•  21 Nov 2024
  •  ദീപം 57
  •  നാളം 37
കളിക്കളം

ഇന്ത്യന്‍ വനിതാഹോക്കിയില്‍ റാണിമാരുടെ യുഗം കഴിഞ്ഞു

    ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാഹോക്കി ടീമിനെ നാലാം സ്ഥാനത്ത് എത്തിച്ച നായിക. ഇന്ത്യന്‍ വനിതാഹോക്കിയിലെ  സൂപ്പര്‍താരം. 2023 ജനുവരിക്കുശേഷം ഇന്ത്യയ്ക്കു കളിക്കാന്‍ കഴിയാതെ പോയ താരം തിരിച്ചുവരവിനായി കാത്തിരുന്നു. ഒടുവില്‍ ഒക്‌ടോബര്‍ 24 ന് ന്യൂഡല്‍ഹിയില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വനിതാഹോക്കിയെ സംബന്ധിച്ചിടത്തോളം ഒരു യുഗസമാപ്തി.
   ഇന്ത്യന്‍ വനിതാഹോക്കിയെ ലോകനിലവാരത്തില്‍ എത്തിച്ചവരില്‍ ഹരിയാനയില്‍നിന്നുള്ള നാലു റാണിമാരുടെ പങ്ക് വളരെ വലുതാണ്. അതില്‍ അവസാനത്തെ റാണിയും  ടുമ്പോള്‍ ഈ റാണിമാരില്‍ പലര്‍ക്കും പരിശീലകരുടെ നീരസം വിനയായി  എന്നോര്‍ക്കണം. ഒപ്പം, എന്തുകൊണ്ട് ഇന്ത്യന്‍ വനിതാഹോക്കി ടീം പാരീസ് ഒളിമ്പിക്‌സിനു യോഗ്യത നേടിയില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.
ഹരിയാനയിലെ ഷാഹ്ബാദ് എന്ന കുഗ്രാമത്തില്‍ ഒരു റിക്ഷാവലിക്കാരന്റെ മകളായി ദാരിദ്ര്യത്തില്‍ വളര്‍ന്ന റാണി റാംഫാല്‍ പതിന്നാലാം വയസ്സില്‍ ഇന്ത്യന്‍ ടീമിലെത്തിയതിനു കാരണം ബല്‍ദേവ് സിങ് എന്ന പരിശീലകനാണ്. ഹോക്കിസ്റ്റിക് ഇല്ലാതെ തന്റെ അക്കാദമിയില്‍ എത്തിയ റാണി റാംഫാലിന് ബല്‍ദേവ് സിങ് ഒരു ഹോക്കിസ്റ്റിക് സമ്മാനിച്ചു. കൊച്ചുകുട്ടിയായിരുന്ന റാണിയുടെ പന്തടക്കം കണ്ട് സീനിയര്‍ താരങ്ങള്‍ അവള്‍ക്ക് ഹോക്കിസ്റ്റിക്കും ഷൂസും വാങ്ങിക്കൊടുത്തു. 2008 ല്‍ കസാനില്‍ ഒളിമ്പിക് യോഗ്യതാറൗണ്ടില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞപ്പോള്‍ പ്രായം 14. ഒടുവില്‍ ഇരുപത്തൊമ്പതാം വയസ്സില്‍ മത്സരരംഗം വിടുമ്പോള്‍ 254 മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്‌സി   അണിഞ്ഞിരുന്നു. റാണി റാംഫാലിന്റെ 28 എന്ന നമ്പര്‍ ജേഴ്‌സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു.
     പതിമ്മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2017 ല്‍ ഇന്ത്യ ഏഷ്യ കപ്പ് ജയിച്ചപ്പോഴും, 2018 ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസില്‍ വെള്ളി നേടിയപ്പോഴും റാണി റംഫാല്‍ നിര്‍ണായകപങ്കുവഹിച്ചു. 2020 ലെ ടോക്കിയോ പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ ഗോള്‍ നേടിയത് റാണി റാംഫാല്‍ ആയിരുന്നു. 2008 ലെ അരങ്ങേറ്റവും ടോക്കിയോയിലെ സെമി ബെര്‍ത്തിന് ഇടയാക്കിയ ഗോളുമാണ് തന്റെ ഹോക്കിജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങളായി റാണി റാംഫാല്‍ കണക്കാക്കുന്നത്. 
ടോക്കിയോയ്ക്കുശേഷം റാണി പരുക്കിന്റെ പിടിയിലായി. ഒരുവര്‍ഷം കളിക്കളത്തില്‍നിന്നു മാറിനില്‍ക്കേണ്ടി വന്നു. 2022 ല്‍ പ്രോലീഗിലൂടെ തിരിച്ചെത്തി. 2023 ആദ്യംവരെ കളിച്ചു. പക്ഷേ, ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ടീമില്‍ സ്ഥാനം കിട്ടിയില്ല. ഗുജറാത്ത് ദേശീയ ഗെയിംസില്‍ ഉജ്ജ്വലഫോം കാഴ്ചവച്ചെങ്കിലും അധികൃതര്‍ ശ്രദ്ധിച്ചില്ല. ഇന്ത്യയ്ക്കുവേണ്ടി വീണ്ടും കളിക്കാനുള്ള ആഗ്രഹം റാണി റാംഫാല്‍ പലതവണ പ്രകടിപ്പിച്ചിരുന്നു. സായെര്‍ദ് മാരിന്‍ മാറി ജനേക് ഷോപ്മാന്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായതോടെ റാണി റാംഫാലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ മങ്ങി.
