൂടിക്കോ. എന്റെ സഹായിയായിട്ട്.''
''വിളിക്കുമെങ്കില്‍ വരും.''
ഡോക്ടര്‍ ചിരിച്ചതേയുള്ളൂ.
''അമ്മയ്ക്കു സുഖമല്ലേ?''
''ഉം.''
''ഒന്നു കൊടുത്തേ.''
എല്‍സ മൊബൈലുമായി അടുക്കളയിലേക്ക് ഓടി. വിവരം പറഞ്ഞിട്ട് അവള്‍ മൊബൈല്‍ അമ്മയ്ക്കു കൈമാറി.
''ഹലോ.''
''സുഖാണോ അമ്മേ?''
''സുഖാണോന്നു ചോദിച്ചാല്‍ സുഖമല്ല. സുഖമല്ലേന്നു ചോദിച്ചാല്‍ സുഖാണ്.''
''എല്‍സേടെ കല്യാണംകൂടിയൊന്നു നടന്നുകിട്ടിയാല്‍ സുഖമായി മോനേ.''
''അതൊക്കെ നടക്കും അമ്മേ. സമയമാകുമ്പം എല്ലാം നടക്കും.''
''മോനും അതിനുവേണ്ടി ഒന്നു പ്രാര്‍ഥിക്കണം കേട്ടോ.''
''തീര്‍ച്ചയായും. ങ്ഹ... ഞാന്‍ എല്‍സയോടു പറയുവായിരുന്നു അന്നത്തെ ആ ചക്കപ്പുഴുക്കിന്റേം ഇറച്ചിക്കറീടേം രുചി. അതിപ്പഴും നാവീന്ന് പോയിട്ടില്ല. ഞാന്‍ ഒരിക്കല്‍ക്കൂടി വരും കേട്ടോ.''
''ഒരിക്കല്‍കൂടിയല്ല. എല്ലാമാസവും ഇങ്ങുപോരെ. ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിവയ്ക്കാം. ഞാനിപ്പം എന്റെ മോനെപ്പോലെയാ ഡോക്ടറെ കാണുന്നത്.''
''സന്തോഷം! അമ്മയുടെ സ്‌നേഹം ഞാനവിടെ വന്നപ്പോള്‍ അനുഭവിച്ചറിഞ്ഞതല്ലേ. അതുകൊണ്ടാ വീണ്ടും വരണമെന്നു തോന്നുന്നത്.''
''വരണം. വരാതിരിക്കരുത്. എന്റെ മോളുടെ ചട്ടു മാറ്റിയ ഡോക്ടറല്ലേ. ഞാന്‍ എപ്പഴും ഓര്‍ക്കും. ഇത്രയും സ്‌നേഹമുള്ള ഒരു ഡോക്ടറെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.''
''വരും അമ്മേ; വരാതിരിക്കില്ല.''
''പിന്നെ മോനേ... എല്‍സയ്ക്കു പറ്റിയ ഏതെങ്കിലും ചെക്കന്മാര് കൂട്ടുകാരായിട്ടോ പരിചയക്കാരായിട്ടോ ഉണ്ടെങ്കില്‍ ഇവളുടെ കാര്യം ഒന്നു പറഞ്ഞേക്കണേ. സ്ത്രീധനമായി കൊടുക്കാന്‍ കാശായിട്ട് എന്റെ കൈയിലൊന്നുമില്ല. ഈ പറമ്പും വീടുമേയുള്ളൂ. അതുകൂടി പറഞ്ഞേക്കണേ.''
''അമ്മയെന്താ ഈ പറയണേ?'' എല്‍സയ്ക്കു ദേഷ്യം വന്നു. ''ഡോക്ടര്‍ എന്താ ബ്രോക്കറാണോ?'' ഫോണിനോടു ചേര്‍ന്നുനിന്നിട്ട് അവള്‍ തുടര്‍ന്നു:
''അമ്മ പറയുന്നതൊന്നും കാര്യാക്കണ്ട കേട്ടോ ഡോക്ടറെ. വരുന്നോരോടും പോകുന്നോരോടുമൊക്കെ അമ്മയ്ക്കിതേ പറയാന്‍ നേരമുള്ളൂ. അമ്മേടെ മനസ്സീന്ന് അറിയാതെ വീണുപോകുന്നതാ...''
''അമ്മയ്ക്ക് എല്‍സയോട് അത്ര സ്‌നേഹമുള്ളതുകൊണ്ടല്ലേ അതു പറയുന്നത്! ഇങ്ങനെ ഒരമ്മയെ കിട്ടാന്‍ പുണ്യം ചെയ്യണം.''
''ഒരു രാത്രി അറ്റായ്ക്കു വന്നു ഞാനങ്ങു മരിച്ചുപോയാല്‍ ഇവള്‍ക്കു പിന്നെ ആരുണ്ട് ഡോക്ടറെ? ആ ആധിയാ മനസ്സില്‍ എപ്പഴും. കല്യാണം കഴിച്ചുവിട്ടാല്‍ സംരക്ഷിക്കാന്‍ ഒരാളായല്ലോന്നുള്ള ആശ്വാസമുണ്ടല്ലോ.''
''അമ്മ വിഷമിക്കണ്ട. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ ഞാന്‍ നോക്കിക്കോളാം എല്‍സേടെ കാര്യം. പോരെ?''
''നോക്കുമോ?''
