ആഴക്കടല്‍മത്സ്യങ്ങളില്‍ പ്രധാനപ്പെട്ടയിനമാണ് തരുണാസ്ഥിമത്സ്യമായ റേ മത്സ്യങ്ങള്‍. ഇത്തരക്കാര്‍ രണ്ടു തരമുണ്ട്. - ഇലക്ട്രിക് ഓര്‍ഗണ്‍ ഉള്ളതും ഇല്ലാത്തതും. ഇലക്ട്രിക് റേ മത്സ്യങ്ങളില്‍ അവയുടെ അംസഫിന്നിനും തലയ്ക്കും ഇടയിലായി ഇലക്ട്രിക് ഓര്‍ഗന്‍ സ്ഥിതിചെയ്യുന്നു. ഈ ഓര്‍ഗന്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ശത്രുക്കളില്‍നിന്നു രക്ഷ നേടാനും ഇരയെ പിടികൂടാനും ഇതുപകരിക്കുന്നു. ഇലക്ട്രിക് ഓര്‍ഗനില്ലാത്ത റേ മത്സ്യങ്ങള്‍ക്കു ശക്തിയേറിയ കൊമ്പുകളുണ്ട്.
തരുണാസ്ഥിമത്സ്യങ്ങളും അസ്ഥിമത്സ്യങ്ങളും കടലിനടിയില്‍ ജീവിക്കുന്നുണ്ട്. ഇതൊരു തരുണാസ്ഥിമത്സ്യംതന്നെ. സ്‌പൈനാക്‌സ് നൈജര്‍ എന്നയിനം സ്രാവ് 2800 ഓളം മീറ്റര്‍ ആഴത്തിലെത്തുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാല്‍ അസ്ഥിമത്സ്യങ്ങളാണ് സാക്ഷാല്‍ ആഴക്കടല്‍മീനുകള്‍. ചൂണ്ടല്‍മത്സ്യങ്ങള്‍തന്നെ ഇവയില്‍ പ്രധാനം. ശക്തിയേറിയ താടിയെല്ലും കൂര്‍ത്തുവളഞ്ഞ പല്ലുകളും തലയിലുള്ള പ്രകാശം പരത്തുന്ന ഒരവയവവും ഇവയുടെ പ്രത്യേകതകളാണ്. 5 സെ. മീ. നീളമുള്ള ലിനോഫ്രൈനും 6 സെ.മീ. നീളമുള്ള ക്രിപ്‌ട്രോസാറസും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
കടലിന്റെ അടിത്തട്ടില്‍ മീനുകള്‍ ജീവിക്കുന്നുണ്ടെന്നു ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഏതാണ്ട് നൂറു കൊല്ലങ്ങള്‍ക്കുമുമ്പു മാത്രമാണ് അവയില്‍ ചിലതിനെയൊക്കെ വടക്കന്‍ അറ്റ്‌ലാന്റിക്‌സമുദ്രത്തില്‍നിന്നു ലഭിച്ചത്. ഇംഗ്ലീഷുകാരുടെ ചലഞ്ചര്‍, അമേരിക്കക്കാരുടെ മൈക്കിള്‍ സ്റ്റാര്‍സ് എന്നീ ഗവേഷണക്കപ്പലുകളുടെ വിപുലമായ പര്യടനങ്ങളില്‍നിന്നാണ് ആഴക്കടല്‍മീനുകളുടെ വിശദവിവരങ്ങള്‍ പുറത്തുവന്നത്.
