•  16 Oct 2025
  •  ദീപം 58
  •  നാളം 32
കളിക്കളം

തിലകക്കുറിയായി ഇന്ത്യ

    ഏഷ്യാ കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ഇന്ത്യന്‍ജനത ഒന്നായി പറയുന്നു: തിലക് വര്‍മ, ഇനി നിങ്ങള്‍ ജീവിക്കുക ഇന്ത്യക്കാരുടെ മനസ്സിലാണ്. തോല്‍വിയുടെ പടിവാതിലില്‍നിന്ന് ഇന്ത്യയെ വിജയത്തിന്റെ കൊടുമുടികയറ്റിയ ധീരനായി ഇതാ തിലക് വര്‍മ എന്ന ഇരുപത്തിരണ്ടുകാരന്‍. എന്നും ആവേശത്തോടെ കണ്ടിരുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടംപോലെ തന്നെ ആവേശം നിറഞ്ഞ അഗ്നിപരീക്ഷയായിരുന്നു ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ത്യയ്ക്കും. പോരാട്ടം അവസാനഓവര്‍വരെ നീണ്ടപ്പോള്‍ നിശ്ശബ്ദതയും ആവേശവും ഇടകലര്‍ന്ന നിമിഷത്തിനാണു ദുബൈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എന്നാല്‍, തോല്‍വി എന്ന ഭാരം പേറി  പാക്കിസ്ഥാന്‍ തിരിച്ചുനടക്കുമ്പോള്‍, വിജയത്തിനപ്പുറം  ഇന്ത്യ എന്ന രാജ്യത്തിന്റെ അഭിമാനം വീണ്ടും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചുവെന്ന സന്തോഷത്തോടെയാണ് ഇന്ത്യ മടങ്ങുന്നത്.
ഏഷ്യാ കപ്പ് പ്രാഥമികറൗണ്ടുകളിലെ രണ്ടു മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ പരാജയം രുചിച്ച പാക്കിസ്ഥാനെയല്ല ഫൈനലില്‍ ഇന്ത്യ കണ്ടത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധൈര്യത്തില്‍ ഫൈനല്‍ കളിക്കാനിറങ്ങിയ പാക്കിസ്ഥാനെ നേരിടാന്‍ ഇന്ത്യ ഇറങ്ങിയപ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലായിരുന്നു. പരിക്കേറ്റ ഹാര്‍ദിക്കിനു പകരം റിങ്കുസിങ് ഇറങ്ങിയപ്പോള്‍ത്തന്നെ ഒരു ബൗളറുടെ അഭാവം ഇന്ത്യയെ വേട്ടയാടി. വിക്കറ്റ് നഷ്ടപ്പെടാതെ മികച്ച ബാറ്റിങ് പുറത്തെടുത്ത പാക്കിസ്ഥാനെ തുടക്കത്തിലേ പിടിച്ചുകെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പാടുപെട്ടു. എന്നാല്‍, മധ്യഓവറുകളില്‍ പാക്കിസ്ഥാനെ പിടിച്ചുകെട്ടാന്‍ ഇന്ത്യയ്ക്കായി. താരതമ്യേന  ചെറിയ സ്‌കോറിനു പാക്കിസ്ഥാനെ എറിഞ്ഞിട്ട ഇന്ത്യയ്ക്ക് വിജയം ഏറെ അകലെയല്ലെന്ന് എല്ലാ ഇന്ത്യക്കാരും വിചാരിച്ചു. 146 എന്നത് ചെറിയൊരു സംഖ്യയായി കണ്ടു.
എന്നാല്‍, പാക്കിസ്ഥാന്‍ പേസ് ആക്രമണത്തില്‍ ആദ്യ മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെടുകയും ബാറ്റിങ്ങില്‍ താളം കണ്ടെത്താന്‍ കഴിയാതെ വരികയും ചെയ്തതോടെ തോല്‍വി മുന്നില്‍ക്കണ്ട് ആരാധകരും നിശ്ശബ്ദരായി. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 58 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. പിന്നീട് കണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കെന്നല്ല, ലോകമലയാളികള്‍ക്കാകെ അഭിമാനമായ സഞ്ജു സാംസണ്‍ ബാറ്റിങ്ങിനിറങ്ങുന്ന കാഴ്ചയാണ്; തിലക് വര്‍മയോടൊപ്പം മികച്ചൊരു സഖ്യം രൂപപ്പെടുന്നതാണ്. ഒരിക്കല്‍ ജീവന്‍ തിരിച്ചുകിട്ടിയ സഞ്ജു-തിലക് വര്‍മ സഖ്യം ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. വീണ്ടും ശിവം ദുബെയെ കൂട്ടുപിടിച്ച് തിലക് വര്‍മ പ്രത്യാക്രമണം തുടരുന്നു. അവസാന ഓവറിന്റെ 4 പന്തില്‍ ഏഷ്യാകപ്പില്‍ അഭിമാനമായി കളിക്കാനിറങ്ങിയ റിങ്കു സിങ്ങിന്റെ അതിമനോഹരമായ ബൗണ്ടറിയിലൂടെ ഇന്ത്യ ഏഷ്യാകപ്പിന്റെ ചാമ്പ്യന്മാരായി.
