ലോകകായികഭൂപടത്തില്‍ ഇന്ത്യ ഇന്ന് അറിയപ്പെടുന്നത് ക്രിക്കറ്റിന്റെ നാമത്തിലാണ്. ക്രിക്കറ്റിനെയും അതിന്റെ എല്ലാ ആഘോഷങ്ങളെയും ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുത്തു. ഇങ്ങനെ ലോകത്തിലെ ഏതു ക്രിക്കറ്റ് ശക്തികളെയും വെല്ലുവിളിക്കാന്‍ നാം വളര്‍ന്നെങ്കിലും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഒരിക്കല്‍ ആവേശത്തിന്റെ തീക്കനല്‍ വാരിവിതറിയ ഫുട്‌ബോള്‍ എന്ന മാമാങ്കത്തെ മറക്കാന്‍ സാധിക്കില്ല.
പിന്നിട്ട കാലത്തില്‍ ഒരുപിടി പ്രതിഭാധനരായ ഫുട്‌ബോള്‍ കളിക്കാര്‍ ജീവിച്ചിരുന്ന മണ്ണാണ് കേരളം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വാഗ്ദാനങ്ങളായി നിലനിന്നിരുന്ന ഐ.എം. വിജയന്‍, സത്യന്‍... അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക.
എന്നാല്‍, ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമുദ്ര മാറ്റിയെഴുതാനാരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ലീഗ് പാതിവഴിയില്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. ഇനിയെന്ത് എന്നുള്ള ചോദ്യത്തിന് ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല.
ആധുനികകാലഘട്ടത്തിന്റെ ഒരു ദുര്യോഗം, ഏതൊരു കായികവിനോദത്തെയും വാണിജ്യപരമായി, ലാഭനഷ്ടക്കണക്കുകള്‍ നോക്കി വിലിയിരുത്തുന്ന രീതിയാണ്. ഇന്ത്യന്‍ഫുട്‌ബോള്‍ നേരിടുന്ന പ്രശ്‌നവും അതാണ്. കേരളത്തിന്റെ വലിയ മൈതാനങ്ങളില്‍ മാത്രമല്ല, ഓരോ ചെറിയ ഗ്രാമങ്ങളില്‍പ്പോലും ആവേശം തീര്‍ക്കുന്ന കാല്‍പന്തുകളി നമുക്കു കാണാന്‍ കഴിയും. സെവന്‍സ് പോലുള്ള മത്സരങ്ങള്‍ അതിനുദാഹരണമാണ്. മികച്ച പരിശീലമോ സഹായമോ ലഭിക്കാതെ അനേകം യുവാക്കളുടെ ഭാവി ചെറിയ മൈതാനങ്ങളില്‍ അടിയറവു വയ്ക്കപ്പെടുന്നു.
ലോകഫുട്‌ബോളില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണ്. മൂന്നും നാലും കോടി ജനങ്ങള്‍ ജീവിക്കുന്ന ചെറിയ രാജ്യങ്ങള്‍ ലോകകപ്പില്‍ പന്തു തട്ടുമ്പോള്‍ 123 കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന നമ്മുടെ ഇന്ത്യയില്‍നിന്ന് ഒരിക്കലെങ്കിലും മികച്ചൊരു ടീമുണ്ടായി ലോകകപ്പില്‍ പന്തു തട്ടുകയെന്നത് ഓരോ ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്നമാണ്. എന്നാല്‍, കഴിവുള്ള യുവാക്കളുടെ യാത്ര ഏതെങ്കിലും പാടത്തോ പറമ്പിലോ അവസാനിക്കുന്നു. കോഴിക്കോടും, മലപ്പുറവും ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ജില്ലകളാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ സമയത്ത് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങളില്‍ ഭൂരിപക്ഷവും ഈ രണ്ടു ജില്ലകളില്‍ നിന്നാണ്.
