ഇന്ത്യന്‍ജനത കാത്തിരുന്നത് ഒരിക്കല്‍ക്കൂടി രോഹിത് ശര്‍മ ക്യാപ്റ്റനായി ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങുന്നു; കൂടെ വിരാട് കോഹ്‌ലിയും. ടെസ്റ്റില്‍നിന്നും ട്വന്റി-20 യില്‍നിന്നും വിരമിച്ച രോഹിത് ശര്‍മ ക്യാപ്റ്റനായി നിലനിന്നിരുന്നത് ഏകദിനത്തില്‍ മാത്രമാണ്. എന്നാല്‍ ടീം പ്രഖ്യാപനത്തിനുശേഷം ഇനി ഗില്‍യുഗം എന്നു കേട്ടതോടെ രോഹിത് ശര്‍മ എന്ന അതികായകന്‍ ക്രിക്കറ്റ് ലോകത്തോടു വിട പറയാന്‍ തയ്യാറാകുന്നു എന്നുകൂടി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ശുഭ്മാന്‍ഗില്‍ ഇന്ത്യന്‍ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടീമില്‍ രോഹിത് ശര്‍മയുണ്ടെങ്കിലും തലമുറമാറ്റം അദ്ദേഹത്തിന് അവസാന ഏകദിനപരമ്പരയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എല്ലാ ഫോര്‍മാറ്റിലും ഇനിയൊരു ക്യാപ്റ്റന്‍ എന്ന ലക്ഷ്യത്തോടെയാണ് മാറ്റമെങ്കിലും പുതുതലമുറയ്ക്കായി, ഇനി വരാനിരിക്കുന്ന ഏകദിന ട്വന്റി-20 ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പുകൂടിയാണ് ഈ മാറ്റം എന്നു നമുക്കു വിചാരിക്കാം.
കടന്നുപോയ വഴികളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യതാരവും വിജയരാശിയുമായിരുന്നു രോഹിത്ശര്‍മ. കടന്നുവന്ന വഴികളുടെ ആരംഭത്തില്‍ വലിയ പ്രശസ്തിയോ അദ്ഭുതപ്രകടനങ്ങളോ നടത്തിയ വ്യക്തിയല്ല രോഹിത് ശര്‍മ. എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ ഇന്ത്യന്‍ ടീമില്‍ തന്റെ വ്യക്തിപ്രഭാവം നിലനിര്‍ത്താന്‍ അദ്ദേഹത്തിനു സാധിച്ചു.
പിന്നീട് ടീമിന്റെ ഒഴിച്ചുകൂടാനാവാത്ത താരമായി വളര്‍ന്നു. എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റനായി കൂടാതെ ഐ.പി.എല്‍. എന്ന ബ്രാന്‍ഡില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായും തന്റെ ക്രിക്കറ്റ് ജീവിതം ആഘോഷിച്ചു. എന്നാല്‍ കാലം മുന്നോട്ടുപോകുമ്പോള്‍ മാറ്റത്തിനായി വീണ്ടും ഒരു പടിയിറക്കം. 2027 ഏകദിന ലോകകപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടീമിലെ ക്യാപ്റ്റന്‍സി മാറ്റമെന്നും പറയാം.
രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റിലേക്കു വരുമ്പോള്‍ അമിതപ്രതീക്ഷകളോ ആരവങ്ങളോ ഇല്ലാത്ത വ്യക്തിയായിരുന്നു. ഫുള്‍ ഷോട്ടിലൂടെ ഇന്ത്യന്‍ ജനതയുടെ മനസില്‍ ഇടംപിടിച്ച രോഹിത് ശര്‍മ ഒരിക്കലും കടന്നുവന്നത് വലിയ താരമായിട്ടല്ല. ഓരോ വളര്‍ച്ചയിലും കഠിനപ്രയത്‌നത്തിന്റെ കഥ പറയാനുമുണ്ട്. ആദ്യകാലഘട്ടങ്ങളില്‍ പല തവണ ഇന്ത്യന്‍ ടീമില്‍നിന്നും തഴയപ്പെട്ട അദ്ദേഹം പിന്നീട് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് ബാറ്ററായി അദ്ദേഹം മാറി. പക്ഷേ പല വിജയങ്ങളും അദ്ദേഹത്തെ വിട്ടുനിന്നു. പല ഫൈനലുകളിലും അദ്ദേഹത്തിന്റെ കണ്ണീര്‍ ഇന്ത്യന്‍ജനത കണ്ടു.
