•  16 Oct 2025
  •  ദീപം 58
  •  നാളം 32
കളിക്കളം

ഏഷ്യാക്കപ്പില്‍ മുത്തമിടാന്‍ ഇന്ത്യ

  • കാലം കാത്തുവച്ച സമയം എന്നു വേണമെങ്കില്‍ ഏഷ്യാക്കപ്പിനെ സഞ്ജുവിന്റെ ജീവിതത്തോടു ചേര്‍ത്തുവച്ചുപറയാം. മികച്ച ബാറ്റിങ്ങും  ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമായി ടീമിനെ വിജയത്തിലേക്കടുപ്പിക്കാമെന്നാണു ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷ. ഏഷ്യന്‍ ചാമ്പ്യന്മാര്‍ എന്ന പദവിയോടെ യു എ ഇ യില്‍നിന്നു മടങ്ങാന്‍ ഇന്ത്യന്‍ ടീമിനു സാധിക്കട്ടെ

   ട്വന്റി 20 ക്രിക്കറ്റിന്റെ ഏഷ്യന്‍ ചാമ്പ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാക്കപ്പിനു യുഎഇയില്‍ തുടക്കമായി. ഏഷ്യയിലെ എട്ടു ടീമുകള്‍ രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുന്ന ടൂര്‍ണമെന്റിന് യുഎഇയില്‍ തിരിതെളിയുമ്പോള്‍ ഇന്ത്യയിലെ ആരാധകരെപ്പോലെ  മലയാളികള്‍ക്കും ഇത് അഭിമാനനിമിഷമാണ്.   കാരണം, മലയാളിയായ സഞ്ജു സാംസണും തന്റെ ശക്തി തെളിയിക്കാന്‍, ഇന്ത്യന്‍ ടീമിന്റെ നിറസാന്നിധ്യമാകാന്‍   തയ്യാറാവുകയാണ്. ട്വന്റി 20 ലോകകപ്പിലും ഏകദിനലോകകപ്പിലും ഇന്ത്യന്‍ ടീം കപ്പുയര്‍ത്തിയപ്പോള്‍ ശ്രീശാന്ത് എന്ന മലയാളി ഇന്ത്യയ്‌ക്കൊപ്പമുണ്ടായിരുന്നു. അതിനുശേഷം സഞ്ജു എന്ന മലയാളിയിലൂടെ വീണ്ടും കേരളത്തിന്റെ പെരുമ ക്രിക്കറ്റില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.
കടലാസില്‍ ഇന്ത്യയും പാക്കിസ്ഥാനും   ശ്രീലങ്കയും ശക്തരാകുമ്പോള്‍ അട്ടിമറികളിലൂടെ ഏതു വമ്പന്മാരെയും തോല്‍പിച്ചിട്ടുള്ള    അഫ്ഗാനിസ്ഥാനെയും, ബംഗ്ലാദേശിനെയും തള്ളിക്കളയാനാവില്ല. അതിനാല്‍ത്തന്നെ      വിജയിക്കുക എന്നതു കഠിനമാണ്. എന്നാല്‍, ഏറെ ശ്രദ്ധേയമായ കാര്യം എല്ലാ ടീമും     ഇത്തവണ കൊണ്ടുവന്നിരിക്കുന്നത് യുവതലമുറയെയാണ്. ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് എന്ന നിലയ്ക്കു വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ്, ഏകദിനലോകകപ്പ് മുന്നില്‍ക്കണ്ടുകൊണ്ട്    താരങ്ങളെ വാര്‍ത്തെടുക്കാനുള്ള അവസരംകൂടിയാണ്. ഇന്ത്യന്‍ കോച്ച് ഗംഭീറിനും ഇത് ഒരു ജീവന്മരണപോരാട്ടമാണ്. കിരീടം നേടി അതുവഴി തന്റെ സ്ഥാനം നിലനിര്‍ത്തുക.
1984 ലാണ് ഏഷ്യാക്കപ്പ് ക്രിക്കറ്റിന്റെ ആദ്യ  പതിപ്പ് അരങ്ങേറിയത്. അന്ന് ഏകദിനഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. എന്നാല്‍, 2016 ലാണ് ട്വന്റി 20 ഫോര്‍മാറ്റിലേക്കു മാറിയത്. ക്രിക്കറ്റിന്റെ ആധുനികരൂപമായ ട്വന്റി 20യിലേക്കു മാറിയപ്പോള്‍ ആരാധകരും ആഘോഷത്തിലാണ്. ഓരോ കളികളും ആകാംക്ഷയോടെ കാത്തിരിക്കുന്നു. മലയാളികള്‍ നിറഞ്ഞ യുഎഇ യില്‍ സഞ്ജു എന്ന മലയാളി ടീമിനായി ഇറങ്ങുമ്പോള്‍ ആവേശത്തോടെ എതിരേല്ക്കാന്‍ കാത്തിരിക്കുകയാണവര്‍. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരവും ഏറെ കാത്തിരിക്കുന്ന ഒന്നാണ്.
