കടലിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ആഴംകുറഞ്ഞ സ്ഥലങ്ങളില്‍ കാണപ്പെടുന്ന ഒരു വിചിത്രമത്സ്യമാണ് ജെല്ലിഫിഷ്. മലയാളത്തില്‍ ഇതിനെ കടല്‍ക്കൂട എന്നു പറയുന്നു. മത്സ്യവുമായി ജെല്ലിഫിഷിന് യാതൊരു ബന്ധവുമില്ലെന്നതാണു വാസ്തവം. ഇവയെ സ്പര്‍ശിച്ചാലോ, ചൊറിച്ചിലുമുണ്ടാവും. എപ്പോഴും വെള്ളത്തില്‍ തത്തിക്കളിക്കുന്ന ജെല്ലിഫിഷിന്റെ ശരീരത്തില്‍നിന്നു ചെണ്ടുപോലുള്ള അവയവങ്ങള്‍ കീഴോട്ടു തൂങ്ങിക്കിടക്കുന്നു. ടെന്റിക്കിള്‍ എന്ന ഈ അവയവം വഴിയാണ് ജെല്ലിഫിഷ് ആഹാരം ശേഖരിക്കുക. കുടക്കാല്‍ കണക്കെ താഴേക്കിറങ്ങിക്കാണുന്ന ഒരു മുഴയും ദൃശ്യമാണ്. അതിന്റെ അറ്റത്താണു വായ്.
ജെല്ലിഫിഷുകള്‍ പലയിനങ്ങളുണ്ട്. വലുപ്പത്തിലും ആകാരത്തിലും ഇവയ്ക്കു വ്യതിയാനങ്ങള്‍ കാണാം. ഏറ്റവും ചെറിയ കടല്‍ക്കൂടയുടെ വ്യാസം ഏതാനും സെന്റീമീറ്ററുകള്‍ മാത്രമാണ്. ചലനങ്ങള്‍ വളരെ താളാത്മകമാണ്. അര്‍ദ്ധഗോളാകൃതിയിലുള്ള ശരീരം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു. വലിയ ജെല്ലിഫിഷുകള്‍ അപകടകാരികള്‍തന്നെ. അവയുടെ ടെന്റക്കിളുകളില്‍ വിഷാംശമുണ്ട്.
കോളിളക്കം കഴിഞ്ഞ കടല്‍ ശാന്തമായാല്‍ കടല്‍ക്കരയില്‍ ഒരുമാതിരി ജന്തുക്കള്‍ അടിഞ്ഞുകൂടുന്നതു കാണാം. ഞളുഞളുത്ത ശരീരമുള്ള ഇക്കൂട്ടരാണ് ജെല്ലിഫിഷുകള്‍. ജെല്ലിമീനിനും ആ വക കൂട്ടുകാര്‍ക്കും 'ചൊറി' എന്ന പൊതുവായ വിളിപ്പേരാണ് മുക്കുവര്‍ ഇട്ടിരിക്കുന്നത്. ഇവറ്റയെ തൊട്ടാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുമെന്നതുതന്നെ കാരണം. ജെല്ലിമീനുകള്‍ വാസ്തവത്തില്‍ മീനുകളല്ലെന്നു പറഞ്ഞല്ലോ. ട്യൂബുലേറിയയുടെ വര്‍ഗബന്ധുക്കളാണിവര്‍. ജലത്തില്‍ യഥേഷ്ടം ചരിക്കുന്ന ഈ പ്ലാങ്ക്ടണ്‍ജന്തുക്കള്‍ക്കു പ്രത്യേക ചലനാവയവങ്ങളൊന്നുമില്ല. ഒരു ശീലക്കുടയ്‌ക്കെന്നപോലെ ജെല്ലിമീനിനും കൂട്ടുകാര്‍ക്കും ഇടവും വലവും മുമ്പും പിമ്പുമൊന്നുമില്ല. ടെന്റക്കിളുകള്‍ തോരണം മാതിരി തൂങ്ങിക്കിടക്കുന്ന നേര്‍ക്കാഴ്ച കാണാം. ട്യൂബുലേറിയയില്‍ എന്നപോലെ ഇവിടെയും ആപത്ത് മറഞ്ഞിരിപ്പുണ്ട്. ചെറുജീവികളെ വിഷമേല്പിച്ച് ആഹരിക്കുന്ന കാഴ്ച.
കടലില്‍ മനോഹരമായ സസ്യങ്ങളുണ്ട്, പൂക്കളുണ്ട്. അവ വെറും സസ്യങ്ങളല്ല, ജന്തുക്കളാണ്. ട്യൂബുലേറിയ എന്നാണ് ഇതിലൊന്നിനു ശാസ്ത്രകാരന്മാര്‍ പേരിട്ടിരിക്കുന്നത്. പൂത്തണ്ടാണ് ജന്തുശരീരം. അനേകയെണ്ണം പടര്‍ന്നുവളരുകയാണു പതിവ്. പുഷ്പാകാരമാര്‍ന്ന ശരീരം ഏതെങ്കിലും ഘനപദാര്‍ഥത്തില്‍ പറ്റിപ്പിടിച്ചാണ് വളരുക. ട്യൂബുലേറിയ, ജെല്ലിമീന്‍, കടല്‍ക്കാറ്റാടി എന്നിവയുടെയെല്ലാം മൗലികഘടന മിക്കവാറും ഒന്നുതന്നെയാണ്.
ജെല്ലിമീനിന്റെ കുടുംബക്കാരനായ മറ്റൊരു പ്ലാങ്ക്ടണ്‍ജന്തുവാണ് 'പറങ്കിപ്പടയാൡ' ഒരു വ്യത്യാസം - പൊങ്ങിക്കിടക്കുന്ന ഈ ജന്തു ഒരു വ്യക്തിയല്ല, വ്യക്തികളുടെ കൂട്ടമാണ്. സസ്യപ്ലാങ്ക്ടണുകളില്‍ പലരും കൈകോര്‍ത്തുപിടിച്ച് കോളനികളായി കഴിയുന്നുണ്ട്. അതുപോലെ, ചില ജന്തുക്കളും അങ്ങനെ കോളനികളായി കടലില്‍ ജീവിക്കുന്നുണ്ട്. മൂന്നാമതൊരു കൂട്ടര്‍ കോളനികളുടെ രക്ഷാകര്‍ത്താക്കളായി വര്‍ത്തിക്കുന്നതും കാണാം. മുള്ളന്‍പന്നിയുടെ മുള്ളുകള്‍പോലെ നീണ്ടുകൂര്‍ത്ത വിഷനാരുകളുണ്ടിവയ്ക്ക്.
വേലല്ല എന്ന കോളനികള്‍ കടല്‍ത്തീരങ്ങളില്‍ സാധാരണമായി കാണപ്പെടുന്നുണ്ട്. ഏതാണ്ട് പത്തു സെന്റീമീറ്റര്‍ വട്ടവും നാലു സെന്റീമീറ്റര്‍ വണ്ണവുമുള്ളതാണ് വേലല്ലയുടെ പൊങ്ങിക്കിടക്കുന്ന ഭാഗം. കടുംനീലനിറമാണ്. കടല്‍നുരകളിലും ഓളങ്ങളിലും വേലല്ലയുടെ നൃത്തവിശേഷങ്ങള്‍ ചേതോഹരമാണ്.