ആഴക്കടലിനു ചില പ്രത്യേക സാഹചര്യങ്ങളാണുള്ളത്. വെളിച്ചമില്ലായ്മതന്നെ പ്രധാനപ്രശ്‌നം. ഗംഭീരമായ ജലസമ്മര്‍ദം, കൊടുംതണുപ്പു നിറഞ്ഞതും ചലനരഹിതവുമായ വെള്ളം, ഭയാനകമായ ഏകാന്തത, സസ്യങ്ങളുടെ അഭാവം, കെട്ടുപിണഞ്ഞ ദുരൂഹതകളുടെ ഇരുള്‍ത്താവളങ്ങള്‍ എന്നിങ്ങനെയുള്ള ദുസ്സഹവും സങ്കീര്‍ണവുമായ സാഹചര്യങ്ങള്‍. ഈ സാഹചര്യങ്ങള്‍ അവിടെക്കഴിയുന്ന മത്സ്യങ്ങളുടെ ശരീരഘടനയിലും ജീവിതരീതിയിലും ഏറെ രൂപാന്തരങ്ങള്‍ വരുത്തിയിരിക്കുന്നതായി കാണാം. നീലരശ്മികള്‍ മാത്രം ആഴക്കടലില്‍ കടന്നുചെല്ലുന്നു. ആയിരം മീറ്ററിനു താഴെ കുറ്റാക്കൂരിരുട്ടാണ്. ഇവിടെയുള്ള മത്സ്യങ്ങളും കറുത്തവ തന്നെ.
ആഴക്കടല്‍മത്സ്യങ്ങളുടെ ശക്തി കുറഞ്ഞതും ദുര്‍ബലവുമായ ശരീരത്തില്‍ മാംസമൊക്കെ ശുഷ്‌കിച്ചു തൂങ്ങിക്കിടക്കുന്നതായി കാണാം. അസ്ഥികള്‍ക്ക് ഒട്ടും കാഠിന്യമില്ല. മൊട്ടുസൂചിയുടെ മുനകൊണ്ട് എല്ലുകള്‍ വേണമെങ്കില്‍ തുളയ്ക്കാം. കശേരുകങ്ങള്‍ (വെര്‍ട്ടിബ്ര) തമ്മില്‍ ബലമായി ഘടിപ്പിച്ചിട്ടില്ല. തലയോടിന്റെ എല്ലുകള്‍ കടലാസുകണക്കെ കനം കുറഞ്ഞതും പൊള്ളയുമാണ്. ചുറ്റുമുള്ള അന്ധകാരം ദര്‍ശനേന്ദ്രിയങ്ങളുടെ ഘടനയെ ബാധിച്ചിട്ടുണ്ട്. സമുദ്രത്തിന്റെ അഗാധതയിലെ മത്സ്യങ്ങള്‍ പലതും അന്ധരാണ്. ആഴക്കടല്‍മത്സ്യങ്ങള്‍ കടലിനടിയില്‍ത്തന്നെ ഉദ്ഭവിച്ച മത്സ്യവര്‍ഗമല്ല. പൂര്‍വയുഗങ്ങളില്‍ ഉപരിതലത്തില്‍ ജീവിച്ചിരുന്ന മത്സ്യവര്‍ഗങ്ങള്‍ ചില പ്രത്യേക കാരണങ്ങളാല്‍ സമുദ്രാന്തര്‍ഭാഗങ്ങളിലേക്കു കുടിയേറിപ്പാര്‍ക്കുകയാണ് സാധാരണമായി സംഭവിക്കുന്നത്.
ചുരുക്കത്തില്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ വിചിത്രരൂപികളും വിചിത്രനിറമുള്ളവയും വിചിത്രസ്വഭാവരീതികളുള്ളവയുമാണ്. ഉദാഹരണത്തിന്, ഇരയെ പിടിക്കുന്നതും അകത്താക്കുന്നതുമെടുക്കാം. പാമ്പുകള്‍ ചെയ്യുമ്പോലെ താടിയെല്ലുകള്‍ അകത്തിയിട്ടാണ് വലിയ ഇരയെ അകത്താക്കുക. രണ്ടിരട്ടി വലുപ്പമുള്ള ഇരയെവരെ ആഴക്കടല്‍ മത്സ്യം വിഴുങ്ങുന്നു. മാംസഭോജികളാണ്. പൊതുവെയുള്ള ഭക്ഷണം കടല്‍ജീവികളുടെ അസ്ഥികള്‍ ദ്രവിച്ചുചേര്‍ന്നുണ്ടാകുന്ന ഊറലാണ്.