ഇന്ത്യന്‍ യുവനിര തങ്ങളുടെ കരുത്തുകാണിക്കാന്‍ ബാറ്റുകൊണ്ടും ബൗളിങ്ങിനും ഇറങ്ങുമ്പോള്‍ ഉറ്റുനോക്കുന്ന ഒരുപിടി താരങ്ങളുണ്ട്. ഇന്ത്യന്‍ ബൗളിങ്ങിന്റെ വജ്രായുധമായ ബ്രൂമ, ഏതു വലിയ ബാറ്റിങ് നിരയും നിഷ്പ്രഭമാക്കാന്‍ കഴിയുന്ന ബൗളര്‍. കൂടാതെ, ഒരു പിടി സ്പിന്‍നിരയും അക്‌സര്‍, കുല്‍ദീപ്, വരുണ്‍ എന്നിവരും ശക്തര്‍തന്നെ. ബാറ്റിങ്ങിലേക്കു കടന്നു           വരുമ്പോള്‍ ഗില്‍, അഭിഷേക്, സൂര്യ, സഞ്ജു ഇങ്ങനെ പോകുന്നു ബാറ്റിങ് നിര.
എന്തായാലും യുഎഇയില്‍ മത്സരങ്ങള്‍     കടുപ്പമാണ്. യുവതലമുറയുമായി ഇന്ത്യ ഏഷ്യാക്കപ്പിനിറങ്ങുമ്പോള്‍ കടലാസില്‍ വിജയം ഇന്ത്യയ്ക്കാണ്. എന്നാല്‍, ഏഷ്യാക്കപ്പ് എന്ന സ്വപ്നം നേടാന്‍ കഠിനപ്രയത്‌നം ആവശ്യമാണ്.
ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്ന ഏഷ്യാക്കപ്പിന് യുഎഇയില്‍ തുടക്കംകുറിക്കുമ്പോള്‍ വിജയത്തിനപ്പുറം മലയാളികള്‍ കാണാന്‍ കാത്തിരിക്കുന്നത് സഞ്ജു സാംസണ്‍ എന്ന   മലയാളിയെയായിരിക്കും. ടീം ഇന്ത്യയ്‌ക്കൊപ്പം  സെപ്റ്റംബര്‍ 28 രാത്രി ദുബൈയിലെ അവസാനമത്സരവും ജയിച്ച് ടീം ട്രോഫി ഉയര്‍ത്തുമ്പോള്‍ അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യയുടെ കൈയിലായിരിക്കണമെന്നും  സഞ്ജു എന്ന മലയാളിയിലൂടെ ഒരിക്കല്‍ക്കൂടി ഒരു കിരീടം മലയാളമണ്ണിലേക്കെത്തുമെന്നും നമുക്കു പ്രതീക്ഷിക്കാം. ഒപ്പം, മലയാളികള്‍ക്ക് അഭിമാനമാകാന്‍ സഞ്ജു സാംസണു       കഴിയട്ടെ എന്നും നമുക്കു പ്രത്യാശിക്കാം.
കേരള ക്രിക്കറ്റിനെ മാറ്റി  മറിക്കാനാരംഭിച്ച കെസിഎല്‍ രണ്ടാം സീസണ്‍ അവസാനിച്ചപ്പോള്‍ തന്റെ പരിചയസമ്പന്നത ഇന്ത്യന്‍ ടീമിനു മാത്ര മല്ല, കേരളത്തിലെ വളര്‍ന്നു വരുന്ന യുവതലമുറയ്ക്കും കൊടുക്കാന്‍ ഏറെ എടുത്തുപറയേണ്ട പേരും സഞ്ജുവിന്റെയാണ്. കൊച്ചി ടീമിനായി കളത്തിലിറങ്ങിയ സഞ്ജു എല്ലാവര്‍ക്കും മാതൃകയാണ്. തന്റെ പരിചയസമ്പന്നത വളര്‍ന്നുവരുന്ന മറ്റു       താരങ്ങള്‍ക്കു പകര്‍ന്നുനല്കാനും കൂടാതെ        കൂടുതല്‍പേരെ ക്രിക്കറ്റിലേക്കാകര്‍ഷിക്കാനും സാധിക്കുന്നു. ചെറിയൊരു ലീഗ് മത്സരത്തെ ലോകത്തിനുമുന്നില്‍ എടുത്തുകാണിക്കാനും അതുവഴി സാധിച്ചു. കൊച്ചി കിരീടത്തില്‍ മുത്തമിടുമ്പോള്‍ സഞ്ജു ഏഷ്യാക്കപ്പിനുള്ള ഒരുക്കത്തിലായിരുന്നു.
കാലം കാത്തുവച്ച സമയം എന്നു വേണമെങ്കില്‍ ഏഷ്യക്കപ്പിനെ സഞ്ജുവിന്റെ ജീവിതത്തോടു ചേര്‍ത്തുവച്ചുപറയാം. മികച്ച ബാറ്റിങ്ങും  ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമായി ടീമിനെ വിജയത്തിലേക്കടുപ്പിക്കുമെന്നാണു ക്രിക്കറ്റ്  പ്രേമികളുടെ പ്രതീക്ഷ. ഏഷ്യന്‍ ചാമ്പ്യന്മാര്‍ എന്ന പദവിയോടെ യുഎഇ യില്‍നിന്നു മടങ്ങാന്‍ ഇന്ത്യന്‍ ടീമിനു സാധിക്കട്ടെ.

.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)