•  21 Nov 2024
  •  ദീപം 57
  •  നാളം 37
കളിക്കളം

ലോകചെസ് കീരിടം തേടി ഡി. ഗുകേഷ്

വിശ്വനാഥന്‍ ആനന്ദിനുശേഷം ഇന്ത്യയില്‍നിന്നൊരു ലോക ചെസ്ചാമ്പ്യന്‍ പിറക്കുമോ? ലോക ചെസ്ചാമ്പ്യന്‍ഷിപ് ഫൈനലില്‍, നിലവിലെ ചാമ്പ്യന്‍, ചൈനയുടെ ഡിങ് ലിറനെതിരേ ധൊമ്മരാജു ഗുകേഷ് കരു നീക്കുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും ഉയരുകയാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള പതിനെട്ടുകാരന്‍ കിരീടം ചൂടിയാല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനുമാകും. കാന്‍ഡിഡേറ്റസ് ചെസില്‍ കളിച്ച എട്ടുപേരില്‍ മൂന്നുപേര്‍ ഇന്ത്യക്കാരായിരുന്നു. ഒമ്പതു പോയിന്റ് നേടിയാണ് ഗുകേഷ് കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യനായത്. വിദ്യുത് ഗുജറാത്തിയും പ്രഗ്നാനനന്ദയുമാണ് മത്സരിച്ച മറ്റു രണ്ട് ഇന്ത്യക്കാര്‍.
   സിങ്കപ്പൂരില്‍ നവംബര്‍ 25 മുതലാണ് ലോക ചെസ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ക്ലാസിക് ശൈലിയില്‍ 14 ഗെയിമുകള്‍. ജയിച്ചാല്‍ ഒരു പോയിന്റ്, സമനിലയ്ക്ക് അര പോയിന്റ്. ആദ്യം 7.5 പോയിന്റ് നേടുന്നയാള്‍ ലോകചാമ്പ്യന്‍. 14 ഗെയിമില്‍ ഫലം കണ്ടില്ലെങ്കില്‍ ടൈബ്രേക്കര്‍. 2023 ഏപ്രിലില്‍, റഷ്യയുടെ യാന്‍ നിപോംനിഷിയെ പരാജയപ്പെടുത്തിയാണ് ഡിങ് ലിറന്‍ ലോകചാമ്പ്യനായത്. പുരുഷചെസില്‍ ചൈനയില്‍ നിന്നുള്ള ആദ്യ ലോകചാമ്പ്യന്‍.
    തീര്‍ത്തും ആകസ്മികമായിട്ടാണ് ലിറന്‍ ലോകകിരീടം ചൂടിയത്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ നിപോംനിഷി ഒന്നാമതും ലിറന്‍ രണ്ടാമതും എത്തി. ഇതോടെ അന്നത്തെ ലോകചാമ്പ്യന്റെ എതിരാളിയാകേണ്ടത് നിപോംനിഷിയായിരുന്നു. എന്നാല്‍, ലോകചാമ്പ്യന്‍ മാഗ്‌നസ് കാള്‍സന്‍ മത്സരിക്കാന്‍ വിസമ്മതിച്ചു. ഇതോടെ കാന്‍ഡിഡേറ്റ്‌സിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മില്‍ മത്സരം നടത്തി. ഭാഗ്യം തുണച്ചത് ലിറനെയും.
ലിറന്റെ ശിരസ്സിലെ ലോക കിരീടത്തിനു തിളക്കം കുറവായിരുന്നെന്നു പറയാം. കാരണം, ഇപ്പോഴും ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍തന്നെ. പക്ഷേ, ലോകചെസില്‍ ഇത് പുതിയ സംഭവമല്ല. ലോകം മുഴുവന്‍ ശ്രദ്ധിച്ച പോരാട്ടത്തില്‍ 1972 ല്‍ ജയിച്ച അമേരിക്കയുടെ ബോബി ഫിഷര്‍ കിരീടം നിലനിര്‍ത്താന്‍ പൊരുതിയില്ല. അനത്തോളി കാര്‍പോവ് ലോകചാമ്പ്യനായപ്പോഴും ഗാരി കാസ്പറോവ് ആയിരുന്നല്ലോ ലോകത്തിലെ സൂപ്പര്‍താരം.
    അഞ്ചുതവണ ലോകചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് 2013 ല്‍ മാഗ്‌നസ് കാള്‍സന്‍ ലോകചാമ്പ്യനാകുന്നത്. അപ്രതീക്ഷിതമായി ലോകചാമ്പ്യനായത് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണോയെന്ന് അറിയില്ല, ഡിങ് ലിറന് പിന്നീട് ആ ഫോമിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല. അദ്ദേഹം വിഷാദരോഗിയായി. ഒമ്പതുമാസത്തോളം ചെസ്മത്സരങ്ങളില്‍നിന്നു വിട്ടുനിന്നു. ഈ വര്‍ഷം ജനുവരിയില്‍ മടങ്ങിയെത്തിയെങ്കിലും ഇപ്പോള്‍ ലോകറാങ്കിങ്ങില്‍ ആദ്യ ഇരുപതില്‍ ഇല്ല.