''ഉറപ്പായിട്ടും!'' ഒന്നു നിറുത്തിയിട്ട് ഡോക്ടര്‍ തുടര്‍ന്നു: ''അങ്ങനെയൊന്നും സംഭവിക്കില്ലമ്മേ. എല്‍സേടെ കല്യാണം നടന്നുകണ്ട്, അവള്‍ക്കൊരു കുഞ്ഞുണ്ടായി, അതിന്റെ കല്യാണവും നടന്നു കണ്ടിട്ടേ അമ്മ ഈ ഭൂമീന്നു പോകൂ...''
''ഡോക്ടറുടെ നാവ് പൊന്നാവട്ടെ.'' സിസിലി പറഞ്ഞു.
''ശരി. ഗുഡ്‌നൈറ്റ്.'' ഡോക്ടര്‍ മനു ഫോണ്‍ കട്ടു ചെയ്തു.
''അമ്മയ്ക്കു വേറൊന്നുമില്ലായിരുന്നോ സംസാരിക്കാന്‍? വിശേഷം ചോദിക്കാന്‍ വിളിച്ചപ്പം എന്തിനാ എന്റെ കല്യാണക്കാര്യം എടുത്തിട്ടേ? അതാ ഡോക്ടര്‍ പെട്ടെന്നു ഫോണ്‍ കട്ടു ചെയ്തത്. അമ്മ വിചാരിക്കുന്നുണ്ടോ അമ്മ മരിച്ചുപോയാല്‍ ഉടനെ ഡോക്ടറു വന്ന് എന്നെയങ്ങു കൂട്ടിക്കൊണ്ടുപോകുമെന്ന്. ചുമ്മാ ഭംഗിവാക്കു പറഞ്ഞതാ. കാലിന്റെ ഓപ്പറേഷന്‍ നടത്താനുള്ള കാശുതരാന്നു പറഞ്ഞിട്ട് ജയേഷ് പറ്റിച്ചതു കണ്ടതല്ലേ? അതിനേക്കാള്‍ വലിയ ബന്ധമൊന്നുമില്ലല്ലോ ഡോക്ടറുമായിട്ട്.'' എല്‍സ ദേഷ്യപ്പെട്ടു.
''എന്റെ മനസ്സിലുള്ള വിഷമോം ആഗ്രഹോം ഒക്കെയങ്ങു പറഞ്ഞുപോയെന്നേയുള്ളൂ മോളേ. ക്ഷമിക്ക്. എനിക്ക് നിന്റെ കാര്യമല്ലാതെ എന്താ പറയാനുള്ളത്?''
എല്‍സ ഒന്നും മിണ്ടിയില്ല. അവള്‍ ഫോണ്‍ വാങ്ങിക്കൊണ്ട് കിടപ്പുമുറിയിലേക്കു പോയി.
* * *
~ഒരു വെള്ളിയാഴ്ച!
സന്ധ്യകഴിഞ്ഞപ്പോള്‍ ആകാശത്ത് കാര്‍മേഘം ഉരുണ്ടുകൂടി. മഴയ്ക്കുള്ള പുറപ്പാടാണെന്ന് എല്‍സയ്ക്കു മനസ്സിലായി. പുറത്ത് ഉണങ്ങാനിട്ടിരുന്ന തുണികളൊക്കെ അവള്‍ തിടുക്കത്തില്‍ എടുത്ത് അകത്തിട്ടു.
തണുത്ത കാറ്റ് ആഞ്ഞുവീശിയപ്പോള്‍ സിസിലിക്കു പേടി തോന്നി. പഴയ വീടാണ്. ശക്തമായ ഒരു കാറ്റു വന്നാല്‍ പൊക്കിക്കൊണ്ടു പോകാനുള്ളതേയുള്ളൂ. സിസിലിയും എല്‍സയും പ്രാര്‍ഥന ചൊല്ലി, ആപത്തൊന്നും വരുത്തരുതേയെന്ന് ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു.
കാറ്റിനു പിന്നാലെ മഴ തുടങ്ങി. എല്‍സ എണീറ്റ് ജനാലകളെല്ലാം അടച്ചു കുറ്റിയിട്ടു. മഴ ശക്തിപ്രാപിക്കയാണ്. ഇടയ്ക്കിടെ മിന്നലും ഇടിയും. പൊടുന്നനെ കറണ്ടും പോയി. എല്‍സ തിരി കത്തിച്ചു മേശപ്പുറത്തു വച്ചു. തുള്ളിക്കൊരുകുടം പെയ്യുന്ന മഴ കണ്ടപ്പോള്‍ സിസിലി പറഞ്ഞു:
''ഇത്രേം വലിയ മഴ ഇവിടെ ഇതുവരെ പെയ്തിട്ടില്ലല്ലോ. എന്തോ ദുരന്തം വരാനാന്നു മനസ്സു പറയുന്നു.''
''അമ്മ ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ. കരിനാക്കുകൊണ്ട് ഒന്നും പറയാതെ.''
പൊടുന്നനെ വലിയ ശബ്ദത്തില്‍ ഒരിടിവെട്ടി.
എല്‍സയും സിസിലിയും പേടിച്ചുവിറച്ചുപോയി.
''പേടിയാകുന്നല്ലോ മോളെ. നമ്മള് രണ്ടു പെണ്ണുങ്ങള് തനിച്ച് ഇവിടെ! അടുത്തൊരു വീടുപോലുമില്ല.''