•  30 Oct 2025
  •  ദീപം 58
  •  നാളം 34
കടലറിവുകള്‍

പെന്‍ഗ്വിനുകളുടെ കടല്‍

    പെന്‍ഗ്വിനുകളുടെ കടലെന്നു വിശേഷിപ്പിക്കാവുന്ന ഇടമാണ് അന്റാര്‍ട്ടിക്ക ഭൂഖണ്ഡം. മഞ്ഞിനുമേലേ അടിവച്ചു നീങ്ങുന്ന ലക്ഷക്കണക്കിനു പെന്‍ഗ്വിനുകളെ അവിടെ കാണാം. ലോകത്തൊട്ടാകെയുള്ള പതിനെട്ടിനം പെന്‍ഗ്വിനുകളില്‍ ആറിനം മാത്രമാണ്  ദക്ഷിണധ്രുവപ്രദേശത്തുള്ളത്. ഇതില്‍ത്തന്നെ രണ്ടിനം മാത്രമേ അന്റാര്‍ട്ടിക്കന്‍ വന്‍കരയിലുള്ളൂ. മറ്റുള്ളവയെല്ലാം അന്റാര്‍ട്ടിക്കയിലെ മറ്റു ദ്വീപുകളില്‍ കഴിയുന്നു.
   ദക്ഷിണധ്രുവപ്രദേശത്തിനു പുറത്ത്, ഓസ്‌ട്രേലിയയുടെയും ആഫ്രിക്കയുടെയും സൗത്ത്അമേരിക്കയുടെയും തെക്കുഭാഗത്തുള്ള ദ്വീപുകളിലാണ് പെന്‍ഗ്വിനുകള്‍ ജീവിക്കുന്നത്. ഭൂമധ്യരേഖയ്ക്കടുത്തുള്ള തെക്കേഅമേരിക്കന്‍ ദ്വീപായ ഗാലപ്പഗോസിലും  ഒരിനം പെന്‍ഗ്വിനുകളെ കാണാനാവുന്നു. എന്നാല്‍ പെന്‍ഗ്വിനുകളില്‍ ഒരിനംപോലും ഉത്തരാര്‍ധഗോളത്തില്‍ കാണുന്നില്ല.
അഡില്ലെ പെന്‍ഗ്വിനുകളും എംപര്‍ പെന്‍ഗ്വിനുകളുമാണ് ശരിയായ ധ്രുവവാസികളെന്നു പറയണം. പെന്‍ഗ്വിനുകളിലെ കുള്ളന്മാരാണ് അഡില്ലെകള്‍. വെറും ഒന്നരയടി ഉയരം മാത്രം. എന്നാല്‍ പെന്‍ഗ്വിനുകളുടേതായ എല്ലാ പ്രത്യേകതകളും  ഇവയ്ക്കുണ്ടുതാനും. കരിംകറുപ്പ് പുറംഭാഗവും  വെളുത്ത അടിഭാഗവും. ചെറുകൊക്ക്, പരന്ന പിന്‍കാലുകളില്‍ അങ്ങോട്ടുമിങ്ങോട്ടും ഇത്തിരി ആടിയുള്ള നടത്തം, തുഴകളായി രൂപപ്പെട്ടിരിക്കുന്ന ചിറുകകള്‍ എന്നിങ്ങനെ  പ്രത്യക്ഷലക്ഷണങ്ങള്‍. കൊക്കിന് അടിഭാഗത്തെ നേരിയ തവിട്ടുനിറവും  കാലുകളുടെ തവിട്ടുകലര്‍ന്ന ചുവപ്പുനിറവും മാത്രമേ അഡില്ലകളുടെ ദേഹത്ത് കറുപ്പും വെളുപ്പുംകൂടാതുള്ളൂ. പെന്‍ഗ്വിനുകള്‍ നിവര്‍ന്നുനില്ക്കുമ്പോള്‍ ദേഹം താങ്ങിനിര്‍ത്താന്‍ അവയുടെ കൂര്‍ത്ത വാല്‍ത്തൂവലുകള്‍ സഹായിക്കുന്നുണ്ടെന്നു തോന്നും.
പെന്‍ഗ്വിനുകള്‍ക്കിടയില്‍ ഏറ്റവും വലുത് എംപററുകളാണ്. മൂന്നടി ഉയരമുള്ള  ഈ ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ ഭംഗിയിലും മറ്റുള്ളവരെ പിന്നിലാക്കുന്നു. പറക്കാന്‍ തീരെ മറന്നുപോയ പക്ഷികളാണ് പെന്‍ഗ്വിനുകള്‍. അതിനുപകരം മറ്റൊരു കഴിവുണ്ട്. ഒന്നാന്തരം നീന്തല്‍ക്കാരാണ്. വളരെ വേഗത്തിലും വളരെ ദൂരേക്കും  സമര്‍ഥമായി നീന്താനാവും. മാത്രമല്ല, വെള്ളത്തിലേക്കു കുതിച്ചുചാടാനും മുങ്ങാംകുഴിയിടാനും പതിനഞ്ചു മിനിട്ടോളം മുങ്ങിക്കിടക്കാനും ഇവയ്ക്കു കഴിയും. വെള്ളത്തിനടിയില്‍നിന്നാണ് ഈ പക്ഷികള്‍ ആഹരിക്കുക. മത്സ്യങ്ങളും സ്‌ക്വിഡുകള്‍പോലുള്ള  ജീവികളുമാണ് പ്രധാനാഹാരം.
സീലുകളും കില്ലര്‍വെയിലുകളുമാണ് പെന്‍ഗ്വിനുകളുടെ പ്രധാനശത്രുക്കള്‍. വെള്ളത്തില്‍വച്ചാണ് ഇവ പെന്‍ഗ്വിനുകളെ ആക്രമിക്കുക. കരയിലാകട്ടെ പെന്‍ഗ്വിനുകള്‍ക്കു ശത്രുക്കളില്ല എന്നുതന്നെ പറയാം, പ്രത്യേകിച്ചും മുതിര്‍ന്നവയ്ക്ക്. 'സ്‌കൂവ' പക്ഷികള്‍ തരംകിട്ടിയാല്‍ പെന്‍ഗ്വിന്‍കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടുപോകുന്ന കാഴ്ച കാണാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)