ഇടിമുഴക്കംപോലെയുള്ള സ്മാഷുകള്‍കൊണ്ട് കോര്‍ട്ടുകളെ പ്രകമ്പനംകൊള്ളിച്ച വോളിബോള്‍ ഇതിഹാസം ജിമ്മി ജോര്‍ജ് ഓര്‍മയായിട്ട് ഈ നവംബര്‍ മുപ്പതിന് മുപ്പത്തിയെട്ടുവര്‍ഷം. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വോളിബോള്‍ കളിക്കാരന്‍. കഴിഞ്ഞ അരനൂറ്റാണ്ടിലെ കണക്കെടുത്താല്‍ ലോകവോളിബോളിലെ മികച്ച പന്ത്രണ്ടു കളിക്കാരിലൊരാളായി ജിമ്മിയുടെ പേരുമുണ്ടാകും. ഇറ്റലിയിലെ മിലാനിലുണ്ടായ ഒരു കാറപകടത്തില്‍ മരണമടയുമ്പോള്‍ വെറും മുപ്പത്തിരണ്ടു വയസ്സായിരുന്നു പ്രായം.
ഇരുപത്തിയൊന്നാം വയസ്സില്‍ അര്‍ജുന അവാര്‍ഡു നേടിയ കളിക്കാരനാണു ജിമ്മി. അര്‍ജുന അവാര്‍ഡു നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കായികതാരമെന്ന ജിമ്മിയുടെ റെക്കോഡ് ഇന്ത്യയില്‍ ഇതുവരെ ആരും ഭേദിച്ചിട്ടില്ല എന്നതുതന്നെ ആ അതുല്യപ്രതിഭയുടെ ഏറ്റവും വലിയ തെളിവാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ്, പാലായില്‍നിന്ന്, മലബാറിലേക്കു കുടിയേറിയതായിരുന്നു കുടക്കച്ചിറ ജോര്‍ജും കുടുംബവും. മുന്‍ യൂണിവേഴ്‌സിറ്റി വോളിബോള്‍ താരമായിരുന്ന ജോര്‍ജ് മക്കളിലേക്കും ഒരു വോളിസ്‌നേഹം പകര്‍ന്നുനല്കി. വീടിനോടു ചേര്‍ന്നുള്ള കോര്‍ട്ടില്‍ ജോര്‍ജിന്റെ എട്ട് ആണ്‍മക്കളും കുഞ്ഞുന്നാള്‍മുതല്‍ വോളി കളിച്ചുവളര്‍ന്നതും പില്‍ക്കാലത്ത് ദേശീയ അന്തര്‍ദ്ദേശീയ മികവിലേക്കുയര്‍ന്നതും ചരിത്രം. ജോര്‍ജിന്റെ എട്ട് ആണ്‍മക്കളില്‍ രണ്ടാമനായിരുന്നു ജിമ്മി. പേരാവൂര്‍ ബ്രദേഴ്‌സ് എന്ന പേരില്‍ മലബാറില്‍ വോളിബോള്‍ കോര്‍ട്ട് അടക്കിവാണ ടീമിന്റെ കുന്തമുന.
പില്‍ക്കാലത്ത് പാലാ സെന്റ് തോമസ് കോളജില്‍ പഠനത്തിനുചേര്‍ന്ന ജിമ്മി യൂണിവേഴ്‌സിറ്റി തലത്തില്‍ വോളിക്കു പുറമേ, നീന്തലിലും സമ്മാനങ്ങള്‍ വാരിക്കൂട്ടി.
ജിമ്മിയെന്ന വോളിബോള്‍ ജീനിയസിനെ പുതുതലമുറയ്ക്ക് ഏറെ പരിചയം കാണില്ല. സ്മാഷുകളുടെ രാജാവെന്നാണ് ജിമ്മി അറിയപ്പെട്ടിരുന്നത്. പന്ത്രണ്ടടി ഉയരത്തില്‍ ചാടിനില്‍ക്കും. കണ്ണടച്ചുതുറക്കുംമുമ്പേ, ഒരു വെള്ളിടി എതിര്‍കോര്‍ട്ടില്‍ പതിച്ചിരിക്കും. അതായിരുന്നു ജിമ്മി. ജംപ് ആന്‍ഡ് സര്‍വുകള്‍ ഇപ്പോള്‍ സാധാരണമാണ്. ഈ സര്‍വ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് ജിമ്മിയായിരുന്നു.
ലോകവോളിബോളില്‍ ഇന്ത്യയ്ക്കു മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത ജിമ്മി 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്കു മെഡല്‍ നേടിക്കൊടുത്തു.
കളിയില്‍ മാത്രമല്ല, പഠനത്തിലും മിടുക്കനായിരുന്നു ജിമ്മി. ഇരുപത്തിയൊന്നാം വയസ്സില്‍ പൊലീസ് ടീമില്‍ ചേരുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. വോളി തിരക്കുകള്‍മൂലം അദ്ദേഹത്തിനു പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
വിദേശമണ്ണില്‍ പ്രഫഷണല്‍ വോളി കളിക്കുന്ന ആദ്യഇന്ത്യന്‍താരമാണു ജിമ്മി. അബുദാബിയിലും പിന്നീട് വോളിബോളിന്റെ മെക്കയായ ഇറ്റലിയിലും ഈ മലയാളി യുവാവ് ഏറെ ആരാധകരെ സൃഷ്ടിച്ചു. നെറ്റിനു മുകളില്‍ പറന്നടിക്കുന്ന ജിമ്മിയെ ഹെര്‍മിസ് ദേവനെന്നാണ് ഇറ്റാലിയന്‍ വോളിനിരൂപകര്‍ വിശേഷിപ്പിച്ചത്. ജിമ്മിയെ ഇറ്റലിക്കാര്‍ എത്രയധികം സ്‌നേഹിച്ചിരുന്നുവെന്നന്നറിയണമെങ്കില്‍ മോണ്‍ടി കാര്‍ലോയില്‍ ചെല്ലണം. അവിടെ ഒരു സ്റ്റേഡിയം പാലാ ജോര്‍ജ് എന്ന പേരില്‍ ജിമ്മിയുടെ ആദരാര്‍ഥം നാമകരണം ചെയ്തിരിക്കുന്നതു കാണാം. കൂടാതെ, വര്‍ഷന്തോറും ജിമ്മിയുടെ സ്മരണയ്ക്കായി ഒരു ജൂണിയര്‍ വോളിബോള്‍ ടൂര്‍ണമെന്റും നടത്തിവരുന്നു.
ജിമ്മി മാത്രമല്ല, അദ്ദേഹത്തിന്റെ മിക്ക സഹോദരങ്ങളും ദേശീയവോളിയില്‍ പില്‍ക്കാലത്ത് പ്രശസ്തരായി. ജോസ് ജോര്‍ജ്, മാത്യു ജോര്‍ജ്, ബ്ലെസില്‍ ജോര്‍ജ്, ഫ്രാന്‍സിസ്, ബൈജു, സ്റ്റാന്‍ലി, വില്‍സണ്‍, ഒടുവില്‍ റോബര്‍ട്ട് ജോര്‍ജും. പ്രശസ്ത ഇന്റര്‍നാഷണല്‍ അത്‌ലറ്റ് ബോബി ജോര്‍ജിനെയാണ് റോബര്‍ട്ട് ജോര്‍ജ് വിവാഹം കഴിച്ചത്.
ടോം കളപ്പുര