    ഇന്ത്യന്‍  സബ്ജൂണിയര്‍ ടീമിന്റെ പരിശീലകയായി. ഇപ്പോള്‍ ഹോക്കി ഇന്ത്യ ലീഗിന്റെ വനിതാവിഭാഗത്തില്‍ ജെ.എസ്. ഡബ്ല്യുവിന്റെ ഉടമസ്ഥതയിലുള്ള സൗര്‍മ ഹോക്കി ക്ലബിന്റെ മെന്റര്‍ ആണ്. ടീമിനുവേണ്ടി കളിക്കാന്‍ റാണി റാംഫാല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അറിയുന്നു. എന്തായാലും ഇന്ത്യന്‍ ഹോക്കിയിലെ നാലാമത്തെ റാണിയും മത്സരരംഗം വിട്ടു.
    രൂപ സെയ്‌നി, വന്ദന കത്താരിയ, സുശീല ചാനു, സവിത പൂനിയ, ദീപ്ഗ്രാസ് എക്കോ തുടങ്ങിയവരൊക്കെ 200 ല്‍ അധികം തവണ ഇന്ത്യയ്ക്കു കളിച്ചവരാണ്. (വന്ദനമാത്രം 300 ല്‍ അധികം). പക്ഷേ, പ്രീതം റാണി, റിത്തു റാണി, പൂനം റാണി, റാണി റംഫാല്‍ എന്നീ നാലു റാണിമാര്‍ ഇന്ത്യയുടെ വനിതാ ഹോക്കിചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
   പ്രീതം റാണി 1998 ല്‍ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും 99 ല്‍ ഏഷ്യാക്കപ്പില്‍ വെള്ളിയും 2002 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടിയ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നു. പുറത്തായശേഷം 2008 ല്‍  മടങ്ങിവന്നു. താമസിയാതെ കളി നിര്‍ത്തി പരിശീലകയായി ഒട്ടേറെ ഒളിമ്പ്യന്‍മാരെ വളര്‍ത്തി. അര്‍ജുനയ്ക്കു പുറമേ ദ്രോണാചാര്യയും നേടി. ഹരിയാനയിലെ സോണിയപ്പട്ടില്‍  ഹോക്കി അക്കാദമി നടത്തുന്നു.
റിത്തുറാണിയും റാണി റാംഫാലിനെപ്പോലെ 14 വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ എത്തിയതാണ്. 2006 ല്‍ ആയിരുന്നത്. 2009 ല്‍ റഷ്യയില്‍ ചാംമ്പ്യന്‍സ് ചാലഞ്ചില്‍ എട്ടു ഗോളുമായി ടോപ് സ്‌കോറര്‍ ആയി. 2011 ല്‍ ഇന്ത്യന്‍ നായിക. 2013 ല്‍ ഏഷ്യാകപ്പിലും 2014 ല്‍ ഏഷ്യന്‍ ഗെയിംസിലും വെങ്കലം. റിത്തുവിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ടീം 2016 ലെ റിയോ ഒളിമ്പിക്‌സിനു യോഗ്യത നേടിയത്. പക്ഷേ, ഒളിമ്പിക്‌സ് ആയപ്പോള്‍ സുശീലാ ചാനു നായിക. ദീപിക ഉപനായിക. റിത്തു പുറത്ത്. റിത്തു ഇപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റിനായി ഹോക്കി കളി തുടരുന്നു. ഹോക്കി ഇന്ത്യയുടെ സെലക്ടര്‍ ആണ്. 248 മത്സരങ്ങളില്‍ ഇന്ത്യയ്ക്കു കളിച്ച താരം. 
   പൂനം റാണി 204 തവണ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. 2009 മുതല്‍ 2018 വരെ ഇന്ത്യന്‍ ടീമിലെ സജീവസാന്നിധ്യം. ഹരിയാനയിലെ ഹിസ്‌സാറില്‍നിന്നുള്ള കളിക്കാരി.
    ടോക്കിയോ ഒളിമ്പിക്‌സില്‍ റാണി റാംഫാലിനൊപ്പം റിത്തു റാണികൂടി ഉണ്ടാകേണ്ടതായിരുന്നു. അതുപോലെ ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ റാണി റംഫാല്‍ ടീമില്‍ കാണേണ്ടതായിരുന്നു. ഇന്ത്യന്‍ വനിതാഹോക്കി ഇന്നൊരു പ്രതിസന്ധിഘട്ടത്തിലാണ്. താന്‍ എന്തുകൊണ്ട് ടീമില്‍ എത്തിയില്ല എന്നത് കോച്ചിനോടും സെലക്ടര്‍മാരോടും ചോദിക്കണമെന്ന് റാണി റംഫാല്‍ പറഞ്ഞത് ഓര്‍ക്കുന്നു. റിത്തു പരസ്യവിര്‍ശനത്തിന് ഒരുങ്ങിയതല്ല. പക്ഷേ, റാണിമാര്‍ക്ക് അവഗണന നേരിടേണ്ടിവന്നു എന്നതു സത്യം. ഇന്ത്യന്‍ വനിതാ ഹോക്കിയുടെ നഴ്‌സറിയായി ഹരിയാനയിലെ ഗ്രാമങ്ങള്‍, പ്രത്യേകിച്ച് ഷാഹ്ബാദും സോണിയാപ്പെട്ടും ഹിസ്സാറുമൊക്കെ തുടരും. പുതിയ റാണിമാര്‍ അവിടങ്ങളില്‍നിന്ന് ഉയര്‍ന്നുവരുമെന്നു പ്രതീക്ഷിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)