     ഗുകേഷ് എന്ന എതിരാളിക്കൊപ്പം സ്വന്തം ഫോമും അതിലുപരി മാനസികസംഘര്‍ഷവും ഡിങ് ലിറന്റെ മത്സരത്തെ ബാധിക്കും. ഇടയ്‌ക്കൊരു ടൂര്‍ണമെന്റില്‍ പകുതിവഴിക്ക് അദ്ദേഹം പിന്‍വാങ്ങിയതും മറക്കാനാവില്ല. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തില്‍ ഉണ്ട്. താഴ്ച കഴിഞ്ഞെന്നും ഇനി ഉയര്‍ച്ചയാകുമെന്നുമാണ് ലിറന്‍ പറയുന്നത്. 'കൊടുങ്കാറ്റ് ഉള്ളിലുള്ള ശാന്തനായ കളിക്കാരനാണ് ലിറന്‍' എന്നാണ് ചെസ് പണ്ഡിതരുടെ അഭിപ്രായം. ഏതാനും ഗെയിം കഴിയുമ്പോള്‍ അറിയാം ലിറന്‍ ഫോം വീണ്ടെടുത്തോയെന്നത്.
    ഗുകേഷിനെ സംബന്ധിച്ചിടത്തോളം നഷ്ടപ്പെടാനൊന്നുമില്ല. നേടാന്‍ ഏറെയുണ്ടുതാനും. അതുതന്നെയാണ് മേല്‍ക്കൈയും. തമിഴ്‌നാട്ടില്‍നിന്നുതന്നെ മറ്റൊരു ലോകചെസ് ചാമ്പ്യന്‍ കൂടിയായാല്‍ അദ്ഭുതപ്പെടേണ്ടതില്ല. വിശ്വനാഥന്‍ ആനന്ദ് തെളിച്ച വഴിയിലൂടെ യുവ, കൗമാരനിര കുതിക്കുകയാണ്. അര്‍ജുന്‍ എരിഗാസി അടുത്ത നാളിലാണ് 2800 ഇലോ റേറ്റിങ് കടന്നത്. വിശ്വനാഥന്‍ ആനന്ദിനുശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍.
1886 ല്‍ തുടക്കമിട്ട ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ പതിനെട്ടാമത്തെ ചാമ്പ്യനാകുകയാണ് ഗുകേഷിന്റെ ലക്ഷ്യം. മറിച്ച്, ലിറന്‍ ജയിച്ചാല്‍ ലോകചാമ്പ്യന്‍മാര്‍ പതിനേഴായിത്തുടരും. ഏഷ്യയില്‍നിന്ന് രണ്ടു കളിക്കാര്‍ ചെസ് ലോകകിരീടത്തിനുവേണ്ടി പരസ്പരം മത്സരിക്കുന്നത് ആദ്യമാണ്. പക്ഷേ, അതില്‍ ഇന്ത്യ-ചൈന പോരാട്ടമെന്ന വാശി കാണുന്നില്ല. കാരണം ഇപ്പോള്‍ ഇന്ത്യ-ചൈന ബന്ധം മെച്ചമാണ്. 
    1972 ല്‍ ലോകചാമ്പ്യന്‍ റഷ്യയുടെ ബോറിസ് സ്പാസ്‌കിയെ അമേരിക്കയുടെ ബോബി ഫിഷര്‍ നേരിട്ടപ്പോള്‍ അതൊരു റഷ്യ - അമേരിക്ക യുദ്ധമായാണ്  ലോകം കണ്ടത്. കാരണം, അന്നു ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലമായിരുന്നു. സൗഹൃദാന്തരീക്ഷത്തില്‍ത്തന്നെ സിങ്കപ്പൂരില്‍ കരുനീക്കം നടക്കട്ടെ. ഡിങ് ലിറന്‍ മാനസികസംഘര്‍ഷങ്ങളില്‍നിന്നു മോചിതനായി കളിക്കട്ടെ.
    ഒരു പതിനെട്ടുകാരനില്‍ രാജ്യം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിനങ്ങളായിരിക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇനിയുള്ളത്. ഇന്ത്യയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ എണ്ണം ചെസ്സിലെ കളങ്ങളെക്കാള്‍ കൂടുതലായിട്ട് കാലമേറെയായി. ഇനി ഒന്നിലധികം ലോകചാമ്പ്യന്‍മാര്‍ എന്ന  സ്വപ്നം ബാക്കി. ഗുകേഷ് ചരിത്രം സൃഷ്ടിക്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)