•  4 Sep 2025
  •  ദീപം 58
  •  നാളം 26
കടലറിവുകള്‍

സ്റ്റാര്‍ഫിഷ്

   നീരാളികളെപ്പോലെ ജലത്തിന്റെ അടിത്തട്ടില്‍ ഇഴഞ്ഞുനീങ്ങുന്ന ഒരു വിചിത്രജീവിയാണ് സ്റ്റാര്‍ഫിഷ് എന്ന താരമീന്‍. പേരില്‍ മീനുണ്ടെങ്കിലും യഥാര്‍ഥത്തില്‍ ഇതു മീനല്ല. കടലിലുള്ളവയെല്ലാം മീനുകളാണെന്നാണ് പണ്ടുകാലത്തു കരുതിയിരുന്നത്. പരിണാമവേളയില്‍ ബന്ധങ്ങളറ്റുപോയ ഒരു കൂട്ടം വിചിത്രകടല്‍ജീവികളാണു താരമത്സ്യങ്ങള്‍. നക്ഷത്രത്തെ സൂചിപ്പിക്കുന്ന പഞ്ചകോണാകൃതിയുടെ ചിത്രം ഓര്‍ക്കുക. ഏതാണ്ട് അതിന്റെ രൂപമാണ് താരമത്സ്യത്തിനുള്ളത്. പൃഷ്ഠഭാഗം മേലെയാണ്. വായ്ഭാഗം കീഴെയും.
  സ്റ്റാര്‍ഫിഷിന്റെ മധ്യഭാഗമാണ് പ്രധാനനമായത്. ആന്തരാവയവങ്ങള്‍ കേന്ദ്രീകൃതമായിരിക്കുന്നത് ഇവിടെയാണ്. ഇവിടെനിന്ന് അഞ്ചു ദിശകളിലേക്കു വികസിതമായിരിക്കുന്ന ഘടകങ്ങളെ കരങ്ങള്‍ എന്നു പറയാം. മനുഷ്യകരങ്ങള്‍പോലെ ഘടനയിലോ പ്രവര്‍ത്തനത്തിലോ യാതൊരു സാമ്യവുമില്ല. സ്റ്റാര്‍ഫിഷിനു തലയോ വാലോ ഇല്ല. കാലുകള്‍ ഏറെയുണ്ട്. ഓരോ കരത്തിലും അടിവശത്തായി അനവധി കാലുകള്‍ ഇരുനിരയായി കാണാം. അഞ്ചു കരങ്ങളില്‍നിന്നുള്ള ചാലുകള്‍ ഒത്തുചേരുന്നിടത്താണു വായ്.
  സ്റ്റാര്‍ഫിഷിന്റെ ഭക്ഷണരീതിയും ചലനങ്ങളും കാണുക രസകരംതന്നെ. അഞ്ചു വിഭിന്നദിശകളിലായാണു കാലുകളെങ്കിലും അന്യാദൃശമായ ഏകീകരണമാണ് പ്രവര്‍ത്തനത്തില്‍ കാണാനാവുക. താരമീനിനെ മറിച്ചിട്ടാല്‍ ആമയെ മറിച്ചിടുന്നപോലുണ്ട്. മുന്‍സ്ഥിതിപ്രാപിക്കാന്‍ ആ ജീവി ബദ്ധപ്പെടുന്ന കാഴ്ച കാണാം. അതിന്റെ കരങ്ങള്‍ ഓരോന്നായി വളച്ച് നീണ്ട പ്രയത്‌നത്തിനൊടുവിലാണ് അതു നേരേയാവുക. ആഹാരം തേടുന്നതിനു കരങ്ങളും അതിലെ വരിവരിയായ കാലുകളുമുപയോഗിക്കുന്നു. കാലിന്റെ ഘടന ഇതിനു പറ്റിയതാണ്. കൂന്തലിന്റെ കരങ്ങളിലെ സ്പര്‍ശിനികളോടാണിതിനു സാദൃശ്യം. ഭാഗികദഹനം കഴിഞ്ഞിട്ടാണ് താരമീന്‍ ആഹാരം അകത്താക്കുന്നത്.
   താരമീനിന്റെ കുഞ്ഞുങ്ങള്‍ ബാല്യകാലം കഴിക്കുന്നതു പ്‌ളാങ്ക്ടണിലാണ്. ഏതാണ്ട് ഗോളാകൃതിയുള്ള താരമീന്‍കുഞ്ഞുങ്ങള്‍ സസ്യപ്‌ളാങ്ക്ടണുകളെയാണു ഭക്ഷിക്കുന്നത്. കുറേ ദിവസങ്ങളുടെ ജലോപരിതലവാസത്തിനുശേഷം കുഞ്ഞുങ്ങള്‍ താരമത്സ്യങ്ങളായിത്തീരുന്നു.
   താരമീനിന്റെ കുടുംബബന്ധുവാണ് ബ്രിട്ട്ള്‍സ്റ്റാര്‍. അതിന്റെ നേര്‍ത്ത കരങ്ങള്‍ക്ക് നല്ല ചലനാത്മകതയുണ്ട്. പെട്ടെന്ന് ഒടിഞ്ഞുപോകുകയും ചെയ്യും. ഈ സ്വഭാവംകൊണ്ടാകണം ഇതിനു ബ്രിട്ട്ള്‍ സ്റ്റാര്‍  എന്നു പേരുവീണത്. താരമീനിന്റെ ബന്ധുവാണെങ്കിലും സീ ലില്ലിയെ പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നില്ല. താത്ത്വികമായി അഞ്ചുകരങ്ങള്‍തന്നെയാണ് സീ ലില്ലിക്കുമുള്ളത്. ആഹാരം തേടല്‍ സുഗമമാക്കാന്‍ കരങ്ങള്‍ക്കു കൂടുതല്‍ പിരിവുകളുണ്ട്. ഓരോ പിരിവു ഘടകത്തിനും കരത്തിന്റെ മുഴുവന്‍ ഗുണങ്ങളുമുണ്ട്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)