•  20 Nov 2025
  •  ദീപം 58
  •  നാളം 37
കളിക്കളം

ഇതിഹാസം ബൂട്ടഴിക്കുമ്പോള്‍

   റൊണാള്‍ഡോ ബൂട്ടഴിക്കുന്നു. അതിദീര്‍ഘമായ കരിയറിനൊടുവില്‍ പോര്‍ച്ചുഗീസ് ഇതിഹാസം കളിക്കളം വിടുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മെക്‌സിക്കോയിലും യു.എസിലുമായി നടക്കുന്ന 2026 ലെ ലോകകപ്പിനുശേഷം താന്‍ കളി മതിയാക്കുകയാണെന്നായിരുന്നു റൊണാള്‍ഡോ ഒരഭിമുഖത്തില്‍ സൂചിപ്പിച്ചത്.
   സോക്കര്‍ലോകത്തെ കരുത്തിന്റെ പര്യായമായാണ് നാല്പത്തിയൊന്നാം വയസ്സിലും റൊണാള്‍ഡോ വിലയിരുത്തപ്പെടുന്നത്. ആധുനിക ഫുട്‌ബോളില്‍ പവര്‍ ഗെയിംകൊണ്ട് വിസ്മയം സൃഷ്ടിച്ച അതികായന്‍. ഡ്രിംബ്‌ളിങ് മികവുകൊണ്ടും തനതായ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ചാരുതകൊണ്ടും ലോകജേതാവായ ലയണല്‍ മെസ്സി സമകാലികതാരങ്ങളില്‍ ഏറ്റവും മുമ്പന്തിയിലുണ്ടാവും. പക്ഷേ, ആരാധകപിന്തുണയിലും അഗ്രസ്സീവായ കേളീമികവിലും റൊണാള്‍ഡോയെ വെല്ലാന്‍ ആരാണുള്ളത്? വെടിയുണ്ടപോലുള്ള ലോങ് റേഞ്ചറുകള്‍, എതിര്‍പ്രതിരോധനിര മതിലുപോലെ നില്ക്കുമ്പോഴും മഴവില്ലുപോലെ പോസ്റ്റിലേക്കു പറന്നിറങ്ങുന്ന ഫ്രീ കിക്കുകള്‍. പെനാല്‍റ്റി ബോക്‌സില്‍ റൊണാള്‍ഡോക്കൊപ്പം ചാടിനില്‍ക്കാന്‍ ശേഷിയുള്ള ഡിഫന്‍ഡര്‍മാര്‍ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു. പന്ത്രണ്ടടിയിലധികം ഉയര്‍ന്നുചാടി പന്തുവലയിലേക്ക് ഹെഡ്ഡ് ചെയ്യുന്ന റൊണാള്‍ഡോയുടെ ചിത്രം പലവട്ടം നാം കണ്ടിട്ടുണ്ട്. 
    യൂറോ ഗ്രൂപ്പില്‍ ക്വാളിഫൈയിങ് റൗണ്ടില്‍ ഒന്നാമതുനില്‍ക്കുന്ന പോര്‍ച്ചുഗല്‍ അടുത്ത ലോകകപ്പിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടാണ് ഈ ലോകകപ്പ് തന്റെ വിടവാങ്ങല്‍ വേദിയാകുമെന്ന് റൊണാള്‍ഡോ മുന്‍കൂട്ടി പറഞ്ഞത്.
നേടാത്ത കിരീടങ്ങളില്ല പോര്‍ച്ചുഗീസ് ഇതിഹാസത്തിന്, ഒന്നൊഴികെ. ലോകകപ്പില്‍ മുത്തമിടാന്‍ ഇതുവരെ റൊണാള്‍ഡോയ്ക്കു കഴിഞ്ഞിട്ടില്ല എന്നതുകൊണ്ട് അദ്ദേഹം മെസ്സിയുടെ പിന്നിലാണെന്ന വിമര്‍ശനങ്ങളുണ്ട്. പക്ഷേ, ഏഴോ എട്ടോ മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിക്കുന്നതു മാത്രമാണോ ലോകഫുട്‌ബോളറുടെ അളവുകോലെന്നു പറഞ്ഞ് റൊണാള്‍ഡോ അതിനെ ചിരിച്ചുതള്ളുന്നു.
ഇതു തുടര്‍ച്ചയായി ആറാം തവണയാണ് റൊണാള്‍ഡോ ലോകകപ്പിനെത്തുന്നത്. കിട്ടാക്കനിയായ ലോകകിരീടം ഇത്തവണ ഇതിഹാസത്തിന്റെ കൈപ്പിടിയിലൊതുങ്ങുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
    2006 ല്‍ സെമിയിലെത്തിയതാണ് വലിയ നേട്ടം. അന്നു റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഫ്രാന്‍സ് വീഴ്ത്തിക്കളഞ്ഞു.
സിആര്‍ടി എന്ന് സോക്കര്‍ലോകത്ത് അറിയപ്പെടുന്ന പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ റെക്കോര്‍ഡുകള്‍ക്കൊപ്പമെത്താന്‍ ഇനിയുമൊരു താരം ജനിക്കണമെന്നതാണു വസ്തുത. ഫുട്‌ബോളിലെ പരമോന്നതപുരസ്‌കാരമായ ബാലന്‍ ഡി ഓര്‍ (ആമഹഹീി ഉ'ീൃ) അഞ്ചുപ്രാവശ്യം നേടിയ മറ്റേതൊരു കളിക്കാരനാണുള്ളത്? നാലു യുറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടുകള്‍, മികച്ച കളിക്കാരനുള്ള ഫിഫാ അവാര്‍ഡ്, അഞ്ചുപ്രാവശ്യം യുറോകപ്പ് ഉള്‍പ്പെടെ മുപ്പത്തിനാലു കിരീടനേട്ടങ്ങള്‍. ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരമെന്ന ബഹുമതി ഫോബ്‌സ് മാഗസിന്‍ നല്‍കിയത് അഞ്ചുതവണ. ഏറ്റവുമധികം ഇന്റര്‍നാഷണല്‍ ഗോളുകള്‍ (143). ആകെ ഗോളുകളുടെ എണ്ണം 950. പട്ടിക ഇനിയും നീളും. ആധുനികഫുട്‌ബോള്‍ കണ്ട ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനെന്ന പേര് റൊണാള്‍ഡോയ്ക്കു ലോകം ചാര്‍ത്തിയത് വെറുതെയല്ലെന്ന് പുല്‍മൈതാനങ്ങളിലെ ഉജ്ജ്വലപോരാട്ടങ്ങള്‍ക്കൊപ്പം ഈ മായ്ക്കപ്പെടാത്ത റെക്കോര്‍ഡുകളും അടിവരയിടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)