ഇതില്‍ എടുത്തുപറയേണ്ടത് തിലക് വര്‍മ എന്ന 22 കാരന്റെ ഒറ്റയാള്‍പോരാട്ടമാണ്. പാക് പേസര്‍മാരെ ആത്മധൈര്യത്തോടെ നേരിട്ട് ഇന്ത്യന്‍ടീമിനെ വിജയത്തിലേക്കു നയിക്കാന്‍ തിലക് വര്‍മയ്ക്കു സാധിച്ചു. ഒരിക്കലെങ്കിലും ഇന്ത്യന്‍ ആരാധകര്‍ ചിന്തിച്ചിട്ടുണ്ടാവും, ഇന്ത്യന്‍ തോല്‍വിയെക്കുറിച്ച്. എന്നാല്‍, സമ്മര്‍ദത്തിന്റെ തുലാസില്‍ ജയപരാജയങ്ങള്‍ മാറിമറിഞ്ഞ ഇന്ത്യ-പാക്കിസ്ഥാന്‍ ഐതിഹാസികപോരാട്ടങ്ങളില്‍ അവസാനജയം ഇന്ത്യയ്‌ക്കൊപ്പമാണ് എന്നു കാണിച്ചുതന്നു. അനേകംമത്സരങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലുണ്ട്. അതിലുപരി അഭിമാനിക്കാം. സ്വന്തം രാജ്യത്തിനായി കിരീടം നേടാനിറങ്ങിയ പതിനൊന്നുപേരില്‍ ഒരാളായി സഞ്ജുവും ഉണ്ടായിരുന്നു. അതിലുപരി  വിജയത്തിന്റെ പടി കയറുമ്പോള്‍ വ്യക്തമായ സംഭാവന നല്കാന്‍ സഞ്ജുവിനായി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ കിരീടനേട്ടങ്ങളില്‍ അങ്ങനെ ഒരു മലയാളികൂടി കൈയൊപ്പു ചാര്‍ത്തി.  തോല്‍വിയില്‍നിന്നു തിരിച്ചുകയറുന്നതിനു തന്റെ ടീമിനു കരുത്തേകാന്‍ സാധിച്ചുവല്ലോയെന്നോര്‍ത്ത് സഞ്ജുവിന് അഭിമാനിക്കാം.
ഏഷ്യാ കപ്പിന്റെ തുടക്കംമുതല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട മത്സരങ്ങളായിരുന്നു ഇന്ത്യാ-പാക് പോരാട്ടങ്ങള്‍. ക്രിക്കറ്റിനെക്കാള്‍ അധികമായി സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്ന ടീം ജയം തന്റെ രാജ്യത്തെ സൈനികര്‍ക്കാണ് സമര്‍പ്പിക്കുന്നത്. കരയിലായാലും കളത്തിലായാലും എതിരാളി പാക്കിസ്ഥാനാണെങ്കില്‍ വിജയം എന്നത് ഇന്ത്യയ്ക്ക് അനിവാര്യമാണ്. തന്റെ മുഴുവന്‍ സമ്മാനത്തുകയും ഇന്ത്യന്‍ സൈനികര്‍ക്കു സമര്‍പ്പിച്ച് സൂര്യകുമാര്‍ മാതൃകയായി.
ഏഷ്യാകപ്പ് വിജയത്തിലൂടെ ടീം ഇന്ത്യ ഒരിക്കല്‍ക്കൂടി ലോകക്രിക്കറ്റിന്റെ കൊടുമുടി കയറിയിരിക്കുന്നു. ട്വന്റി-20 ക്രിക്കറ്റിന്റെ ഏകാധിപതിയായി  ഇന്ത്യന്‍ ടീം മാറിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഉടനീളം പുറത്തെടുത്ത മികവ് ഫൈനലിലും ആവര്‍ത്തിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയും ബൗളിങ് നിരയും ഏറെ പ്രശംസ ഏറ്റുവാങ്ങുന്നു.
തോല്‍വിയുടെ പടിവാതിലില്‍നിന്നു വിജയത്തിന്റെ മാന്ത്രികതയിലേക്ക് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയ ഓരോരുത്തരെയും ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. പാക് ആവേശത്തില്‍ ഇടയ്‌ക്കെപ്പോഴോ നിശ്ശബ്ദമായ ഇന്ത്യന്‍ ആരാധകരേ, നിങ്ങള്‍ കാത്തിരുന്നു, ശക്തമായി ആഞ്ഞടിക്കാന്‍. അവസാന ഓവറില്‍ വിജയറണ്‍ നേടുമ്പോള്‍ ദുബൈ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആവേശം സ്റ്റേഡിയത്തെ മാത്രമല്ല, ദുബൈ നഗരത്തെവരെ കോരിത്തരിപ്പിച്ചു. അതിനൊപ്പം നിശ്ശബ്ദരായിപ്പോയ പാക്കിസ്ഥാന്‍ ആരാധകരും. നീലക്കടലായി മാറിയ ദുബൈ സ്റ്റേഡിയമാണ് പിന്നീടു കാണാന്‍ കഴിഞ്ഞത്. ട്വന്റി-20 ലോകചാമ്പ്യന്മാരുടെ കിരീടത്തില്‍ ഏഷ്യാകപ്പിന്റെ  പൊന്‍തൂവല്‍കൂടി ടീം ഇന്ത്യ ഇന്നലെ തുന്നിച്ചേര്‍ത്തു. അഭിമാനിക്കാം ഓരോ ഇന്ത്യക്കാരനും.  ഒപ്പം പറയട്ടെ, സഞ്ജു സാംസണ്‍, നിങ്ങള്‍ വീണ്ടും ടീംഇന്ത്യയില്‍ തുടരണം, മലയാളികളുടെ അഭിമാനമായി. നേരാം എല്ലാ ആശംസകളും ടീം ഇന്ത്യയ്ക്ക്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)