2019 ഏകദിനലോകകപ്പില്‍ ഇന്ത്യന്‍ ടീം പരാജയപ്പെടുമ്പോള്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന രോഹിത് ശര്‍മയെ ഇന്നും മറക്കാന്‍ സാധിക്കില്ല. ചില്ലില്‍ ചാരിനിന്നു കരയുന്ന രോഹിത് ശര്‍മയെയാണ് അന്നു നാം കണ്ടത്. എന്നാല്‍ പരാജയം തളര്‍ത്തിയിട്ടില്ല എന്നു തെളിയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തുടര്‍ക്കഥപോലെ 2022 ലോകകപ്പിലും തന്റെ കരുത്ത് പുറത്തെടുത്തിട്ടും പരാജയം രുചിക്കാനായിരുന്നു അദ്ദേഹത്തിനും ടീമിനും വിധി. എന്നാല്‍ രോഹിത് ശര്‍മ എന്ന ഓപ്പണിങ് ബാറ്റര്‍ക്ക് വിമര്‍ശനങ്ങള്‍ ഏറെ നേരിടേണ്ടിവന്നപ്പോഴും പലപ്പോഴും മടിയനായ ക്രിക്കറ്റര്‍ എന്ന പേരു ലഭിച്ചപ്പോഴും ബാറ്റിങ്ങില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു നില്‍ക്കുമ്പോഴും തന്റെ കഴിവില്‍ ക്രിക്കറ്റ് ആരാധകരെപ്പോലെ അദ്ദേഹവും വിശ്വാസമര്‍പ്പിച്ചു.
ഒന്നിലധികംതവണ തോറ്റ മുഖവുമായി മൈതാനം വിടേണ്ടിവന്ന രോഹിത് ശര്‍മയ്ക്ക് ഉറപ്പുണ്ടായിരുന്നു, കാലം കാത്തുവച്ചിരിക്കുന്നത് വലിയ വിജയങ്ങളാണെന്ന്. 17 വര്‍ഷത്തിനുശേഷം ട്വന്റി-20 കിരീടം ഇന്ത്യന്‍ മണ്ണിലെത്തിച്ചപ്പോള്‍ അത് വീണ്ടുമൊരു ഉദയമായിരുന്നു. അസ്തമിച്ചുപോയെന്നു വിധിയെഴുതിയ ഇന്ത്യന്‍ ടീമിന്റെയും രോഹിത് ശര്‍മയെന്ന മനുഷ്യന്റെയും ഉദയം.
