•  4 Sep 2025
  •  ദീപം 58
  •  നാളം 26
കടലറിവുകള്‍

കടല്‍ക്കുതിര

    കടല്‍ത്തീരത്തുള്ള പാറക്കെട്ടുകള്‍ക്കിടയില്‍ വിചിത്രജീവികളും സസ്യങ്ങളും ധാരാളം! പാറക്കെട്ടുകളില്‍ സൂക്ഷ്മസസ്യങ്ങള്‍ പറ്റിപ്പിടിച്ചുവളരുന്നു. അതിനാല്‍ത്തന്നെ പാറക്കെട്ടുകളില്‍ നല്ല വഴുവഴുപ്പുണ്ടാവും. ഇത്തരം സൂക്ഷ്മസസ്യങ്ങളെ മോസുകള്‍ എന്നാണു വിളിക്കുക. എത്രയോ ജീവികളുടെ ആഹാരമാണ് ഈ മോസുകള്‍! പാറക്കെട്ടുകള്‍ക്കിടയിലെ വെള്ളത്തില്‍ വലിയ കടല്‍സസ്യങ്ങള്‍ വളരുന്നു. പച്ചപ്പുല്ലുപോലെ തഴച്ചുവളരുന്ന ഈ കടല്‍ച്ചെടികളെ  പൊതുവെ ആല്‍ഗകള്‍ എന്നു വിളിക്കുന്നു. ഇവയുടെ നിറം പച്ച മാത്രമല്ല, തവിട്ടോ, ചുവപ്പോ, മഞ്ഞയോ ഏതുമാകാം.

    ഈ കടല്‍സസ്യങ്ങള്‍ക്കിടയില്‍ ധാരാളമായിക്കാണുന്ന ഒരു കടല്‍ജീവിയാണ് കടല്‍ക്കുതിര. ഇതിനെ മത്സ്യമെന്നും വിളിക്കാം. കടല്‍സസ്യങ്ങളുടെ ഇലയിലോ തണ്ടിലോ  തന്റെ വാല്‍ചുറ്റി തൂങ്ങിക്കിടക്കുകയാണു കടല്‍ക്കുതിരകള്‍.  ഇതിന്റെ തലയ്ക്കു കുതിരത്തലയോടുള്ള സാദൃശ്യമാണ് ഈ പേരിനു നിദാനം. ഇതിനു നീന്തല്‍ അത്രകണ്ടു വശമില്ല. ശരീരഘടനതന്നെ അത്തരത്തിലാണ്. വളയ്ക്കാവുന്ന വാല്‍, കുതിരപോലുള്ള തല, നീളമാര്‍ന്ന ശരീരം. വെള്ളത്തിലെ കടല്‍ച്ചെടികളുടെ ചലനങ്ങള്‍ക്കനുസരിച്ച് ഇവയ്ക്കു വളയാനും തിരിയാനും  നിഷ്പ്രയാസം കഴിയുന്നു. ഇതിന്റെ ശരീരത്തിലെ ചെതുമ്പലുകള്‍ രൂപാന്തരപ്പെട്ട് പലകകള്‍പോലെ കാണപ്പെടുന്നു. കടല്‍ക്കുതിരകളുടെ നീളമാകട്ടെ, ഏതാനും സെന്റീമീറ്ററുകള്‍ മാത്രം!
ആണ്‍കടല്‍ക്കുതിരകളെ, പ്രസവിക്കുന്ന അച്ഛന്മാര്‍ എന്നാണു പറയുക. മിക്ക മത്സ്യങ്ങളെയുംപോലെ കടല്‍ക്കുതിരയും മുട്ടയിടുന്നു. മുട്ടകള്‍ കടല്‍വെള്ളത്തില്‍ വെറുതെയിടുകയല്ല;  ആണ്‍കടല്‍ക്കുതിരയുടെ  ഉദരത്തിന്റെ അടിഭാഗത്തുള്ള സഞ്ചിയില്‍ പെണ്‍കടല്‍ക്കുതിര മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ടകള്‍ വഹിച്ചുകൊണ്ടു നടക്കുന്നതും വിരിയിക്കുന്നതും കുഞ്ഞുങ്ങളെ വളര്‍ത്തിപരിപാലിക്കുന്നതുമൊക്കെ  ആണ്‍കടല്‍ക്കുതിരകളാണ്.
  പവിഴപ്പുറ്റുകളോടടുത്തുകാണപ്പെടുന്ന കടല്‍ജീവികളില്‍ സൂക്ഷ്മജീവികള്‍മുതല്‍ കൂറ്റന്‍ സ്രാവുകളും ചിലയിനം തിമിംഗലങ്ങളും വരെ കാണപ്പെടുന്നു. സ്റ്റാര്‍ഫിഷും ഒക്‌ടോപസും ജല്ലിഫിഷും വിചിത്രതരം ക്രാബുകളും നീര്‍ക്കുതിരകളുമൊക്കെ സോല്ലാസം അവിടെ വാഴുന്ന കാഴ്ച കാണാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)