നീണ്ട പതിനെട്ടു ദിവസങ്ങള്‍ക്കും പതിന്നാലു ക്ലാസ്സിക്കല്‍ ഗെയിമുകള്‍ക്കുമൊടുവില്‍ ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് ലോക ചെസ്ചാമ്പ്യന്‍! കറുത്ത കരുക്കളുമായി നിര്‍ണായകമായ പതിന്നാലാം മിനിറ്റില്‍ നിലവിലെ ലോകചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയാണ് പതിനെട്ടുകാരനായ ഗുകേഷിന്റെ ചരിത്രനേട്ടം. വിശ്വനാഥന്‍ ആനന്ദിനുശേഷം ലോക ചെസ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടത്തിനു പുറമേ, ലോക ചെസ്ചാമ്പ്യനാകുന്ന ഏറ്റവും പ്രായകുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇനിമുതല്‍ ഗുകേഷിനു സ്വന്തം. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ ഇരുപത്തിരണ്ടാം വയസ്സിലെ ലോകകിരീടനേട്ടമാണ് ഗുകേഷ് പഴങ്കഥയാക്കിയത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചാലഞ്ചര്‍കൂടിയായിരുന്ന ഈ പതിനെട്ടുകാരന്‍ പയ്യന്‍, ഇന്ത്യയുടെ ചെസ് ഇതിഹാസങ്ങള്‍ക്കുപോലും കഴിയാതിരുന്ന നേട്ടം സ്വന്തമാക്കുമ്പോള്‍ രാജ്യവും ആനന്ദത്തേരിലാണ്.
ചെന്നൈയില്‍ ഇഎന്‍ടി സര്‍ജനായ രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ പത്മയുടെയും മകനായി 2006 മേയ് 29 നാണ് ദൊമ്മരാജു ഗുകേഷിന്റെ ജനനം. ഒരു തെലുങ്കുകുടുംബത്തിലാണു ജനിച്ചതെങ്കിലും തമിഴ്‌നാടാണ് ഗുകേഷിനെ വളര്‍ത്തിയത്. ഏഴാം വയസ്സില്‍ ചെസ് ബോര്‍ഡിലെ 64 കളങ്ങളില്‍ ആകൃഷ്ടനായ ഗുകേഷ് കരുക്കള്‍ നീക്കിത്തുടങ്ങിയപ്പോഴേ അപ്രതീക്ഷിതനീക്കങ്ങളിലൂടെ ശ്രദ്ധേയനായി. ആഴ്ചയില്‍ മൂന്നു ദിവസം ഒരു മണിക്കൂര്‍വീതമായിരുന്നു ആദ്യകാലത്തു പരിശീലനം.
പ്രാദേശികടൂര്‍ണമെന്റുകളില്‍ മികവറിയിച്ചെങ്കിലും 2015 ല്‍ ഏഷ്യന്‍ സ്‌കൂള്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ ചാമ്പ്യനായാണ് ഗുകേഷ് വരവറിയിക്കുന്നത്. പിന്നീട് 2018 ല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ലോക യൂത്ത് ചെസ് ചാമ്പ്യഷിപ്പില്‍ അഞ്ചു സ്വര്‍ണമെഡലുകള്‍ നേടി ജേതാവായതോടെ ചെസ് ലോകം ആ പേര് ശ്രദ്ധിച്ചുതുടങ്ങി. പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനാവുകയാണ് തന്റെ ലക്ഷ്യമെന്നു പതിനൊന്നാംവയസ്സില്‍ത്തന്നെ ഉറപ്പിച്ചുപറഞ്ഞ ഗുകേഷിന്റെ വാക്കുകളെ സംശയിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് ഈ വിജയം. അഞ്ചുതവണ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിന്റെ ലോകകിരീടം 2013 ല്‍ മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കിയപ്പോഴേ ഗുകേഷ് ഈ നിമിഷം മനസ്സിലുറപ്പിച്ചിരുന്നു.
സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്‍ പിറന്നത് ലോക ചെസ്സിന്റെ പുതുചരിത്രമാണ്. ചാമ്പ്യന്‍ഷിപ്പില്‍ ആദ്യഗെയിമില്‍ത്തന്നെ നാല്പത്തിരണ്ടു നീക്കങ്ങള്‍ക്കൊടുവില്‍ ലിങ് ലിറനോടു തോല്‌വി വഴങ്ങിയ ഗുകേഷിന്റെ ശക്തമായ തിരിച്ചുവരവിനാണ് പിന്നീട് സിങ്കപ്പൂരിലെ വേദി സാക്ഷ്യം വഹിച്ചത്. സമനിലയിലായ രണ്ടാം ഗെയിമിനുശേഷം മൂന്നാംഗെയിമില്‍ ലിങ് ലിറന് ഒപ്പത്തിനൊപ്പമെത്തി. പിന്നീട് തുടര്‍ച്ചയായ ഏഴു ഗെയിമുകളില്‍ സമനില. പതിനൊന്നാം ഗെയിമില്‍ ജയിച്ച് ലിറനെ പിന്നിലാക്കിയെങ്കിലും പന്ത്രണ്ടാം ഗെയിമിലെ പരാജയം തിരിച്ചടിയായി. പിന്നീട് മുന്‍തൂക്കം ലഭിച്ചിട്ടും പതിമ്മൂന്നാം ഗെയിം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും ഉണ്ടായിരുന്നു ഗുകേഷിന്. ഒടുവില്‍, ഇന്ത്യ കാത്തിരുന്ന ആ ചരിത്രനിമിഷം പിറന്നു. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ 138 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ഏഷ്യന്‍താരങ്ങള്‍ കിരീടത്തിനായി മത്സരിച്ചത്.
2017 മാര്‍ച്ചില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും 2019 ല്‍ ചെസ്സ്ചരിത്രത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററുമായ ഗുകേഷ് 2023 ഓഗസ്റ്റില്‍ 2750 റേറ്റിങ് നേടി ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി. എന്നാല്‍, ഗുകേഷിന്റെ യഥാര്‍ഥനേട്ടം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഒരു മാസത്തിനുശേഷം സാക്ഷാല്‍ വിശ്വനാഥന്‍ ആനന്ദിനെ മറികടന്ന് ലോക ചെസ് റാങ്കിങ്ങില്‍ ഇന്ത്യയിലെ നമ്പര്‍ വണ്ണായി. 37 വര്‍ഷത്തിനുശേഷമാണ് ആനന്ദിന്റെ ഒന്നാംസ്ഥാനത്തിനു പുതിയ അവകാശിയെത്തിയത് എന്നറിയുമ്പോള്‍ത്തന്നെ ഗുകേഷിന്റെ നേട്ടത്തിന്റെ തിളക്കം മനസ്സിലാവും.
ഈ വര്‍ഷം സെപ്റ്റംബറില്‍ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയ്ക്കാദ്യമായി കിരീടം സമ്മാനിക്കാന്‍ കരുനീക്കിയ ഗുകേഷ് ഈ വര്‍ഷം കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ചാമ്പ്യനായി ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായാണ് ലോക ചാമ്പ്യന്‍ഷിപ്പിനു യോഗ്യത നേടിയത്. ആനന്ദിനുശേഷം ലോക ചെസ്ചാമ്പ്യനായ ഗുകേഷ് താന്‍ ആനന്ദിന്റെ യഥാര്‍ഥപിന്‍ഗാമിയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.
സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഗുകേഷിനു കരുത്തായത് മെന്റല്‍ കോച്ച് ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ പാഡി അപ്ടന്റെ ശിക്ഷണമാണ്. 2011 ല്‍ എം എസ് ധോണിയും സംഘവും ഏകദിന ലോകകപ്പ് നേടിയപ്പോഴും പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോഴും ടീമിന്റെ അണിയറയില്‍ പാഡി അപ്ടണ്‍ ഉണ്ടായിരുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍ വിഷ്ണുപ്രസന്നയുടെ പരിശീലനമാണ് ഗുകേഷിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ഏകാഗ്രതയും അച്ചടക്കവുമാണ് ഗുകേഷിന്റെ സവിശേഷതകള്‍ എന്ന് വിഷ്ണു പറയുന്നു.