ഇന്ത്യന്‍ഫുട്‌ബോളിന് പുതിയൊരു മുഖം നല്കാന്‍ കഴിയുമെന്ന് ഏറെ പ്രതീക്ഷ നല്കിയ മാമാങ്കമായിരുന്നു ഐഎസ്എല്‍. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിദേശകളിക്കാര്‍ പങ്കെടുത്ത, അതോടൊപ്പം ഇന്ത്യയിലെ മികച്ച യുവഫുട്‌ബോള്‍ താരങ്ങള്‍ക്ക് പുതിയൊരു ഊര്‍ജ്ജം പകര്‍ന്ന ഐ.എസ്.എല്‍. കേരള ബ്ലാസ്റ്റേഴ്‌സ് എന്ന പേരില്‍ കേരളത്തിനും ഒരു ടീമായി. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ആവേശത്തിന്റെ തിരമാല തീര്‍ക്കാന്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധകര്‍ കച്ച കെട്ടിയിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ എന്നല്ല ലോകഫുട്‌ബോളിനെത്തന്നെ വെല്ലുവിളിക്കുന്നതായി. അതിനൊപ്പം ആരാധകക്കൂട്ടായ്മയില്‍ ലോകക്ലബുകളോട് കിടപിടിക്കുന്ന ഫാന്‍ബേസും.
ഇന്ന് ഐഎസ്എലിന്റെ ഭാവി ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. ഒരുപാടു യുവതാരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു ഐഎസ്എല്‍. ഇതിനിടെയാണ് കേരളത്തിന്റെ മണ്ണിലേക്ക് ലോകഫുട്‌ബോളിന്റെ മാന്ത്രികനായ മെസി കൊച്ചിയിലെത്തുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ടീം ഓസ്‌ട്രേലിയുമായി മത്സരിക്കുന്നു. ഇതു മികച്ചൊരു കാല്‍വയ്പാണ്. കേരളത്തിലെ ഓരോ കാല്‍പന്തുകളിക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങള്‍! ഫുട്‌ബോളിലെ മിശിഹാ എന്നറിയപ്പെടുന്ന, ലോകം കണ്ടഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ തന്റെ ഇടതു-വലതു കാല്‍കൊണ്ട് തീയുണ്ടവേഗത്തില്‍ കേരളമണ്ണില്‍ പന്തുരുട്ടുമ്പോള്‍ ചരിത്രം പുതിയൊരു മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കും.
എങ്കിലും ഏതെങ്കിലും ഒരാളെ കൊണ്ടുവന്ന് മറയ്ക്കാന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കേരളഫുട്‌ബോളിന്റെയും പ്രശ്‌നങ്ങള്‍. മറ്റു രാജ്യങ്ങള്‍ നല്കുന്ന പരിശീലനമോ, പ്രവര്‍ത്തനമികവോ ഇവിടുത്തെ ഭരണകൂടങ്ങള്‍ കാണിക്കുന്നില്ല. മറ്റു രാജ്യങ്ങളില്‍ ഒരു കുട്ടിയെ ചെറുപ്പംതൊട്ടേ തീവ്രപരിശീലനത്തിലൂടെ കടത്തിവിട്ട് മികച്ചൊരു ഫുട്‌ബോള്‍ കളിക്കാരനാക്കി മാറ്റുന്നു. എന്നാല്‍, ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ടീം എന്ന രീതിയില്‍, ക്ലബ് എന്ന നിലയില്‍ മാനേജുമെന്റ്മുതലുള്ള ഇടപെടലുകള്‍ പലപ്പോഴും ഒരു കായികതാരത്തിന്റെ വളര്‍ച്ചയ്ക്കു വിഘാതം സൃഷ്ടിക്കുന്നില്ലേയെന്നു ചിന്തിക്കണം.
ഇന്ത്യന്‍ ഫുട്‌ബോളിന് ഇനിയൊരു മാറ്റം അനിവാര്യമാണ്. ആരംഭകാലഘട്ടത്തിലെ മികച്ച പരിശീലനങ്ങളും മികച്ച കായികപഠനകേന്ദ്രങ്ങളും ആരംഭിക്കുക, മികച്ച ഫുട്‌ബോള്‍ അക്കാദമികള്‍ ആരംഭിക്കുക, ചെറുപ്പത്തിലേ മികച്ച പരിശീലനങ്ങള്‍ നല്കുക. ഒരിക്കല്‍ ഇന്ത്യന്‍ ടീം ഇന്ത്യന്‍ മൈതാനങ്ങളില്‍ മാത്രമല്ല, ലോകഫുട്‌ബോളിന്റെ ആഡംബരമൈതാനങ്ങളില്‍വരെ തങ്ങളുടെ മികവു പുലര്‍ത്തുന്ന കാലം വരുമെന്നു പ്രത്യാശിക്കാം. അപ്പോള്‍ ആവേശത്തിന്റെ അലയടികളുയര്‍ത്താന്‍ ഇന്ത്യന്‍ആരാധകര്‍ക്കു കഴിയട്ടേയെന്നു പ്രാര്‍ഥിക്കുന്നു.