•  23 Oct 2025
  •  ദീപം 58
  •  നാളം 33
കടലറിവുകള്‍

ഉത്തരധ്രുവത്തിന്റെ തുടിപ്പുകള്‍

   ഭൂമിയുടെ തെക്കേയറ്റത്താണല്ലോ അന്റാര്‍ട്ടിക്ക. വടക്കേയറ്റത്ത് ഉത്തരധ്രുവം അഥവാ ആര്‍ട്ടിക് പ്രദേശം. ആര്‍ട്ടിക് പ്രദേശത്തു ജീവിക്കുക അന്റാര്‍ട്ടിക്കയില്‍ കഴിയുന്നതിനേക്കാള്‍ എളുപ്പമാണ്. അതിനാല്‍ത്തന്നെ ആര്‍ട്ടിക് പ്രദേശത്ത് കൂടുതല്‍ ജീവികളെ കാണാനാകും. ധ്രുവക്കരടി, ആര്‍ട്ടിക് ചെന്നായ്, ആര്‍ട്ടിക് കുറുക്കന്‍ മുതലായവയൊക്കെ ഇവിടെയുണ്ട്. കൂടാതെ പലതരം പക്ഷികളെയും കാണാം. ചിലതരം ചെടികളും ഇവിടെയുണ്ട്.

  ഗ്രീന്‍ലന്‍ഡ്, സൈബീരിയ, അലാസ്‌ക തുടങ്ങിയ പ്രദേശങ്ങളെല്ലാം ഉത്തരധ്രുവത്തോടടുത്തുകിടക്കുന്നവയാണ്. ഇവിടങ്ങളില്‍ പണ്ടുമുതലേ മനുഷ്യര്‍ താമസമുണ്ട്. എക്‌സിമോകള്‍ എന്ന ജനവിഭാഗമാണത്. അന്റാര്‍ട്ടിക്കയില്‍ ഉള്ള അത്രയില്ലെങ്കിലും ഉത്തരധ്രുവപ്രദേശത്തും നല്ല തണുപ്പുതന്നെയാണ്. ആര്‍ട്ടിക് സമുദ്രത്തിനു മുകളില്‍ വെള്ളം തണുത്ത് കട്ടിയായി കിടക്കുന്നതിനാല്‍ ഉത്തരധ്രുവത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടേറിയതാണ്. സാധാരണകപ്പലില്‍ യാത്ര പറ്റില്ല. വെള്ളം ഉറഞ്ഞുകൂടിയ ഭാഗത്തുകൂടെ, തണുപ്പില്‍നിന്നു രക്ഷപ്പെടാനുള്ള വസ്ത്രവും മറ്റും ധരിച്ചു നടന്നുപോകാമെന്നു വച്ചാലും നടക്കില്ല. അവിടെയൊക്കെ അപകടങ്ങള്‍ പതിയിരുപ്പുണ്ടാകും. കരപോലെ കിടക്കുന്ന മഞ്ഞുപാളി ചിലപ്പോള്‍ പിളര്‍ന്നുമാറിയേക്കാം.
ആദ്യകാലത്ത് ഉത്തരധ്രുവപ്രദേശങ്ങളിലെത്തുക സാഹസികര്‍ക്കു മാത്രം കഴിയുന്ന കാര്യമായിരുന്നു. എന്നാല്‍, മുങ്ങിക്കപ്പലുകളും വിമാനവുമൊക്കെ എത്തിയതോടെ ആര്‍ട്ടിക് പ്രദേശത്തിന്റെ തുടിപ്പുകള്‍ മാറുന്ന നേര്‍ക്കാഴ്ച കാണാം. ഇന്നിപ്പോള്‍ പല ആവശ്യങ്ങള്‍ക്കുമായി മനുഷ്യര്‍ ഉത്തരധ്രുവപ്രദേശത്തേക്കു പോകുന്നുണ്ട്. അന്റാര്‍ട്ടിക്കയില്‍നിന്നു വ്യത്യസ്തമായി ആര്‍ട്ടിക് പ്രദേശത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങള്‍ ആര്‍ട്ട്ിക്‌സമുദ്രത്തിനു ചുറ്റുമാണ്. പല  പ്രശസ്തനഗരങ്ങള്‍ തമ്മിലുള്ള ഏറ്റവും കുറഞ്ഞദൂരം ആര്‍ട്ടിക് സമുദ്രത്തിനു മുകളിലൂടെയാണ്. കരടി എന്നര്‍ഥമുള്ള  ഒരു ഗ്രീക്കുപദമുണ്ട്. ആര്‍ക്‌ടോസ് എന്ന ഈ വാക്കില്‍നിന്നാണ് ഉത്തരധ്രുവത്തിന് ആര്‍ട്ടിക് എന്ന പേരുണ്ടായത്. ആര്‍ട്ടിക്കിനു നേരേ എതിരേ എന്നാണ് അന്റാര്‍ട്ടിക് എന്ന വാക്കിനര്‍ഥം.
ദക്ഷിണധ്രുവത്തില്‍ ആദ്യമായെത്തിയ മനുഷ്യനാണ് അമുണ്‍സെന്‍. ഉത്തരധ്രുവവും അദ്ദേഹം കണ്ടിട്ടുണ്ട്. 1926 മേയ് 26 ന് നോര്‍ഗേ എന്ന ആകാശക്കപ്പലില്‍ അമുണ്‍സെന്‍ ഉത്തരധ്രുവത്തിനു മുകളിലൂടെ പറന്നു. അതോടെ ഇരുധ്രുവങ്ങളും കണ്ട ആദ്യമനുഷ്യനായി അമുണ്‍സെന്‍. ഇറ്റലിക്കാരന്‍ ഉംബെര്‍ട്ടോ നൊബൈലാണ് അമുണ്‍സെന്‍ കയറിയ ആകാശക്കപ്പല്‍ പറപ്പിച്ചത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)