എന്നാല്‍ ഇതുകൊണ്ട് തന്റെ വിജയദാഹം തീരുന്നില്ലെന്നുറപ്പിച്ച രോഹിത് ശര്‍മ നേടിയത് ചാമ്പ്യന്‍സ് ട്രോഫിയാണ്. 2025 ചാമ്പ്യന്‍സ് ട്രോഫിയും നേടി ക്രിക്കറ്റിന്റെ 3 ഫോര്‍മാറ്റുകളിലും ഫൈനല്‍ കളിച്ച ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ഖ്യാതി നേടി. 2018, 2023 ഏഷ്യാകപ്പുകളും, ട്വന്റി-20 ലോകകപ്പും 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയുമാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ പ്രധാന നേട്ടങ്ങള്‍. ഹിറ്റ്മാന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുമ്പോള്‍ ഏതു ബൗളറും ഭയപ്പെടുന്ന ഓപ്പണിങ്ങ് ബാറ്ററായി മാറാന്‍ അദ്ദേഹത്തിനായി. 2017 ല്‍ ക്യാപ്റ്റനായി അരങ്ങേറിയ രോഹിത് ഒരുപിടി റെക്കോര്‍ഡുമായാണ് പടിയിറങ്ങുന്നത്. ഡബിള്‍ സെഞ്ചുറിയുടെ ഒരു ഘോഷയാത്ര തന്നെ ലിസ്റ്റിലുണ്ട്. ക്രീസില്‍ നിലയുറപ്പിച്ചാല്‍ ആരും ഭയക്കുന്ന ബാറ്ററായി മാറാന്‍ അദ്ദേഹത്തിനു കഴിയും. തന്റെ ടീമിനായി കിരീടനേട്ടങ്ങള്‍ അദ്ദേഹം സമ്മാനിച്ചു. ഫീല്‍ഡില്‍ കര്‍ക്കശക്കാരനായ ക്യാപ്റ്റനായും ടീമംഗങ്ങളെ സപ്പോര്‍ട്ടു ചെയ്തും വിജയനിമിഷങ്ങളെ ഏറെ ആഘോഷത്തോടെ കാണുന്ന ക്യാപ്റ്റനാണ് രോഹിത്. 3 ഫോര്‍മാറ്റിലും രാജ്യത്തിന് അവിസ്മരണീയനേട്ടങ്ങള്‍ സമ്മാനിച്ചതിന്റെ തലയെടുപ്പോടെയാണ് അദ്ദേഹം ക്യാപ്റ്റന്‍സിയില്‍നിന്നു പടിയിറങ്ങുന്നത്.
ഓസ്‌ട്രേലിയയില്‍ ഏകദിനപരമ്പരയില്‍ ഒരിക്കല്‍ക്കൂടി ക്യാപ്റ്റന്‍സിയുടെ കവചമില്ലാതെ നമുക്കു കാണാന്‍ സാധിക്കും. ബാറ്റിങ്ങിന്റെ ഏറെ മനോഹരമായ ഇന്നിംഗ്‌സുകള്‍ കളിച്ചുകൊണ്ട് അദ്ദേഹത്തിന് ഇനിയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുമെന്നു വിചാരിക്കാം.
കാലം എത്ര കഴിഞ്ഞാലും ഈ നായകനെ ഇന്ത്യന്‍ ജനത മറക്കില്ല. ഇന്ത്യന്‍ തെരുവുകളില്‍ രോഹിത് ശര്‍മ എന്ന പേര് മുഴങ്ങിക്കേള്‍ക്കും. കാരണം, ഇന്ത്യന്‍ വിജയങ്ങളുടെ ലിസ്റ്റെടുക്കുമ്പോള്‍ അതിന്റെ നായകസ്ഥാനത്ത് തന്റെ പേരു കൊത്തിവയ്ക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആദരണീയരായ വ്യക്തികള്‍ക്കൊപ്പം ഇന്ത്യന്‍ ജനത ചേര്‍ത്തുവയ്ക്കുന്ന പേരുകളില്‍ ഇനി രോഹിത് ശര്‍മയുമുണ്ടാകും. ഇനിയുള്ള ഇന്ത്യന്‍ ടീമിന്റെ സഞ്ചാരത്തില്‍ രോഹിത് ശര്‍മ എന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഉണ്ടോയെന്നു പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇന്ത്യന്‍ ജനത ക്രിക്കറ്റ് ലോകത്തിനുമുമ്പില്‍ തലയുയര്‍ത്തി നിന്നപ്പോള്‍ രോഹിത് അതിന്റെ തലപ്പത്തുണ്ടായിരുന്നു. കാലം മറന്നാലും ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ ഈ ക്രിക്കറ്റ് ഇതിഹാസത്തെ മറക്കില്ല. ഹിറ്റ്മാന് എല്ലാവിധ ആശംസകളും.